‘ധൈര്യമുണ്ടെങ്കി സ്റ്റേജീ കയറി കൂവെടാ’, കിലോമീറ്റേഴ്‌സ് ട്രെയിലര്‍

‘ധൈര്യമുണ്ടെങ്കി സ്റ്റേജീ കയറി കൂവെടാ’, കിലോമീറ്റേഴ്‌സ് ട്രെയിലര്‍

'അയ്യടാ അവടന്നു കൂവാന്‍ എല്ലാര്‍ക്കും പറ്റും, ധൈര്യമുണ്ടെങ്കി സ്റ്റേജീ കയറി കൂവെടാ'

കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന സിനിമയുടെ ട്രെയിലര്‍ ടൊവിനോ തോമസിന് സെല്‍ഫ് ട്രോള്‍ ആണോ എന്ന് സംശയിച്ചേക്കും. വയനാട്ടില്‍ കോളജില്‍ ടൊവിനോ തോമസ് ഉദ്ഘാടന പ്രസംഗം നടത്തവേ സദസില്‍ ഉണ്ടായ കൂവലും, കൂവിയ ആളെ വേദിയില്ലെത്തിച്ച് കൂവിച്ചതുമെല്ലാം ട്രോള്‍ ആക്കിയാണോ ടീസറെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നവരുണ്ട്. എന്നാല്‍ ഈ സംഭവത്തിന് വളരെ മുമ്പ് തന്നെ ചിത്രീകരണം പൂര്‍ത്തിയായ സിനിമയാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്.

ജിയോ ബേബി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ മാര്‍ച്ച് പന്ത്രണ്ടിന് തിയറ്ററുകളിലെത്തും. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിലെ പാട്ടുകളും ടീസറുകളും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. കോട്ടയത്ത് നിന്ന് വിവിധ സംസ്ഥാനങ്ങളിലൂടെ വിദേശ വനിതക്കൊപ്പം രാജ്യം ചുറ്റുന്ന നായകകഥാപാത്രമായാണ് പാട്ടുകളിലും ടീസറിലും ടൊവിനോയെ പരിചയപ്പെടുത്തിയിരിക്കുന്നത്.

വിദേശ വനിതക്കൊപ്പം ടൊവിനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ തമാശകളാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ സിനിമയുടെ ടീസറുകളായി പുറത്തുവന്നിരുന്നത്. കൗതുകത്തിനും സര്‍പ്രൈസുകള്‍ക്കും സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിലെ പുതിയ ഗാനം. സൂരജ് എസ് കുറുപ്പിന്റെ സംഗീതത്തില്‍ ആണ് ‘പാരാകെ പടരാമേ’ എന്ന് തുടങ്ങുന്ന മലയാളത്തിലും ഹിന്ദിയിലും തമിഴിലും ഇതരഭാഷകളിലുമായുള്ള ഗാനം.

റോഡ് മുവീ സ്വഭാവത്തിലാണ് ജിയോ ബേബിയുടെ ചിത്രം. ടൊവിനോ തോമസ് നിര്‍മ്മാണ പങ്കാളിയായ ചിത്രവുമാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്. വിനായക് ശശികുമാറും നിഷാ നായരുമാണ് ഗാനരചന. റംഷി അഹമ്മദ്, സൂരജ് എസ് കുറുപ്പ്, മൃദുല്‍ അനില്‍, പവിത്രാ ദാസ്. പ്രണവ്യാ ദാസ് എന്നിവരാണ് പാരാകെ പാടിയിരിക്കുന്നത്.

ഇന്ത്യയിലെ കാഴ്ചകളില്‍ കൗതുകവും അമ്പരപ്പും പ്രകടിപ്പിക്കുന്ന നായികയെ ഗാനത്തില്‍ കാണാം. മൃതദേഹം ആഘോഷ പൂര്‍വം കൊണ്ടുപോകുന്നത് കണ്ട് ഇത് ലീഡര്‍ ആണോ എന്ന് സംശയിക്കുന്നുണ്ട നായിക. ആന്റോ ജോസഫ്, റംഷി അഹമ്മദ്,ടൊവിനോ തോമസ്, സിനു സിദ്ധാര്‍ത്ഥ് എന്നിവരാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. മ്യൂസിക് 247 ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

2020ലെ ടൊവിനോ തോമസിന്റെ ആദ്യ റിലീസായ ഫോറന്‍സികിന്റെ വിജയത്തിന് പിന്നാലെ തിയറ്ററുകളിലെത്തുന്ന ചിത്രവുമാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്.

Related Stories

No stories found.
logo
The Cue
www.thecue.in