ഫേസ്ബുക്ക് കാഴ്ചക്കാരില്‍ ഒന്നാമത് വാര്‍ത്തയില്‍ വിജയനെന്ന് ഏഷ്യാനെറ്റ്; മനോരമ തൊട്ടുപിന്നില്‍

ഫേസ്ബുക്ക് കാഴ്ചക്കാരില്‍ ഒന്നാമത്
വാര്‍ത്തയില്‍ വിജയനെന്ന്
ഏഷ്യാനെറ്റ്; മനോരമ തൊട്ടുപിന്നില്‍

വോട്ടെണ്ണല്‍ ദിനത്തില്‍ യൂട്യൂബ് ലൈവ് കാഴ്ചക്കാരില്‍ ട്വന്റി ഫോര്‍ ന്യൂസ് ചാനല്‍ ഏഷ്യാനെറ്റ് ന്യൂസിനെ ബഹുദൂരം പിന്നിലാക്കിയിരുന്നു. യൂട്യൂബ് കാഴ്ചക്കാരില്‍ ഏഷ്യാനെറ്റ് ന്യൂസിനെക്കാള്‍ ഒരു ലക്ഷത്തിലേറെ ലൈവ് വ്യൂസ് ആണ് ട്വന്റി ഫോറിന് ഉണ്ടായിരുന്നത്. എന്നാല്‍ ഫേസ്ബുക്ക് ലൈവ്- നോണ്‍ ലൈവ് വീഡിയോ കാഴ്ചക്കാരില്‍ മുന്നില്‍ തങ്ങളാണെന്ന് ഏഷ്യാനെറ്റ് ന്യൂസ്. 'വാര്‍ത്തയില്‍ വിജയന്‍' എന്ന തലക്കെട്ടിലാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്തെന്ന് അവകാശപ്പെടുന്ന പോസ്റ്റര്‍. വോട്ടെടുപ്പും വോട്ടെണ്ണലും ഉള്‍പ്പെട്ട ഡിസംബര്‍ 10 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ 22 മില്യണ്‍ കാഴ്ചക്കാര്‍ ലൈവ്- നോണ്‍ ലൈവ് വീഡിയോ കാഴ്ച്ചക്കാരായി ഏഷ്യാനെറ്റിനൊപ്പമുണ്ടായെന്ന് ചാനല്‍. ക്രൗഡ് ടാംഗിള്‍ കണക്ക് പുറത്തുവിട്ടാണ് ചാനലിന്റെ അവകാശവാദം. മനോരമാ ന്യൂസാണ് രണ്ടാം സ്ഥാനത്ത്. 17.76 മില്യണ്‍ വ്യൂസ്. ട്വന്റി ഫോര്‍ ന്യൂസ് 13.08 മില്യണുമായി മൂന്നാമത്. മീഡിയാ വണ്‍ 12.62 മില്യണുമായി നാലാമതും ന്യൂസ് 18 കേരള 10.42 മില്യണുമായി അഞ്ചാമതും.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ 24 ന്യൂസ് ചാനലിലെ തെരഞ്ഞെടുപ്പ് ഫലം അവതരണം ട്രോളുകളായി വൈറലായിരുന്നു. വോട്ടെണ്ണലിനൊപ്പം ഏറ്റവുമധികം ചര്‍ച്ചയായ ചാനലും ട്വന്റി ഫോര്‍ ആയിരുന്നു. ബാര്‍ക്ക് റേറ്റിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റിന് 2020 ഏപ്രില്‍ മുതല്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്ന 24 ന്യൂസ് ചാനല്‍ യൂട്യൂബ് ലൈവ് വ്യൂസില്‍ വോട്ടെടുപ്പ് ദിനത്തില്‍ എതിരാളികളില്ലാത്ത മുന്നേറ്റം നടത്തിയതിന് പിന്നാലെയാണ് ഏഷ്യാനെറ്റിന്റെ പുതിയ പോസ്റ്റര്‍. യൂട്യൂബ് ലൈവ് വ്യൂവേഴ്സില്‍ ഒരു ലക്ഷത്തി എണ്‍പതിനായിരത്തിന് മുകളിലായിരുന്നു 24 ന്യൂസിന്റെ കാഴ്ചക്കാര്‍. ഏഷ്യാനെറ്റ് ന്യൂസിനെക്കാള്‍ ഒരു ലക്ഷത്തിന് മുകളില്‍ കാഴ്ചക്കാര്‍. ഏഷ്യാനെറ്റ് ന്യൂസിനാകട്ടെ ഇന്നത്തെ ദിവസം മിക്ക സമയങ്ങളിലും എണ്‍പതിനായിരത്തിനും എണ്‍പത്തിയേഴായിരത്തിനും ഇടയിലായിരുന്നു ലൈവ് വ്യൂസ്.

മനോരമാ ന്യൂസാണ് കാഴ്ചക്കാരില്‍ യൂട്യൂബില്‍ മൂന്നാം സ്ഥാനത്ത്. അറുപതിനായിരത്തിന് മുകളില്‍. നാലാം സ്ഥാനത്ത് മീഡിയാ വണ്‍. 38,000മുതല്‍ 40,000വരെ ലൈവ് വ്യൂസ്. മാതൃഭൂമി 15,000നടുത്ത് ലൈവ് വ്യൂസ്. തൊട്ടുപിന്നില്‍ ജനം ടിവിയാണ്. ആയിരത്തിനും രണ്ടായിരത്തിനും ഇടയിലാണ് ന്യൂസ് 18 കേരള, കൈരളി ന്യൂസ്, റിപ്പോര്‍ട്ടര്‍ എന്നിവരുടെ വ്യൂസ്.

ഹ്യൂമറും ട്രോളുമായി ന്യൂസ് സ്റ്റുഡിയോയില്‍ നിന്ന് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍, അരുണ്‍ കുമാര്‍, വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഇലക്ഷന്‍ ഫലപ്രഖ്യാപനം കൈകാര്യം ചെയ്തത് നിരവധി ട്രോളുകളായി മാറിയിട്ടുണ്ട്.

ബാര്‍ക്ക് റേറ്റിംഗ് നിര്‍ത്തിവച്ചതിന് പിന്നാലെയാണ് ചാനലുകള്‍ സോഷ്യല്‍ മീഡിയയിലെ റീച്ച് മാനദണ്ഡമാക്കി അവകാശവാദങ്ങളുമായി എത്തുന്നത്. ഫേസ്ബുക്ക് വീഡിയോ വ്യൂസില്‍ 10.88 മില്യണ്‍ വ്യൂസുമായി തങ്ങളാണ് ഒന്നാമതെന്ന് മീഡിയാ വണ്‍ അവകാശപ്പെട്ടിരുന്നു. നോണ്‍ ലൈവ് വ്യൂസാണ് മീഡിയാ വണ്‍ മാനദണ്ഡമാക്കിയത്.

റിപ്പബ്ലിക് ടി.വി അടക്കമുള്ള ചാനലുകള്‍ ടി.ആര്‍.പി റേറ്റിങ്ങില്‍ നടത്തിയ കൃത്രിമം പുറത്ത് വന്ന പശ്ചാത്തലത്തില്‍ വാര്‍ത്താചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു. മൂന്ന് മാസത്തേക്കാണ് നടപടിയെന്നും, നിലവിലെ മാനദണ്ഡങ്ങള്‍ അവലോകനം ചെയ്യുകയും വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യമെന്നും ബാര്‍ക് വിശദീകരിച്ചിരുന്നു. ഹിന്ദി, റീജിയണല്‍, ഇംഗ്ലീഷ് ന്യൂസ്, ബിസിനസ് ന്യൂസ് തുടങ്ങി എല്ലാ ചാനലുകള്‍ക്കും സസ്‌പെന്‍ഷന്‍ ബാധകമാണ്. ടി.ആര്‍.പി തട്ടിപ്പ് കേസില്‍ മുംബൈ പൊലീസ് നടപടിക്ക് എതിരെയുള്ള റിപ്പബ്ലിക് ടിവിയുടെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ബാര്‍ക് നടപടി പുറത്തുവന്നത്.

ഫേസ്ബുക്ക് കാഴ്ചക്കാരില്‍ ഒന്നാമത്
വാര്‍ത്തയില്‍ വിജയനെന്ന്
ഏഷ്യാനെറ്റ്; മനോരമ തൊട്ടുപിന്നില്‍
ഏഷ്യാനെറ്റിനെക്കാള്‍ ഒരു ലക്ഷത്തിന് മുകളില്‍ ലൈവ് കാഴ്ചക്കാര്‍, വോട്ടെണ്ണല്‍ ദിനത്തില്‍ പുതിയ റെക്കോര്‍ഡിട്ട് 24 ന്യൂസ്

Related Stories

The Cue
www.thecue.in