‘ഞാനും കറുപ്പുടുത്ത് മുടി നീട്ടി വളര്‍ത്തി നടക്കട്ടെ’; ജാതിവെറിയുടെ കാലത്ത് രാവണപക്ഷത്ത് നിന്നൊരു മ്യൂസിക് വീഡിയോ

‘ഞാനും കറുപ്പുടുത്ത് മുടി നീട്ടി വളര്‍ത്തി നടക്കട്ടെ’; ജാതിവെറിയുടെ കാലത്ത് രാവണപക്ഷത്ത് നിന്നൊരു മ്യൂസിക് വീഡിയോ

ജാതിയുടെയും നിറത്തിന്റെയും പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടവരുടെ പ്രതിരോധശബ്ദമായി ആദര്‍ശ് കുമാര്‍ അനിയലിന്റെ ‘രാവണ്‍’ എന്ന മ്യൂസിക് വീഡിയോ. കറുത്ത് മെലിഞ്ഞ, മുടി നീട്ടിവളര്‍ത്തിയ, മുടിയില്‍ ചുവന്ന ചായം തേച്ചിരുന്ന തന്റെ മകനെ കാണാനില്ലെന്ന് പറയുന്ന ഒരു അച്ഛനിലൂടെ ആരംഭിക്കുന്ന ഗാനത്തിലൂടെ ഇന്ന് സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ഒരുപാട് ചോദ്യങ്ങള്‍ സംവിധായകന്‍ ഉയര്‍ത്തുന്നു.

നമ്മള്‍ വളര്‍ന്നു വരുന്ന ജീവിത സാഹചര്യത്തില്‍ പലപ്പോഴും നേരിട്ടിട്ടുള്ള അനുഭവങ്ങളാണ് ഇത്തരത്തില്‍ ഒരു വീഡിയോ ഒരുക്കാന്‍ പ്രചോദനമായതെന്ന് ആദര്‍ശ് പറയുന്നു. ചുറ്റുപാടുമുളള ഒരുപാട് പേര്‍ ഇത് നേരിട്ടിട്ടുണ്ട്, ഉറപ്പായിട്ടും പറയേണ്ടതാണെന്നും, ഈ സമയത്ത് പറയേണ്ടതാണെന്നും ബോധ്യമുള്ളത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു വീഡിയോ ഒരുക്കിയതെന്നും ആദര്‍ശ് ‘ദ ക്യൂ’വിനോട് പറഞ്ഞു.

ഏങ്ങണ്ടിയൂരിലെ വിനായകനും, കെവിനുമെല്ലാം നമ്മള്‍ കണ്ടതാണ്, ഈ സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെയാണ് പറയേണ്ടതെന്നും ഇനി വൈകിക്കൂടായെന്നും ഉണ്ടായിരുന്നു. രാവണ്‍ എന്നാല്‍ രണ്ടര്‍ഥമുണ്ട്. കാക്ക, കറുപ്പ് എന്നൊരു അര്‍ഥവും, പിന്നെ പുരാണത്തിലെ രാവണനും. അച്ഛനും അപ്പൂപ്പനുമെല്ലാം രാവണപക്ഷം ഓണപ്പാട്ടുകാരായിരുന്നു. ആ രാവണനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. രാവണപക്ഷത്ത് നില്‍ക്കുന്നതാണ് ഇപ്പോഴത്തെ ശരിയെന്നും തോന്നിയിട്ടുണ്ട്.

ആദര്‍ശ്

ആദ്യം ഒരു കവിതയുടെ ഫോര്‍മാറ്റിലായിരുന്നു ആശയമുണ്ടായതെന്നും ആദര്‍ശ് പറയുന്നു. പിന്നീട് എന്തുകൊണ്ട് ഒരു പെര്‍ഫോര്‍മന്‍സ് രീതിയിലേക്ക് മാറ്റിക്കൂടായെന്ന് തോന്നിയപ്പോഴാണ് വീഡിയോ ചെയ്യാന്‍ തീരുമാനിച്ചത്. വീഡിയോ ചെയ്ത് കഴിഞ്ഞാണ് അതിന്റെ കരുത്തിന്റെ താളത്തില്‍ മ്യൂസിക് കൂടി ചെയ്ത് ചേര്‍ത്തത്.

ആദര്‍ശിന്റെ അച്ഛനും കലാകാരനുമെല്ലാമായ അംബുജാക്ഷനാണ് വീഡിയോയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഒരു ആശയം വന്നപ്പോള്‍ തന്നെ അച്ഛനെ കേന്ദ്ര കഥാപാത്രമാക്കണമെന്ന് തീരുമാനിച്ചിരുന്നുവെന്നും ആദര്‍ശ് പറഞ്ഞു. തൗസന്‍ഡ് സ്‌റ്റോറീസിന്റെ ബാനറില്‍ സലീഷ് പത്മിനി സുബ്രഹ്മണ്യന്‍, പ്രമോദ് വാഴൂര്‍ രാജേഷ് നേതാജി എന്നിവരാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. ഒരു ഘട്ടത്തില്‍ നിന്നു പോകുമായിരുന്ന വീഡിയോ സലീഷ് നിര്‍മാതാവായതോടെയാണ് പൂര്‍ത്തിയാക്കാനായതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ഒരുപക്ഷേ നടക്കാതെ പോകാവുന്ന സബ്‌ജെകറ്റായിരുന്നു. സുഹൃത്തുക്കുളുടെ കയ്യില്‍ നിന്ന് കടം വാങ്ങിച്ചാണ് തുടങ്ങിയത്. സലീഷേട്ടന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സഹായിയായി ജോലി ചെയ്തിട്ടുണ്ട്. വീഡിയോ തുടങ്ങി പിന്നീട് തീരാതയപ്പോള്‍ സലീഷേട്ടന്‍ ഏറ്റെടുക്കുകയായിരുന്നു. സലീഷേട്ടന്‍ ഉള്ളത് കൊണ്ടാണ് വീഡിയോ പൂര്‍ത്തിയായതും

ആദര്‍ശ്

ബോധി സൈലന്‍ള് സ്‌കേപ്പിലൂടെ സംഗീത സംവിധായകന്‍ ബിജിബാലാണ് വീഡിയോ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതും. എറണാകുളം വൈപ്പിന്‍ സ്വദേശിയാണ് ആദര്‍ശ്.

Related Stories

No stories found.
logo
The Cue
www.thecue.in