നിപയെ നേരിടാനുള്ള മരുന്ന് സ്റ്റോക്കുണ്ടെന്ന് ആരോഗ്യമന്ത്രി 

നിപയെ നേരിടാനുള്ള മരുന്ന് സ്റ്റോക്കുണ്ടെന്ന് ആരോഗ്യമന്ത്രി 

രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധപരിശോധന നടത്തും. അത് സാധാരണ നടപടിക്രമമാണ്. 

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ സ്ഥരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധപരിശോധന നടത്തും. അത് സാധാരണ നടപടിക്രമമാണ്. രോഗം സ്ഥിരീകരിച്ചാല്‍ നേരിടാനാവശ്യമായ മരുന്ന് സംസ്ഥാനത്ത് സ്‌റ്റോക്കുണ്ടെന്നും മന്ത്രി അറിയിച്ചു. നാഷണല്‍ ലാബില്‍ നിന്നുള്ള ഫലം ഇന്നോ നാളെ രാവിലെയോ ലഭിക്കും. എന്നിട്ട് മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ.

എറണാകുളത്ത് നിപ സ്ഥിരീകരിച്ചുവെന്ന് രാവിലെ വാര്‍ത്ത പ്രചരിച്ചിരുന്നു. അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചിരുന്നു. ആശങ്കയും ഭീതിയും സാമൂഹ്യമാധ്യമങ്ങളിലൂടെ പരത്തരുതെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. നിപ സ്ഥിരീകരിച്ചാല്‍ മാധ്യമങ്ങളെ ഔദ്യോഗികമായി അറിയിക്കുമെന്നും മൂടിവെക്കില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍ എല്‍ സരിത അറിയിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതരും വ്യക്തമാക്കി. പനിയും മസ്തിഷ്‌ക ജ്വരവുമായാണ് രോഗിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്റണ്‍ഷിപ്പ് ചെയ്യുന്നതിനായി മറ്റൊരു ജില്ലയില്‍ താമസിക്കുന്നതിനിടെയാണ് യുവാവിന് പനി പിടിപെട്ടത്. തുടര്‍ന്ന് നാട്ടിലെത്തി ചികിത്സ തേടുകയായിരുന്നു. ബാഗ്ലൂരിലെ സ്വകാര്യ ലാബിലായിരുന്നു ആദ്യം പരിശോധന നടത്തിയത്. തുടര്‍ന്നാണ് സാമ്പിളുകള്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. വൈറസ് ബാധ സംശയിച്ചതിനെത്തുടര്‍ന്ന് രോഗിയെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എം കെ കുട്ടപ്പന്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in