'ഞങ്ങളെ വെല്ലുവിളിച്ചാല്‍ കെ.ടി.ജയകൃഷ്ണന്റെ അവസ്ഥ', ഡി.വൈ.എഫ്.ഐ നേതാവിന്റെ കൊലവിളി പ്രസംഗം കോഴിക്കോട്ട്

'ഞങ്ങളെ വെല്ലുവിളിച്ചാല്‍ കെ.ടി.ജയകൃഷ്ണന്റെ അവസ്ഥ', ഡി.വൈ.എഫ്.ഐ നേതാവിന്റെ കൊലവിളി പ്രസംഗം കോഴിക്കോട്ട്

സിപിഎമ്മിനെ വെല്ലുവിളിച്ചാല്‍ കെ.ടി.ജയകൃഷ്ണന്റെ ഗതി വരുമെന്ന കൊലവിളി പ്രസംഗവുമായി ഡി.വൈ.എഫ്.ഐ നേതാവ്. കോണ്‍ഗ്രസ്, യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെയാണ് കോഴിക്കോട് എടച്ചേരിയില്‍ ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് പ്രസിഡണ്ട് രാഹുല്‍ രാജിന്റെ ഭീഷണി ഉയര്‍ത്തിയുള്ള പ്രസംഗം.

മുമ്പ് സിപിഎമ്മിനെ വെല്ലുവിളിച്ച ആര്‍എസ്എസ് നേതാവ് കെടി ജയകൃഷ്ണന്‍ ഇന്ന് ഡിസംബര്‍ 1 ന്റെ പോസ്റ്ററില്‍ മാത്രമാണെന്നും പ്രസംഗത്തില്‍ രാഹുല്‍ രാജ്.

സിപിഎമ്മും യൂത്ത് ലീഗ്-കോണ്‍്ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ എടച്ചേരിയില്‍ സംഘര്‍ഷം തുടരുന്ന പശ്ചതാത്തലത്തിലാണ് പ്രസംഗം. ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ. നാദാപുരം ബ്ലോക്ക് പ്രസിഡന്റ്, യുവജന കമ്മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്ന ചുമതലകളും രാഹുലിനുണ്ട്.

രാഹുല്‍ രാജിന്റെ പ്രസംഗത്തില്‍ നിന്ന്

യൂത്ത് ലീഗുകാരനോട് ഒരു കാര്യം കൂടി പറഞ്ഞുവെക്കുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് കള്ളകഥകള്‍ പ്രചരിപ്പിക്കരുത്. ഞങ്ങള്‍ പറഞ്ഞുതരാം. നിലക്ക് നിര്‍ത്തും. ആര്‍എസ്എസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ അറിയാല്ലോ യൂത്ത് ലീഗിന്, ഞങ്ങളെ വെല്ലുവിളിച്ച ഒരു നേതാവുണ്ടായിരുന്നു കെടി ജയകൃഷ്ണ്‍. ഡി.വൈ.എഫ്.ഐ.ക്കാരന്‍ റോഡില്‍ ഇറങ്ങി കഴിഞ്ഞാല്‍ കൊല്ലും, കഴുവേറ്റും എന്നായിരുന്നു വെല്ലുവിളിച്ചത്. ഒരു കാര്യം മനസിലാക്കിക്കോ, ആ കെ.ടി ജയകൃഷ്ണനെ ഇന്ന് നിങ്ങള്‍ക്ക് ഡിസംബര്‍ ഒന്നിന്റെ പോസ്റ്ററില്‍ മാത്രമെ കാണുള്ളൂ.

ആ ആര്‍എസ്എസിനേക്കാളും ഒന്നും വലുതല്ല എടച്ചേരിയിലെ യൂത്ത് ലീഗ്, എടച്ചേരിയിലെ കോണ്‍ഗ്രസ്. മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം കോണ്‍ഗ്രസ് പ്രവര്‍ത്തകനും യൂത്ത് ലീഗ് പ്രവര്‍ത്തകനും നടത്താം. അപവാദ പ്രചരണങ്ങളുമായി മുന്നില്‍ നിന്നും കഴിഞ്ഞാല്‍, ഒറ്റ യൂത്ത് ലീഗുകാരനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും നാട്ടിലിറങ്ങി നടക്കില്ല.

AD
No stories found.
The Cue
www.thecue.in