‘അബദ്ധത്തില്‍ താമരയ്ക്ക് കുത്തി’; വിരല്‍മുറിച്ച്  ദളിത് യുവാവ് 

‘അബദ്ധത്തില്‍ താമരയ്ക്ക് കുത്തി’; വിരല്‍മുറിച്ച് ദളിത് യുവാവ് 

അബദ്ധത്തില്‍ ബിജെപി ചിഹ്നത്തില്‍ വോട്ടുരേഖപ്പെടുത്തിയതില്‍ മനംനൊന്ത് ദളിത് യുവാവ് വിരല്‍മുറിച്ചെന്ന് റിപ്പോര്‍ട്ട്. പവന്‍കുമാറെന്ന 25 കാരന്‍, സ്വന്തം പ്രവൃത്തിയോട് വിരലറ്റം മുറിച്ചെടുത്ത് പ്രതിഷേധിച്ചതായി ദ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.

ഏപ്രില്‍ 18 നായിരുന്നു ബുലന്ദ്ഷഹറില്‍ പോളിങ്. ബിജെപിയുടെ സിറ്റിങ് എംപി ഭോല സിങ്ങും എസ്പി-ബിഎസ്പി-ആര്‍എല്‍ഡി ഗഡ്ബന്ധന്‍ സ്ഥാനാര്‍ത്ഥി യോഗേഷ് വര്‍മ്മയും തമ്മിലായിരുന്നു പ്രധാന മത്സരം. കോണ്‍ഗ്രസിന്റെ ബാന്‍ഷി സിംഗും ജനവിധി തേടുന്നുണ്ട്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സര്‍ക്കാരുകള്‍ മണ്ഡലത്തിന് വേണ്ടിയും ദളിത് വിഭാഗത്തിന് വേണ്ടിയും ഒന്നും ചെയ്തില്ലെന്നാണ് പ്രദേശവാസികളുടെ വികാരം.

 ഉത്തര്‍പ്രദേശില്‍ പ്രചരണത്തിനിടെ മോദി   
ഉത്തര്‍പ്രദേശില്‍ പ്രചരണത്തിനിടെ മോദി   

ഉത്തര്‍പ്രദേശിലൊന്നാകെ ദളിത് വിഭാഗം ബിജെപിക്കെതിരെ കടുത്ത രോഷം പ്രകടിപ്പിക്കുന്നുണ്ട്. കൂടാതെ ഗഡ്ബന്ധന് അനുകൂലമായ തരംഗം മണ്ഡലത്തില്‍ പ്രകടവുമായിരുന്നു. ഇത്തരത്തില്‍ ആവേശപൂര്‍വമാണ് പവന്‍കുമാര്‍ പോളിങ് സ്‌റ്റേഷനിലെത്തിയത്. ആദ്യമായാണ് വോട്ടിംഗ് മെഷീനില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഗഡ്ബന്ധന് വോട്ടുചെയ്യണമെന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു. പക്ഷേ അബദ്ധവശാല്‍ ബിജെപി ചിന്ഹനത്തിന് നേരെ പവന്‍കുമാറിനോട് വിരലമര്‍ത്തിപ്പോയി. ലൈറ്റ് തെളിഞ്ഞപ്പോഴാണ് താമര ചിഹ്നത്തിലാണല്ലോ വോട്ട് ചെയ്തതെന്ന് തിരിച്ചറിഞ്ഞത്. ഇത് സഹിക്കാനാകാതെ വിരല്‍മുറിക്കുകയായിരുന്നുവെന്നാണ് ഇയാളുടെ അവകാശവാദം.

ബിജെപി സര്‍ക്കാര്‍ ഞങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ല. അതിനാല്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഗഡ്ബന്ധന്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍  തീരുമാനിച്ചതായിരുന്നു. വോട്ടുചെയ്യുന്നതിന്റെ വലിയ ആവേശത്തിലായിരുന്നു. എന്നാല്‍ അബദ്ധത്തില്‍ താമര ചിഹ്നത്തിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തിപ്പോയി. എനിക്ക് അത് സഹിക്കാനായില്ല. ഞാന്‍ വീട്ടിലെത്തി മൂര്‍ച്ചയേറിയ വസ്തു  ഉപയോഗിച്ച് വിരലറ്റം മുറി ച്ചു.

പവന്‍ കുമാര്‍ 

ഇയാള്‍, മുറിഞ്ഞ വിരല്‍ കെട്ടിവെച്ചതിന്റെയും മൂര്‍ച്ചയുള്ള ആയുധത്തില്‍ രക്തംപറ്റിയതിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കാര്‍ഷിക ജോലികളെടുത്താണ് പവന്‍ ജീവിതം നയിച്ചിരുന്നത്. വിരലില്‍ മുറിവുള്ളതിനാല്‍ അണുബാധ തടയാന്‍ ദിവസേന കുത്തിവെപ്പെടുക്കേണ്ട സ്ഥിതിയിലാണിപ്പോള്‍. കൂടാതെ തൊഴിലെടുക്കാനാകുന്നുമില്ല. പവന്റെ വിശദീകരണത്തിന്റെ ഞെട്ടലില്‍ നിന്ന് പിതാവ് ജയ്പാല്‍ സിംഗും അമ്മ ഷീലയും ഇനിയും മുക്തരായിട്ടില്ല.

എന്നാല്‍ യുവാവ് അനാവശ്യ വിന വരുത്തിവെച്ചതാണെന്ന് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അയല്‍വാസി പറയുന്നു. പവന്‍ നാലുവര്‍ഷമായി മാനസിക വെല്ലുവിളികള്‍ നേരിടുന്നയാളാണെന്നും നിരന്തരം മരുന്നുകള്‍ ഉപയോഗിക്കുന്നതിന്റെ ആലസ്യത്തില്‍ വോട്ട് മാറിച്ചെയ്തുപോയതായിരിക്കുമെന്നും ഇയാള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സംഭവമറിഞ്ഞെത്തിയ ബിഎസ്പി നേതാക്കള്‍ കുടുംബത്തിന് എല്ലാ പിന്‍തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പവന്റെ സഹോദരന്‍ വിനോദ് വ്യക്തമാക്കി.

ഉത്തര്‍പ്രദേശില്‍ ദളിത് വിഭാഗം മായാവതിയുടെ ബിഎസ്പിക്കൊപ്പമാണ്. കേന്ദ്ര സംസ്ഥാന ബിജെപി ഭരണങ്ങളില്‍ ക്രൂരമായി വേട്ടയാടപ്പെടുന്നതിനാല്‍ ഈ വിഭാഗത്തിന്റെ ശക്തമായ രോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നീരീക്ഷകരുടെ വിലയിരുത്തല്‍.

Related Stories

No stories found.
logo
The Cue
www.thecue.in