#boycottLays: ഉരുളകിഴങ്ങ് കര്‍ഷകരോട് കോടികള്‍ നഷ്ടപരിഹാരം ചോദിച്ച പെപ്‌സികോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ 

#boycottLays: ഉരുളകിഴങ്ങ് കര്‍ഷകരോട് കോടികള്‍ നഷ്ടപരിഹാരം ചോദിച്ച പെപ്‌സികോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ 

ഗുജറാത്തിലെ കര്‍ഷകരോട് കോടികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട ബഹുരാഷ്ട്ര കമ്പനി പെപ്‌സികോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ ക്യാമ്പെയ്ന്‍. ബോയ്‌കോട്ട് ലെയ്‌സ്, സ്റ്റാന്‍ഡ് വിത് ഔര്‍ ഫാര്‍മേഴ്‌സ് എന്നീ ഹാഷ്ടാഗ് ക്യാമ്പയ്‌നുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പെപ്‌സികോ ഉല്‍പന്നമായ ലെയ്‌സിന് വേണ്ടി ഉല്‍പാദിപ്പിക്കുന്ന തരത്തിലുള്ള ഉരുളക്കിഴങ്ങ് ഗുജറാത്തിലെ കര്‍ഷകര്‍ കൃഷി ചെയ്തുവെന്ന് കാണിച്ചാണ് പെപ്‌സികോ കോടികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

ഗുജറാത്തിലെ 9 കര്‍ഷകരോടാണ് 1.05 കോടി രൂപ നഷ്ടപരിഹാരം ഉരുളകിഴങ്ങ് കൃഷി ചെയ്തതിന് ബഹുരാഷ്ട്ര കുത്തക കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. എഫ്എല്‍ 2027 എന്ന സങ്കര ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള അവകാശം പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ട് പ്രകാരം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ടാണ് പെപ്‌സികോ നിയമനടപടികള്‍ സ്വീകരിച്ചത്. അനുമതിയില്ലാതെ ഈ തരത്തിലുള്ള ഉരുളകിഴങ്ങ് കൃഷി ചെയ്‌തെന്നാണ് കര്‍ഷകര്‍ക്കെതിരെ ആരോപിക്കുന്ന കുറ്റം.

ഒന്നോ രണ്ടോ ഏക്കറില്‍ കൃഷി ചെയ്യുന്ന ഗുജറാത്തിലെ സാധാരണ കര്‍ഷകരാണ് ബഹുരാഷ്ട്ര ഭീമനാല്‍ വേട്ടയാടപ്പെടുന്നത്. പ്രധാനമന്ത്രിയുടെ നാട്ടിലെ കര്‍ഷകരാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ താല്‍പര്യം കാണിച്ചിട്ടില്ല. സര്‍ക്കാര്‍ ശ്രദ്ധ കിട്ടാനായി കര്‍ഷകരും ക്യാമ്പെയ്‌നുകള്‍ ആരംഭിച്ചിട്ടുണ്ട്.

പെപ്‌സികോയുടെ പരാതിയില്‍ വെള്ളിയാഴ്ച അഹമ്മദാബാദ് കോടതിക്ക് മുമ്പാകെ കേസെത്തും. ഇന്ത്യയിലെ നിയമമനുസരിച്ച് തങ്ങള്‍ക്ക് ഏത് ധാന്യവും കിഴങ്ങും ഉത്പാദിപ്പിക്കാമെന്നാണ് കര്‍ഷകരുടെ മറുവാദം. ബ്രാന്‍ഡ് ചെയ്യപ്പെട്ട വിത്തുകളും രജിസ്റ്റര്‍ ചെയ്ത വകഭേദങ്ങളും വില്പന നടത്താത്തിടത്തോളം നിയമം തങ്ങള്‍ക്ക് ഉത്പാദനത്തിന് അനുമതി നല്‍കുന്നുണ്ടെന്നാണ് കര്‍ഷകരുടെ വാദം.

കര്‍ഷകരുടെ കഴുത്തില്‍ കയറു കുരുക്കുന്ന ബഹുരാഷ്ട്ര കുത്തകയായ പെപ്‌സികോയ്‌ക്കെതിരെ അണിനിരക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ശക്തമാകുകയാണ്. ഇടക്കാല വിധി നേടിയ പെപ്‌സികോ പരാതി പിന്‍വലിക്കും വരെ അവരുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനാണ് ആഹ്വാനം.

കര്‍ഷക ജീവിതങ്ങളുടെ കഴുത്തില്‍ കയറു കുരുക്കിയിരിക്കുകയാണ് ബഹുരാഷ്ട്ര കുത്തകയായ പെപ്‌സികൊ. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സന്തോഷത്തിനായി വാങ്ങി നല്‍കുന്ന 'ലെയ്‌സ് ' ചിപ്‌സ് ഈ കുത്തകകളുടെ ഉത്പന്നമാണ്. ലെയ്‌സിനുവേണ്ടി നടുന്ന ഉരുളക്കിഴങ്ങ് ചെടി കര്‍ഷകരുടെ പാടത്ത് കണ്ടു എന്നതിന്റെ പേരിലാണ് 9 കര്‍ഷകര്‍ക്കെതിരെ ലെയ്‌സ് കമ്പനി കോടതിയില്‍ ഓരോ കര്‍ഷകരും 1.05 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പറഞ്ഞ് സമീപിച്ചിരിക്കുന്നത്. ഇടക്കാലവധി നേടുകയും ചെയ്തിരിക്കുന്നു. ജീവിതം തന്നെ തുന്നിപ്പിടിപ്പിച്ച് ജീവിക്കാന്‍ പാടുപെടുന്ന കര്‍ഷകര്‍, നമ്മുടെ ജീവിതത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍, അവരെയാണ് ഈ വന്‍കിട കുത്തക ആത്മഹത്യയുടെ വക്കിലേക്ക് ആട്ടിപ്പായിച്ചിരിക്കുന്നത്. ഇത് ആ 9 കര്‍ഷകരെ മാത്രം ബാധിക്കുന്ന വിഷയമല്ല സുഹൃത്തുക്കളെ . നാളെ നമ്മുടെ തൊടിയില്‍ ഒരു കറിവേപ്പില കണ്ടാല്‍ കോടിക്കണക്കിനു രൂപ ഇത്തരം കമ്പനികള്‍ക്ക് നഷ്ടപരിഹാരമായി അടക്കേണ്ട ഗതികേടുണ്ടാവാന്‍ അധികകാലം വേണ്ടി വരില്ല. നമ്മുടെ കോടതികളും ഭരണ സംവിധാനങ്ങളും ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നമുക്കെങ്കിലും നമ്മുക്കൊപ്പം, ആ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാം. കമ്പനി പരാതി പിന്‍വലിക്കുംവരെ അവരുടെ ഉത്പന്നം ബഹിഷ്‌കരിക്കാം. ഈ ഒരു ബഹിഷ്‌ക്കരണം നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കില്ല. മറിച്ച് ആ കര്‍ഷകര്‍ക്ക് അവരുടെ ജീവിതം തിരികെ നല്‍കും. നമുക്കൊരുമിച്ച് കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in