റേറ്റിംഗില്‍ ട്വന്റി ഫോറിന് അട്ടിമറി മുന്നേറ്റം, ഒന്നാമതുള്ള ഏഷ്യാനെറ്റുമായി 17 പോയിന്റ് വ്യത്യാസം മാത്രം, കഴിഞ്ഞ ആഴ്ചയിലെ ബാര്‍ക്
media

റേറ്റിംഗില്‍ ട്വന്റി ഫോറിന് അട്ടിമറി മുന്നേറ്റം, ഒന്നാമതുള്ള ഏഷ്യാനെറ്റുമായി 17 പോയിന്റ് വ്യത്യാസം മാത്രം, കഴിഞ്ഞ ആഴ്ചയിലെ ബാര്‍ക്

THE CUE

THE CUE

സ്വര്‍ണ്ണക്കടത്ത് കേസ് വാര്‍ത്താ ചാനലുകള്‍ കൈകാര്യം ചെയ്ത രീതിയും, പ്രതികള്‍ക്ക് പിന്നാലെയുള്ള ചേസിംഗ് റിപ്പോര്‍ട്ടിംഗും, പ്രൈം ടൈം ചര്‍ച്ചകളുടെ ശൈലിയുമൊക്കെ നിരന്തരം വിമര്‍ശിക്കപ്പെടുമ്പോഴും ചാനലുകള്‍ക്കിടയില്‍ റേറ്റിംഗ് യുദ്ധം മുറുകുകയാണ്. വാര്‍ത്താ ചാനലുകളുടെ റേറ്റിംഗില്‍ വര്‍ഷങ്ങളായി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന ഏഷ്യാനെറ്റ് ന്യൂസിന് കുത്തക ഇളക്കുന്നതാണ് ഒടുവില്‍ പുറത്തുവന്ന ബാര്‍ക് റേറ്റിംഗ് കണക്കുകള്‍. എല്ലാ പ്രായക്കാരും എല്ലാ ടൈം ബാന്‍ഡും ഉള്‍പ്പെടുന്ന യൂണിവേഴ്‌സ് കാറ്റഗറിയില്‍ ഏഷ്യാനെറ്റിന് തൊട്ടടുത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ട്വന്റി ഫോര്‍ ന്യൂസ്. സെപ്തംബര്‍ 5 മുതല്‍ 11 വരെയുള്ള ആഴ്ചയില്‍ ഏഷ്യാനെറ്റ് ന്യൂസ് 142.94 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 125.28 പോയിന്റാണ് ട്വന്റി ഫോര്‍ ന്യൂസിന്റെ റേറ്റിംഗ്. വെറും 17 പോയിന്റിന്റെ വ്യത്യാസം.

വീക്ക്‌ലി ഇംപ്രഷന്‍സ് പരിഗണിച്ചാല്‍ ഏഷ്യാനെറ്റ് ന്യൂസ് 44,840 പോയിന്റും ട്വന്റി ഫോര്‍ 39,301 പോയിന്റുമാണ് നേടിയിരിക്കുന്നത്. ആകെ ഇംപ്രഷന്‍സിലും അട്ടിമറി മുന്നേറ്റമെന്ന് പറയാം. വീക്ക്‌ലി ഇംപ്രഷന്‍സില്‍ കൊവിഡ് ലോക്ക് ഡൗണ്‍ കാലയളവില്‍ മാര്‍ച്ച് മുതല്‍ ഇങ്ങോട്ട് 15,000നും 20,000നും ഇടയില്‍ വ്യത്യാസം ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസുമായി രണ്ടാം സ്ഥാനത്തുള്ള ട്വന്റി ഫോറിന് ഉണ്ടായിരുന്നു. 36ാം ആഴ്ച പരിഗണിക്കുമ്പോള്‍ ഇത് വെറും 5539 ന്റെ വ്യത്യാസമായി. തുടര്‍ന്നുള്ള ആഴ്ചകളിലും ഇതേ മുന്നേറ്റം തുടര്‍ന്നാല്‍ എല്ലാ വിഭാഗം പ്രേക്ഷകരിലും ഏഷ്യാനെറ്റിനെ അട്ടിമറിച്ച് ഒന്നാം സ്ഥാനത്തെത്താന്‍ ട്വന്റി ഫോറിന് കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍.

ബാര്‍ക് ഒടുവില്‍ പുറത്തുവിട്ട കണക്ക്
ബാര്‍ക് ഒടുവില്‍ പുറത്തുവിട്ട കണക്ക് barc india

വിപണിയിലും റേറ്റിംഗിലും അതിപ്രധാനമെന്ന് കരുതുന്ന 22 പ്ലസ് മെയില്‍ വിഭാഗത്തില്‍ ജൂണ്‍ 19ന് അവസാനിച്ച ആഴ്ചയില്‍ ഏഷ്യാനെറ്റ് ന്യൂസിനെ പിന്നിലാക്കി ട്വന്റി ഫോര്‍ ന്യൂസ് ഒന്നാമതെത്തിയിരുന്നു. പിന്നീടുള്ള ആഴ്ചകളില്‍ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചെങ്കിലും ഏഷ്യാനെറ്റ് ന്യൂസും ട്വന്റി ഫോറും തമ്മില്‍ റേറ്റിംഗിലുള്ള വ്യത്യാസം കുറഞ്ഞുവന്നു. ഓഗസ്റ്റ് 15 മുതല്‍ 21 വരെയുള്ള ആഴ്ചയിലെ ആകെ ഇംപ്രഷന്‍ എടുത്താല്‍ ഏഷ്യാനെറ്റ് ന്യൂസ് 56,478 ഇംപ്രഷനുകളും ട്വന്റി ഫോര്‍ 42,351 ഇംപ്രഷനുമാണ് നേടിയിരുന്നത്. ഓരോ കാറ്റഗറിയിലും ഏഷ്യാനെറ്റ് ന്യൂസുമായുള്ള റേറ്റിംഗ് പോയിന്റിലെ അകലം കുറച്ചാണ് ട്വന്റി ഫോറിന്റെ മുന്നേറ്റമെന്ന് ചുരുക്കം.

സിപിഐഎം ബഹിഷ്‌കരണം ഏഷ്യാനെറ്റ് ന്യൂസിന് ഓഗസ്റ്റ് മുതല്‍ സെപ്തംബര്‍ വരെയുള്ള റേറ്റിംഗില്‍ തിരിച്ചടിയായിട്ടുണ്ടെന്നും കരുതാം. സിപിഐഎം ബഹിഷ്‌കരിച്ചതിന് ശേഷമുള്ള ആദ്യ മൂ്ന്ന് ആഴ്ചകളില്‍ വീക്ക്‌ലി ഇംപ്രഷന്‍സില്‍ ഏഷ്യാനെറ്റ് ന്യൂസിന് വ്യക്തമായ മേധാവിത്വം ഉണ്ടായിരുന്നു. പിഎസ്‌സി നിയമനത്തിലെ അപാകത ഉള്‍പ്പെടെ ചര്‍ച്ചയാക്കിയത് റേറ്റിംഗില്‍ കാര്യമായി ഗുണം ചെയ്തു. ബഹിഷ്‌കരണത്തിന് ശേഷമുള്ള രണ്ടാം ആഴ്ചയില്‍(ഓഗസ്റ്റ് 1-ഓഗസ്റ്റ് 7) വീക്കിലി ഇംപ്രഷന്‍സ് ഏഷ്യാനെറ്റ് ന്യൂസ് 72,103 പോയിന്റും, ട്വന്റി ഫോര്‍ 55,603 പോയിന്റുമായിരുന്നു.

വീക്ക് 33- ഏഷ്യാനെറ്റ് ന്യൂസ് (180.04), ട്വന്റി ഫോര്‍(135.01), മനോരമ ന്യൂസ് (95.60) എന്നതായിരുന്നു റേറ്റിംഗ് പോയിന്‍. 34ാം ആഴ്ചയിലെത്തിയപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് 166 പോയിന്റും ട്വന്റി ഫോര്‍ 125 പോയിന്റും. 35ാം ആഴ്ചയിലെത്തിയപ്പോള്‍ ഏഷ്യാനെറ്റുമായി ട്വന്റി ഫോര്‍ 33 പോയിന്റിന് പിറകിലായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് (146.29), ട്വന്റി ഫോര്‍(113.06) 33 പോയിന്റില്‍ നിന്നാണ് 17 പോയിന്റിന്റെ വ്യത്യാസത്തിലേക്ക് ട്വന്റി ഫോര്‍ റേറ്റിംഗ് ഉയര്‍ത്തിയത്.

മോണിംഗ് ബാന്‍ഡിലും പ്രൈം ബാന്‍ഡിലും എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നടത്തുന്ന ചര്‍ച്ചയും അവതരണവുമാണ് ട്വന്റി ഫോറിന് നേട്ടമായത്. പ്രൈം ടൈം അവതരണത്തില്‍ അരുണ്‍കുമാര്‍ തിരിച്ചെത്തിയതും റേറ്റിംഗിലെ മുന്നേറ്റത്തിന് സഹായകമായി.

നില മെച്ചപ്പെടുത്താതെ മനോരമാ ന്യൂസും മാതൃഭൂമി ന്യൂസും

ഒടുവില്‍ പുറത്തുവന്ന ബാര്‍ക് റേറ്റിംഗില്‍ മനോരമ ന്യൂസ് (87.64)മൂന്നാം സ്ഥാനത്താണ്. നാലാം സ്ഥാനത്ത് മാതൃഭൂമി ന്യൂസ്(64.40) അഞ്ചാം സ്ഥാനത്ത് ജനം ടിവി(51.66). ട്വന്റി ഫോറുമായി മനോരമാ ന്യൂസിന് 38 പോയിന്റിന്റെ വ്യത്യാസമുണ്ട്. ആറാം സ്ഥാനത്ത് കൈരളി ന്യൂസ് (35.92), ഏഴാം സ്ഥാനത്ത് ന്യൂസ് 18 കേരള(27.47), എട്ടാം സ്ഥാനത്ത് 25.47). ചെറിയ പോയിന്റുകളുടെ മാത്രം വ്യത്യാസമാണ് കൈരളി ന്യൂസ്, ന്യൂസ് 18, മീഡിയ വണ്‍ എന്നീ ചാനലുകള്‍ തമ്മിലുളളത്. ആദ്യ രണ്ട് സ്ഥാനത്തേക്ക് മാതൃഭൂമി ന്യൂസ്, ജനം ടിവി, കൈരളി ന്യൂസ്, ന്യൂസ് 18, മീഡിയ വണ്‍ എന്നീ ചാനലുകള്‍ക്ക് നൂറിലേറെ പോയിന്റിന്റെ വ്യത്യാസവുമുണ്ട്.

The Cue
www.thecue.in