താലിബാന്റെ മുഖപത്രമെഴുതുമോ ഇതുപോലെ?, അഫ്ഗാനെ 'സ്വതന്ത്ര'മാക്കിയ മാധ്യമത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

താലിബാന്റെ മുഖപത്രമെഴുതുമോ ഇതുപോലെ?, അഫ്ഗാനെ 'സ്വതന്ത്ര'മാക്കിയ മാധ്യമത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

താലിബാന്‍ മതഭരണകൂടത്തിന്റെ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനെ പിന്തുണക്കുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ ജമാഅത്തെ ഇസ്ലാമി മുഖപത്രം മാധ്യമത്തിന് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം.

അഫ്ഗാന്‍ ഭരണം അട്ടിമറിച്ച് താലിബാന്‍ ഭരണമേറ്റെടുത്തതിനെയും അമേരിക്കന്‍ സേന രാജ്യം വിട്ടതിനെയും അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാന്‍ എന്ന തലക്കെട്ടിലാണ് മാധ്യമം ദിനപത്രം വിശേഷിപ്പിച്ചത്. താലിബാന്‍ ഭരണകൂടം അഫ്ഗാനിസ്ഥാനില്‍ ഭരണമേറ്റത് പ്രതീക്ഷയോടെ കാണണമെന്ന് ജമാ അത്തെ ഇസ്ലാമി പ്രസ്താവിച്ചിരുന്നു.

അറിവില്ലായ്മയില്‍ നിന്നുള്ള തെറ്റായിരിക്കാം എന്ന് സന്ദേഹിച്ചവരോടും അങ്ങിനെയല്ല, ഇതു ഞങ്ങളുടെ നിലപാടാണു എന്നാണു പത്രം പറയുന്നത്.

സ്റ്റാന്‍ലി ജോണി

1996ല്‍ താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിനെ വിസ്മയം പോലെ താലിബാന്‍ എന്നാണു മാധ്യമം വിളിച്ചത്. ആ ഒന്നാം പേജ് ഈയുള്ളവനുള്‍പ്പെടെ പലരും അടുത്തകാലത്ത് ഷെയര്‍ ചെയ്തിരുന്നു. എനിക്ക് മാധ്യമത്തിന്റെ ഒരാളില്‍ നിന്നും പരസ്യമായ മറുപടിയും വന്നിരുന്നു. എന്റെ നല്ലവരായ പല സുഹൃത്തുക്കളും സ്നേഹത്തോടെ അന്ന് പറഞ്ഞത്, ഇരുപത്തിയഞ്ചു വര്‍ഷം മുന്‍പത്തെ തലക്കെട്ടല്ലേ, അന്ന് താലിബാന്‍ ഏതുപോലത്തെ സംഘമാണെന്ന് ഇന്നത്തേ പോലെ എല്ലാവര്‍ക്കും അറിയില്ലല്ലോ, അതുകൊണ്ട് പറ്റിയ ഒരു അബദ്ധമായിക്കൂടെ എന്നാണു. അബദ്ധമാവാം. പക്ഷേ, റെട്ടോറിക്കും ആരോപണങ്ങളുമെല്ലാം തിങ്ങിനിറഞ്ഞിരുന്ന എനിക്കുള്ള മാധ്യമം വക മറുപടിയില്‍ ഒരിടത്തു പോലും അദ്ദേഹം വിസ്മയം തലക്കെട്ടിനെ തള്ളപ്പറഞ്ഞിരുന്നില്ല എന്നതു ശ്രദ്ധേയമായിരുന്നു. ഇരുപത്തിയഞ്ചു വര്‍ഷം മുന്‍പത്തെ ഒരു കൈയബദ്ധമായിരുന്നുവെങ്കില്‍ ഇന്ന് അത് തെറ്റായിരുന്നു എന്നു പറയുന്നതില്‍ കുഴപ്പമൊന്നും ഉണ്ടാകേണ്ടതില്ലല്ലോ. അങ്ങിനെയൊരു തെറ്റുപറച്ചില്‍ എവിടെയും കണ്ടിട്ടില്ല.

ഇത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറല്ല. താലിബാന്‍ എന്താണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയും. 1996-2001ല്‍ താലിബാന്‍ അധികാരത്തിലിരുന്ന സമയത്ത് സ്ത്രീകള്‍ക്ക് തൊഴിലെടുക്കാന്‍ അവകാശമുണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ അവകാശമുണ്ടായിരുന്നില്ല. ഒരു 'ആണ്‍തുണ' ഇല്ലാതെ സ്ത്രീകള്‍ക്ക് വീടു വിട്ടു പുറത്തിറങ്ങാന്‍ പറ്റുമായിരുന്നില്ല. ഷരിയത്തിന്റെ പേരില്‍ കടുത്ത പീഡനങ്ങളാണു ശിക്ഷാവിധികളായി നടപ്പാക്കിയിരുന്നത്. കാബൂള്‍ ഫൂട്ബോള്‍ സ്റ്റേഡിയം പബ്കിക് എക്സിക്യൂഷന്‍ ഗ്രൗണ്ടായിരുന്നു. സംഗീതം നിഷിദ്ധം. റ്റെലെവിഷന്‍ നിഷിദ്ധം. സിനിമാശാലകള്‍ നിഷിദ്ധം. പട്ടംപറത്തല്‍ പോലും നിഷിദ്ധം. ബാമിയാനിലെ ബുദ്ധപ്രതിമകള്‍ ഇസ്ലാമിക വിരുദ്ധം. ആയിരക്കണക്കിനു പാവങ്ങളെ കൊന്നൊടുക്കിയ അല്‍ ഖയ്ദയും ഒസാമാ ബിന്‍ ലാദനും പ്രിയപ്പെട്ട അതിഥികള്‍. ഇതായിരുന്നു തൊണ്ണൂറുകളിലെ താലിബാന്‍ ഭരണം. ഇതിലെന്തെങ്കിലും തെറ്റാണെന്ന് താലിബാന്‍ ഇന്നുവരെ സമ്മതിച്ചിട്ടില്ല എന്നാണു എന്റെയറിവ്. ഭരണം നഷ്ടപ്പെട്ടതിനു ശേഷവും താലിബാന്റെ അക്രമങ്ങള്‍ക്ക് ഒരു അറുതിയുമുണ്ടായിരുന്നില്ല. നൂറുകണക്കിനു സൂയിസൈഡ് ആക്രമണങ്ങളാണു അഫ്ഘാനിസ്ഥാനില്‍ താലിബാന്റെ വക കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉണ്ടായത്. യുഎന്‍ ഡെസിഗ്നേറ്റഡ് ഭീകര സംഘടനയായ ഹഖാനി നെറ്റ്‌വര്‍ക്കിന്റെ കൂടെയാണു താലിബാന്‍ അമേരിക്കക്കും അഫ്ഘാനികള്‍ക്കുമെതിരെ യുദ്ധം ചെയ്തത്. പാകിസ്ഥാന്റെ ഐഎസ്ഐയുമായി പതിറ്റാണ്ടുകളുടെ ബന്ധമുള്ള സംഘമാണു ഹഖാനീസ്. അഫ്ഘാന്‍ താലിബാനെ തന്നെ സംരക്ഷിച്ചതും, അഭയമേകിയതും ഒരു പരിധി വരെ നിയന്ത്രിച്ചതും പാകിസ്ഥാന്‍ ആയിരുന്നു.

ആ താലിബാനാണു ഇന്ന് കാബൂളില്‍ ഭരണം പിടിച്ചിരിക്കുന്നത്. ആ താലിബാന്‍ ഭരിക്കുന്ന അഫ്ഘാനിസ്ഥാനെയാണു മാധ്യമം 'സ്വതന്ത്ര അഫ്ഘാന്‍' എന്നു വിളിക്കുന്നത്. അതായത് വിസ്മയം തലക്കെട്ടിനെ വിമര്‍ശിച്ചവരോടും, അതൊരു അറിവില്ലായ്മയില്‍ നിന്നുള്ള തെറ്റായിരിക്കാം എന്ന് സന്ദേഹിച്ചവരോടും അങ്ങിനെയല്ല, ഇതു ഞങ്ങളുടെ നിലപാടാണു എന്നാണു പത്രം പറയുന്നത്. എന്തൊക്കെ പറഞ്ഞാലും ആ സത്യസന്ധതയെ അവഗണിക്കാന്‍ പാടില്ല.

മാധ്യമപ്രവര്‍ത്തകന്‍ ഡോ.കെ അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അതെ.. അഫ്ഗാനിൽ അവർ ഇനി സ്വതന്ത്രരാണ്.
മത രാഷ്ട്രത്തിൻ്റെ സായുധ ശിലാസ്ഥാപനത്തിനായി അവർ സ്വതന്ത്രരാന്ന്...
അഫ്ഗാൻ്റെ പാതി ജനതയെ വീടിനുള്ളിൽ അടച്ചിടാൻ അവർ സ്വതന്ത്രരാന്ന്...
ചിറകു മുളയ്ക്കും മുൻപേ ബാലികമാരെ റാഞ്ചിപ്പറക്കാൻ അവർ സ്വതന്ത്രരാന്ന് ....
പെൺകുട്ടികൾ പുസ്തകം തുറന്ന് അക്ഷരങ്ങളുടെ മണം പിടിക്കുന്നോ എന്നറിയാൻ എ.കെ 47 തോക്കേന്തിയുള്ള റോന്തുചുറ്റലിന് അവർ സ്വതന്ത്രരാന്ന്...
മതനിരാസത്തിന് തല വെട്ടാനും പ്രണയിനിയെ കല്ലെറിയാനും സംഗീതപ്പെട്ടികൾ തീയിലിടാനും മലാലാ യൂസഫ്സായിമാർക്കെതിരെ ഉന്നം പിടിക്കാനും കറുപ്പിൻ്റെ ലഹരിയിൽ മത ലഹരി ഉൻമാദിപ്പിക്കാനും അവർ സ്വതന്ത്രരാന്ന്.
അതെ താലിബാൻ്റെ അഫ്ഗാൻ സ്വതന്ത്രമാന്ന്...

ആഹാ ..താലിബാൻ്റെ മുഖപത്രമെഴുതുമോ ഇതുപോലെ ?

മലയാളത്തിലിറങ്ങുന്ന താലിബാന്റെ പത്രം: എൻ.ഇ. സുധീർ

മറ്റെന്താണ് പറയുക ? പ്രശ്നം മതമാണ്. മതം മാത്രം. താലിബാനെ സൃക്ഷ്ടിച്ചതും താലിബാനിസത്തെ പ്രോത്സാഹിപ്പിക്കുന്നതും അതിനെ പ്രകീർത്തിക്കുന്നതും മതത്തിന്റെ ഭ്രാന്തമായ പ്രേരണയാൽ മാത്രമാണ്. മതഭ്രാന്തിൽ നിന്നുള്ള സ്വാതന്ത്യമാണ് ഭൂമിയിലെ ഓരോ മനുഷ്യർക്കും വേണ്ടത് എന്നാണ് ഞാൻ കരുതുന്നത്. ഇത് അഫ്ഘാനിസ്ഥാനിലോ , ഇസ്ലാമിലോ ഒതുങ്ങുന്ന ഒരു പ്രഹേളികയല്ല. എല്ലാതരം മതാധികാരത്തേയും നിലക്കു നിർത്തണം. മതത്തെ അധികാര രാഷ്ട്രീയത്തിന്റെ പുറത്തു നിർത്താൻ കഴിഞ്ഞാൽ മാത്രമേ യഥാർത്ഥ ജനാധിപത്യത്തിന് നില നിൽക്കാനും വികസിക്കാനും കഴിയൂ. മതപക്ഷം ചേരുന്ന മാധ്യമങ്ങളെ പൂർണ്ണമായും അകറ്റു നിർത്തുകയും വേണം. അവയെ തിരിച്ചറിയുക എന്നതും ഒരു രാഷ്ടീയ ബോധ്യപ്പെടലാണ്. കേരളത്തിൽ അതിപ്പോഴും നടന്നിട്ടില്ല. അതുകൊണ്ടാണ് ഒരു മലയാള പത്രത്തിന് ഇങ്ങനെയൊരു തലക്കെട്ട് കൊടുക്കാനുള്ള ധൈര്യം വന്നത്. മതഭീകരതയ്ക്കുള്ള സ്വാതന്ത്യം ആഘോഷിച്ച ഒരു പത്രം കേളത്തിലുണ്ട് എന്നത് തികച്ചും അപലപനിയമാണ്. അതിന്റെ പിറകിലെ രാഷ്ട്രീയം അതെന്തായാലും, കേരളം ഒറ്റക്കെട്ടായി എതിർക്കേണ്ടതുണ്ട്.

'വിസ്മയം പോലെ താലിബാൻ 'എന്ന പഴയ തലക്കെട്ട് ഒരു കൈയബദ്ധമല്ല: പ്രമോദ് പുഴങ്കര

അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ ഇല്ലാത്തതെന്തോ അതുണ്ടെന്നാണ് മാധ്യമം പറയുന്നത് :സ്വാതന്ത്ര്യം. 'വിസ്മയം പോലെ താലിബാൻ 'എന്ന പഴയ തലക്കെട്ട് ഒരു കൈയബദ്ധമല്ല എന്നും ജമാ അത് ഇസ്‌ലാമിയുടെ നിലപാടാണെന്ന് വീണ്ടും തെളിയുകയാണ്. ഇനിയിപ്പോൾ അഫ്ഗാൻ സ്ത്രീകൾ സ്‌കൂളിലേക്ക് എന്നൊക്കെയുള്ള താലിബാൻ പരസ്യങ്ങളുമായി കേരള താലിബാനികൾ ആഘോഷം കൊഴുപ്പിക്കും.

മീഡിയ വൺ സ്റ്റുഡിയോയിൽ നിന്നും മാധ്യമത്തിൽ നിന്നും ഇനിയും നന്മകൾ പ്രസരിപ്പിക്കുന്നവർക്ക് ഇഹത്തിൽ നല്ല വരായ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. പരത്തിൽ ഒരു മണ്ണാങ്കട്ടയുമില്ലെന്ന് അറിയാവുന്നതുകൊണ്ട് ഇപ്പോഴത്തെ കാര്യം കുശാലാകട്ടെ.

Related Stories

No stories found.
logo
The Cue
www.thecue.in