വളഞ്ഞിട്ട് തല്ലിച്ചതച്ചു, ജനനേന്ദ്രിയത്തില്‍ തീ പൊള്ളലേല്‍പ്പിച്ചു; തിരുവനന്തപുരത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായ യുവാവ് മരിച്ചു 
News n Views

വളഞ്ഞിട്ട് തല്ലിച്ചതച്ചു, ജനനേന്ദ്രിയത്തില്‍ തീ പൊള്ളലേല്‍പ്പിച്ചു; തിരുവനന്തപുരത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായ യുവാവ് മരിച്ചു 

THE CUE

THE CUE

തിരുവനന്തപുരം തിരുവല്ലത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവര്‍മാര്‍ അടക്കമുള്ളവരുടെ ക്രൂരമര്‍ദ്ദനത്തിനിരയായ വിഴിഞ്ഞം മുട്ടയ്ക്കാട് സ്വദേശി അജീഷ് ആണ് മരിച്ചത്. ബാഗ് മോഷ്ടിച്ചെന്നാരോപിച്ചാണ് ഇവര്‍ യുവാവിനെ തല്ലിച്ചതച്ചത്. യുവാവിന്റെ ജനനേന്ദ്രിയത്തില്‍ തീപ്പൊള്ളലേല്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്‌ ചികിത്സ തേടിയ യുവാവ് രണ്ട് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ മൂന്ന് ഓട്ടോ ഡ്രൈവര്‍മാരെയും ഇവരുടെ സുഹൃത്തുക്കളായ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ജിനേഷ് വര്‍ഗീസ്, ഷഹാബുദ്ദീന്‍, അരുണ്‍, ഷജന്‍ ,റോബിന്‍സണ്‍ എന്നിവരാണ് പിടിയിലായതെന്ന് തിരുവല്ലം പൊലീസ് ദ ക്യുവിനോട് പറഞ്ഞു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ഈ മാസം 11 നായിരുന്നു സംഭവം. തമ്പാനൂര്‍ ഓട്ടോറിക്ഷ സ്റ്റാന്റില്‍വെച്ച് ബാഗ് മോഷ്ടിച്ചെന്ന സംശയത്തെ തുടര്‍ന്ന് പ്രതികള്‍ തിരുവല്ലത്തെത്തി അജീഷിനെ കണ്ടുപിടിച്ച് തടഞ്ഞുവെച്ച് ചോദ്യം ചെയ്തു. തുടര്‍ന്ന് ബാഗ് ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ലോഹം പഴുപ്പിച്ച് ജനനേന്ദ്രിയത്തിന് തീപ്പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അജീഷ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെങ്കിലും തിങ്കളാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.

മര്‍ദ്ദനമേറ്റതും തീപ്പൊള്ളിയതുമാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി. അജീഷില്‍ നിന്ന് ബാഗോ പണമോ കണ്ടെടുത്തിട്ടില്ല. താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് അജീഷ് വ്യക്തമാക്കിയതായി പൊലീസും അറിയിക്കുന്നു. മോഷ്ടിച്ചെന്ന സംശയത്തിലാണ്‌ ഇവര്‍ അജീഷിനെ ആക്രമിച്ചത്. പ്രതികള്‍ യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ നിന്ന് ആളുകളെ തിരിച്ചറിഞ്ഞാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലക്കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

The Cue
www.thecue.in