എന്നെ കൊല്ലരുത്, എനിക്ക് രണ്ട് മക്കളുണ്ടെന്ന് കോണ്‍ഗ്രസ് അക്രമികളോട് സിയാദ് കേണപേക്ഷിച്ചെന്ന് മന്ത്രി കടകംപള്ളി

എന്നെ കൊല്ലരുത്, എനിക്ക് രണ്ട് മക്കളുണ്ടെന്ന് കോണ്‍ഗ്രസ് അക്രമികളോട് സിയാദ് കേണപേക്ഷിച്ചെന്ന് മന്ത്രി കടകംപള്ളി
Summary

വലതുപക്ഷ മാധ്യമങ്ങള്‍ വെള്ളരിപ്രാവിന്റെ മേലങ്കിയണിയിച്ച ചെന്നായ്ക്കളാണ് കോണ്‍ഗ്രസ്

കായംകുളത്ത് സിപിഐഎം പ്രവര്‍ത്തകന്‍ സിയാദിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വമെന്ന് സിപിഐം. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിന്നാലെ മന്ത്രി കടകംപള്ളി സുരേന്ദ്രനും കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നു.

'എന്നെ കൊല്ലരുത്, എനിക്ക് രണ്ട് മക്കളുണ്ട്...'' കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന കായംകുളത്തെ സിപിഐഎം പ്രവര്‍ത്തകനായ സിയാദ് അവസാനമായി കോണ്‍ഗ്രസ് അക്രമികള്‍ക്ക് മുന്നില്‍ കേണപേക്ഷിച്ചത് ഇങ്ങനെയാണെന്നും കടകംപള്ളി സുരേന്ദ്രന്‍. പൊതുപ്രവര്‍ത്തകനായിരുന്ന സിയാദ് മത്സ്യവ്യാപാരം നടത്തുന്ന ജോലി കഴിഞ്ഞ് വീട്ടില്‍ വന്ന് ഭാര്യയോടൊപ്പം ഭക്ഷണം ഉണ്ടാക്കി, കോവിഡ് ക്വാറന്റൈയിന്‍ കേന്ദ്രത്തില്‍ എത്തിച്ചു മടങ്ങുമ്പോഴാണ് കോണ്‍ഗ്രസ് ആസൂത്രിതമായി കൊലക്കത്തിക്ക് ഇരയാക്കിയത്. ക്വാറന്റൈയിനില്‍ കഴിയുന്നവര്‍ക്ക് ആഹാരമെത്തിച്ച് തിരികെവരുന്നതും കാത്തിരുന്ന മക്കളായ അഞ്ചുവയസുകാരി ഐഷയുടേയും ഒരു വയസായ ഹൈറയുടേയും മുന്നിലേക്ക് വെള്ളത്തുണിയില്‍ പൊതിഞ്ഞു കൊണ്ടുവന്നത് പിതാവിന്റെ ചേതനയറ്റ ശരീരമാണെന്നും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

കടകംപള്ളിയുടെ വാക്കുകള്‍

ഇവിടുത്തെ വലതുപക്ഷ മാധ്യമങ്ങള്‍ ചേര്‍ന്നു വെള്ളരിപ്രാവിന്റെ മേലങ്കിയണിയിച്ച ചെന്നായ്ക്കളാണ് കോണ്‍ഗ്രസ് എന്നത് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. കമ്യൂണിസ്റ്റുകാരന്‍ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയാകുമ്പോള്‍ മൗനം പാലിക്കുന്ന മാധ്യമങ്ങളുള്ള നമ്മുടെ നാട്ടില്‍ അന്തിച്ചര്‍ച്ചയ്ക്കുള്ള വിഷയം പോലുമാവാതെ ഈ നിഷ്ടൂരകൃത്യവും തമസ്‌കരിക്കപ്പെടുവാന്‍ തന്നെയാണ് സാധ്യത. കൊലക്കത്തിയുടെ മുകളിലേക്ക് സഖാവ് സിയാദ് മറിഞ്ഞുവീഴുകയായിരുന്നു എന്ന് എഡിറ്റോറിയല്‍ എഴുതിയാല്‍ പോലും അത്ഭുതമില്ല.

പ്രതിയെ സഹായിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ സഹായിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍. മുഖ്യപ്രതി മുജീബിനെ ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ചത് കോണ്‍ഗ്രസ് കൗസിലര്‍ ആയ കാവില്‍ നിസാമാണെന്ന് പൊലീസ് അറിയിച്ചു. കുറ്റകൃത്യം അറിഞ്ഞിട്ടും ഇയാള്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നില്ല.

ചൊവ്വാഴ്ച രാത്രിയാണ് സിയാദ് കൊല്ലപ്പെട്ടത്. കായംകുളം എംഎസ്എം സ്‌കൂളിന് സമീപത്തുവെച്ചായിരുന്നു കൊലപാതകം. കേസിലെ പ്രതി മുജീബിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിയാദിനെ കൊലപ്പെടുത്തിയ ശേഷം ഉണ്ടായ മറ്റൊരു സംഘര്‍ഷത്തില്‍ വേട്ടേറ്റ മുജീബ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയപ്പോഴായിരുന്നു അറസ്റ്റിലായത്.

വിവിധയിടങ്ങളിലായി 25ല്‍ അധികം കേസുകളില്‍ മുജീബ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. നാല് മാസം മുമ്പാണ് ഇയാള്‍ ജയില്‍ മോചിതനായത്. സിയാദിനെ കൊലപ്പെടുത്താന്‍ മുജീബിനൊപ്പമെത്തിയ നാലംഗസംഘത്തിലെ ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എംഎസ്എം സ്‌കൂള്‍ ജംഗ്ഷന്‍ കേന്ദ്രീകരിച്ച് നാളുകളായി തമ്പടിച്ചിരുന്ന ക്വട്ടേഷന്‍ സംഘങ്ങളെ സിയാദിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Related Stories

No stories found.
logo
The Cue
www.thecue.in