ഭൂമി കിട്ടുന്നത് വരെ സമരം തുടരുമെന്ന് തൊവരിമല സമരസമിതി, നേതാക്കള്‍ക്കെതിരെ കേസെടുത്തു 

ഭൂമി കിട്ടുന്നത് വരെ സമരം തുടരുമെന്ന് തൊവരിമല സമരസമിതി, നേതാക്കള്‍ക്കെതിരെ കേസെടുത്തു 

ഒഴിപ്പിച്ചവരെ തിരിച്ചെത്തിച്ച് സമരം ശക്തമാക്കും 

വയനാട് തൊവരിമലയില്‍ കുടില്‍ കെട്ടിയുള്ള സമരം ശക്തമാക്കുമെന്ന് ഭൂസമര സമിതി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സമരഭൂമിയില്‍ നിന്നും ഒഴിപ്പിച്ചവരെ തിരിച്ചെത്തിച്ച് സമരം ശക്തമാക്കും. ഇരുന്നൂറോളം പേര്‍ സമരം തുടരുന്നുണ്ടെന്ന് സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എം കെ ദാസന്‍ ദ ക്യൂവിനോട് പറഞ്ഞു.

മേപ്പാടി റെയ്‌ഞ്ചേഫീസില്‍ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സമരക്കാരെ ഒഴിപ്പിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സമരസമിതി നേതാക്കളെ ചര്‍ച്ചയ്‌ക്കെന്ന് പേരില്‍ വിളിച്ച് കൊണ്ടുപോവുകയും പിന്നീട് അവിടെ നിന്ന് മാറ്റി. പോകാന്‍ തയ്യാറാവാത്തവരെ ബലം പ്രയോഗിച്ച് കൊണ്ടു പോയി. ഏഴ് പേരെ കസ്റ്റഡിയിലെടുത്തു. സമരത്തിലുള്ള ആദിവാസികളെ തെറ്റിദ്ധരിപ്പിക്കാനും വനംവകുപ്പ് ശ്രമിക്കുന്നുണ്ട്. സമരം നടത്തിയാല്‍ കേസുണ്ടാകുമെന്നും ഭൂമി കിട്ടില്ലെന്നും ആദിവാസികളോട് ഭീഷണിപ്പെടുത്തി. സമരത്തില്‍ നിന്ന് പിന്‍മാറിയാല്‍ സര്‍ക്കാര്‍ ഭൂമി നല്‍കുമെന്നും പറഞ്ഞു. അതിന് ശേഷം കുറെ പേരെ അവരുടെ നാടുകളിലേക്ക് കൊണ്ടു വിട്ടു. എന്നാല്‍ 200 ഓളം പ്രവര്‍ത്തകര്‍ സമരം തുടരുന്നുണ്ട്. ഭൂമി കിട്ടുന്നത് വരെ സമരം തുടരും. 

എം കെ ദാസന്‍ 

തൊവരിമല സമരഭൂമി 
തൊവരിമല സമരഭൂമി 

വയനാട് ജില്ലയിലെ പതിമൂന്ന് പഞ്ചായത്തുകളില്‍ നിന്നുള്ള ഭൂരഹിതരായ ആദിവാസികള്‍ ഉള്‍പ്പെടെയാണ് തെവരിമലയില്‍ കുടില്‍ കെട്ടിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തിരക്കിനിടയിലെ അധികൃതരുടെ ശ്രദ്ധയില്‍ പെടാതെയായിരുന്നു ഭൂമി കൈയ്യേറി കുടില്‍ കെട്ടിയത്. സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍ കേന്ദ്രകമ്മിറ്റിയംഗവും സമര സമിതി കണ്‍വീനറുമായ എം പി കുഞ്ഞിക്കണാരന്റെ നേതൃത്വത്തിലായിരുന്നു സമരം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലെ ആദിവാസി ഭൂമി പ്രശ്‌നം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടു വരിക കൂടിയായിരുന്നു സമരത്തിന് ഈ സമയം തിരഞ്ഞെടുക്കാന്‍ കാരണമെന്ന് സമരസമിതി നേതൃത്വം പറയുന്നു.

ഏറ്റവും അനുയോജ്യമായ സമയത്ത് സമരം നടത്തുകയായിരുന്നു. പതിനേഴ് ശതമാനം ആദിവാസികള്‍ ഭൂരഹിതരാണ്. അത് ശ്രദ്ധയില്‍ കൊണ്ടു വരികയെന്നതും ലക്ഷ്യമായിരുന്നു. എന്നാല്‍ മുഖ്യധാര മാധ്യമങ്ങള്‍ അവഗണിച്ചു. 

എം കെ ദാസന്‍ 

നെന്‍മേനി പഞ്ചായത്തിലെ തൊവരിമലയിലെ 104 ഹെക്ടര്‍ ഭൂമി ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്തതാണ്. ഈ ഭൂമി ആദിവാസികള്‍ക്ക് വിട്ടുകൊടുക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. സിപിഐഎംഎല്‍ റെഡ്സ്റ്റാറിന് കീഴിലുള്ള അഖിലേന്ത്യ വിപ്ലവ കിസാന്‍ സഭ, ആദിവാസി ഭാരത് മഹാസഭ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. രാജമണിക്യം റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ തന്നെ നിയമനിര്‍മ്മാണത്തിലൂടെ ഭൂമി ഏറ്റെടുക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം കസ്റ്റഡിയിലെടുത്ത സമരസമിതി നേതാക്കള്‍ക്കെതിരെ കേരളാ ഫോറസ്റ്റ് ആക്ട് പ്രകാരം കേസെടുത്തുവെന്ന് വനംവകുപ്പ് അറിയിച്ചു. ഇവരെ കോടതിയില്‍ ഹാജരാക്കും.

സംരക്ഷിത വനമാണ് കൈയ്യേറിയത്. 110 ഹെക്ടര്‍ വനമാണ്. അതിനോട് ചേര്‍ന്നാണ് ഹാരിസണിന്റെ ഭൂമി. പാവപ്പെട്ട ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനെത്തിച്ചതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങളവരെ പറഞ്ഞ് ബോധ്യപ്പെടുത്തി തിരിച്ചയച്ചതാണ്. 

പി രഞ്ജിത്കുമാര്‍,സൗത്ത് വയനാട് ഡിഎഫ്ഒ 

Related Stories

No stories found.
logo
The Cue
www.thecue.in