കുഞ്ഞിന്റെ ഡി.എന്‍.എ ശേഖരിച്ചു; അനുപമയുടെയും അജിത്തിന്റെയും ഡി.എന്‍.എ സാമ്പിളുകള്‍ ഇന്നെടുക്കും

കുഞ്ഞിന്റെ ഡി.എന്‍.എ ശേഖരിച്ചു; അനുപമയുടെയും അജിത്തിന്റെയും ഡി.എന്‍.എ സാമ്പിളുകള്‍ ഇന്നെടുക്കും

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ഡി.എന്‍.എ പരിശോധനകള്‍ക്കുള്ള നടപടികള്‍ തുടങ്ങി. കുഞ്ഞിന്റെ ഡി.എന്‍.എ സാമ്പിള്‍ നിര്‍മ്മലാ ശിശു ഭവനിലെത്തി അധികൃതര്‍ ശേഖരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ അനുപമയുടെയും അജിത്തിന്റെയും ഡി.എന്‍.എ സാമ്പിള്‍ ശേഖരിക്കും.

കുഞ്ഞിനെ കാണണമെന്ന് ഡി.എന്‍.എ പരിശോധനയ്ക്ക് മുമ്പ് അനുപമ ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ കുഞ്ഞിനെ കാണാനാകില്ലെന്നാണ് വനിതാ ശിശുക്ഷേമവകുപ്പിന്റെ നിലപാട്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ വെച്ചാണ് ഇരുവരുടെയും ഡി.എന്‍.എ സാമ്പിള്‍ ശേഖരിക്കുക. മൂന്ന് ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കുന്നതില്‍ ശിശുക്ഷേമ സമിതിക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യത്തില്‍ പരിശോധന നടന്നുവരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വനിതാശിശുക്ഷേമ ഡയറക്ടര്‍ ടി.വി അനുപമ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.

അനുപമയ്ക്ക് ഇപ്പോള്‍ കുഞ്ഞിനെ കാണാന്‍ കഴിയില്ലെന്നും നിയമവശങ്ങള്‍ പരിശോധിച്ച് വരികയാണെന്നുമാണ് വീണാ ജോര്‍ജ് പറഞ്ഞത്. അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ നിയമപരമായി എന്തെങ്കിലും സാധ്യതകളുണ്ടെങ്കില്‍ അത് അനുവദിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

The Cue
www.thecue.in