പിണറായി ഏകാധിപതി, പത്തില്‍ മൂന്ന് മാര്‍ക്ക് പോലും നല്‍കാനാകില്ലെന്ന് ഇ.ശ്രീധരന്‍

പിണറായി ഏകാധിപതി, പത്തില്‍ മൂന്ന് മാര്‍ക്ക് പോലും നല്‍കാനാകില്ലെന്ന് ഇ.ശ്രീധരന്‍

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന ഇ.ശ്രീധരന്‍. 'അദ്ദേഹം ആര്‍ക്കും അധികാരം വിട്ടുകൊടുക്കുന്നില്ല. അതാണ് വലിയൊരു ദോഷം. ഒരു മന്ത്രിക്കും ഒന്നും പറയാനാകില്ല. എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ മാറ്റി പറയണം. സ്വാതന്ത്യം കൊടുക്കാറില്ല. ഏകാധിപത്യഭരണമാണ്'. ഏഷ്യാനെറ്റ് ന്യൂസിലാണ് ഇ.ശ്രീധരന്റെ പ്രതികരണം.

മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്കം കുറവാണ്. സിപിഎമ്മിന് ജനങ്ങളുടെ ഇടയില്‍ മോശം ഇമേജാണ് ഉള്ളതെന്നും ശ്രീധരന്‍. പുറത്തുവന്ന ഫിഷറീസ് അഴിമതി അതീവ ഗൗരവമുള്ളതും അപകടകരവുമാണ്. സര്‍ക്കാരിന്റേത് മോശം പ്രകടനമാണെന്നും മുഖ്യമന്ത്രിക്ക് പത്തില്‍ മൂന്ന് മാര്‍ക്ക് പോലും നല്‍കാനാവില്ലെന്നും ഇ.ശ്രീധരന്‍ വിമര്‍ശിക്കുന്നു.

താന്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ പലതും നേടാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഇ.ശ്രീധരന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ കേരളം കടക്കെണിയിലാണ്. ഓരോ മലയാളിയുടേയും തലയില്‍ 1.2 ലക്ഷം രൂപയുടെ കടഭാരമുണ്ട്. നമ്മള്‍ പാപ്പരായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ കടം വാങ്ങിക്കൊണ്ടേയിരിക്കുന്നു. കേരളത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താന്‍ ഫിനാന്‍സ് കമ്മീഷന്‍ രൂപീകരിക്കും. പാര്‍ട്ടി ആഗ്രഹിക്കുന്നെങ്കില്‍ നിയസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും മുഖ്യമന്ത്രിയാകുകയും ചെയ്യും. ഞാന്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ ഇതൊന്നും നേടാനാകില്ല.

ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുകയാണെന്ന കാര്യം പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനാണ് അറിയിച്ചത്. ശ്രീധരന്‍ തന്നെ പാര്‍ട്ടിയില്‍ ചേര്‍ന്ന കാര്യം സ്ഥിരീകരിക്കുകയും ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. താന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്നുള്ള ഒറ്റ കാരണം കൊണ്ട് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ കാലമായി ബിജെപി അനുഭാവിയായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുണ്ടെന്നും ശ്രീധരന്‍ അവകാശപ്പെട്ടു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in