
എന്നും പതിവായി ഒത്തുചേരുന്നവര്‍ വീണ്ടുമൊരു പാട്ടു കൂടി പുറത്തിറക്കുകയാണ് ' പാതിരാ പാട്ടുകള്‍ ' 'മാഞ്ചോട്ടില്‍ കൂടാം' എന്നീ ക്ലബ് ഹൗസ് കൂട്ടായ്മയിലൂടെ. നേരത്തെ ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ' കാണാതെ ' എന്ന പാട്ടുകേട്ട് , പാട്ടിന്റെ ശില്‍പ്പികളുമൊത്ത് മറ്റൊരു പാട്ട് ചിട്ടപ്പെടുത്താന്‍ ഗായകന്‍ ഡി. ശ്രീനിവാസിന്റെ താത്പര്യമാണ് പുതിയ പാട്ടിന്റെ പിറവിയ്ക്ക് കാരണം. അദ്ദേഹം ട്യൂണ്‍ ചെയ്ത് സംഗീത സംവിധാനം നിര്‍വഹിച്ച് 'ദൂരെയേതോ ' എന്ന പേരിലാണ് ഗാനം പുറത്തിറങ്ങുന്നത്.
ശ്രീനിവാസും മകള്‍ ശരണ്യ ശ്രീനിവാസും ചേര്‍ന്നാണ് ഗാനമാലപിച്ചിരിക്കുന്നു. അച്ഛന്റെ സ്വതന്ത്ര സംഗീത സംവിധാനത്തില്‍ ആദ്യമായി അച്ഛനും മകളും ഒരുമിച്ച് ആലപിക്കുന്ന പാട്ടാണ് ' ദൂരെയേതോ ' . സൗത്ത് ഇന്ത്യന്‍ ഫിലിം അക്കാദമി സി ഈ ഒ, എറണാകുളം സ്വദേശിനി ഷിന്‍സി നോബിളാണ് ഈ ഗാനത്തിന്റേയും രചന നിര്‍വഹിച്ചിരിക്കുന്നത്. 'കാണാതെ ' പാട്ടിനെ ഒരുക്കിയ പത്തനംത്തിട്ട സ്വദേശി സജീവ് സ്റ്റാന്‍ലിയാണ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. എല്ലാ ദിവസവും പ്രതിഭാധനരായ നിരവധി സംഗീത പ്രേമികള്‍ ഒത്തു കൂടുന്ന പാതിരാപ്പാട്ടുകള്‍ ക്ലബ് ഹൗസ് റൂമില്‍ സിനിമാ താരം മാലാ പാര്‍വ്വതി തുടങ്ങി വെച്ച ആശയമാണ് രണ്ടു പാട്ടുകളുടേയും പിറവിയ്ക്ക് പിന്നില്‍. ക്ലബ് ഹൗസില്‍ വെച്ച് പരിചയപ്പെട്ട് പാട്ടെഴുതി സംഗീതം നല്‍കി ക്ലബ് ഹൗസിനെ വേദിയാക്കി പുറത്തിറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട് ' കാണാതെ ' ' ദൂരെയേതോ ' എന്നീ പാട്ടുകള്‍ക്ക് . കാണാമറയത്ത്, കേട്ടറിഞ്ഞ് കൂട്ടു കൂടുന്നവരുടെ പാട്ടാണ് ' ദൂരെയേതോ ' . സുര്‍ ജാം പ്രൊഡക്‌സക്ഷന്‍സിന്റെ ബാനറില്‍ മ്യൂസിക്ക് 24 ഃ 7 ആണ് ഗാനം പുറത്തിറക്കുന്നത്.
ഡി. ശ്രീനിവാസിനും മകള്‍ ശരണ്യ ശ്രീനിവാസിനുമൊപ്പം, ഗായകരായ ഹരീഷ് ശിവരാമകൃഷ്ണന്‍ , സൂരജ് സന്തോഷ്, സിത്താര കൃഷ്ണകുമാര്‍ , വിധു പ്രതാപ് , ജ്യോത്സ്‌ന , സിദ്ധാര്‍ത്ഥ് മേനോന്‍ , രാഹുല്‍ രാജ്, സയനോര, രഞ്ജിനി ജോസ് , ഹരി ശങ്കര്‍ , ആര്യ ദയാല്‍ , ശ്രീകാന്ത് ഹരിഹരന്‍ , എന്നിവര്‍ ചേര്‍ന്നാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഗാനം കേള്‍വിക്കാരിലെത്തിക്കുന്നത്. ശേഷം പാതിരാപ്പാട്ടുകള്‍ ക്ലബ് ഹൗസ് റൂമിലുടെയും ശ്രീനിവാസ്, ശരണ്യ ശ്രീനിവാസ് , സിത്താര കൃഷ്ണകുമാര്‍ , ഹരീഷ് ശിവരാമകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യത്തില്‍ പാട്ട് പുറത്തിറക്കും.