1956, മധ്യ തിരുവിതാംകൂര്‍; വാമൊഴിക്കഥകളും പഞ്ചഗ്രന്ഥിയിലെ മിത്തുകളും

 1956, Madhyathiruvithamkoor (Central Travancore)
1956, Madhyathiruvithamkoor (Central Travancore)

ബൈബിളെന്ന പേരില്‍ ഇന്ന് കാണുന്ന ലിഖിത രൂപത്തില്‍ ഉള്ള പുസ്തകം, അല്ലെങ്കില്‍ പുസ്തകങ്ങളുടെ കളക്ഷന്‍ അനേകം വാമൊഴികഥകളുടെ ഒരു സമാഹാരം ആണെന്ന് കൂടെ പറയാം. വാമൊഴി കഥകളുടെ കാര്യം പരിഗണിക്കുമ്പോള്‍ ഇവയില്‍ തന്നെ ഏറ്റവും പ്രാധാന്യത്തില്‍ പരിഗണിക്കേണ്ടത് പെന്റാടൂക്ക് (Pentateuch) അഥവാ പഞ്ചഗ്രന്ഥി എന്നറിയപെടുന്ന ബൈബിളിലെ ആദ്യ അഞ്ചു ഗ്രന്ഥങ്ങളാണ്.

ഡോണ്‍ പാലത്തറയുടെ പീരിയഡ് സിനിമ ആയ 1956, മധ്യ തിരുവിതാംകൂര്‍ എന്ന ചലച്ചിത്രം ഭൂപരിഷ്‌കരണത്തിന് തൊട്ട്മുന്‍പ് ഉള്ള കോട്ടയം-ഇടുക്കി പ്രദേശങ്ങളുടെ വാമൊഴികഥകളെ, മിത്തുകളെ അടയാളപ്പെടുത്തുന്ന ഒരു സിനിമയാണ്.

ഗോത്രീയസ്വഭാവമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കാന്‍, ഒരുമിപ്പിച്ചു നിര്‍ത്താന്‍, നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിര്‍ത്താന്‍ ആയിട്ടൊക്കെ രൂപപ്പെടുത്തിയ ഒട്ടേറെ കഥകള്‍ ഉള്ള പുസ്തകങ്ങള്‍ ആണ് അവ. പക്ഷെ

ഇന്നും ലോകത്തെ അടക്കി ഭരിക്കുന്നവയാണ് പഞ്ചഗ്രന്ഥിയിലെ പല മിത്തുകളും, യാഥാസ്ഥിക സാമൂഹ്യബോധങ്ങളും, അപരഭീതിയില്‍ ഊന്നലുള്ള രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുമൊക്കെ. ഫ്‌ലാറ്റ് എര്‍ത്ത് കോണ്‌സപിറസി തിയറിയും, സയണിസവും, ഹോമോഫോബിയയുമൊക്കെ അതിന് ഉദാഹരണങ്ങള്‍ ആയി കാണാവുന്നതാണ്.

ഉത്പത്തി, പുറപ്പാട്, ലേവ്യര്‍, സംഖ്യ, നിയമാവര്‍ത്തനം എന്നിവയാണ് ആ പഞ്ചഗ്രന്ഥങ്ങള്‍. ഒട്ടേറെ വൈരുധ്യങ്ങള്‍ ഉള്ള, ആവര്‍ത്തനം ഉള്ള, ശാസ്ത്രീയ അടിത്തറ ഇല്ലാത്ത അബദ്ധധാരണകള്‍ വെച്ചുപുലര്‍ത്തുന്ന ഒരുപാട് സംഗതികള്‍ പഞ്ചഗ്രന്ഥിയിലെ പുസ്തകങ്ങളിലുണ്ട്. കൂടാതെ കൂടുതല്‍ പഴമയുള്ള നാഗരികതകളിലെ 'സരോപദേശ' കഥകളില്‍ നിന്ന് അത്യാവശ്യം മോഷണവും ഉണ്ട് (ഉദാഹരണത്തിന് നോഹയുടെ കാലത്തെ മഹാപ്രളയത്തിന്റെ കഥ സുമേറിയക്കാരുടെ 5000 വര്‍ഷം പഴക്കമുള്ള ഗില്‍ഗമേഷിന്റെ ഇതിഹാസത്തിലെ Utnapishtim ന്റെ കഥയില്‍ നിന്ന് ഉള്ള മോഷണമുതലാണ്).

പഞ്ചഗ്രന്ഥിയിലേ ആവര്‍ത്തനങ്ങള്‍ക്കും വൈരുധ്യങ്ങള്‍ക്കും കാരണമായി പണ്ഡിതര്‍ കാണുന്നത് അതിന്റെ രൂപപ്പെടലില്‍ അനേകം തലമുറകളിലേ അനേകം ആളുകള്‍ക്ക് പങ്ക് ഉള്ളതും,വാമൊഴി പാരമ്പര്യത്തില്‍ നിന്നുള്ള അതിന്റെ ഉത്ഭവവുമാണ്.

 1956, Madhyathiruvithamkoor (Central Travancore)
1956, Madhyathiruvithamkoor (Central Travancore)

പല തലമുറകളില്‍ വാമൊഴികളായി നിന്ന കഥകളുടെ ഡോക്യുമെന്റേഷന്‍ ഇന്ന് ലിഖിത രൂപത്തില്‍ മാത്രമല്ല സംഭവിക്കുക. അതിന് പല മാധ്യമങ്ങളുണ്ട്. സിനിമ അതില്‍ ഏറ്റവും പ്രധാനപെട്ട ഒരു മാധ്യമമാണ്. ഡോണ്‍ പാലത്തറയുടെ പീരിയഡ് സിനിമ ആയ 1956, മധ്യ തിരുവിതാംകൂര്‍ എന്ന ചലച്ചിത്രം ഭൂപരിഷ്‌കരണത്തിന് തൊട്ട്മുന്‍പ് ഉള്ള കോട്ടയം-ഇടുക്കി പ്രദേശങ്ങളുടെ വാമൊഴികഥകളെ, മിത്തുകളെ അടയാളപ്പെടുത്തുന്ന ഒരു സിനിമയാണ്. എന്നാല്‍ ആ കഥകളും ബിബ്ലിക്കല്‍ മിത്തുകള്‍ പോലെ തന്നെ വേണം കാണാന്‍. യാഥാര്‍ഥ്യം വ്യത്യസ്തമായിരിക്കും. ഇന്നത്തെ യാഥാര്‍ഥ്യത്തില്‍ നിന്ന് നാളത്തേക്ക് ഉള്ള പുതിയ കഥകളും മിത്തുകളും ഉണ്ടാകുന്നു എന്ന് ഈ സിനിമ പറയാതെ പറഞ്ഞു വെക്കുന്നുണ്ട്. ഡോണിന്റെ സിനിമകള്‍ക്ക് സുറിയാനി ക്രിസ്ത്യാനി പശ്ചാത്തലമാണ് ഉള്ളത്. ജാതീയസ്വത്വവും സവര്‍ണ്ണമനോഭാവവും സൂക്ഷിക്കുന്ന ഒരു വിഭാഗമാണ് ഇപ്പോള്‍ പോലും ഒരു വലിയ വിഭാഗം സുറിയാനി ക്രിസ്ത്യാനികള്‍. 1950 കളിലേക്ക് പോകുമ്പോള്‍ അത് ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആകാനെ തരമുള്ളൂ. പഞ്ചഗ്രന്ഥിയിലെ മിത്തുകള്‍ ഗോത്രീയ സ്വഭാവമുള്ള ഒരു ജനതയെ പടുത്തുയര്‍ത്തിയ വാമൊഴിയില്‍ നിന്ന് രൂപപെട്ടു. 1956, മധ്യതിരുവിതാംകൂറില്‍ പറഞ്ഞു വെക്കുന്ന മിത്തുകള്‍ ഗോത്രീയ സ്വഭാവമുള്ള ഒരു സമുദായത്തിലെ അംഗങ്ങളുടെ വായ്കളില്‍ നിന്ന് രൂപപ്പെടുന്നു.

 1956, Madhyathiruvithamkoor (Central Travancore)
1956, Madhyathiruvithamkoor (Central Travancore)

ഈ വിധത്തില്‍ രണ്ടു ഡസനോളം ഉപകഥകള്‍ 1956.... സിനിമയുടെ പല ഭാഗത്തായി വരുന്നുണ്ട്. സിനിമയുടെ മെയിന്‍ പ്ലോട്ട് എന്ന് കരുതാവുന്ന കഥയോട് നേരിട്ട് ബന്ധം ഇല്ലാത്തവയാണ് അവ എന്ന് തോന്നാം. എന്നാല്‍ ഈ ചെറിയ ചെറിയ കഥകളാണ്, കഥപറച്ചിലുകളാണ്, കഥയില്‍ ഉള്ള വിശ്വാസം ആണ് അന്നത്തെ മനുഷ്യരെ, അവരുടെ സമൂഹത്തെ രൂപപ്പെടുത്തുന്നത് എന്ന് ഓര്‍ക്കണം. Sapiens: A Brief History of Human Kind എന്ന പുസ്തകത്തില്‍ യുവല്‍ നോഹ ഹരാരി പറഞ്ഞു വെക്കുന്ന ഒരു സംഗതി ഉണ്ട്.

'Fiction has enabled us not merely to imagine things, but to do so collectively. We can weave common myths such as the biblical creation story, the Dreamtime myths of Aboriginal Australians, and the nationalist myths of modern states. Such myths give Sapiens the unprecedented ability to cooperate flexibly in large numbers.'

ഈ വിധത്തില്‍ ഒട്ടേറെ കഥകളെ മുഴച്ചു നില്‍ക്കാത്ത പരുവത്തില്‍ ഒരു സിനിമയിലേക്ക് കൊണ്ട് വരിക അത്ര എളുപ്പമുള്ള ജോലി അല്ല. ഡോണ്‍ മികച്ച ഒരു സംവിധായകന്‍ മാത്രമല്ല ഒരു നല്ല എഴുത്തുകാരന്‍ ആണെന്ന് കൂടെ കാണിക്കുന്നതാണ് അയാള്‍ ഈ 1956, മധ്യ തിരുവിതാംകൂറിലെ പല കഥകളെയും മിത്തുകളെയും ഒരുമിച്ചു കൂട്ടി ഒറ്റ യൂണിറ്റ് ആക്കിയിരിക്കുന്ന വിധം. പല കഥകള്‍ പറഞ്ഞു വെക്കുമ്പോഴും അതിന്റെ വിശ്വാസ്യതയെ കുറിച്ചു ഒരു സംശയം കൂടെ ഉയര്‍ത്തുന്നുണ്ട് സിനിമ. കഥകളുടെ പിന്നാലേ പോയാല്‍ ചിലപ്പോള്‍ നിരാശ ആകും ഫലം എന്ന് സിനിമയുടെ തുടക്കത്തില്‍ തന്നെ സംവിധായകന്‍ പറഞ്ഞു വെക്കുന്നുണ്ട്. തമിഴ് പ്രദേശങ്ങളിലെ ക്രിസ്ത്യാനികള്‍ക്ക് ഇടയില്‍ നോമ്പ് കാലത്തിനോടും ദുഃഖ വെള്ളിയോടും അനുബന്ധിച്ചു നടത്തുന്ന ഒരു വിചിത്രമായ ആചാരത്തെ കുറിച്ചു അറിഞ്ഞു അത് കാണാന്‍ പോകുന്ന നാല് ആളുകളെ കുറിച്ചു ഉള്ള ആഖ്യാനത്തിലാണ് സിനിമ തുടങ്ങുക തന്നെ. കഥ തിരഞ്ഞു പോയി നിരാശരാകുന്നവര്‍ ഒരു ഷാപ്പിലേക്ക് വരുന്നു അവിടെ വെച്ചവര്‍ തങ്ങള്‍ക്ക് അറിയാവുന്ന പുതിയ കഥകള്‍ പങ്കു വയ്ക്കുന്നു. കഥയുടെ പങ്കുകിട്ടുന്നവര്‍ ഓരോരുത്തരിലും നിന്നും ഇതേ കഥകള്‍ പുതിയ രൂപത്തിലും ഭാവത്തിലും ആവശ്യാനുസരണം പുറത്തു വരാം.

നാല് പേരില്‍ ഒരാള്‍ തന്റെ ആശയത്തെ സാധൂകരിക്കാന്‍ വേദപുസ്തകത്തെ (ബൈബിളിനെ) ക്വൊട്ട് ചെയ്യുമ്പോള്‍ മറ്റൊരാള്‍ തോന്നിയപടി എടുത്തു വ്യാഖ്യാനിക്കാന്‍ ഉള്ളതല്ല വേദപുസ്തകത്തിലെ കാര്യങ്ങള്‍ എന്ന് തടസം പറയുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് മനസിലാവുന്ന വിധത്തില്‍ കഥകളെ വ്യാഖ്യാനിക്കുക എന്നത് മനുഷ്യ സഹജം ആണ്. അത് വാമൊഴി ആണ് എങ്കിലും ലിഖിത-ദൃശ്യ-ശ്രവണ രൂപത്തില്‍ ആണ് എങ്കിലും അങ്ങനെ തന്നെ. അത് വേദപുസ്തകം ആണെങ്കിലും വാര്‍ത്താപത്രമാണെങ്കിലും അങ്ങനെ തന്നെ.

സിനിമയിലെ ഓനൻ എന്ന കഥാപാത്രം പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. അയാള്‍ക്ക് ഒരു യാഥാസ്ഥിക സുറിയാനി ക്രിസ്ത്യന്‍ കുടുംബത്തിലെ മൂത്തപുത്രനില്‍ ആരോപിക്കാവുന്ന എല്ലാ ഭാവങ്ങളും ഉള്ളവനാണ്.

ഈ നാല് പേരുടെ വര്‍ത്തമാനത്തില്‍ നിന്ന് പിന്നീട് സിനിമ പുരോഗമിക്കുക രണ്ടു സഹോദരന്മാരുടെ കഥയിലേക്ക് ആണ്. ഓനനും കോരയും. ആ കഥ ആണ് സിനിമയുടെ പ്രധാന പ്ലോട്ട് എന്ന് വേണമെങ്കില്‍ പറയാം. രണ്ടു സഹോദരന്മാരുടെ കഥ എന്നത് പഞ്ചഗ്രന്ഥിയില്‍ ആവത്തിച്ചു വരുന്ന ഒരു മോട്ടീഫ് ആണ്. രണ്ടു സഹോദരന്മാര്‍ തമ്മിലുള്ള ബന്ധമോ ശത്രുതയോ ആണ് ഈ കഥകളുടെ തീം ആകുക. ഉല്പത്തി പുസ്തകത്തിലെ കായേന്റെയും ആബേലിന്റെയും കഥ വളരെ പ്രശസ്തമാണ്. കായേന്‍ കര്‍ഷകന്‍ ആണ് ആബെല്‍ ആട്ടിടയനും. രണ്ടു പേരും തങ്ങളുടെ അധ്വാന ഫലം ദൈവത്തിന് ബലി അര്‍പ്പിക്കുന്നുണ്ട്. ഇളയവനായ ആബേലിന്റെ ബലി ആണ് ദൈവത്തിന് സ്വീകാര്യം ആകുന്നത്. അത് കായേനെ ദേഷ്യം പിടിപ്പിക്കുന്നു, കായെന്‍ ആബേലിനെ കൊല്ലുന്നതില്‍ വരെ എത്തിക്കുന്നു. ഏസാവ്-യാക്കോബ്, ഏര്‍-ഓനന്‍ എന്ന സഹോദരദ്വയങ്ങളെ മുന്‍നിര്‍ത്തി ഉള്ള കഥകള്‍ പിന്നാലെ വരുന്നുണ്ട് ഉല്പത്തി പുസ്തകത്തില്‍ തന്നെ. ഈ കഥകള്‍ വഴി എല്ലാം ഓരോ 'സരോപദേശം' കൊടുക്കാന്‍ ഉള്ള ശ്രമമാണ്. ഇതില്‍ എല്ലാം പൊതുവായി വരുന്ന ഒരു സംഗതി ഇളയപുത്രന്റെ ഒരു പ്രവര്‍ത്തിയോ അവസ്ഥയോ ആണ് കഥയില്‍ ഒരു conflict ഉണ്ടാക്കുക എന്നതാണ്. ഡോണിന്റെ 1956.... സഹോദരങ്ങളുടെ കഥയിലും ഇളയ ആളുടെ സാമ്പത്തികബുദ്ധിമുട്ട് ആണ് രണ്ടു സഹോദരന്‍മാരെയും ഒരു സാഹസത്തിലേക്ക് എത്തിക്കുന്നത്. അവര്‍ കഥകള്‍ പിന്‍ചെന്ന് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുക ആണ്.

സിനിമയിലെ ഓനനെന്ന കഥാപാത്രം പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. അയാള്‍ക്ക് ഒരു യാഥാസ്ഥിക സുറിയാനി ക്രിസ്ത്യന്‍ കുടുംബത്തിലെ മൂത്തപുത്രനില്‍ ആരോപിക്കാവുന്ന എല്ലാ ഭാവങ്ങളും ഉള്ളവനാണ്. ഒരു മോറല്‍ ഹൈ ഗ്രൗണ്ടില്‍ അയാള്‍ സ്വയം പ്‌ളേസ് ചെയ്യുന്നുണ്ട് എപ്പോഴും. അയാളുടെ ഈഗോയെ വൃണപ്പെടുത്തുന്നവരെ അപമാനിച്ചു തോല്‍പ്പിക്കാന്‍ ആണ് അയാള്‍ ശ്രമിക്കുക. തനിക്കാണ് എല്ലാം അറിയാവുന്നത് എന്നും തന്റെ തലയില്‍ കൂടെ ആണ് എല്ലാം പോകുന്നത് എന്നും സ്വയം കരുതാന്‍ ആണ് അയാള്‍ക്ക് ഇഷ്ടം. കാട് കയറുമ്പോള്‍ വെടിവെയ്ക്കാന്‍ അറിയില്ലേലും തോക്ക് അയാള്‍ തന്റെ കയ്യില്‍ തന്നെ വെയ്ക്കുന്നു. കുത്തിസംസാരിക്കാന്‍ ഉപമകളെ അയാള്‍ കൂട്ടുപിടിക്കുന്നു. ഈ കഥാപാത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അയാള്‍ രാജ്യത്തിന്റെ പ്രത്യക്ഷത്തില്‍ ഉള്ള അധികാരികളെക്കാള്‍ തന്നെ നോക്കി ഇരിക്കുന്ന ഒരു CCTV ദൈവത്തിന്റെ അദൃശ്യമായ അധികാരത്തെ ഭയപ്പെടുന്നു എന്നതാണ്.

കഥകളുടെ ഒരു തീരാകലവറ ആണ് ഓനന്‍. ഓരോ സാഹചര്യത്തിനും വേണ്ടുന്ന കഥകളുടെ ഭാണ്ടകെട്ടും പേറി ആണ് അയാള്‍ നടക്കുന്നത്. മരുഭൂമിയിലൂടെ ഇസ്രായേല്‍ ജനത്തെ 40 വര്‍ഷത്തോളം നയിച്ച മോശയില്‍ ആണ് പഞ്ചഗ്രന്ഥിയിലെ കഥകളുടെ കര്‍തൃത്വം കാലങ്ങളോളം ആരോപിച്ചിരുന്നത് (മോശ മരിക്കുന്ന കഥ വരെ ഈ പുസ്തകങ്ങളില്‍ ഉണ്ടെന്നത് വേറെ കാര്യം.) കഥകള്‍ പറയുന്നവന്‍ നേതാവ് ആയി അവരോധിക്കപെടുന്നു! കഥ പറയുന്ന നേതാവ് ആയി കാട്ടിലേക്ക് തന്റെ കൂട്ടാളികളെ കൊണ്ടുപോകുമ്പോള്‍ ഓനന്‍ ബിബ്ലിക്കല്‍ നേതാവായ മോശയെ അനുസ്മരിപ്പിക്കുന്നുണ്ട്.

കോര എന്ന അനിയന്റെ കഥാപാത്രം വീട് വിട്ടു പോന്നവന്‍ ആണ്. ബൈബിളിലെ സുഭാഷിതങ്ങളില്‍ പറയുന്നത് 'വീട് വിട്ട് അലയുന്നവന്‍ കൂട് വിട്ട് അലയുന്ന പക്ഷിയെ പോലെ ആണ്' എന്നാണ് (സുഭാ 27:8). ഈ വിധത്തില്‍ അലയുന്ന ഇളയവന്‍ തിരികെ വരുന്ന കഥയാണ് വളരെ പ്രശസ്തമായ ധൂര്‍ത്തപുത്രന്റെ ഉപമ. വീട്ടിലേക്ക്/ അല്ലെങ്കില്‍ വിശുദ്ധനഗരിയിലേക്ക് ഉള്ള തിരിച്ചു വരവ് എന്ന ഒരു തീമും ബൈബിളില്‍ പല ഇടത്തായി ആവര്‍ത്തിക്കുന്നത് കാണാം.

സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിസ്ഥാനം പോലും ഈ ഒരു ആശയമാണ്. പലസ്തീനികളുടെ മേല്‍ ഇസ്രായേല്‍ എന്ന രാജ്യമിന്ന് നടത്തികൊണ്ട് ഇരിക്കുന്ന അധിനിവേശത്തെ സയണിസ്റ്റുകള്‍ ന്യായീകരിക്കുക ഇത് തങ്ങള്‍ക്ക് അവകാശപ്പെട്ട ഇടമാണ് തങ്ങളുടെ പൂര്‍വികരുടെ വീടാണ് എന്ന് തങ്ങളുടെ തോറയില്‍ (പഞ്ചഗ്രന്ഥി) എഴുതി വെച്ചിരിക്കുന്നത് കൊണ്ടാണ്.

വീട്ടില്‍ നിന്ന് അകന്നു പോയ അനുജനെ തിരികെ വീട്ടില്‍ എത്തിക്കാന്‍ ആണ് ഓനന്‍ 1956... സിനിമയില്‍ ഇല്‍ ശ്രമിക്കുന്നത്. ക്രിസ്ത്യന്‍ പശ്്ചാത്തലത്തില്‍ നിന്ന് വന്നിട്ടുള്ള സംവിധായകന്‍ ആണ് ഡോണ്‍. അയാളുടെ മുന്‍സിനിമകളിലും ക്രിസ്ത്യന്‍ കള്‍ച്ചറിന്റെയും ലിറ്ററേച്ചറിന്റെയും വലിയ സ്വാധീനം കാണാവുന്നതാണ്. ഈ ലേഖനത്തില്‍ പ്രതിപാദിക്കാത്ത പുതിയ ബന്ധങ്ങള്‍ 1956... ന്റെ ഒരു പുനര്‍കാഴ്ച്ചയില്‍ കണ്ടു എന്ന് വരാം. അത് കൊണ്ട് തന്നെ അവസാനിച്ചു എന്ന വിധത്തില്‍ ഇത് നിര്‍ത്തുന്നില്ല. തുടരും, തുടരാം എന്ന് മാത്രം എഴുതി വെക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in