Movie Exclusive

കൊറോണാ കാലത്ത്കാണാം ഈ 15 സിനിമകള്‍ 

കൊറോണയെന്ന മഹാരോഗം സൃഷ്ടിച്ച ദുരവസ്ഥയില്‍ വീടുകള്‍ക്കുള്ളിലേക്ക് ലോകം മൊത്തമായി തളയ്ക്കപ്പെട്ടിരിക്കുകയാണല്ലോ. സിനിമകളും പുസ്തകങ്ങളും സമൂഹമാധ്യമങ്ങളുമായി അവനവനിടങ്ങളിലേക്ക് ചുരുങ്ങുകയാണ് മനുഷ്യര്‍.. ഈയൊരു സാഹചര്യത്തില്‍ സിനിമാപ്രേമികള്‍ക്കായി 15 വിദേശ സിനിമകള്‍ നിര്‍ദേശിക്കുകയാണ്. തികച്ചും radom ആയ ഒരു തിരഞ്ഞെടുപ്പ്.

1) The Wild Pear Tree

(Dir: NuriBilge CeylanCountry:Turkey Year: 2018)

ഇളം കാറ്റ് വീശുന്ന ഒരു പാടവരമ്പത്ത്, ഒരു വൈകുന്നേരം ചിലവഴിക്കുന്ന അനുഭവം പകരുന്ന ചിത്രം. മൂന്നു മണിക്കൂര്‍ ദൈര്‍ഖ്യമുള്ള ചിത്രത്തിലെ നായകന്‍ സിനാനോടൊപ്പം പ്രേക്ഷകരും സഞ്ചരിക്കുകയാണ്. ജീവിതത്തെക്കുറിച്ചുള്ള അയാളുടെ ദാര്‍ശനിക കാഴ്ചപ്പാടുകളും,സന്ദേഹങ്ങളും പതിയെ പ്രേക്ഷകരുടേത് കൂടിയായി മാറുന്നു. അതിമനോഹരമായ ഫ്രെയ്മുകള്‍ ഒരു തുര്‍ക്കി ഗ്രാമജീവിതത്തിന്‍റെ മിടിപ്പ് ഓരോ നിമിഷവും അനുഭവപ്പെടുത്തുന്നുമുണ്ട്.

2) The Lighthouse

(Dir: David Egger Country: US Year : 2019)

ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍. വില്ലെം െഡഫോയും റോബര്‍ട്ട്‌ പാറ്റിന്‍സണും മത്സരിച്ചഭിനയിച്ച ചിത്രം. ഒരു നിഗൂഢമായ സ്ഥലത്ത് ലൈറ്റ്ഹൗസ് ജോലിക്കാരനായി എത്തുന്ന എഫ്രൈം വിന്സ്ലോ എന്ന യുവാവിന്‍റെ മാനസിക സംഘര്‍ഷങ്ങളിലൂടെ വികസിക്കുന്ന സിനിമ. യാഥാര്‍‍ഥ്യവും മിഥ്യയും ഇടകലരുന്ന കാഴ്ചകളാണ് ചിത്രത്തിലുടനീളം. കടലും, കാറ്റും, പക്ഷികളുമെല്ലാം നിഗൂഢതയുടെ കാവല്‍ക്കാരാവുകയാണ് ഈ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രത്തില്‍.

3) Rooster’s Breakfast

(Dir: Marko Nabersnik Country: Slovenia Year : 2007)

ജോലി നഷ്‌ടമായ ഡേവിഡ്‌ സ്ലാവിനെക് താല്‍ക്കാലികമായി ഒരു കാര്‍ വര്‍ക്ക്ഷോപ്പില്‍ ജോലിക്കെത്തുന്നു. പുതിയ സ്ഥലവും, മനുഷ്യരും അയാളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളിലേക്കാണ് ഈ ചിത്രം പ്രേക്ഷകരെ കൊണ്ടുപോവുന്നത്. തന്‍റെ ഓര്‍മ്മകളില്‍ നിന്ന് പുറത്ത് വരാനാഗ്രഹിക്കാത്ത ഗജാസ് എന്ന കഥാപാത്രവും അവിസ്മരണീയമാണ്. ലോകത്തെ നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം കൂടിയാണ് Rooster’s Breakfast

4) Her

(Dir: Spike Jonze Country: US Year: 2013)

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്മാരുടെ ലോകത്തേക്ക് അനുനിമിഷം സഞ്ചരിക്കുകയാണ് നാം. മനുഷ്യരുടെ നിത്യജീവിതത്തിലേക്ക് നിര്‍മ്മിതബുദ്ധി കടന്നു വരുമ്പോള്‍ സൃഷ്ടിക്കപ്പെട്ടേക്കാവുന്ന സങ്കീര്‍ണമായ സാഹചര്യങ്ങളെ ഹൃദ്യമായി അവതരിപ്പിക്കുന്ന ചിത്രമാണ് Her. കംപ്യൂട്ടറിന്‍റെ നിര്‍മ്മിതബുദ്ധിയുമായി പ്രണയത്തിലാവുന്ന ഏകാകിയായ തിയോഡോര്‍. സ്കാര്‍ലെറ്റ് ജോഹാന്‍സന്‍റെ സാമന്ത എന്ന “ശബ്ദം” ഒരു നൊമ്പരവും വിങ്ങലുമായി പ്രേക്ഷകരില്‍ അവശേഷിക്കും.

5) Mustang

(Dir:DenizGamzeErgüven Country: Turkey Year: 2015)

പുരുഷാധിപത്യത്തിന്‍റെ നിയമപുസ്തകങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു ലോകത്ത് വ്യവസ്ഥകളോട് കലഹിക്കുന്ന അഞ്ചു സഹോദരിമാര്‍. ആണ്‍ സുഹൃത്തുക്കളോടൊപ്പം ഒരു ദിവസം കടലില്‍ പോയത് അവരുടെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കുന്നു. സ്ത്രീസ്വാതന്ത്ര്യത്തിന്‍റെ അവശ്യകതയും, അതില്‍ വിദ്യാഭ്യാസത്തിനുള്ള പങ്കും ചിത്രം കൃത്യമായി പറഞ്ഞുവയ്ക്കുന്നുണ്ട്. പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി രംഗങ്ങളുണ്ടെങ്കിലും, വേദനകളില്‍ ചാലിച്ചതാണ് ഇതിലെ നര്‍മ്മം

6) I, Daniel Blake

(Dir: Ken Loach Country: UK Year: 2016)

ഇംഗ്ലീഷ് കവി W.H ഓഡന്‍റെ The Unknown Citizen എന്ന കവിതയില്‍ സ്റ്റേറ്റിന് പൗരര്‍ വെറും അക്കങ്ങള്‍ മാത്രമായി മാറുന്ന അവസ്ഥയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ആധാര്‍ കാര്‍ഡുകളും പൗരത്വരേഖകളും മനുഷ്യരുടെ അവകാശങ്ങളെ നിര്‍ണയിക്കുന്ന ഈ കാലത്ത് കണ്ടിരിക്കേണ്ട ചിത്രമാണിത്. തെല്ലും കനിവില്ലാത്ത സ്റ്റേറ്റ്‌ സമ്പ്രദായങ്ങളോട് ഒറ്റയ്ക്ക് പൊരുതുന്ന ഡാനിയല്‍ ബ്ലെയ്ക് എന്ന വൃദ്ധനും അയാള്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും. ബ്രിട്ടിഷ് സോഷ്യലിസ്റ്റ് സംവിധായകന്‍ കെന്‍ ലോച്ചിന്‍റെ മാസ്റ്റര്‍ക്ലാസ്.

7)In July

(Dir: Fatih Akin Country: Turkey Year: 2000)

ലോകമെമ്പാടും ആരാധകരുള്ള തുര്‍ക്കി സംവിധായകന്‍ Fatih Akinന്‍റെ ഒരു രസികന്‍ റൊമാന്‍റിക് കോമഡി. റോഡ്‌ മൂവിയായ In July, ജൂലി എന്ന പെണ്‍കുട്ടിയുടെ പ്രണയത്തെ മനോഹരമായി ആവിഷ്കരിക്കുകയാണ്‌. ഒരു യാത്രയിലൂടെ അവള്‍ക്കുണ്ടാവുന്ന തിരിച്ചറിവുകളും, ജീവിതത്തെ അത് മാറ്റിമറിക്കുന്നതിന്‍റെ ഗതിവേഗവും ഇവിടെ സംവിധായകന്‍ കാഴ്ചപ്പെടുത്തുന്നു.

8)The Guilty

(Dir: Gustav Moller Country: Denmark Year:2018)

വന്‍ ട്വിസ്റ്റുകളും, സംഘട്ടനങ്ങളും, വലിയ താരനിരയുമൊന്നുമില്ലാതെ ഒരു ത്രില്ലര്‍ സിനിമ സൃഷ്ടിക്കാന്‍ കഴിയുമോ? ഒരു കഥാപാത്രത്തിന്‍റെ മുഖം മാത്രം കാണിച്ച് കൊണ്ടാണ് Gustav Moller എന്ന സംവിധായകന്‍ ഒരു ഗംഭീര ത്രില്ലര്‍ ഒരുക്കിയിരിക്കുന്നത്. അസ്ഗര്‍ ഹോം എന്ന പോലീസ് ഉദ്യോഗസ്ഥനു വരുന്ന ഒരു ഫോണ്‍കോളിനെത്തുടര്‍ന്നുള്ള സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അക്ഷരാര്‍ത്ഥത്തില്‍ genre redefining film എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം.

9) Three Windows and a Hanging

(Dir:Isa QosjaCountry: Kosovo Year:2014)

വ്യക്തിസ്വാതന്ത്രത്തെ നിയന്ത്രിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്ന പ്രതിഭാസമായി പ്രവര്‍ത്തിക്കാറുള്ളത് സാമൂഹിക സദാചാരമാണ്. മിഥ്യാസദാചാര നിയമങ്ങളില്‍ അഭിരമിക്കുന്ന ഒരു ഗ്രാമത്തില്‍, ഒരധ്യാപിക നടത്തുന്ന തുറന്നു പറച്ചിലും അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന അങ്കലാപ്പുകളുമാണ് ചിത്രത്തിന്‍റെ പ്രമേയം. മലയാള സിനിമകള്‍ ആവര്‍ത്തിച്ച് പറഞ്ഞുറപ്പിച്ച നിഷ്കളങ്കമായ ഗ്രാമീണനന്മയെന്ന പൊതുധാരണയെ പൂര്‍ണമായും റദ്ദ് ചെയ്യുന്ന ചിത്രം.

10) Persepolis

(Dir: Marjane Satrapi,Vincent Paronnaud Country:France/Iran Year:2007)

കാന്‍ ചലച്ചിത്രോല്‍സവത്തില്‍ ജൂറി പുരസ്‌കാരം നേടിയ Persepolis ഒരു അനിമേഷന്‍ ചിത്രമാണ്‌. അനിമേഷനിലൂടെ ഇത്രയും ഗൗരവതരമായ ഒരു വിഷയം

സംവേദനം ചെയ്തു എന്നതാണ് ചിത്രത്തെ ലോകോത്തരമാക്കുന്നത്. ഇറാനിലെ രാജഭരണവും, തുടര്‍ന്നുണ്ടായ ഇസ്ലാമിക വിപ്ലവവും മര്‍ജെയ്ന്‍ എന്ന

പെണ്‍കുട്ടിയില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളും അവള്‍ കടന്നു പോവുന്ന വൈകാരിക വേലിയേറ്റങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മതഭരണത്തില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരെ ശക്തമായി സംസാരിക്കുന്ന കലാസൃഷ്ടിയാണിത്‌

11) The Discreet Charm of the Bourgeoisie

(Dir:Luis Bunuel Country:France Year: 1992)

ഫ്രഞ്ച് സംവിധായകന്‍ ബുനുവേലിന്‍റെ ഒരു സര്‍റിയലിസ്റ്റ് മാസ്റ്റര്‍പീസ്‌. ഒരു കൂട്ടം ഉപരിമധ്യവര്‍ഗ്ഗ സുഹൃത്തുക്കള്‍ ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുകയും അതില്‍ നിരന്തരം പരാജയപ്പെടുകയും ചെയ്യുന്നതാണ്‌ ചിത്രത്തിന്‍റെ ഇതിവൃത്തം. ഹാസ്യത്തിന്‍റെ മേമ്പൊടിയില്‍ സമൂഹത്തിലെ വര്‍ഗ്ഗവ്യത്യാസങ്ങളെക്കുറിച്ചും, വിവേചനങ്ങളെക്കുറിച്ചും ഓര്‍മിപ്പിക്കുന്ന സിനിമ.

12)Capernaum

(Dir: Nadine Labaki Country: Lebanon Year: 2018)

2018ലെ കാന്‍സ് ചലച്ചിത്രോത്സവത്തില്‍ ജൂറി പുരസ്കാരം നേടിയ ചിത്രം. ലെബനീസ് സംവിധായിക നദൈന്‍ ലബാകി, സൈന്‍ എന്ന പന്ത്രണ്ട് വയസുകാരന്‍റെ ജീവിതത്തിലൂടെ അഭയാര്‍ത്ഥിത്വം എന്ന ആഗോള പ്രശ്നത്തെ അഭിമുഖീകരിക്കുന്നു. ദാരിദ്രവും, ഭരണകൂടത്തിന്‍റെ അലംഭാവവും എങ്ങനെ കുഞ്ഞുങ്ങളെ തെരുവിലേക്കെത്തിക്കുന്നു എന്ന് ചിത്രം കാണിച്ചു തരുന്നുണ്ട്. കണ്ണുകള്‍ തുടയ്ക്കാതെ സൈനിന്‍റെ ജീവിതം കണ്ടുതീര്‍ക്കാനാവില്ല.

13)Yomeddine

(Dir:Abu Bakr Shawky Country:Egypt Year:2018)

Yomeddine എന്നാല്‍ judgement day എന്നാണര്‍ത്ഥം. കുഷ്ഠ രോഗിയായ ഒരാള്‍ തന്‍റെ സഹായിയോടൊപ്പം സ്വന്തം കുടുംബമന്വേഷിച്ച് യാത്ര ചെയ്യുന്നു. തന്‍റെ അംഗവൈകല്യത്തോടുള്ള പുറംലോകത്തിന്‍റെ അസഹിഷ്ണുത അയാള്‍ ഞെട്ടലോടെ തിരിച്ചറിയുകയാണ്. മനുഷ്യത്വത്തെക്കുറിച്ച് വലിയ പാഠങ്ങള്‍ പറഞ്ഞു തരുന്ന ചിത്രം.

14) God Exists, Her Name is Petrunija

(Dir:TeonaStrugarMitevskaCountry:Macedonia Year:2019)

ഒരു കൂട്ടം മതവിശ്വാസികള്‍ക്ക് അനായാസമായി സ്റ്റേറ്റ് സംവിധാനങ്ങളെ നോക്കുകുത്തിയാക്കി നിയമം കയ്യിലെടുക്കാന്‍ സാധിച്ചത് സങ്കല്‍പ്പിച്ചു നോക്കൂ! മതം എങ്ങനെയെല്ലാം സ്ത്രീയെ രണ്ടാം തരക്കാരിയാക്കുന്നുവെന്ന അന്വേഷണമാണ് പെട്രുന്യയുടെ ജീവിതത്തിലൂടെ പ്രകടമാവുന്നത്. മതത്തിന്‍റെ ആണ്‍ഹുങ്കിനോട്‌ ഒറ്റയ്ക്ക് എതിരിട്ടു നില്‍ക്കുന്ന പെട്രുന്യയ ചില സാമൂഹിക പാഠങ്ങള്‍ പറഞ്ഞു തരുന്നുമുണ്ട്.

15) Enter the Void

(Dir: Gaspar Noe Country:France Year:2010)

ഗാസ്പര്‍ നോയുടെ സിനിമാശൈലി തികച്ചും വ്യത്യസ്തമാണ്.To make a good melodrama, you need blood, sperm and tearsഎന്നതാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. ലൈംഗികതയും, മയക്കുമരുന്നും സൗന്ദര്യാത്മകമായി അവതരിപ്പിച്ച ഗാസ്പറിന്‍റെ മികച്ച ചിത്രങ്ങിലൊന്നാണിത്. ഓസ്കാര്‍ എന്ന യുവാവിലൂടെ സഞ്ചരിക്കുന്ന സിനിമ ക്യാമറയുടെ ക്രിയാത്മകമായ ഉപയോഗം ചലച്ചിത്രമെന്ന മാധ്യമത്തില്‍ എങ്ങനെയെല്ലാം സുപ്രധാനമാണ് എന്നും കാണിച്ചു തരുന്നുണ്ട്.