തെറ്റെങ്കില്‍ വകുപ്പ് ലീഗ് കൈകാര്യം ചെയ്തപ്പോള്‍ എന്തേ തിരുത്തിയില്ല? പാലൊളി മുഹമ്മദ് കുട്ടി

തെറ്റെങ്കില്‍ വകുപ്പ് ലീഗ് കൈകാര്യം ചെയ്തപ്പോള്‍ എന്തേ തിരുത്തിയില്ല? പാലൊളി മുഹമ്മദ് കുട്ടി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 ശതമാനം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരിന് പിശകുപറ്റിയെന്ന് സംശയിക്കുന്നതായി താങ്കള്‍ മാധ്യമങ്ങളോട് പറഞ്ഞുവല്ലോ? ഇതിന്റെ സാഹചര്യം എന്താണ്?

എണ്‍പത് ഇരുപത് അനുപാതം ശരിയല്ല എന്ന വിധത്തിലാണ് കോടതി പരാമര്‍ശം വന്നത്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ മുസ്ലിം വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുമ്പോള്‍ അതിനായി നീക്കിവെച്ചിട്ടുള്ള സംഖ്യയാണ് പത്തു കോടി രൂപ.

ഇതോടൊപ്പം തന്നെ നമ്മുടെ സമൂഹത്തില്‍ പരിവര്‍ത്തനം ചെയ്യപ്പെട്ട ക്രിസ്ത്യാനികളും ലത്തീന്‍ വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യാനികളുമുണ്ട്. ക്രിസ്ത്യന്‍ വിഭാഗം പൊതുവില്‍ സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുമ്പോഴും ഈ വിഭാഗം ഇപ്പോഴും ദരിദ്രരാണ്.

ഈ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ അവരുടെ പ്രശ്‌നങ്ങളും എറ്റെടുത്തു, അതാണുണ്ടായത്. അത് വേണ്ടത്ര ബോധ്യപ്പെടാത്തതുകൊണ്ട് കോടതി അങ്ങനെയൊരു വിധി പ്രഖ്യാപിച്ചു എന്ന സംശയമാണ് ഞാന്‍ പ്രകടിപ്പിച്ചത്. ഗവണ്‍മെന്റ് ന്യൂനപക്ഷങ്ങള്‍ക്കായി ഒരു കമ്മിറ്റി കൊണ്ടു വന്നു അതില്‍ മുസ്ലിങ്ങള്‍ക്ക് മാത്രം എണ്‍പത് മറ്റുള്ളവര്‍ക്ക് 20 എന്ന മട്ടിലാണ് കോടതി കണ്ടത്. അത് ശരിയല്ലല്ലോ?

ജനസംഖ്യാനുപാതമായി ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നടപ്പിലാക്കുന്നത് ശരിയല്ല എന്നാണോ ഈ പരാമര്‍ശം കൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്നത്?

സാമുദായികമായി നോക്കുമ്പോള്‍ തന്നെ ഈ ആനുകൂല്യം കൊടുക്കുന്നത് അര്‍ഹതപ്പെട്ട വിഭാഗത്തിന് മാത്രമല്ലേ. മുസ്ലിം വിഭാഗത്തിന് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണല്ലോ നീക്കിവെച്ചത്. ദരിദ്രമായിട്ടുള്ള കുടുംബങ്ങളിലുള്ള മുസ്ലിം കുട്ടികള്‍ക്കാണല്ലോ ഇതില്‍ പ്രാധാന്യം കൊടുത്തതും.

അതുപോലെ ക്രിസ്ത്യന്‍ വിഭാഗത്തിലെ ലത്തീന്‍ വിഭാഗം, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗം എന്നിവര്‍ക്കല്ലേ ഈ ആനുകൂല്യം പോകുന്നത്. കേരളത്തിന്റെ സാമൂഹിക സ്ഥിതി വെച്ച് ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ മറ്റൊരു വിഭാഗം ഇതിനേക്കാള്‍ മോശപ്പെട്ട അവസ്ഥയില്‍ ജീവിക്കുന്നുണ്ടെങ്കില്‍ അവരെ കൂടി പരിഗണിക്കുന്നു എന്നുള്ളത് തെറ്റായ കാര്യമല്ലല്ലോ. അതിന്റെ ഭാഗമായി മുസ്ലിങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ തെറ്റാണ്. അങ്ങനെ ഇവിടെ സംഭവിക്കുന്നില്ലല്ലോ.

ജനസംഖ്യാടിസ്ഥാനത്തില്‍ പുനക്രമീകരിക്കുമ്പോള്‍ ആനുകൂല്യം നഷ്ടപ്പെടുന്ന സ്ഥിതി തന്നെയല്ലേ ഉണ്ടാകുന്നത്?

സച്ചാര്‍ കമ്മീഷന്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട സമയത്ത് ഈ നിര്‍ദേശമല്ലാതെ ഇതിനു വേണ്ടി ഫണ്ട് തന്നിട്ടില്ലല്ലോ. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടാണല്ലോ ഉപയോഗിക്കുന്നത്.

ഈ സംസ്ഥാനത്തിന്റെ സാമൂഹിക സ്ഥിതി കൂടി പരിഗണിച്ചുകൊണ്ട് ഒരു ചെറിയ ശതമാനം മറ്റുള്ളവര്‍ക്ക് കൂടി വേണ്ടി നീക്കി വെച്ചു എന്നുള്ളത് അത്ര വലിയ തെറ്റായിട്ട് കാണേണ്ടതുണ്ടോ. അവരെ പോലെ പ്രശ്‌നങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന വിഭാഗത്തിനല്ലേ കിട്ടുന്നത്. അതൊരു തെറ്റായ കാര്യമല്ലല്ലോ. നേരെമറിച്ച് അതിന്റെ ഭാഗമായി ഇവര്‍ക്ക് കിട്ടുന്നത് നഷ്ടപ്പെടുന്നില്ലല്ലോ.

ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പൊതുവായി നല്‍കുന്ന ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി അര്‍ഹതയുള്ളവര്‍ക്ക് നിലവിലുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പുകളിലൂടെയോ ന്യൂനപക്ഷ കമ്മീഷനിലൂടെയോ നടപ്പിലാക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെടുന്നുണ്ടല്ലോ?

അതെ, കോശി കമ്മീഷന്‍ പോലുള്ളവയുണ്ടല്ലോ, ആ കമ്മീഷന്‍ റിപ്പോര്‍ട്ടടിസ്ഥാനത്തില്‍ അങ്ങനെ ചെയ്യുന്നതില്‍ വിരോധമുണ്ടാകില്ലല്ലോ. ആ റിപ്പോര്‍ട്ടു വരുമ്പോള്‍ തീര്‍ച്ചയായും അതിന്റെ ഭാഗമായിട്ടുള്ള ചില നടപടികളിലേക്ക് പോകേണ്ടി വരും.

പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റി ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പഠന വിധേയമാക്കിയിട്ടില്ലല്ലോ? കമ്മിറ്റി പഠിച്ചത് മുസ്ലിം വിഭാഗങ്ങളുടെ പ്രശ്‌നം മാത്രമല്ലേ?

വിമര്‍ശനം പലതും വരുമല്ലോ. ആ കമ്മിറ്റി രൂപീകരിക്കുമ്പോള്‍ നമ്മുടെ മുമ്പിലുള്ള പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ മുസ്ലിം വിഭാഗത്തിന്റേതായിരുന്നു. കമ്മിറ്റിയുടെ പ്രവര്‍ത്തനം ആരംഭിച്ച ഘട്ടത്തില്‍ ഈ പദ്ധതിയുടെ ഗുണഭോക്തക്കളായി വരുന്ന വീടിന്റെ തൊട്ടടുത്ത വീടുകളില്‍ പോലും മുസ്ലിം വിഭാഗങ്ങള്‍ അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നവരെ കാണുമ്പോള്‍ അവര്‍ക്കും കൂടി ചിലത് ചെയ്തു എന്നതേയുള്ളൂ. അതൊരു വലിയ അപരാധമായിട്ട് ഞാന്‍ കാണുന്നില്ല.

പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റിയില്‍ ക്രിസ്ത്യന്‍ പ്രതിനിധികളടക്കം ഉണ്ടല്ലോ. മുസ്ലിം മതസംഘടനകളുടെ എല്ലാ നേതാക്കളും കമ്മിറ്റിയിലുണ്ട്. അങ്ങനെയുള്ള കമ്മിറ്റിയാണല്ലോ പതിനാല് ജില്ലകളില്‍ പോയി അഭിപ്രായങ്ങള്‍ കേള്‍ക്കുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തത്.

നിലവില്‍ മുസ്ലിം വിഭാഗത്തിന് അര്‍ഹമായ ആനുകൂല്യത്തിന്റെ അനുപാതം ഇല്ലാതാവുകയല്ലേ?

മുസ്ലിങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടികൊണ്ടിരിക്കുന്ന ആനുകൂല്യം എന്തെങ്കിലും നഷ്ടപ്പെടുന്നുണ്ടോ. നഷ്ടപ്പെടില്ല എന്നല്ലേ മുഖ്യമന്ത്രി ഉറപ്പു പറഞ്ഞിരിക്കുന്നത്. 2011 ലാണ് എണ്‍പത് ഇരുപത് അനുപാതവുമായി ബന്ധപ്പെട്ട തീരുമാനം അന്നത്തെ സര്‍ക്കാര്‍ എടുത്തത്. അത് എടുത്ത് തൊട്ടടുത്ത മാസമാണ് തെരഞ്ഞെടുപ്പ്. ഇതിന് പിന്നാലെ അധികാരത്തില്‍ വന്നത് യുഡിഎഫ് സര്‍ക്കാരാണ്. അഞ്ചു കൊല്ലം ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ ഭരിച്ചു. ആ അഞ്ചുകൊല്ലവും മുസ്ലിം ലീഗിന്റെ മന്ത്രിയാണ് ഈ വകുപ്പ് കൈകാര്യം ചെയ്തത്. ഇത് തെറ്റാണെന്ന് അവര്‍ക്ക് ഇപ്പോള്‍ തോന്നുന്നത് അന്ന് എന്തേ തോന്നാത്തത്. അവര്‍ക്ക് മാറ്റിക്കൂടായിരുന്നോ.

ജനസംഖ്യാനുപാതത്തില്‍ ആക്കണമെന്നിടത്താണല്ലോ അവര്‍ പ്രശ്‌നം പറയുന്നത്.

എണ്‍പത് ഇരുപത് എന്നുള്ള നിര്‍ദേശം വെച്ചതും വിജ്ഞാപനം ഇറക്കിയതും ഇടതുപക്ഷ സര്‍ക്കാരാണ്. ഉത്തരവ് നടപ്പിലാക്കിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. അന്ന് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത് മുസ്ലിം ലീഗിന്റെ മന്ത്രിയാണ്. തൊട്ടു മുന്‍പത്തെ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പിഴവ് വന്നിട്ടുണ്ടെങ്കില്‍ തിരുത്താന്‍ അവര്‍ക്ക് സാധിക്കണ്ടേ. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അന്ന് ഇല്ലായിരുന്നല്ലോ. മുസ്ലിം വിഭാഗത്തിന് അര്‍ഹതപ്പെട്ടത് നഷ്ടപ്പെടുന്നുണ്ടെങ്കില്‍ സര്‍ക്കാരിനത് ന്യായമായിട്ടും പരിശോധിച്ച് തിരുത്താന്‍ കഴിയും. സുപ്രീം കോടതി തീരുമാനം അല്ലല്ലോ ഇത്. ഗവര്‍ണമെന്റ് പ്രായോഗികമായി എടുത്തിട്ടുള്ള തീരുമാനമല്ലേ

Related Stories

No stories found.
logo
The Cue
www.thecue.in