ഷാനിമോള്‍ ഉസ്മാന്‍ 
ഷാനിമോള്‍ ഉസ്മാന്‍ 

ഇഞ്ചോടിഞ്ച് പോരാടി അരൂര്‍ പിടിച്ച് ഷാനിമോള്‍ ഉസ്മാന്‍; പരാജയ ചരിത്രം തിരുത്തി അട്ടിമറി വിജയം

ആലപ്പുഴ തകഴി വലിയപുരയ്ക്കല്‍ ഷാനിമോള്‍ ഉസ്മാന്‍ ഇത്തവണ പരാജയ ചരിത്രം മാറ്റിയെഴുതി. ഇടതുമണ്ഡലമായ അരൂര്‍ പിടിച്ചെടുത്താണ് ഷാനിമോള്‍ നിയമസഭയിലേക്ക് എത്തുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഷാനിമോള്‍ക്ക് ലീഡ് ലഭിച്ചു. 2000ത്തിലധികം വോട്ടുകള്‍ക്ക് ഇടത് സ്ഥാനാര്‍ത്ഥി മനു സി പുളിക്കലിനെ പരാജയപ്പെടുത്തി. ഇടത് പഞ്ചായത്തുകളിലും എതിരാളിയേക്കാള്‍ വോട്ടുകള്‍ നേടാനായെന്നതും ഷാനിമോളെന്ന വ്യക്തിയുടെ വിജയം കൂടിയാകുന്നു.

ഷാനിമോള്‍ എഐസിസി അംഗവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമാണ്. രാഷ്ട്രീയത്തില്‍ ഓരോ പടവും സ്വന്തം പ്രയത്‌നത്താല്‍ നേടിയെടുത്ത സ്ത്രീ. ഗ്രൂപ്പിസവും മതവും തകര്‍ത്തിട്ടപ്പോള്‍ തളരാതെ പൊരുതി. ആലപ്പുഴ എസ് ഡി കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കെഎസ്‌യുവിലൂടെ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചു. കെ എസ് യു യൂണിറ്റ് വൈസ് പ്രസിഡന്റായി .കേരള യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എഐസിസി സെക്രട്ടറി സ്ഥാനത്തുമെത്തി. കേരളത്തില്‍ നിന്ന് എഐസിസി സെക്രട്ടറിയായ ആദ്യ വനിത കൂടിയാണ് ഷാനിമോള്‍. രാഹുല്‍ ഗാന്ധി നടപ്പാക്കിയ യൂത്ത് കോണ്‍ഗ്രസ്-എന്‍ എസ് യു കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ അംഗമായി.

ലോ അക്കാദമിയില്‍ നിന്ന് നിയമ ബിരുദവും ചെന്നൈ ലയോള കോളേജില്‍ നിന്നും സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും നേടി.

ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സണ്‍, ജില്ലാ പഞ്ചായത്ത് അംഗം എന്നിവയായിരുന്നു ഇതിന് മുമ്പുള്ള തെരഞ്ഞെടുപ്പ് വിജയങ്ങള്‍. പിന്നീട് പെരുമ്പാവൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. പെരുമ്പാവൂരില്‍ 2006ല്‍ സാജുപോളിനോടും 2016ല്‍ ഒറ്റപ്പാലത്ത് പി ഉണ്ണിയോടും പരാജയപ്പെട്ടു.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ഉറച്ച സീറ്റായ വയനാട്ടില്‍ ഷാനിമോളുടെ പേരുയര്‍ന്നപ്പോഴേ പ്രതിരോധവും വന്നു. കെ.സി വേണുഗോപാല്‍ പിന്‍മാറിയ ആലപ്പുഴയില്‍ നറുക്ക് വീണു. 19 പേരും ജയിച്ചപ്പോഴും ആലപ്പുഴയില്‍ ഷാനുമോള്‍ പരാജയപ്പെട്ടു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എം എല്‍ എ യായിരുന്ന എ.എം ആരിഫിനെതിരെ നേടിയ മേല്‍ക്കൈ അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഷാനിമോളെ തുണച്ചു. ഉപതെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് നേരത്തെ തന്നെ മണ്ഡലത്തിലും സജീവമായി.

Related Stories

No stories found.
logo
The Cue
www.thecue.in