കേരള പൊലീസിന്റെ പ്രതികാരം, ജിഷാ വധത്തിലെ അന്വേഷണ വീഴ്ചയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; കൂട്ട സമന്‍സ്

കേരള പൊലീസിന്റെ പ്രതികാരം, ജിഷാ വധത്തിലെ അന്വേഷണ വീഴ്ചയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; കൂട്ട സമന്‍സ്

പെരുമ്പാവൂരിലെ ജിഷാ വധക്കേസിന്റെ ആദ്യഘട്ടത്തിലുണ്ടായ പൊലീസ് അലംഭാവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ മൂന്ന് വര്‍ഷത്തിനിപ്പുറം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ജിഷയ്ക്ക് നീതി ആവശ്യപ്പെട്ട് പെരുമ്പാവൂരില്‍ നടത്തിയ പ്രതിഷേധത്തില്‍ പൊലീസുകാരെ ആക്രമിച്ചെന്നും ശാരീരികമായി ഉപദ്രവിച്ച് ഡ്യൂട്ടിക്ക് തടസ്സമുണ്ടാക്കിയെന്നും കാണിച്ചാണ് കേസ്. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് 12ഓളം പേര്‍ക്കാണ് കൂട്ട സമന്‍സ് നോട്ടീസ്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്.

ഐപിസി 332ഉം 353ഉം വകുപ്പുകള്‍ പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ മായാ കൃഷ്ണനടക്കം ആക്ടിവിസ്റ്റുകള്‍ക്കും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കും സമന്‍സ് കിട്ടിയിട്ടുണ്ട്.

സ്ത്രീകളാണ് പ്രതിഷേധ കൂട്ടായ്മയില്‍ കൂടുതലായും ഉണ്ടായിരുന്നതെങ്കിലും പൊലീസുകാരെ ശാരീരികമായി ഉപദ്രവിച്ചുവെന്നതിന് ബലംകിട്ടാന്‍ ജാമ്യമെടുക്കാന്‍ സ്‌റ്റേഷനിലേക്ക് എത്തുകയും ഒപ്പമുണ്ടാവുകയും ചെയ്ത പുരുഷന്‍മാര്‍ക്കെതിരേയും കേസുണ്ടെന്ന് മായാ കൃഷ്ണന്‍ ദ ക്യൂവിനോട് പ്രതികരിച്ചു.

പ്രതികാര നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇത്രയും നാളുകള്‍ക്ക് ശേഷം കേസ് ചാര്‍ജിരിക്കുന്നതില്‍ നിന്നത് വ്യക്തമാണ്. അന്ന് പ്രതിഷേധത്തിനിടയില്‍ പൊലീസിന്റെ മര്‍ദ്ദനത്തില്‍ ഒന്നു രണ്ട് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഒരു പക്ഷേ ഇതില്‍ നടപടിയുണ്ടാകുമെന്ന് കരുതിയായിരിക്കും തിരിച്ച് കേസ് ചാര്‍ജ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് അന്ന് മുഖ്യമന്ത്രി തുറന്നു സമ്മതിച്ചതാണ്. എന്നാല്‍ ഈ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു തരത്തിലുള്ള ശിക്ഷയുണ്ടായതായും അറിവില്ല. അതേ സ്‌റ്റേഷനില്‍ അവര്‍ ഉള്ളതുകൊണ്ടാകാം വൈകിയും ഈ ജാമ്യമില്ലാ വകുപ്പ് കൊണ്ടുള്ള പൊലീസിന്റെ പ്രതികാരം.

മായ കൃഷ്ണന്‍

തന്റെ ജൂനിയറായിരുന്ന ബിന്‍സിയുടെ ക്ലാസ്‌മേറ്റായിരുന്നു ജിഷയെന്നും കേസിലെ ആദ്യ പൊലീസ് നടപടികളില്‍ അസ്വസ്ഥരായവര്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടു കൂടിയാണ് വിഷയത്തില്‍ ഇടപെട്ടതെന്നും മായ പറയുന്നു. ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായുള്ള അവളുടെ കൊലപാതകം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഒറ്റ കോളത്തിലൊതുക്കാവുന്ന അപ്രധാന വാര്‍ത്ത മാത്രമായിരുന്നു . കാരണം ജിഷ ദളിതയും ദരിദ്രയുമായിരുന്നു. അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞ് സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുത്തില്ലായിരുന്നുവെങ്കില്‍ തേഞ്ഞു മാഞ്ഞു പോകാമായിരുന്നു വിഷയമെന്നും മായ കൃഷ്ണന്‍ ഓര്‍മ്മിപ്പിക്കുന്നു.

കുറുപ്പംപടി പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ച് അന്വേഷിച്ച തന്നോട് കേസിന് തുമ്പുണ്ടെങ്കില്‍ കൊടുക്കാനാണ് പൊലീസ്‌ പറഞ്ഞത്. പൊലീസുകാര്‍ തെരഞ്ഞെടുപ്പ് തിരക്കിലാണെന്നും പറഞ്ഞു.

ജീവനുണ്ടായിരുന്നപ്പോള്‍ അവളും അമ്മയും ജീവന്‍ അപായത്തിലാണ് എന്ന് കാണിച്ച് എഴുതിക്കൊടുത്തിട്ടുള്ള പരാതികളോട് കാണിച്ച അതേ അനാസ്ഥ പൊലീസ്‌ മരണപ്പെട്ട ശരീരത്തോടും കാണിച്ചു. മരിച്ചത് പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ താമസിച്ചിരുന്ന പെണ്ണായിരുന്നുവെന്നത് കൊണ്ട്‌ തെളിവ് നശിപ്പിയ്ക്കുന്നതടക്കമുള്ള വീഴ്ചകള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ആ അഞ്ച് ദിവസത്തിനകം തന്നെ ഉണ്ടായിക്കഴിഞ്ഞിരുന്നുവെന്നും മായ പറയുന്നു.

2016 ഏപ്രില്‍ 28ന് ആണ് പെരുമ്പാവൂരിലെ വീട്ടില്‍ അതിക്രൂരമായി ബലാല്‍സംഗത്തിന് ഇരയായി കൊല ചെയ്യപ്പെട്ടത്. ആദ്യം കേസില്‍ പൊലീസിനുണ്ടായ അലംഭാവം വ്യക്തമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമുണ്ടായ പ്രതിഷേധങ്ങളും സോഷ്യല്‍ മീഡിയ ഇടപെടലുകളുമെല്ലാമാണ് ജിഷ വധക്കേസ് ഉയര്‍ന്നുവരാനിടയാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത കേരളത്തില്‍ ജിഷാ വധത്തിലെ പൊലീസ് നടപടികളിലുണ്ടായ അലംഭാവം വലിയ തോതില്‍ പ്രതിഫലിക്കുകയും ചെയ്തിരുന്നു. പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ കേസന്വേഷണത്തിന് പുതിയ ടീമിനെ നിയോഗിക്കുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in