യുവപ്രേക്ഷകരില്‍ ഒന്നാമതെന്ന് ട്വന്റി ഫോര്‍, ശരിക്കും മുന്നിലെന്ന് ഏഷ്യാനെറ്റ് ന്യൂസ്; റേറ്റിംഗില്‍ പോര്

യുവപ്രേക്ഷകരില്‍ ഒന്നാമതെന്ന് ട്വന്റി ഫോര്‍, ശരിക്കും മുന്നിലെന്ന് ഏഷ്യാനെറ്റ് ന്യൂസ്; റേറ്റിംഗില്‍ പോര്

യുവപ്രേക്ഷകരില്‍ ഒന്നാമതെത്തിയെന്ന് ട്വന്റി ഫോര്‍ ന്യൂസ് ചാനല്‍. എല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനത്ത് തങ്ങളെന്ന് ഏഷ്യാനെറ്റ് ന്യൂസ്. മലയാളത്തിലെ വാര്‍ത്താ ചാനലുകളുടെ റേറ്റിംഗ് മത്സരം തുറന്ന പോരിലെത്തി നില്‍ക്കുകയാണ്. ഒടുവില്‍ പുറത്തിറങ്ങിയ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യ(ബാര്‍ക്) കണക്കുകള്‍ പ്രകാരം ജൂണ്‍ 19ന് അവസാനിച്ച ആഴ്ചയില്‍ ഏഷ്യാനെറ്റ് ന്യൂസ് ആണ് വിവിധ പ്രായ/ ലിംഗ വിഭാഗങ്ങളിലെ കാഴ്ചക്കാരില്‍ ഒന്നാം സ്ഥാനത്ത്. ഏഷ്യനെറ്റ് ന്യൂസ് 61,739 വീക്ക്‌ലി ഇംപ്രഷന്‍സ് നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ട്വന്റി ഫോര്‍ 47,637 ഇംപ്രഷന്‍സ് നേടി. മൂന്നാം സ്ഥാനത്ത് മനോരമാ ന്യൂസ് (31189)ആണ്. നാലാം സ്ഥാനത്ത് മാതൃഭൂമി ന്യൂസും അഞ്ചാം സ്ഥാനത്ത് ന്യൂസ് 18 കേരളയും.

ലോക്ക് ഡൗണ്‍ മലയാളത്തിലെ വാര്‍ത്താ ചാനലുകളുടെ റേറ്റിംഗില്‍ അട്ടിമറി നടന്ന കാലയളവ് കൂടിയായിരുന്നു. ചാനലുകളുടെ റേറ്റിംഗ് സംവിധാനമായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യ(ബാര്‍ക്)യുടെ പ്രതിവാര റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് വര്‍ഷങ്ങള്‍ക്കിപ്പുറവും ഒന്നാം സ്ഥാനത്ത് തന്നെ തുടരുമ്പോള്‍ കൃത്യമായ വെല്ലുവിളിയാകുന്ന വിധത്തിലാണ് ട്വന്റി ഫോറിന്റെ മുന്നേറ്റം.

യുവപ്രേക്ഷകരുടെ എണ്ണത്തില്‍ ട്വന്റ്ി ഫോര്‍ ഒന്നാമത് നില്‍ക്കുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് രണ്ടാം സ്ഥാനത്തും മനോരമാ ന്യൂസ് മൂന്നാം സ്ഥാനത്തും മാതൃഭൂമി ന്യൂസ് നാലാം സ്ഥാനത്തും ജനം ടിവി അഞ്ചാം സ്ഥാനത്തുമാണ്. മനോരമാ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും പിന്നിലാക്കി കൂട്ടത്തില്‍ പ്രായംകുറഞ്ഞ വാര്‍ത്താ ചാനല്‍ ആയ ട്വന്റി ഫോര്‍ തുടര്‍ച്ചയായി രണ്ടാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്.

കേരളത്തിലെ നമ്പര്‍ വണ്‍ ന്യൂസ് ചാനല്‍ എന്ന അവകാശവാദത്തിനൊപ്പമാണ് ട്വന്റി ഫോറിന്റെ പുതിയ പരസ്യം. ശരാശരിയില്‍ അല്ല ശരിക്കും മുന്നിലെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ മറുപടി. ബാര്‍ക്ക് റേറ്റിംഗ് പ്രകാരം ഒന്നാം സ്ഥാനം തങ്ങള്‍ക്കാണെന്ന രേഖകളും ഏഷ്യാനെറ്റ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗുഡ്‌മോണിംഗ് വിത്ത് ശ്രീകണ്ഠന്‍ നായര്‍ എന്ന പേരില്‍ രാവിലെ 6.30 മുതല്‍ 9.30 മുതല്‍ മൂന്ന് മണിക്കൂര്‍ നീണ്ട ലൈവ് വാര്‍ത്താ സംവാദം ട്വന്റി ഫോറിന് റേറ്റിംഗ് മുന്നേറ്റത്തില്‍ ഗുണം ചെയ്തിരുന്നു. നോണ്‍ പ്രൈം ടൈം ആയ രാവിലെ 6.30 മുതലുള്ള ബാന്‍ഡിനെ പ്രൈം ടൈം ആക്കി മാറ്റിയതോടെ മാതൃഭൂമിയും മനോരമയും ഏഷ്യാനെറ്റ് ന്യൂസും സമാന സ്വഭാവമുള്ള പ്രോഗ്രാമുകളിലേക്ക് കളം മാറി. മുമ്പ് രണ്ടാം സ്ഥാനത്തുള്ള ചാനലുകളെക്കാള്‍ കണക്കില്‍ വലിയ വ്യത്യാസത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നത്.

ഫ്‌ളവേഴ്‌സ് ചാനലിന് നേതൃത്വം നല്‍കുന്ന ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ് ട്വന്റി ഫോര്‍ ന്യൂസ് ചാനല്‍. 2018 ഡിസംബര്‍ എട്ടിനാണ് ചാനല്‍ സംപ്രേഷണം തുടങ്ങിയത്. ആലുങ്കല്‍ മുഹമ്മദ് ആണ് ചെയര്‍മാന്‍. ശ്രീകണ്ഠന്‍ നായര്‍ മാനേജിംഗ് ഡയറക്ടറും, ഗോകുലം ഗോപാലന്‍, ഭീമാ ഭട്ടര്‍ ഗോവിന്ദന്‍, വിദ്യാ വിനോദ് തുടങ്ങിയവര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമാണ്.

AD
No stories found.
The Cue
www.thecue.in