ഒറ്റ മഴ, കൊച്ചി വെള്ളത്തില്‍; ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിനും മേയര്‍ക്കും വിമര്‍ശനം

ഒറ്റ മഴ, കൊച്ചി വെള്ളത്തില്‍; ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിനും മേയര്‍ക്കും വിമര്‍ശനം

ചൊവ്വാഴ്ച രാത്രി തുടങ്ങിയ ശക്തമായ മഴയില്‍ കൊച്ചി നഗരം വെള്ളക്കെട്ടിലായിരിക്കുകയാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, എംജി റോഡ്, കലൂര്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പള്ളുരുത്തി, പനമ്പള്ളിനഗര്‍, സൗത്ത് കടവന്ത്ര, തോപ്പുപടി, തമ്മനം തുടങ്ങിയ സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. തൃപ്പൂണിത്തുറ പേട്ടയില്‍ ഒരു കിലോമീറ്ററില്‍ അധികം റോഡ് വെള്ളത്തിലായത് ഗതാഗത തടസം സൃഷ്ടിച്ചു.

പലയിടത്തും കാന തുറന്നിട്ട് അടച്ചിടാത്തതിനാല്‍ കാല്‍നടയാത്രക്കാരും ദുരിതത്തിലാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ കടകളിലും വെള്ളം കയറിയതോടെ അടച്ചിടേണ്ടി വന്നു. പനമ്പിള്ളി നഗറിലെ റസ്റ്റോറന്റിലുള്‍പ്പടെ വെള്ളം കയറി. ഉദയ കോളനിയില്‍ വീടുകള്‍ക്കുള്ളില്‍ വെള്ളം കയറിയിട്ടുണ്ട്.

ഒറ്റരാത്രി കൊണ്ട് പെയ്ത മഴയാണ് കൊച്ചിയെ വെള്ളത്തിലാക്കിയിരിക്കുന്നത്. ഇതോടെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ജില്ല ഭരണകൂടം നടപ്പാക്കിയ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി ഫലം കണ്ടില്ലെന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്. കൊച്ചി മേയറുടെ ഉള്‍പ്പടെ നടപടി പ്രഹസനം മാത്രമായിരുന്നുവെന്നും, ശാസ്ത്രീയമായി വെള്ളം ഒഴുകിപ്പോകാന്‍ നടപടി സ്വീകരിക്കാത്തതാണ് വെള്ളപ്പൊക്കമുണ്ടാകാന്‍ കാരണമെന്നും ആരോപണമുണ്ട്.

കഴിഞ്ഞ വര്‍ഷം മഴയില്‍ ജില്ലയില്‍ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടുണ്ടായതോടെ വിഷയത്തില്‍ ഹൈക്കോടതി ഉള്‍പ്പടെ ഇടപെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് കളക്ടറുടെ നേതൃത്വത്തില്‍ വെള്ളക്കെട്ട് തടയാന്‍ നഗരത്തിലുടനീളം ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ നടപ്പാക്കിയത്. എന്നാല്‍ ഇത് ഫലം കണ്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് മണിക്കൂറുകള്‍ കൊണ്ട് നഗരത്തിലുണ്ടായിരിക്കുന്ന വെള്ളക്കെട്ട്.

വെള്ളം കയറിയ പല സ്ഥലങ്ങളും കൊവിഡ് കണ്ടെയിന്‍മെന്റ് സോണുകളാണെന്നതാണ് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്നത്. ഇവിടെ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് രോഗബാധ വ്യാപിക്കുന്നതിന് കാരണമാകുമോ എന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്.

തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലും അതിശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ജില്ലയില്‍ 48 മണിക്കൂര്‍ കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in