ഒരു പുഷ്പം മാത്രമെൻ വിടർന്ന നിമിഷങ്ങൾ

ഒരു പുഷ്പം മാത്രമെൻ വിടർന്ന നിമിഷങ്ങൾ

ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ...'' ദേശ് രാഗത്തിന്റെ സത്തു പിഴിഞ്ഞെടുത്ത് എം എസ് ബാബുരാജ് ചിട്ടപ്പെടുത്തിയ മനോഹര നൃത്തഗാനം. ബാബുക്ക തൊട്ടിങ്ങോട്ട് പുത്തൻ തലമുറയിലെ ``ഇത്തിരിക്കുഞ്ഞന്മാർ'' വരെ പാടിക്കേട്ടിട്ടുണ്ട് ആ പാട്ട്. കേൾക്കുന്തോറും മധുരം കിനിയുന്ന ശ്രവ്യാനുഭവം.

എഴുതിയ പി ഭാസ്കരനേയും സ്വരപ്പെടുത്തിയ ബാബുരാജിനെയും പാടിയ ഗാനഗന്ധർവനേയും അഭിനയിച്ച നസീർ -- ശാരദമാരേയും മാത്രമല്ല മറ്റൊരു വലിയ മനുഷ്യനെ കൂടി ഓർമ്മവരും ഇന്നും ആ പാട്ട് കേൾക്കുമ്പോൾ -- നൃത്തസംവിധായകനായ ഗുരു ഗോപാലകൃഷ്ണനെ. ഗുരുജിയുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ``ഒരു പുഷ്പം'' വിടരാതെ, സുഗന്ധം ചൊരിയാതെ പോയേനേ സിനിമയിൽ. ആ പാട്ടില്ലാത്ത ``പരീക്ഷ'' എന്ന സിനിമയെ കുറിച്ച് സങ്കൽപ്പിക്കാൻ പോലുമാകുമോ നമുക്ക്?

ഹിന്ദുസ്ഥാനി ശൈലിയിൽ വേണം പാട്ട് എന്നത് ഗുരുജിയുടെ കൂടി നിർബന്ധമായിരുന്നു. ബാബുരാജിനും പടത്തിന്റെ സംവിധായകനുമില്ല മറിച്ചൊരു അഭിപ്രായം. ``ദേശ് രാഗത്തിലുള്ള ആ പാട്ട് കേട്ടപ്പോഴേ അത് കഥക് ശൈലിയിൽ ചിട്ടപ്പെടുത്താൻ തീരുമാനിച്ചിരുന്നു ഞാൻ.''-- ഗുരു ഗോപാലകൃഷ്ണന്റെ വാക്കുകൾ. ``പക്ഷേ ഒരു പ്രശ്‌നം. രംഗത്ത് നൃത്തം ചെയ്യുന്ന ശാരദക്ക് കഥക് അറിയില്ല. ചെറുപ്പം മുതലേ നൃത്തം പഠിച്ചിട്ടുണ്ടെങ്കിലും ഭരതനാട്യത്തിനോടാണ് ആഭിമുഖ്യം. പല തവണ റിഹേഴ്‌സൽ നടത്തിനോക്കിയെങ്കിലും പാട്ടിന്റെ താളവും ശാരദയുടെ നൃത്തച്ചുവടുകളും ഒട്ടും ചേരാത്ത പോലെ. ഭാസ്കരൻ മാഷ് സ്വാഭാവികമായും നിരാശനായി..''

മൂന്ന് വഴികളേ ഉണ്ടായിരുന്നുള്ളൂ പിന്നെ മുന്നിൽ. ഒന്നുകിൽ പാട്ട് കർണ്ണാട്ടിക് ശൈലിയിൽ മാറ്റി ചെയ്യുക. അല്ലെങ്കിൽ ശാരദയ്ക്ക് പകരം മറ്റേതെങ്കിലും ഡാൻസ് ആർട്ടിസ്റ്റിനെ വെച്ച് രംഗം ചിത്രീകരിക്കുക. അതുമല്ലെങ്കിൽ പാട്ടും രംഗവും പൂർണ്ണമായും സിനിമയിൽ നിന്ന് ഒഴിവാക്കുക. പാട്ട് മാറ്റിച്ചെയ്യാൻ താല്പര്യമില്ല ബാബുരാജിന്. ശാരദക്ക് പകരം വേറെ ആരെയെങ്കിലും വെച്ച് ഷൂട്ട് ചെയ്യാൻ പി ഭാസ്കരനും. സിനിമയിൽ നിന്ന് അത് ഒഴിവാക്കുകയല്ലാതെ മറ്റെന്ത് വഴി?

ഒടുവിൽ കഥക് അറിയാത്ത ശാരദയെ പാട്ടിന് വേണ്ടി കഥക് പഠിപ്പിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കുന്നു ഗുരു ഗോപാലകൃഷ്ണൻ. ``അന്ന് കഷ്ടിച്ച് 21 വയസ്സേയുള്ളൂ ശാരദക്ക്. സിനിമയിലെ രംഗത്തിന്റെ പൂർണ്ണതക്ക് വേണ്ടി എന്തു ത്യാഗവും ചെയ്യാൻ മടിയില്ലാത്ത പ്രകൃതം. പാട്ടിന് ആവശ്യമായ ചുവടുകൾ പഠിച്ചെടുക്കാൻ അവർക്ക് ഒന്നു രണ്ടു ദിവസത്തെ പരിശീലനമേ വേണ്ടിവന്നുള്ളൂ..'' പശ്ചാത്തലത്തിലെ ധ്രുവൻ - ലക്ഷ്മണന്മാരുടെ തബലയുടെ താളഭംഗിയുമായി ശാരദയുടെ പദചലനങ്ങളെ തന്മയത്വത്തോടെ വിളക്കിച്ചേർത്തതിന് ഗുരു ഗോപാലകൃഷ്ണനോട് നന്ദി പറയണം നാം. ഛായാഗ്രാഹകനായ ഇ എൻ ബാലകൃഷ്ണൻ, എഡിറ്റർമാരായ ശങ്കുണ്ണി, നാരായണൻ എന്നിവരുടെ പങ്കും മറക്കാനാവില്ല. ``ഇന്ന് നിങ്ങൾ ആ ഗാനരംഗം കാണുമ്പോൾ ഒട്ടും അരോചകമായി തോന്നുന്നില്ലെങ്കിൽ ഇവരുടെയൊക്കെ സഹകരണം ഉണ്ടായിരുന്നു അതിന്റെ പിന്നിൽ എന്നറിയുക.'' -- ഗോപാലകൃഷ്ണൻ.

സംഗീത സംവിധായകരിൽ ബാബുരാജുമായിട്ടായിരുന്നു ഗുരുജിക്ക്‌ ആത്മബന്ധം. ``നൃത്ത ഗാനങ്ങൾ കംപോസ് ചെയ്യുമ്പോൾ ഞാൻ കൂടെയിരിക്കണം എന്ന് നിർബന്ധം പിടിക്കും ബാബു. മുടിയനായ പുത്രൻ ആണ് ഞങ്ങൾ ഒരുമിച്ച ആദ്യചിത്രം-- 1961 ൽ. അതിൽ പി ലീല പാടിയ പൊട്ടിച്ചിരിക്കരുതേ ചിലങ്കേ എന്നൊരു നൃത്തഗാനമുണ്ട്. അംബികയാണ് രംഗത്ത് നൃത്തം ചെയ്യേണ്ടത്. ബാബു ആദ്യമിട്ട ഈണം അൽപ്പം ദുർഘടം പിടിച്ചതായി തോന്നി എനിക്ക്. ദുഃഖഭാവം ആയതുകൊണ്ട് ടെംപോ കുറഞ്ഞ ഡാൻസ് ആണ് വേണ്ടത്. അതിന് ഇണങ്ങും വിധം ട്യൂൺ മാറ്റിനോക്കാമോ എന്ന് ചോദിച്ചപ്പോൾ എതിർത്തില്ല ബാബു. കുറെയേറെ ട്യൂണുകൾ മാറിമാറി പരീക്ഷിച്ചുനോക്കിയെങ്കിലും ഒന്നും ശരിയാകുന്നില്ല. ഒടുവിൽ ഞാനൊരു നിർദേശം വെച്ചു: നമുക്കൊന്ന് ബീച്ച് വരെ പോയി വരാം. മനസ്സ് ശാന്തമാകുമ്പോൾ ഈണം തനിയെ വരും.

``മറീന ബീച്ചിൽ തമാശ പറഞ്ഞും പാട്ട് പാടിയും ഞങ്ങൾ ചെലവഴിച്ചത് മണിക്കൂറുകളാണ്. മടങ്ങുമ്പോൾ രാത്രി ഏറെ വൈകി. ചന്ദ്രതാരയുടെ ഓഫീസിൽ എത്തിയ ഉടൻ ബാബു ചെയ്തത് ഹാർമോണിയം മുന്നിലേക്ക് നീക്കിവെച്ച് പുതിയൊരു ട്യൂൺ ഇടുകയാണ്. ഞാൻ ഉദ്ദേശിച്ച മട്ടിലുള്ള അതേ ഈണം. പിറ്റേന്ന് തന്നെ ലീലയുടെ ശബ്ദത്തിൽ പാട്ട് റെക്കോർഡ് ചെയ്യുകയും ചെയ്തു. അംബികയെ വെച്ച് അത് ചിത്രീകരിക്കുന്നത് കാണാൻ ബാബുവും വന്നിരുന്നു..'' ബാബുരാജിന്റെ ഈണത്തിൽ മലയാളസിനിമയിൽ എസ് ജാനകി ആദ്യം പാടിയ നിണമണിഞ്ഞ കാൽപ്പാടുകളിലെ ``മേ തോ ഗുംഗ്രൂ'' എന്ന നൃത്തഗാനം മുജ്‌രാ ശൈലിയിൽ ചിട്ടപ്പെടുത്തിയതും ഗുരു ഗോപാലകൃഷ്ണൻ തന്നെ.

മലയാളത്തിൽ ഗുരുജി സ്വതന്ത്രമായി കൊറിയോഗ്രാഫി നിർവഹിച്ച ആദ്യചിത്രം നീലക്കുയി (1954) ലാണ് -- ``ജിഞ്ചകം താരോ'' എന്ന സംഘഗാനത്തിന്. അതിന് മൂന്ന് വർഷം മുൻപ് ഗുരു ഗോപിനാഥിന്റെ സഹനർത്തകരിൽ ഒരാളായി ജീവിതനൗകയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയിരുന്നു ഈ കൊടുങ്ങല്ലൂർക്കാരൻ. പിന്നീട് ഒന്നര പതിറ്റാണ്ടിനിടെ നൂറു കണക്കിന് മലയാള ചിത്രങ്ങൾ. ചന്ദ്രലേഖ, അവ്വയാർ, മായാബസാർ തുടങ്ങി വിവിധ തെന്നിന്ത്യൻ ഭാഷകളിലായി ഗുരു ഗോപാലകൃഷ്ണൻ നൃത്തം ചെയ്ത ചിത്രങ്ങളുടെ എണ്ണം അതിന്റെ പതിന്മടങ്ങ് വരും. പ്രശസ്ത നർത്തകി കുസുമം ഗുരുജിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത് 1963 ൽ.

2012 സെപ്റ്റംബറിലായിരുന്നു ഗുരുജിയുടെ വേർപാട്. അന്താരാഷ്ട്ര നൃത്തദിനത്തിൽ, ജീവിതം തന്നെ നൃത്തവേദിക്ക് സമർപ്പിച്ച ആ ബഹുമാന്യ സുഹൃത്തിനെ, മഹാ കലാകാരനെ ഓർക്കാതിരിക്കുന്നതെങ്ങനെ?

Related Stories

No stories found.
logo
The Cue
www.thecue.in