പൂന്തുറ സിറാജ് പി.ഡി.പിയില്‍ നിന്ന് പുറത്ത്, ഒരു തൂവല്‍ നഷ്ടപ്പെട്ടെന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ലെന്ന് മദനി

പൂന്തുറ സിറാജ് പി.ഡി.പിയില്‍ നിന്ന് പുറത്ത്, ഒരു തൂവല്‍ നഷ്ടപ്പെട്ടെന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ലെന്ന് മദനി

പൂന്തുറ സിറാജിനെ പി.ഡി.പിയില്‍ നിന്ന് പുറത്താക്കി. അച്ചടക്കലംഘനത്തിന്റെ പേരിലാണ് നടപടിയെന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി ബംഗളൂരുവില്‍ നിന്ന് അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പൂന്തുറ സിറാജ് ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് നടപടി. പൗരത്വ പ്രക്ഷോഭത്തിലും മദനിയുടെ നീതിക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടികളിലും പൂന്തുറ സിറാജ് സഹകരിച്ചില്ലെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ വിശദീകരിച്ചു.

കേവലം ഒരു കോര്‍പ്പറേഷന്‍ സീറ്റിനുവേണ്ടി 25 വര്‍ഷത്തോളമായുള്ള സംഘടനാബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനം രാഷ്ട്രീയ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതും വഞ്ചനയുമാണെന്ന് വാര്‍ത്താ കുറിപ്പില്‍ പരാമര്‍ശിക്കുന്നു. പൂന്തുറ സിറാജ് ഐഎന്‍എല്ലില്‍ ചേര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മാണിക്കവിളാകം ഡിവിഷനില്‍ മത്സരിക്കുമെന്നാണ് വിവരം. നിലവില്‍ പി.ഡി.പി ഒറ്റയ്ക്ക് മത്സരിക്കുന്ന വാര്‍ഡാണിത്. 2019 ലെ പി.ഡി.പി സംഘടനാ തെരഞ്ഞെടുപ്പില്‍ തഴയപ്പെട്ടെങ്കിലും പിന്നീട് സംസ്ഥാന വൈസ് പ്രസിഡന്റായി അദ്ദേഹത്തൈ നോമിനേറ്റ് ചെയ്തിരുന്നു.

എന്നാല്‍ സിറാജ് സ്ഥാനമേറ്റെടുക്കാതെ വിട്ടുനില്‍ക്കുകയായിരുന്നു. ഒരു തൂവല്‍ നഷ്ടപ്പെട്ടെന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ല, അതുപോലെ ഒരു പരാജയമോ നഷ്ടമോ നമ്മളെ തളര്‍ത്താതിരിക്കട്ടെ' എന്നായിരുന്നു ഇതേക്കുറിച്ച് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയുള്ള പ്രതികരണം. ഭാരമേല്‍പ്പിക്കുന്നത് അല്ലാഹുവിനെയാണെങ്കില്‍ ഒരിക്കലും ദുഖിക്കേണ്ടി വരില്ലെന്നും മദനി പറയുന്നു.

PDP Sacked Poonthura Siraj; nothing will happen to party ,Says Chairman Madani

AD
No stories found.
The Cue
www.thecue.in