മോദി 40 പറഞ്ഞു, രണ്ട് പേര്‍ പോന്നു; രണ്ട് തൃണമൂല്‍ എംഎല്‍എമാരും ഒരു സിപിഎം എംഎല്‍എയും ബിജെപിയില്‍

മോദി 40 പറഞ്ഞു, രണ്ട് പേര്‍ പോന്നു; രണ്ട് തൃണമൂല്‍ എംഎല്‍എമാരും ഒരു സിപിഎം എംഎല്‍എയും ബിജെപിയില്‍

ബംഗാളിലെ വന്‍വിജയത്തിന് പിന്നാലെ 'ഓപ്പറേഷന്‍ താമര'യില്‍ വിജയം കണ്ട് ബിജെപി. രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരടക്കം 19 നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ബംഗാളിലെ ഒരു സിപിഎം എംഎല്‍എയും ബദ്ധശത്രുക്കളായ തൃണമൂല്‍കാര്‍ക്കൊപ്പം ബിജെപി ടിക്കറ്റെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മമതാ ബാനര്‍ജി പുറത്താക്കിയ മുകുള്‍ റോയിയുടെ മകനാണ് ബംഗാളില്‍ ഓപ്പറേഷന്‍ താമരയ്ക്ക് ചുക്കാന്‍ പിടിച്ചത്. സുബ്രാന്‍ഷു റോയി തെരഞ്ഞെടുപ്പിലടക്കം ബിജെപിയുടെ ബംഗാളിലെ നീക്കങ്ങള്‍ക്ക് മുന്നില്‍ നിന്നു.

ബംഗാളില്‍ ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയത്തിന് പിന്നാലെ 40 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിക്ക് ഒപ്പം വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വെല്ലുവിളിച്ച മോദി 40 പേര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഏഴ് ഘട്ടമായി തൃണമൂലിന്റെ അംഗസംഖ്യ കുറയ്ക്കുമെന്നാണ് ഇപ്പോള്‍ ബിജെപിയുടെ അവകാശവാദം.

മോദി 40 പറഞ്ഞു, രണ്ട് പേര്‍ പോന്നു; രണ്ട് തൃണമൂല്‍ എംഎല്‍എമാരും ഒരു സിപിഎം എംഎല്‍എയും ബിജെപിയില്‍
തൃണമൂലിനെ കാവിപിടിച്ച് തോല്‍പ്പിച്ച സിപിഎം, മമതയുടെ ബംഗാളില്‍ താമര പൂത്തുലഞ്ഞു

സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റില്‍ 18 എണ്ണം പിടിച്ചെടുത്തതിന്റെ ആവേശത്തിലാണ് മോദിയും അമിത് ഷായും തന്ത്രങ്ങള്‍ മെനയുന്നത്. 2021ലെ പസ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ ബിജെപി നീക്കങ്ങളത്രയും.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ 16 മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരും എംഎല്‍എമാരായ സുബ്രാന്‍ഷു റോയിയും തുഷാര്‍കാന്തി ഭട്ടാചാര്യയുമാണ് ബിജെപിയില്‍ ചേര്‍ന്നത്. സിപിഎമ്മിന്റെ ദേബേന്ദ്രനാഥ് റോയിയാണ് ബിജെപി കൂടാരത്തിലെത്തിയ മറ്റൊരു എംഎല്‍എ.

ബംഗാളില്‍ മമതയെ തോല്‍പ്പിക്കാന്‍ സിപിഎം വോട്ടുകള്‍ ബിജെപിക്ക് നല്‍കിയെന്നത് വ്യക്തമായതിന് പിന്നാലെയാണ് എംഎല്‍എയും പാര്‍ട്ടി വിട്ടി കാവിക്കൊടിക്കൊപ്പം ചേക്കേറിയത്.

ഏഴ് ഘട്ടങ്ങളിലായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്നത്, അതുപോലെ ഏഴ് ഘട്ടങ്ങളിലായി ബിജെപിയിലേക്ക് തൃണമൂല്‍ അംഗങ്ങള്‍ ചേക്കേറുമെന്ന് ബംഗാളിലെ ബിജെപി മുതിര്‍ന്ന നേതാവ് കൈലാഷ് വിജയ്വര്‍ഗീയ പറഞ്ഞു. ഇന്ന് നടന്നത് ആദ്യഘട്ടമാണെന്നും അടുത്ത ഘട്ടം ഉടനുണ്ടാകുമെന്നുമാണ് കൈലാഷിന്റെ മമതയ്ക്കുള്ള മുന്നറിയിപ്പ്.

2014ല്‍ 34 സീറ്റുകളായിരുന്നു മമതയ്ക്ക് ബംഗാളിലുണ്ടായിരുന്നത്. വെറും രണ്ട് സീറ്റ് മാത്രമായിരുന്നു അന്ന് ബിജെപിയുടെ സമ്പാദ്യം. കോണ്‍ഗ്രസിനൊപ്പം സിപിഎം മല്‍സരിച്ചപ്പോള്‍ കോണ്‍ഗ്രസിന് നാലും സിപിഎമ്മിന് രണ്ടും സീറ്റ് ലഭിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in