അവിശ്വാസ പ്രമേയത്തില്‍ തീരില്ല,ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുംവരെ സമരം: ഷാഫി പറമ്പില്‍ അഭിമുഖം

അവിശ്വാസ പ്രമേയത്തില്‍ തീരില്ല,ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുംവരെ സമരം: ഷാഫി പറമ്പില്‍ അഭിമുഖം

ഇടത് സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് പ്രതിപക്ഷനിരയിലെ യുവനേതാവ് ഷാഫി പറമ്പില്‍ എംഎല്‍എ സംസാരിക്കുന്നു.

Q

അവിശ്വാസ പ്രമേയം അവതരിപ്പിച്ച് ചര്‍ച്ചയും പൂര്‍ത്തിയായി. പ്രതിപക്ഷം പ്രകടനത്തെ സ്വയം എങ്ങനെയാണ് വിലയിരുത്തുന്നത്.

A

മൂന്നേമുക്കാര്‍ മണിക്കൂര്‍ കേരളത്തിന്റെ മുഖ്യമന്ത്രി സംസാരിച്ചിട്ടും ലൈഫ് മിഷനിലെ എംഒയു എവിടെയാണ്, ആരാണ് യൂണിടെക്കിന് സ്ഥലം കൈമാറിയത്, അതിന്റെ പേരില്‍ നാലേകാല്‍ കോടി രൂപ കമ്മീഷന്‍ ലഭിച്ചത് അറിഞ്ഞുവെന്ന് കൈരളിയിലെ ചര്‍ച്ചയില്‍ പറഞ്ഞത്, വേറൊരു അഞ്ച് കോടി രൂപ രജിത്ത് രാമചന്ദ്രന്റെ ഭാര്യ ജോലി ചെയ്യുന്ന ബാങ്കിലുണ്ടെന്ന് പറയപ്പെടുന്നത്, സ്വപ്‌നയും നിയമനം, സ്വര്‍ണ്ണക്കടത്ത്, മന്ത്രി കെടി ജലീലിനെതിരായ ആരോപണങ്ങള്‍ ഇതിനൊന്നും ഉത്തരമുണ്ടായില്ല. കെ ടി ജലീല്‍ പറയുന്നത് താന്‍ പൂര്‍ണമായും വിശ്വസിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ അവിശ്വാസമല്ല പ്രതിപക്ഷം ചോദിച്ചത്. വിദേശ സഹായം തേടുന്നതിന് അനുമതിയുണ്ടായിരുന്നോ എന്നാണ് ഞങ്ങളുടെ ചോദ്യം. ഒരു മന്ത്രിയെ സംബന്ധിച്ചിടത്തോളം ഇല്ല. സി ആപ്റ്റിലേക്ക് നേരിട്ട് കൊണ്ടുപോകാനുള്ള തീരുമാനം എടുത്തത് ആരാണ്? മന്ത്രിയാണോ ഉദ്യോഗസ്ഥരാണോ? ഒരു ബോക്‌സ് മാത്രം തുറന്ന് നോക്കിയിട്ട് ബാക്കി ബോക്‌സുകളില്‍ ഖുറാനാണെന്ന് പറഞ്ഞു. അതിലൊന്ന് ബംഗളൂരുവിലേക്ക് കൊണ്ടു പോയി എന്ന് പറയുന്നു. തൃശൂരിന് അപ്പുറത്തേക്ക് സി ആപ്റ്റിന്റെ വണ്ടിയിലെ ജിപിഎസ് വര്‍ക്ക് ചെയ്തില്ലെന്ന് പറയുന്നു. ഇതിനെതിരെ കേന്ദ്രം അന്വേഷണം നടത്തുന്നു. വിദേശ സഹായം നിയമവഴിയല്ലാതെ സ്വീകരിച്ചതിന് ഒരു മന്ത്രിക്കെതിരെ അന്വേഷണം നടക്കുന്നു. വാട്‌സ്ആപ്പ് മെസേജുകളും സ്‌ക്രീന്‍ ഷോട്ടുകളും മന്ത്രിയുടെ പ്രതികരണം വഴി തന്നെ പുറത്ത് വന്നിരിക്കുകയാണ്. ഈ സംഭവത്തില്‍ സര്‍ക്കാരിന്റെ നിലപാടെന്താണ്?. അതിന്റെ നിയമപരമായ വശങ്ങള്‍ പറയാതെ, മുഖ്യമന്ത്രി മന്ത്രിയെ പൂര്‍ണമായും വിശ്വസിക്കുന്നുവെന്നാണ് മറുപടി നല്‍കിയത്. മന്ത്രി കെടി ജലീല്‍ ക്വാറന്റീനില്‍ പോയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിയമസഭാ സമ്മേളനത്തിന് കൊവിഡ് പരിശോധന നടത്തിയെത്താനാണ് ഞങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശം. ആന്റിജന്‍ ടെസ്റ്റ് നടത്തി മന്ത്രിക്കും സമ്മേളനത്തിന് വരാവുന്നതല്ലേയുള്ളു. അപ്പോള്‍ ഡിപ്ലോമാറ്റിക് ക്വാറന്റീന്‍ എന്ന മട്ടില്‍ മാറ്റി നിര്‍ത്തുകയായിരുന്നു. പ്രതിപക്ഷനേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നിലും മറുപടിയില്ലായിരുന്നു. മരവും ചെടിയും നട്ടതും എല്ലാമായിരുന്നു മറുപടി. നയപ്രഖ്യാപനമോ ബജറ്റ് പ്രസംഗമോ പോലെ മൂന്നേമുക്കാല്‍ മണിക്കൂര്‍ സംസാരിച്ചിട്ടും ഒരു ചോദ്യത്തിനും കൃത്യമായി ജനങ്ങളെ വിശ്വസിപ്പിക്കാവുന്ന മറുപടികളില്ലായിരുന്നു. നിയമസഭയിലെ അവിശ്വാസ പ്രമേയം ഞങ്ങളുടെ ഒരു സമരമായിരുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുന്നത് വരെ, ഉത്തരമില്ലാത്ത ചോദ്യങ്ങളില്‍ നടപടിയുണ്ടാകുന്നത് വരെ സഭയ്ക്ക് പുറത്ത് ഞങ്ങള്‍ സമരം തുടരും.

Q

അവിശ്വാസ പ്രമേയം നിയമസഭയില്‍ ഭരണപക്ഷത്തിന് കാര്യങ്ങള്‍ വിശദീകരിക്കാനുള്ള അവസരമാക്കി മാറ്റാന്‍ കഴിഞ്ഞുവെന്ന വിലയിരുത്തലും വരുന്നുണ്ട്.

A

ഭരണപക്ഷത്തിന് എന്ത് കാര്യമാണ് വിശദീകരിച്ചതെന്നതാണ് പ്രധാനം. ജനങ്ങള്‍ ഇപ്പോള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത് വസ്തുതകളാണ്. അത് വിശദീകരിക്കുന്നതിന് പകരം എന്തൊക്കെയോ കുറെ നേരം പറഞ്ഞു കൊണ്ടിരുന്നത് അവര്‍ക്ക് ഇക്കാര്യത്തില്‍ ഒരു മറുപടിയുമില്ലെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കാന്‍ കഴിഞ്ഞുവെന്നതാണ് അവിശ്വാസ പ്രമേയത്തിന്റെ വിജയം. കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാ ദിവസവും ആറ് മണിക്ക് മുഖ്യമന്ത്രി പറയുന്നത് നമ്മള്‍ കേള്‍ക്കുന്നതാണ്. ആ വിശദീകരിച്ചതില്‍ തന്നെ എന്തെല്ലാം തെറ്റായിരുന്നു. പ്രളയഫണ്ട് മുഴുവനായി വിതരണം ചെയ്തുവെന്ന് പറഞ്ഞു.എന്നിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ പ്രളയവുമായി ബന്ധപ്പെട്ട് വന്ന കോടി കണക്കിന് രൂപ വിതരണം ചെയ്യാതെ കിടക്കുകയാണ്. കവളപ്പാറയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പോലും ഇപ്പോളാണ് പണം ലഭിക്കുന്നത്. മാധ്യമങ്ങളും പ്രതിപക്ഷവും ഉയര്‍ത്തിയ ആരോപണങ്ങളിലെ മറുപടിയാണ് ജനങ്ങള്‍ക്ക് കേള്‍ക്കേണ്ടിയിരുന്നത്. അത് പറയാന്‍ കഴിയാതിരുന്നത് വലിയ പരാജയമാണ്. ജനങ്ങള്‍ക്ക് അവിശ്വാസം വര്‍ദ്ധിക്കുകയാണ് ചെയ്തത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയാന്‍ വേറെയും അവസരങ്ങളുണ്ടാകുമായിരുന്നു.

Q

ലൈഫ് മിഷന്‍, സ്വര്‍ണ്ണക്കടത്ത്, പ്രളയഫണ്ട് തുടങ്ങി പ്രതിപക്ഷം ഇതുവരെ ഉയര്‍ത്തിക്കൊണ്ടു വന്ന വിഷയങ്ങളുടെ ഗൗരവം നിയമസഭയില്‍ നിലനിര്‍ത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടുണ്ടോ

A

മറുപടികളില്ലാതാവുമ്പോള്‍ ചോദ്യങ്ങളുടെ ഗൗരവം വര്‍ദ്ധിക്കുകയാണ്. ഒരു ചോദ്യം ചോദിച്ച് മറുപടി ലഭിച്ചാല്‍ ഉത്തരത്തിനും ചോദ്യത്തിനും ഒപ്പം നില്‍ക്കാന്‍ ആളുണ്ടാകും. ഈ വിഷയങ്ങളിലെ നിയമനടപടികളും അവസാനിച്ചിട്ടില്ല. അവിശ്വാസ പ്രമേയം നിയമനടപടികളുടെ അന്ത്യമല്ല. അത് പ്രതിപക്ഷം എന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്വവും കടമയും നിറവേറ്റലായിരുന്നു. നിയമവശത്ത് നിന്നുള്ള ഒളിച്ചോട്ടമായി അതിനെ കാണാന്‍ കഴിയില്ല. നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ്. ഞങ്ങളുടെ മുന്നില്‍ ഉത്തരം മറച്ച് വക്കാം. ബിജെപി- സിപിഎം ഒത്തുതീര്‍പ്പില്ലെങ്കില്‍ അന്വേഷണത്തില്‍ കൃത്യമായ ഉത്തരം പുറത്ത് വരും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉപവാസം നടത്തുകയാണ്. അവിശ്വാസ പ്രമേയത്തിലൂടെ കെട്ടിപൂട്ടി വെയ്ക്കുന്ന വിഷയങ്ങളല്ല ഞങ്ങള്‍ ഉയര്‍ത്തിയത്. ഉത്തരം കിട്ടുന്നത് വരെ രാഷ്ട്രീയ പോരാട്ടം തുടരും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രതികരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാണ്. യൂത്ത് കോണ്‍ഗ്രസും സമരത്തിലേക്ക് നീങ്ങുകയാണ്. അത് ഉടന്‍ പ്രഖ്യാപിക്കും.

Q

നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അപ്പുറം പുതിയ വിവരങ്ങള്‍ എന്തെങ്കിലും അവിശ്വാസ പ്രമേയത്തിനിടെ പ്രതിപക്ഷത്തിന് സഭയിലും ജനങ്ങള്‍ക്ക് മുന്നിലും വെക്കാന്‍ കഴിഞ്ഞില്ലല്ലോ

A

അവിശ്വാസ പ്രമേയം പുതിയ വിവരങ്ങളുടെ മാത്രം അവതരണ വേദിയായി കാണേണ്ടതില്ല.ജനങ്ങള്‍ക്ക് തോന്നിയ അവിശ്വാസം രേഖപ്പെടുത്താനുള്ള വേദിയാണ്. അല്ലാതെ ബ്രേക്കിംഗ് എന്തെങ്കിലും പറയാന്‍ നമ്മള്‍ അവിശ്വാസ പ്രമേയം കൊണ്ടു വരേണ്ടതില്ല. അത് ഓരോ ദിവസവും പറയുന്നുണ്ടല്ലോ. പ്രതിപക്ഷ നേതാവ് ഓരോ ദിവസവും എത്ര വിവരങ്ങളാണ് പുറത്ത് വിടുന്നത്. ലൈഫ് മിഷനിലും സ്പിംഗ്ലറിലുമുള്ള കാര്യങ്ങള്‍ പുറത്ത് വിട്ടില്ലേ. പിന്‍വാതില്‍ നിയമനങ്ങള്‍ പുറത്ത് വരുന്നത് അങ്ങനെയല്ലേ. കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടി തരണം, അല്ലെങ്കില്‍ തന്നെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പി ടി തോമസ് പറഞ്ഞിട്ടും അതിന് മറുപടിയുണ്ടായില്ല. ബെവ്‌കോ ആപ്പുമായി ബന്ധപ്പെട്ട് അഞ്ച് കോടിയുടെ ആരോപണം ഉന്നയിച്ചിട്ടും മറുപടിയില്ല. ഒന്നിനും കൃത്യമായ മറുപടിയുണ്ടായില്ല. ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമില്ലെന്നതായിരുന്നു ഞങ്ങളുടെ വാദം. ഓരോ വിവാദമുണ്ടാകുമ്പോഴും മുഖ്യമന്ത്രി ആദ്യം നടത്തുന്ന പ്രതികരണം പിന്നീട് സംഭവിക്കുന്നതും താരതമ്യം ചെയ്ത് നോക്കിയാല്‍ മാത്രം മതി എല്ലാം വ്യക്തമാകാന്‍.ഡിസ്ലെറി- ബ്ലുവറിയിലും സ്പിംഗ്ലറിലും മടിയില്‍ കനമുള്ളവനേ ഭയക്കേണ്ടതുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്പിംഗ്ലറില്‍ കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തിലെ ഡാറ്റ പ്രൈവസിയെക്കുറിച്ച് ഉള്‍പ്പെടെയുള്ള അഞ്ച് കാര്യങ്ങളും പ്രതിപക്ഷം ഉന്നയിച്ചത് അംഗീകരിച്ചുള്ളതാണ്. പമ്പയിലെ മണല്‍ വാരലിലും അവിഹിതമായി ഒന്നും നടന്നിട്ടില്ലെന്ന് പറഞ്ഞു. അതും നിര്‍ത്തേണ്ടി വന്നു. ബെവ്ക്യു ആപ്പില്‍ പ്രതിപക്ഷത്തെ മുഖ്യമന്ത്രി അപമാനിച്ച് സംസാരിച്ചു. അതും ഒഴിക്കേണ്ടി വന്നു. ഇ മൊബിലിറ്റിയുടെ വിഷയം വന്നപ്പോള്‍ കാര്യങ്ങള്‍ പ്രതിപക്ഷ നേതാവിന് മനസിലാകാന്‍ സമയമെടുക്കുമെന്ന് പറഞ്ഞു. ജനങ്ങള്‍ക്ക് കാര്യം വ്യക്തമായപ്പോള്‍ അതില്‍ നിന്നും പിന്നോട്ട് പോയി. സ്വപ്‌നയുടെ നിയമനത്തില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് പറഞ്ഞു. സര്‍ക്കാര്‍ തന്നെ നിയോഗിച്ച സമിതി ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണെന്ന് കണ്ടെത്തി. ശിവശങ്കറിനെ മാറ്റി നിര്‍ത്തുന്ന ഉത്തരവില്‍ കമ്പനിയുടെ ഈ മറുപടി ഉള്‍പ്പെടുത്തേണ്ടി വന്നു. ഏത് കാര്യം കാര്യം ഉന്നയിക്കുമ്പോഴും പ്രതിപക്ഷ നേതാവിനെ അപമാനിക്കുകയായിരുന്നു ചെയ്തത്. എന്നിട്ട് ഒടുവില്‍ നിന്നും പിന്‍മാറേണ്ടി വന്നു.

Q

അവിശ്വാസ പ്രമേയത്തിന് മേല്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ നടത്തിയ ചര്‍ച്ച തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ പ്രസംഗമായി മാറിയില്ലേ

A

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരെങ്കിലും ആലോചിച്ചിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. സര്‍ക്കാരിന്റെ അവസാന കാലത്തായതിനാല്‍ സ്വാഭാവികമായും അങ്ങനെ വന്നിട്ടുണ്ടാകാം. കൊവിഡായതിനാല്‍ സമ്മേളനം നടക്കുന്നില്ല. സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ വിലയിരുത്തലായി വന്നിട്ടുണ്ടാകാം. ഡിസ്ലെറി- ബ്ലുവറി ഇപ്പോള്‍ നടന്നതല്ലെങ്കിലും അത് ജനങ്ങളില്‍ അവിശ്വാസം ഉണ്ടാക്കിയിരുന്നു. അന്ന് ഇതൊരു പ്രശ്‌നമായി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ അവിശ്വാസം ഉയര്‍ത്തുന്നതിനുള്ള കാരണങ്ങളില്‍ ഒന്നായി അതിനെ ചൂണ്ടിക്കാണിക്കുകയാണ്. ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എടുത്തു വെയ്ക്കുകയെന്നത് ഞങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണല്ലോ.

Q

മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയുമ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊവിഡ് നിയന്ത്രണം ചൂണ്ടിക്കാട്ടി അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് അവിശ്വാസ പ്രമേയം ആശയപരമായി പരാജയപ്പെട്ടതിന്റെ ഉദാഹരണമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടല്ലോ

A

അതിന്റെ ഒരു സൈഡ് മാത്രമാണ് പ്രചരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇങ്ങനെയാണ്. പ്രതിപക്ഷ നേതാവ് ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടിരിക്കുമ്പോള്‍ പാര്‍ലമെന്ററികാര്യ മന്ത്രി എ കെ ബാലന്‍ ഇടപെട്ട് കൊവിഡ് കാലമായതിനാല്‍ അധികം നേരം ഇരുന്നാല്‍ രോഗം പടരുന്ന സാഹചര്യം ഉണ്ടാകില്ലേയെന്ന് പറഞ്ഞു. പ്രതിപക്ഷ നേതാവിനോട് അവസാനിപ്പിക്കാന്‍ പറഞ്ഞത് മനസില്‍ വെച്ചാണ്, രമേശ് ചെന്നിത്തല സംസാരിക്കുമ്പോള്‍ മാത്രമാണോ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ കൊവിഡ് പകരുകയില്ലെന്നും ചോദിച്ചത്. അനുവദിച്ച അമ്പത് മിനിറ്റും കഴിഞ്ഞ് മൂന്നേമൂക്കാല്‍ മണിക്കൂറായപ്പോളാണ് ആ ചോദ്യം വന്നത്. നിയമസഭയിലുണ്ടായിരുന്ന ആളുകള്‍ക്ക് മുഴുവന്‍ ഇക്കാര്യം അറിയാം.

Q

ജോസ് കെ മാണി യുഡിഎഫില്‍ നിന്നും പൂര്‍ണമായും വിട്ടു നിന്നു എന്ന് വ്യക്തമായല്ലോ. അത് തിരിച്ചടിയല്ലേ

A

യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായമാണ് എനിക്ക് പറയാന്‍ കഴിയുക. യുഡിഎഫിന്റെയും പാര്‍ട്ടിയുടെയും അഭിപ്രായം അവരാണ് പറയേണ്ടത്. അവിശ്വാസ പ്രമേയത്തില്‍ ഉള്‍പ്പെടെ എടുത്ത നിലപാടുകള്‍ മുന്നണി ഗൗരവത്തില്‍ കാണണം. ഇനി പുനര്‍വിചിന്തനത്തിന്റെയോ പരിശോധനയുടെയോ ആവശ്യമില്ല. ആര്‍ജ്ജവത്തോടെ തീരുമാനം എടുക്കണമെന്നാണ് യുഡിഎഫ് നേതൃത്വത്തോട് പറയാനുള്ളത്. ഇന്നലെ എടുത്ത നിലപാട് യുഡിഎഫിന് സഹായകരമായിരുന്നില്ല. അങ്ങനെയുള്ളവര്‍ യുഡിഎഫിന്റെ ഭാഗമായി തുടരേണ്ടതില്ല.

Q

ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഒരാളെ നിര്‍ദേശിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് മാറുന്നില്ലേ. ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാള്‍ വേണമെന്ന് സോണിയ ഗാന്ധി തന്നെ നിര്‍ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏത് തരത്തിലുള്ള നേതൃത്വത്തിനെയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയതലത്തില്‍ ആഗ്രഹിക്കുന്നത്.

A

രാഹുല്‍ ഗാന്ധിയുടെ നേതൃത്വമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിലെ ധാര്‍മ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്തു എന്നത് വളരെ നല്ല കാര്യമാണ്. ഐഡിയോളജിയില്‍ വിട്ടുവീഴ്ചയില്ലാത്ത സമരം നടത്തേണ്ട സമയത്ത്, ആശയപരമായി വിട്ടുവീഴ്ച ചെയ്യാത്ത, മോദി-അമിത് ഷാ സഖ്യത്തെ ശക്തമായി എതിരിടുന്ന, മോദിയുടെ കോര്‍പ്പറേറ്റ് കൂട്ടുകെട്ടിനെ സഹായിക്കുന്ന കാര്യം തുറന്ന് കാട്ടുന്നതില്‍ മടിയില്ലാതെ ആര്‍ജ്ജവം കാണിച്ച, കൊവിഡ് കാലത്തെ സാധാരണക്കാരന്റെ വിഷയം നേരത്തെ തന്നെ ശ്രദ്ധയില്‍ കൊണ്ടു വന്ന രാഹുല്‍ ഗാന്ധിയാണ് ഞങ്ങള്‍ക്കൊക്കെ പ്രചോദനം. തെരഞ്ഞെടുപ്പിലെ പരാജയം വ്യക്തിയുടെ പരാജയമായിരുന്നില്ലെന്ന് എല്ലാവര്‍ക്കും അറിയാം. വര്‍ഗ്ഗീയ അജണ്ട നടപ്പാക്കുന്ന ബിജെപിക്ക് അറിഞ്ഞോ അറിയാതെയോ നോര്‍ത്ത് ഇന്ത്യന്‍ ജനങ്ങളില്‍ നിന്നും കിട്ടുന്ന പിന്തുണയാണ് അതിന് കാരണം. ഗാന്ധി കുടുംബത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അതിന് പുറത്ത് നിന്ന് ഒരാള്‍ സ്ഥാനത്തേക്ക് വരട്ടെയെന്ന് അദ്ദേഹം ആഗ്രഹിച്ച് കാണും. ഈ സമയം വലിയ പോരാട്ടത്തിന്റെതാണ്. രാജ്യത്ത് അത്തരമൊരു പോരാട്ടം നടത്തി കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടുവരാനുള്ള കഴിവും ആശയദൃഢതയുമുള്ള നേതാവാണ് രാഹുല്‍ ഗാന്ധി. അദ്ദേഹം തന്നെ നേതൃപദവിലേക്ക് എത്തണം.

Related Stories

No stories found.
logo
The Cue
www.thecue.in