ലോക ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പിങ്ങിലെ പരിവര്‍ത്തനം ; ദി ഗില്ലി വേ 

ലോക ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പിങ്ങിലെ പരിവര്‍ത്തനം ; ദി ഗില്ലി വേ 

ഓസ്ട്രേലിയയുടെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത് 1999 നവംബര്‍ അഞ്ചിനാണ്. വിക്കറ്റിന് പിന്നില്‍ മികവ് പുലര്‍ത്തുക എന്നത് മാത്രമായിരുന്നു ഗില്‍ക്രിസ്റ്റിന്റെ അരങ്ങേറ്റ സമയത്ത് ഒരു കീപ്പറുടെ പ്രധാന കടമ. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ വിക്കറ്റ്കീപ്പര്‍മാര്‍ നേടുന്ന റണ്‍സ് അക്കാലത്ത് ടീമിന് ബോണസ് ആയിരുന്നു. എന്നാല്‍ ഗില്‍ക്രിസ്റ്റിന്റെ കടന്നുവരവോടെ വിക്കറ്റ്കീപ്പര്‍മാരുടെ കൃത്യനിര്‍വഹണത്തില്‍ അടിമുടി മാറ്റം വന്നു. ആക്രമണോത്സുക ബാറ്റിംഗുമായി ലോകോത്തര ബൗളര്‍മാരെ അടിച്ചൊതുക്കിയ ഗില്‍ക്രിസ്‌ററ് പിന്നീട് ലോക ക്രിക്കറ്റില്‍ ചുവടുറപ്പിച്ച ഒട്ടേറെ വിക്കറ്റ്കീപ്പര്‍മാര്‍ക്ക് പ്രചോദനമായി മാറി. എം എസ് ധോണി, കുമാര്‍ സംഗക്കാര, ബ്രാഡ് ഹാഡിന്‍,അലക്‌സ് കാരെ തുടങ്ങിയവര്‍ തങ്ങളുടെ റോള്‍ മോഡല്‍ ഗില്‍ക്രിസ്‌ററ് ആണെന്ന് പറഞ്ഞിട്ടുണ്ട്.

വിക്കറ്റ് കീപ്പിങ് ഒരുപാട് വൈദഗ്ധ്യം നിറഞ്ഞതാണെന്നും കീപ്പര്‍മാര്‍ ബാറ്റിംഗിലും മികവ് പുലര്‍ത്തേണ്ടതുണ്ടെന്നും ഗില്‍ക്രിസ്റ്റ് കാട്ടിത്തന്നു. വിക്കറ്റ് കീപ്പര്‍മാരെ തിരഞ്ഞെടുക്കുന്നതിലുള്ള സെലക്ടര്‍മാരുടെ കാഴ്ചപ്പാടിനെയും അദ്ദേഹം സ്വാധീനിച്ചു. ഇത് പിന്നീട് വന്ന കീപ്പര്‍മാര്‍ക്ക് വെല്ലുവിളിയായെന്ന് ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര അഭിപ്രായപ്പെട്ടിട്ടുണ്ട്.

‘തന്റെ റോള്‍ എന്താണെന്നുള്ള വ്യക്തമായ ബോധ്യം ഒരു വിക്കറ്റ് കീപ്പറിന് അനിവാര്യമാണെന്ന് ഗില്‍ക്രിസ്റ്റ് മനസ്സിലാക്കി തന്നു. ഗില്ലി ഏകദിന ക്രിക്കറ്റില്‍ തന്റെ കഴിവ് തെളിയിച്ചതിന് ശേഷമാണ് ടെസ്റ്റില്‍ അരങ്ങേറിയത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല’ 

ബ്രാഡ് ഹാഡിന്‍ 

'ഗില്ലിയുടെ ബാറ്റിംഗ് കണ്ടുവളര്‍ന്ന വ്യക്തിയാണ് ഞാന്‍. വിക്കറ്റ് കീപ്പറുടെ ചുമതല തിരുത്തിയെഴുതിയത് ഗില്ലിയാണ്. അദ്ദേഹവുമൊത്ത് ബിഗ് ബാഷ് കളിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായിട്ടുണ്ട്', ഓസ്ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അലക്‌സ് കാരെ പറയുന്നു.

ടെസ്റ്റില്‍ ഏഴാമനായി ഇറങ്ങാറുള്ള ഗില്ലി തന്റെ ആക്രമണ ശൈലിയിലൂടെ ആരാധകഹൃദയം കീഴടക്കുകയായിരുന്നു. പാകിസ്താനെതിരെയുള്ള അരങ്ങേറ്റ ഇന്നിങ്‌സില്‍ വെറും 88 പന്തുകളില്‍ നിന്ന് 81 റണ്‍സ് നേടി ഗില്ലി കാണികള്‍ക്ക് ബാറ്റിംഗ് വിരുന്നൊരുക്കി. ആ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി നേടി ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തന്റെ കടന്നുവരവ് ആഘോഷമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ 96 മത്സരങ്ങളില്‍ നിന്നും 47.61 റണ്‍സ് ശരാശരിയില്‍ 17 സെഞ്ച്വറികളുള്‍പ്പടെ 5570 റണ്‍സ് ഗില്‍ക്രിസ്റ്റ് സ്വന്തമാക്കിയിട്ടുണ്ട്. വിക്കറ്റിന് പിന്നില്‍ 379 ക്യാച്ചുകളും 37 സ്റ്റമ്പിങ്ങുകളുമുള്‍പ്പടെ 416 പുറത്താക്കലുകള്‍ സ്വന്തം പേരില്‍ കുറിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in