സിപിഎമ്മിന്റെ പ്രധാന അക്കൗണ്ടുകള്‍ പൂട്ടിയവരാണ് ബിജെപി; പിണറായി വിജയന്റെ കൈകൊണ്ട് സിപിഐഎമ്മിന് ഉദകക്രിയ ചെയ്യുമെന്ന് കെ സുരേന്ദ്രന്‍

സിപിഎമ്മിന്റെ പ്രധാന അക്കൗണ്ടുകള്‍ പൂട്ടിയവരാണ് ബിജെപി; പിണറായി വിജയന്റെ  കൈകൊണ്ട് സിപിഐഎമ്മിന് ഉദകക്രിയ ചെയ്യുമെന്ന് കെ സുരേന്ദ്രന്‍

പിണറായി വിജയൻറെ അക്കൗണ്ട് പൂട്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഐഎമ്മിന്റെ പ്രധാന അക്കൗണ്ടുകള്‍ പൂട്ടിയവരാണ് ബിജെപി. പിണറായി വിജയൻറെ കൈകൊണ്ട് സിപിഐഎമ്മിന് ഉദകക്രിയ ചെയ്യുമെന്നും കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പിണറായി വിജയനെ വാഴ്ത്തപ്പെട്ടവനായാണ് മാധ്യമങ്ങളിലെ സര്‍വ്വേകള്‍ ചിത്രീകരിക്കുന്നത്. ഇത്തവണ കേരളത്തില്‍ തുടര്‍ഭരണം സംഭവിക്കില്ല. ബിജെപിയാണ് സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിക്കുന്നത് . ഈ തെരഞ്ഞെടുപ്പിലൂടെ ബിജെപി പുതിയ ചരിത്രം സൃഷ്ടിക്കും. തപാല്‍ വോട്ടില്‍ ക്രമക്കേടാണ് നടക്കുന്നത്. സുരക്ഷിതമല്ലാത്ത രീതിയിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണങ്ങളും ലംഘിക്കപ്പെടുകയാണ്. വോട്ടുകള്‍ എകെജി സെന്ററിലേക്കോ കളക്ട്രേറ്റിലേക്കോ കൊണ്ടുപോകുന്നതില്‍ സംശയമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

35 സീറ്റ് കിട്ടിയാല്‍ ബിജെപി അധികാരം പിടിക്കുമെന്ന് കെ സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. '35 സീറ്റ് കിട്ടിയാല്‍ ബിജെപി അധികാരം പിടിക്കുമെന്നതില്‍ സംശയമില്ല. ഇപ്പോള്‍ രണ്ടു മുന്നണിയിലും ഇരിക്കുന്നവരൊക്കെ സന്തോഷത്തില്‍ ഇരിക്കുകയാണെന്നാണോ കരുതുന്നത്. മെയ് രണ്ട് കഴിയട്ടെ. രണ്ടാം തീയതി കഴിയുമ്പോള്‍ കാര്യം മനസില്ലാവും. അവിടെ ഇരിക്കാന്‍ വലിയ താത്പര്യമൊന്നുമില്ല പലര്‍ക്കും. വേറെ ഓപ്ഷനില്ലാഞ്ഞിട്ടാണ് കടിച്ചു തൂങ്ങി നില്‍ക്കുന്നത്. ഒരു സീറ്റുള്ള ഞങ്ങളുടെ കൂടെ വന്നിട്ട് കാര്യമുണ്ടോ. കോണ്‍ഗ്രസിലൊക്കെ പലരും അതൃപ്തിയിലാണ്. അവരൊക്കെ കാത്തിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിലെ ഫലം എന്താണെന്ന് അറിയാന്‍'സുരേന്ദ്രന്‍ പറഞ്ഞു.

No stories found.
The Cue
www.thecue.in