പെരിയാറിന്റെ ചിത്രം ശിശുപീഡകനെന്ന ധ്വനിയോടെ ട്വീറ്റ് ചെയ്ത് ബിജെപി ; തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം 

പെരിയാറിന്റെ ചിത്രം ശിശുപീഡകനെന്ന ധ്വനിയോടെ ട്വീറ്റ് ചെയ്ത് ബിജെപി ; തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം 

സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാറെ (ഇ.വി രാമസ്വാമി) ബാലപീഡകനെന്ന് ധ്വനിപ്പിച്ചുള്ള ബിജെപി ട്വീറ്റിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് ബിജെപി ഘടകത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പെരിയാറിന്റെ 46 ാം ചരമവാര്‍ഷിക ദിനത്തിലായിരുന്നു ട്വീറ്റ്. അദ്ദേഹം ഭാര്യ മണിയമ്മയോടൊത്തുള്ള ചിത്രം സഹിതമായിരുന്നു ഇത്.

മണിയമ്മയുടെ പിതാവ് പെരിയാറിന്റെ ചരമവാര്‍ഷിക ദിനമാണിന്ന്. കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനെ പിന്‍തുണയ്ക്കാം. പോക്‌സോ കുറ്റവാളികള്‍ ഇല്ലാത്ത ഒരു സമൂഹത്തിനായി പ്രതിജ്ഞയെടുക്കാം. 

ഇങ്ങനെയായിരുന്നു ട്വീറ്റ്. പെരിയാര്‍ വിവാഹം കഴിക്കുമ്പോള്‍ അദ്ദേഹത്തിന് 69 ഉം മണിയമ്മയ്ക്ക് 31 ഉം വയസ്സായിരുന്നു.പെരിയാറും ഭാര്യ മണിയമ്മയും തമ്മിലുള്ള പ്രായവ്യത്യാസത്തെ ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു പോസ്റ്റ്. മകളുടെ പ്രായമുള്ള മണിയമ്മയെ വൃദ്ധനായ പെരിയാര്‍ വിവാഹം ചെയ്‌തെന്നാണ് ട്വീറ്റിലെ ധ്വനി. അത്തരത്തില്‍ ശിശുപീഡകനെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതാകയാല്‍ പരാമര്‍ശത്തിനെതിരെ ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. ട്വീറ്റ് വിവാദമായതോടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

വിമര്‍ശനമുയര്‍ന്നപ്പോള്‍ പാര്‍ട്ടി നേതാക്കളും സഖ്യകക്ഷി നേതൃത്വങ്ങളും ആവശ്യപ്പെട്ട പ്രകാരം ട്വീറ്റ് നീക്കം ചെയ്തിട്ടുണ്ടെന്ന് ബിജെപി ഐടി-സോഷ്യല്‍മീഡിയ വിഭാഗം പ്രസിഡന്റ് നിര്‍മല്‍ കുമാര്‍ പറഞ്ഞു. തങ്ങള്‍ പുതുതായി ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ് പരാമര്‍ശമെന്ന് വ്യക്തമാക്കി ഡിഎംകെ അദ്ധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ രംഗത്തെത്തി. ബിജെപി പരസ്യമായി മാപ്പുപറയണമെന്ന് എംഡിഎംകെ നേതാവ് വൈക്കോ ആവശ്യപ്പെട്ടു. മഞ്ഞക്കണ്ണോടെയാണ് ബിജെപി കാര്യങ്ങള്‍ കാണുന്നതെന്നതിന്റെ തെളിവാണിതെന്ന് പിഎംകെ നേതാവ് എസ് രാംദേസും വ്യക്തമാക്കി. പെരിയാര്‍, അണ്ണ, എംജിആര്‍, കലൈഞ്ജര്‍ തുടങ്ങിയവരെ ഇകഴ്ത്തുന്ന വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും സംഭവത്തെ അപലപിക്കുന്നതായും ഐഐഡിഎംകെ നേതാവും മന്ത്രിയുമായ സെല്ലൂര്‍ കെ രാജുവും അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in