കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ്സ്

കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ്സ്

കായംകുളത്ത് യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന്റെ വീടിനു നേരെ ആക്രമണം നടന്നതായി പരാതി. ഡിവൈഎഫ്ഐ പ്രവർത്തകനാണ് ആക്രമണം നടത്തിയതെന്ന് അരിത ബാബു ആരോപിച്ചു. കോൺഗ്രസ് പ്രചരിപ്പിക്കുന്നതുപോലെ നിർധന കുടുംബമല്ല അരിതയുടേതെന്ന് കാണിക്കാൻ വീടിനു മുന്നിൽവച്ച് ഫെയ്സ്ബുക് ലൈവിൽ സംസാരിച്ച ആളാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. ബാനര്‍ജി സലിം എന്ന ആളാണ് അരിതയുടെ വീട്ടിലെത്തി ലൈവ് ചെയ്തത്.

അരിതാ ബാബുവിന്റെ വീടാക്രമിച്ചതിലൂടെ സി പി എം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം വ്യക്തമായിരിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ എം പി പറഞ്ഞു. ഇല്ലായ്മകളോട് പടവെട്ടി പൊതുപ്രവര്‍ത്തന രംഗത്ത് ചുവടുറപ്പിച്ച സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥികളിലൊരാളായ അരിതാ ബാബുവിന് പൊതു സമൂഹത്തില്‍ നിന്നും ലഭിക്കുന്ന സ്വീകാര്യതയില്‍ വിറളി പിടിച്ചാണ് സിപിഎം ഇത്തരം അതിക്രമങ്ങള്‍ക്ക് മുതിരുന്നത്. സമാനമായ രീതിയില്‍ മാനന്തവാടിയിലെ യു ഡി എഫ് സ്ഥാനാര്‍ഥി പി കെ ജയലക്ഷ്മിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരെയും സിപിഐഎമ്മുകാര്‍ ആക്രമണം അഴിച്ചു വിട്ടിരുന്നു. എല്ലാ രാഷ്ട്രീയ മര്യാദകളും ലംഘിച്ചു തിരഞ്ഞെടുപ്പില്‍ പോലും അക്രമരാഷ്ട്രീയം നടപ്പിലാക്കാനാണ് സിപി എം ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. കേരളത്തിലെ പൊതു സമൂഹം ഈ രാഷ്ട്രീയ അസഹിഷ്ണുതക്ക് ബാലറ്റിലൂടെ മറുപടി നല്‍കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

അരിതയുടെ വീട് ആക്രമിച്ചതിനെതിരെ നാളെ കായംകുളത്ത് യുഡിഎഫ് പ്രതിഷേധദിനം ആചരിക്കും. അതേസമയം, ആക്രമണം നടത്തിയാളുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപി ഐഎമ്മും വ്യക്തമാക്കി. കോണ്‍ഗ്രസ് പറയുന്നത് പോലെ ഒരു നിര്‍ധന കുടുംബത്തിലെ അംഗമല്ല അരിത ബാബുവെന്നായിരുന്നു ആക്രമണം നടത്തിയ ബാനര്‍ജി സലിം ഫേസ്ബുക്ക് ലൈവിലൂടെ ആരോപിച്ചത്. .

No stories found.
The Cue
www.thecue.in