കേരളത്തില്‍ ബിജെപിക്ക് ജീവനില്ല, ജഡമെന്ന് ആര്‍.എസ്.എസ് നേതാവ്

കേരളത്തില്‍ ബിജെപിക്ക് ജീവനില്ല, ജഡമെന്ന് ആര്‍.എസ്.എസ് നേതാവ്

കേരളത്തിൽ ബിജെപി ജഡമായി മാറിയെന്ന് ആർഎസ്എസ് മുൻ സംസ്ഥാന ബൗദ്ധിക് പ്രമുഖ് ടി. ആർ സോമശേഖരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജെപി നേതൃത്വത്തിനെതിരെ അദ്ദേഹം രൂക്ഷവിമർശനം നടത്തിയിരിക്കുന്നത് . ജന ജീവിതവുമായി ബന്ധമില്ലാത്ത വിഷയങ്ങൾ പറഞ്ഞ് വോട്ട് നേടാൻ പറ്റില്ല. പാർട്ടിക്കാരുടെ മതമായിരുന്നു തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയം. അത്തരം പ്രചാരണ വിഷയങ്ങൾ ഇനി ഇറക്കിയാലും പരാജയപ്പെടും. കേരളത്തിലെ ബിജെപി പ്രവർത്തകർക്ക് ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ ആവശ്യകത അനിവാര്യമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിചാരകേന്ദ്രം മുൻ സെക്രട്ടറി കൂടിയാണ് സോമശേഖരൻ.

സോമശേഖരന്റെ ഫേസ്ബുക് പോസ്റ്റ്

ബിജെപി തോറ്റിട്ടില്ല. ബിജെപി ഈ തെരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല; കാരണം, ബിജെപി മത്സരിച്ചിട്ടില്ല. പാർടിയെന്നാൽ നേതാക്കന്മാരും അണികളും മാത്രമല്ല. ഇവ രണ്ടും ശരീരം മാത്രമാണ്. അതിന് ആത്മാവുണ്ട്. ആശയാദർശങ്ങൾ; നയങ്ങൾ; പരിപാടി; ഭരണനേട്ടങ്ങൾ ഇവയെല്ലാമുൾപ്പെടുന്ന പാർട്ടി ജീവിതം രംഗത്ത് വന്നിട്ടില്ല. ജനങ്ങൾ വോട്ടു ചെയ്യുന്നതു ജീവനാണ് ; ജഡത്തിനല്ല. അതുകൊണ്ടാണു ബിജെപി മത്സരിച്ചിട്ടില്ല എന്നു പറഞ്ഞത്. ബിജെപിയുടെ ഭരണനേട്ടങ്ങൾ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും എന്തൊക്കെയാണ്. കേരളത്തിന്റെ പ്രശ്നങ്ങളെപ്പറ്റി ബിജെപിയുടെ പഠനമെന്താണ് ; കേരളത്തിന്റെ വികസനത്തിന് എന്താണ് പദ്ധതി; കഴിഞ്ഞ അഞ്ച് വർഷത്തെ കേരളം ഭരണത്തിന്റെ ദോഷങ്ങളെന്തൊക്കെ – ഇത്തരം വിഷയങ്ങൾ ജനങ്ങളുടെ ചിന്താവിഷയമാക്കാൻ ശ്രമമുണ്ടായിട്ടില്ല . ജീവിതഗന്ധിയായ രാഷ്ട്രീയത്തിനേ വോട്ടു കിട്ടൂ. ജന ജീവിതവുമായി ബന്ധമില്ലാത്ത വിഷയങ്ങൾ പറഞ്ഞു വോട്ടു നേടാൻ പറ്റില്ല. ഭാരതത്തിൽ ജനങ്ങൾക്കുവേണ്ടി ഭരണമാരംഭിച്ചതു 2014-ൽ മോദിജിയാണ് . ഇതുകൊണ്ടു ജനങ്ങൾക്കുണ്ടാകുന്ന നേട്ടമെന്തെന്നു കേരളീയർക്ക് അറിയാൻ വഴിയില്ല. മാദ്ധ്യമങ്ങളിൽ വരുന്നില്ല. കേരളത്തിൽ നടപ്പാക്കുന്നതു പേരു മാറ്റി സംസ്ഥാനത്തിന്റേത് പോലെയാക്കി കേരളത്തെ കബളിപ്പിക്കുന്നു . ഇതൊക്കെ ജനങ്ങളെ ബോധിപ്പിച്ചിട്ടല്ലേ ബി.ജെ.പിക്കു വോട്ടു ചെയ്യണമെന്ന മനോഭാവം ഉണ്ടാക്കേണ്ടത്.

വോട്ടറെ വിദ്യാഭ്യാസം ചെയ്യിക്കുന്നതാണ് തിരഞ്ഞെടുപ്പിന്റെ ഒന്നാമത്തെ പടി. 2014-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 4500 റാലികളിലും മോദിജി ചെയ്തത് ഇതാണ് . വോട്ടർമാരോട് തങ്ങളുടെ താത്പര്യമാകുന്ന രാഷ്ട്രതാത്പര്യത്തിന് വോട്ടു ചെയ്യാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനത്തിൽനിന്നു പ്രവർത്തകർ ഇതിന്റെ മൂലതത്ത്വം പഠിക്കേണ്ടതായിരുന്നു . ഇവിടെ തെരഞ്ഞെടുപ്പിനിറങ്ങിയത് പാർട്ടിയായിരുന്നില്ല; പാർട്ടിക്കാരുടെ മതമായിരുന്നു . ആ മതമാണു തോറ്റത് . അത് ഇനി ഇറങ്ങിയാലും തോൽക്കും.

അടിസ്ഥാനപരമായ പരാജയസ്ഥാനമേതാണെന്നറിയണം. ജനാധിപത്യന്തിന്റെ സംരക്ഷണമായിരുന്നില്ല ലക്ഷ്യമായി പ്രചരിപ്പിച്ചത്; ആചാരസംരക്ഷണമായിരുന്നു. ദുർഭരണത്തിൽ നിന്ന് ജനക്ഷേമകരമായ ഭരണത്തിലേക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് വക നല്കുന്ന ഒന്നും പ്രചരണത്തിലുണ്ടായിരുന്നില്ല. കേരളത്തിൽ ബി.ജെ.പി വളരണമെങ്കിൽ ഏറ്റവും ഉന്നതനായ നേതാവ്‌ മുതൽ ഏറ്റവും താഴെയുള്ള പ്രവർത്തകനുവരെ വിശദമായ രാഷ്ടീയവിദ്യാഭ്യാസം കൊടുക്കണം. അതിനു ശിക്ഷകരായി കേന്ദ്രത്തിൽനിന്നും മറ്റുസംസ്ഥാനങ്ങളിൽനിന്നും ആളുകൾ വരണം . ഇവിടെ വിദ്യ കിട്ടേണ്ടവരേയുള്ളൂ ; കൊടുക്കാൻ പ്രാപ്തിയുള്ളവരില്ല. അങ്ങനെയൊന്നു് - പറയപ്പെട്ട രാഷ്ട്രീയവിദ്യാഭ്യാസം - ഉണ്ടായാൽ യഥാർഥരാഷ്ട്രതത്ത്വത്തിൻെറ അടിസ്ഥാനത്തിൽ സമാജപുനാരചന ചെയ്യാൻവേണ്ട കാഴ്ചപ്പാടും കഴിവുമുണ്ടാകും . സമാജത്തെ നയിക്കാൻ സാമർത്ഥ്യമുള്ള പ്രവർത്തകസമ്പത്തുള്ള യഥാർഥരാഷ്ട്രീയകക്ഷിയായി ബി.ജെ.പിയെ മാറ്റാൻ ഇതേ വഴിയുള്ളൂ . അതിനു ശേഷമേ തെരഞ്ഞെടുപ്പിൽ വിജയവുംമറ്റും പ്രതീക്ഷിക്കേണ്ടൂ .

അങ്ങനെയൊന്ന് - പറയപ്പെട്ട രാഷ്ട്രീയവിദ്യാഭ്യാസം - ഉണ്ടായാൽ യഥാർഥരാഷ്ട്രതത്ത്വത്തിന്റെ അടിസ്ഥാനത്തിൽ സമാജ പുനാരചന ചെയ്യാൻവേണ്ട കാഴ്ചപ്പാടും കഴിവുമുണ്ടാകും. സമാജത്തെ നയിക്കാൻ സാമർത്ഥ്യമുള്ള പ്രവർത്തക സമ്പത്തുള്ള യഥാർഥരാഷ്ട്രീയകക്ഷിയായി ബി.ജെ.പിയെ മാറ്റാൻ ഇതേ വഴിയുള്ളൂ. അതിനു ശേഷമേ തെരഞ്ഞെടുപ്പിൽ വിജയവും മറ്റും പ്രതീക്ഷിക്കേണ്ടൂ .

Related Stories

No stories found.
logo
The Cue
www.thecue.in