അവതാരകര്‍ അതിരുവിടരുത്, 'വിനു.വി ജോണി'ല്‍ ട്വന്റി ഫോര്‍ ചര്‍ച്ച, ചാനല്‍ പോര് തുടരുന്നു

അവതാരകര്‍ അതിരുവിടരുത്, 'വിനു.വി ജോണി'ല്‍ ട്വന്റി ഫോര്‍ ചര്‍ച്ച, ചാനല്‍ പോര് തുടരുന്നു

ബാര്‍ക് റേറ്റിംഗ് കാലയളവില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വലിയ മത്സരം നിലനിര്‍ത്തിയിരുന്ന ഏഷ്യാനെറ്റ് ന്യൂസും, ട്വന്റി ഫോര്‍ ന്യൂസും വാര്‍ത്താ അവതാരകരുടെ ഭാഷയെയും സഭ്യതയെയും മുന്‍നിര്‍ത്തി പുതിയ പോര്‍മുഖം തുറക്കുകയാണ്.

വിനു വി ജോണ്‍ സമീപ ദിവസങ്ങളില്‍ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങളെയും ട്വിറ്ററില്‍ മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമനെതിരെ നടത്തിയ അധിക്ഷേപ പ്രയോഗങ്ങളും മുന്‍നിര്‍ത്തിയാണ് ഒക്ടോബര്‍ അഞ്ചിനുള്ള ട്വന്റി ഫോര്‍ ചാനലിലെ പ്രൈം ടൈം ചര്‍ച്ച.

'അവതാരകര്‍ അതിരുവിടരുത്' എന്ന തലക്കെട്ടിലുള്ള ചര്‍ച്ചയില്‍ അവതാരകന്‍ കെ ആര്‍ ഗോപീകൃഷ്ണനൊപ്പം സിപിഎം നേതാവ് എം.സ്വരാജ്, അലക്‌സാണ്ടര്‍ ജേക്കബ്, പി.ഡി.ടി ആചാരി, ജാന്‍സി ജെയിംസ്, പ്രേംകുമാര്‍ എന്നിവരാണ് പാനലില്‍.

ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ സമരം ചെയ്ത കര്‍ഷകര്‍ക്ക് നേരെ കേന്ദ്രമന്ത്രിയുടെ മകന്‍ വാഹമനോടിച്ച് കയറ്റിയതും കര്‍ഷക സമരത്തിനെതിരെയുള്ള പൊലീസ് നരനായാട്ടും ചര്‍ച്ച ചെയ്യാതെ മോന്‍സന്റെ കയ്യിലെ ചെമ്പോലയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ച ചെയ്തതിനെ വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മീഡിയ വണ്‍ എഡിറ്ററുമായ പ്രമോദ് രാമന്‍ ഫേസ്ബുക്ക് കുറിപ്പെഴുതിയിരുന്നു. പ്രമോദ് രാമനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു വിനു വി ജോണിന്റെ മറുപടി.

ട്വന്റി ഫോര്‍ ചാനല്‍ പ്രതിനിധി ദീപക് ധര്‍മ്മടത്തിനെതിരെ മുട്ടില്‍മരംമുറിക്കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പങ്കാളികളാകുന്ന കേസുകളില്‍ ട്വന്റി ഫോര്‍ ചാനല്‍ ഇനി വിട്ടുവീഴ്ചക്കില്ലെന്ന് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പുരാവസ്തു തട്ടിപ്പ് പ്രതി മോന്‍സണ്‍ മാവുങ്കലിനൊപ്പം ട്വന്റി ഫോര്‍ ചാനല്‍ കൊച്ചി റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയുടെ ചിത്രങ്ങള്‍ പ്രചരിച്ചത് ഏഷ്യാനെറ്റ് പ്രൈം ടൈം ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തി. ഇതോടെ ഏഷ്യാനെറ്റും ട്വന്റി ഫോറും പരസ്യ പോരിലേക്ക് എത്തിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം പരാമര്‍ശിച്ച് പ്രവാസി വനിതയോട് വിനു വി ജോണ്‍ നടത്തിയ പരാമര്‍ശവും ചോദ്യവും വലിയ വിവാദമായിരുന്നു. അതിഥിയായി പങ്കെടുത്ത റോയ് മാത്യു ട്വന്റി ഫോര്‍ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയുടെ കുടുംബത്തിനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ അഭിഭാഷകയും സഹിന്റെ ഭാര്യയുമായ മനീഷ രാധാകൃഷ്ണന്‍ നിയമനടപടി സ്വീകരിക്കുമൈന്ന് പിന്നീട് അറിയിച്ചിരുന്നു. ട്വന്റി ഫോര്‍ ചാനലിലൂടെയാണ് മനീഷ ഇക്കാര്യം അറിയിച്ചത്.

പുരാവസ്തു തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ട്വന്റി ഫോറിന്റെ ജനപ്രീതി തകര്‍ക്കാന്‍ നീക്കം നടത്തുന്നുവെന്ന് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍ ചാനലിലൂടെ പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യയില്‍ നിലവിലിരിക്കുന്ന ഒരു നിയമവ്യവസ്ഥയും അംഗീകരിക്കാത്ത പരാമര്‍ശമാണ് ന്യൂസ് അവറിലുണ്ടായതെന്നും ശ്രീകണ്ഠന്‍ നായര്‍ ചാനലിലൂടെ പറഞ്ഞു. ന്യൂസ് അവറിന്റെ അവതാരകന്‍ എന്ന് പറയുന്ന വിനു വി ജോണ്‍ എന്ന് പറയുന്ന ആള്‍, ന്യൂസ് അവറിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നാക്ക് എന്ത് പറയുമെന്ന് ഒരു മാനേജ്മെന്റിനും വിശ്വസിക്കാന്‍ പറ്റില്ല, ആ തരത്തിലാണ് അദ്ദേഹം പറയുകയെന്നായിരുന്നു ശ്രീകണ്ഠന്‍ നായരുടെ വാക്കുകള്‍.

പ്രമോദ് രാമന്റെ ഫേസ്ബുക്ക് കുറിപ്പ്‌

ഇങ്ങനെയൊരു കുറിപ്പ് ഇടണമോയെന്ന് പലവട്ടം ചിന്തിച്ചു. ഇട്ടില്ലെങ്കിൽ മനസ്സിൽ ഇതിങ്ങനെ കിടന്ന് ബുദ്ധിമുട്ടാകും എന്ന് തോന്നിയതിനാൽ അതിന് മുതിരുന്നു.

ഈ കുറിപ്പ് എഴുതുമ്പോൾ യു പിയിൽ കർഷകരെ കാറുകയറ്റി കൊന്നതിനെ പറ്റിയും അവിടുത്തെ ഗവൺമെൻ്റ് ജനാധിപത്യം അട്ടിമറിക്കുന്നതിനെ പറ്റിയും പ്രധാനപ്പെട്ട രണ്ടു ചാനലുകളിൽ ചർച്ച നടക്കുന്നു. തലസ്ഥാനത്ത് യു പി ഭവന് മുന്നിൽ കർഷക, യുവജന നേതാക്കളെ മർദിച്ചു പോലീസ് വണ്ടിയിൽ തള്ളുന്ന ദൃശ്യങ്ങൾ കണ്ട ഏതൊരു മാധ്യമ പ്രവർത്തകനും ഇന്നത്തെ രാത്രിയിൽ അതല്ലാതെ മറ്റൊരു വിഷയം ചർച്ച ചെയ്യുന്നത് ചിന്തിക്കാൻ ആവില്ല. എന്നാലോഎല്ലാറ്റിനും 'മുതിരുന്ന' ചിലർക്ക് മോൻസൻ്റെ ചെമ്പോല സൃഷ്ടിച്ച അടിയന്തരത്തിൽ കവിഞ്ഞ് ഒരു കർഷകനും അവൻ്റെ രക്തസാക്ഷിത്വവും ഇല്ല.

ഇത് പറഞ്ഞത് മാധ്യമപ്രവർത്തനം ഒരുവശത്ത് എത്തിപ്പെട്ടുകൊണ്ടിരിക്കുന്ന insensitivity യൂടെ ആഴം സൂചിപ്പിക്കാൻ മാത്രം. ഒരു രാത്രിയിൽ രണ്ടു സ്ത്രീകളുടെ modesty യെ വെല്ലുവിളിക്കുന്നതിൽ നാം കണ്ട insensitivity മറ്റൊരു രാത്രിയിൽ കർഷകമനസ് കാണാതെ പോകുന്ന തരത്തിൽ നമുക്ക് മുന്നിൽ വെളിപ്പെടുന്നു. എല്ലാം ഒരേ ആഴത്തിൽ മാധ്യമപ്രവർത്തനത്തിൻ്റെ ഒരുവശത്ത് പടർന്നുകൊണ്ടിരിക്കുന്ന നിർദയത്വത്തിൻ്റെ വിഷവേരുകൾ ആണ്. പകൽ മുഴുവൻ ഞങ്ങളിതാ ദൃശ്യ ജേണലിസത്തിലെ ആധികാരിക ദീപസ്തംഭം, ഇന്ത്യൻ രാഷ്ട്രീയ ഗോദയിലെ ധർമയുദ്ധത്തിൽ നാടിൻ്റെ നന്മയ്ക്ക് വേണ്ടി പ്രേക്ഷകരുടെ പതാകവാഹകർ എന്ന മട്ടിൽ റിപ്പോർട്ടർമാരാൽ പ്രത്യക്ഷപ്പെടുത്തുക. രാത്രി എട്ട് മണിക്ക് ചാനലിൻ്റെ flagship program എന്ന വിശേഷണമുള്ള പരിപാടിയിൽ (പകലന്തിയോളം moral verbalism നടത്തിയ റിപ്പോർട്ടർ സഹപ്രവർത്തകരെ വകഞ്ഞുമാറ്റി) നിലയവിദ്വാൻ ആങ്കർ വല്യ വൃന്ദവാദ്യങ്ങളോടെ പ്രത്യക്ഷപ്പെട്ട്, (പശ്ചാത്തല സംഗീതം നിലച്ചു കഴിയുന്നതോടെ) വളിച്ച മധ്യവർഗ, പുരുഷ, പിന്തിരിപ്പൻ വഷളത്തരങ്ങൾ വിളമ്പുക. അതിന് വിദൂഷകസേവയ്ക്കായി ചില നിരീക്ഷക ആഭാസന്മാരും.

ഇത് കാണാനും ആസ്വദിക്കാനും ഇരിക്കുന്നവർ ഒഴിച്ചുള്ളവരോട് എനിക്കൊരു അഭ്യർത്ഥന മാത്രമേ ഉള്ളൂ. ഇതേ ജോലി ചെയ്യുന്ന ഒരാളാണ് ഞാനും. ഈ നിലയിലാണ് ഞാൻ മാധ്യമപ്രവർത്തനം നടത്തുന്നത് എന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ എന്നെ കല്ലെറിയൂ. അല്ലെങ്കിൽ സമൂഹവിരുദ്ധ പ്രവൃത്തിക്ക് എന്നെ ജയിലിൽ അടയ്ക്കൂ. മാധ്യമ പ്രവർത്തനത്തിൻ്റെ ഒരുവശത്ത് വേരോടിക്കൊണ്ടിരിക്കുന്ന സമൂഹദ്രോഹത്തിൻ്റെ ഭീഷണി ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരുന്നതല്ല. തലമുറകൾക്ക് മേൽ വിപൽപ്പിണറായി പതിക്കാവുന്ന ദുർബോധനം ആണത്.

ഇന്നേവരെ പല ആവർത്തി സ്ഥിരീകരിക്കാതെ ഒരു വാക്കുപോലും ഉച്ചരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലാത്ത എനിക്കുപോലും എന്നെ പലപ്പോഴും സംശയമാണ്. ഈ ജോലിയിൽ ഞാൻ എൻ്റെ പ്രേക്ഷകരോട് നീതി കാട്ടുന്നുണ്ടോ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളോട് ആദരവോടെ പെരുമാറുന്നുണ്ടോ, ഇന്നിപ്പോൾ Media One ൻ്റെ ചുമതലയിൽ ഇരുന്ന് സഹപ്രവർത്തകരിൽ കൂടി ഇതേ ഉത്തരവാദിത്ത ബോധം വളർത്തുന്നുണ്ടോ എന്നെല്ലാം എനിക്ക് തന്നെ സംശയം വരാറുണ്ട്. ആ സംശയങ്ങൾ സ്വയം ചോദിച്ച് ഉവ്വ് എന്ന മറുപടി ഉള്ളിൽ നിന്ന് സമ്പാദിച്ചു കൊണ്ട് മാത്രമേ മുന്നോട്ട് പോകാൻ കഴിയുന്നുള്ളൂ.

അപ്പോഴും ഞാൻ പറയും. ഞാനും എൻ്റെ സഹപ്രവർത്തകരും വിമർശിക്കപ്പെടുക തന്നെ വേണം. അവർ അംഗീകരിക്കപ്പെടുന്നുവെങ്കിൽ അതിനൊപ്പം. കാരണം വിമർശനമാണ് എന്നെയും അവരെയും തിരുത്തുക. അല്പം കൂടുതൽ നല്ല മാധ്യമപ്രവർത്തകരാക്കുക. അതേ വേണ്ടൂ. അല്ലാതെ ഭൂലോക ബോറന്മാരായി, നാടിൻ്റെ നല്ല പാരമ്പര്യത്തിനും ജേണലിസത്തിൻ്റെ ഉത്തമദൃഷ്ടാന്തങ്ങൾക്കും തീരാക്കളങ്കം വരുത്തിവെക്കുന്ന മലീമസ മനസ്കരായി, ഉളുപ്പില്ലാത്ത ഉണ്ണാക്കന്മാരായി ഞാനും അവരും മാറരുത്.

Related Stories

No stories found.
The Cue
www.thecue.in