സിപിഎമ്മിനെതിരെ ആസൂത്രിതമായി വ്യാജവാര്‍ത്ത നിര്‍മ്മാണം: വീണാ ജോര്‍ജ്ജ് അഭിമുഖം

സിപിഎമ്മിനെതിരെ ആസൂത്രിതമായി വ്യാജവാര്‍ത്ത നിര്‍മ്മാണം: വീണാ ജോര്‍ജ്ജ് അഭിമുഖം

സൈബര്‍ ആക്രമണം, ചാനല്‍ ചര്‍ച്ചകളിലെ വ്യക്തിഹത്യ, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം എന്നിവയില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജ്ജ് എംഎല്‍എ സംസാരിക്കുന്നു.

Q

പ്രൈംടൈം ചര്‍ച്ചകള്‍ നയിച്ചൊരാള്‍ എന്ന നിലയില്‍ ഇപ്പോള്‍ വാര്‍ത്ത അവതാരകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ എങ്ങനെ കാണുന്നു

A

വ്യക്തിഹത്യയും വ്യക്തിപരമായ ആക്രമണവും സൈബര്‍ സ്‌പേസില്‍ ഉള്‍പ്പെടെ എവിടെ നടന്നാലും, ആര്‍ക്കെതിരെ നടന്നാലും തെറ്റാണ്. ഒരു സംശയവുമില്ല. അത് സൈബര്‍ സ്‌പേസിലാണെങ്കിലും വാര്‍ത്താ മാധ്യമങ്ങളിലാണെങ്കിലും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമമാണെങ്കില്‍ അത് കൂടുതല്‍ ഗൗരവമുള്ളതാണ്. അഭിമാനകരമായ രീതിയില്‍ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്ന ഷൈലജ ടീച്ചര്‍ക്കെതിരെ എത്ര മോശമായ, മ്ലേച്ചമായ ഭാഷയില്‍ അധിക്ഷേപങ്ങളും പോസ്റ്ററുകളുമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നത്. കരുത്തയായ നേതാവും മികച്ച മന്ത്രിയുമായ മേഴ്‌സിക്കുട്ടിയമ്മക്കെതിരെ എത്ര മോശമായ അസഭ്യവര്‍ഷം സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ നടത്തി. ഹനാന്‍ എന്ന കൊച്ചു പെണ്‍കുട്ടിയെ വെറുതെ വിട്ടില്ല. വനിതാ മാധ്യമപ്രവര്‍ത്തകര്‍, ചലച്ചിത്ര താരങ്ങള്‍, എഴുത്തുകാര്‍, പൊതുപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാ മേഖലകളിലുമുള്ള സ്ത്രീകള്‍ ക്രൂരവും നിന്ദ്യവുമായ വ്യക്തിഹത്യക്ക് പാത്രമാകുന്നുണ്ട്. വനിതകള്‍ മാത്രമല്ല, പുരുഷന്‍മാരും. മോശമായ പദപ്രയോഗങ്ങള്‍, അസഭ്യം, കുടുംബാംഗങ്ങളെ അധിക്ഷേപിക്കല്‍ അങ്ങനെ. ഇതെല്ലാം തെറ്റാണ്. ചില വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരില്‍ വ്യക്തിപരമായ അധിക്ഷേപങ്ങളും ഭീഷണികളുമൊക്കെ നാം എല്ലാവരും നേരിട്ടിട്ടുണ്ട്. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഒരു മാധ്യമപ്രവര്‍ത്തകയെ വിമാനത്താവളത്തില്‍ കൈയ്യേറ്റം ചെയ്തത് ആരും മറന്നിട്ടുണ്ടാകില്ല.

ഞാനൊരു കാര്യം ഓര്‍ക്കുന്നു.വ്യത്യസ്തമായ അനുഭവമാണത്. യുഡിഎഫിലെ ഒരു പ്രമുഖ നേതാവിനെതിരെ വളരെ പ്ലാന്‍ഡായ ഒരു കേസുണ്ടായിരുന്നു. ആസൂത്രിതമായൊരു കേസാണ്. അദ്ദേഹത്തിന്റെ ഒപ്പമുള്ളവര്‍ തന്നെയായിരുന്നു ആ കേസിന് പിന്നില്‍. ആ വിഷയം ചര്‍ച്ചയെക്കെടുത്തപ്പോള്‍ അതിന് പിന്നിലെ ആസൂത്രണം വെളിപ്പെട്ടു. സ്റ്റുഡിയോയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ എനിക്ക് ലഭിച്ച ആദ്യ കോള്‍ ഇന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെതാണ്. അദ്ദേഹം ആദ്യം പറഞ്ഞത് വെല്‍ഡണ്‍ എന്നാണ്. രാഷ്ട്രീയം വേറെയായിരിക്കാം പക്ഷേ ഇമ്മാതിരി മോശം പ്രവണതകള്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകരുത്. അത് എക്‌സ്‌പോസ് ചെയ്തത് വളരെ നന്നായി എന്നാണ് പറഞ്ഞത്. ആരോഗ്യപരമായ, ജനാധിപത്യത്തില്‍ ഊന്നിയ സംവാദങ്ങള്‍ ആവശ്യമാണ്. ആര്‍ക്കെതിരെയും, ഏത് മേഖലയിലുള്ളവരാണെങ്കിലും വ്യക്തിപരമായ അധിക്ഷേപം ഉണ്ടാകരുത്. ഇത്തരം അതിക്രമങ്ങളില്‍ നിന്നും എല്ലാവര്‍ക്കും സംരക്ഷണമുണ്ടായിരിക്കണം.

Q

തെരഞ്ഞെടുപ്പുകളില്‍ ചാനലുകള്‍ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് പരസ്യമായി ഉന്നയിച്ചിരുന്നു. വ്യക്തികളെ ടാര്‍ഗറ്റ് ചെയ്യുന്നതായി തോന്നിയിട്ടുണ്ടോ

A

വ്യക്തിപരമായ തലത്തില്‍ നിന്നും ഈ വിഷയത്തെ സമീപിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചതല്ല. പക്ഷേ പൂര്‍ണമായും ശരിയാണ്. എന്റെ അനുഭവമാണത്. എല്ലാ മാധ്യമങ്ങളുമല്ല, ചില മാധ്യമങ്ങള്‍. പ്രത്യേകിച്ച് ഒരു ചാനല്‍. അത് ഏതാണെന്ന് ഞാന്‍ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അത് എല്ലാവര്‍ക്കും അറിയാം. ഒന്നര പതിറ്റാണ്ടിലധികം പ്രവര്‍ത്തിച്ച മാധ്യമമേഖലയില്‍ നിന്നും രാജിവെച്ച് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഞാനിവര്‍ക്ക് വേട്ടായാടാനുള്ള ഇരയായി മാറി. ഇവരുടെ വൈകീട്ട് ഒരു മണിക്കൂറുള്ള പ്രൈംടൈം എനിക്ക് എതിരെ ചര്‍ച്ച ചെയ്യുന്നതിനായി മാറ്റിവെച്ചു. ഞാന്‍ ആ ചര്‍ച്ച അമ്പരപ്പോടെയാണ് കേട്ടത്. കാരണം നിരന്തരം ആ സ്ഥാപനത്തിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ക്ഷണിച്ചവര്‍ക്ക് പെട്ടെന്ന് ഞാന്‍ അനഭിമതയായി. പ്രചരണത്തിനിടെ ഇവരുടെ റിപ്പോര്‍ട്ടര്‍ ആളുകള്‍ക്കിടയില്‍ വെച്ച് അധിക്ഷേപിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ച് ആക്ഷേപിക്കുന്നതിന് ശ്രമം നടത്തി. വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍, കമന്റുകള്‍, എന്റെ പേര് പറയുമ്പോള്‍ പുച്ഛം, പരിഹാസം എല്ലാം ഉണ്ടായി. ആ സ്ഥാപനത്തിലെ സീനിയര്‍ എഡിറ്ററെ വിളിച്ച് എന്തിനാണ് എന്നെ വേട്ടയാടുന്നത്, എന്ത് തെറ്റു ചെയ്തു എന്ന് ചോദിച്ചു. അദ്ദേഹം അവിടെ എത്തുന്നതിന് മുമ്പ് തന്നെ പരിചയമുണ്ട്, ആദരവുണ്ടായിരുന്നു. വീണാ, ഞാന്‍ നിസഹായനാണ് ചാനലിന്റെ പോളിസിയാണെന്നാണ് മറുപടി തന്നത്. 2019ലെ തെരഞ്ഞെടുപ്പില്‍ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടര്‍ തന്നെ എന്റെ വണ്ടിയില്‍ കയറി ഇവിടെ രണ്ട് സ്ഥാനാര്‍ത്ഥികളെ ഉള്ളുവെന്ന് പറഞ്ഞ് കാര്യങ്ങള്‍ വിലയിരുത്തി പോയി. മൂന്ന് ദിവസത്തിന് ശേഷം ഈ സ്ഥാപനം വ്യാജ സര്‍വേയിലൂടെ 20 ശതമാനം വോട്ടേ കിട്ടുകയുള്ളുവെന്ന് പ്രചരിപ്പിച്ചു. അന്നത്തെ ചര്‍ച്ചയൊക്കെ യൂട്യുബ് ചാനലില്‍ കാണാം. ഏതുതലം വരെ ഒരാളെ അക്രമിക്കാന്‍ കഴിയും. ഒരു രാഷ്ട്രീയനയത്തിന്റെ ഭാഗമായി എന്തും പറയാം ഏത് രീതിയിലും വ്യക്തിഹത്യ നടത്താമെന്നത് ശരിയാണെന്ന് മീഡിയയില്‍ പ്രവര്‍ത്തിച്ച ഒരാള്‍ എന്ന നിലയില്‍ എനിക്ക് തോന്നുന്നില്ല. സൈബര്‍ ബുള്ളിയിംഗ് പോലെ തന്നെ ഗുരുതരമാണ് മീഡിയയിലൂടെ നടക്കുന്ന വ്യക്തിഹത്യകളും ആക്രമണങ്ങളും. അതിലുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മുറിവേല്‍ക്കുന്നുണ്ട്. അത് മാധ്യമങ്ങള്‍ ഗൗരവത്തോടെ ചിന്തിക്കണം.

പിജി ഫിസിക്‌സ് പാസായതിന് ശേഷം കൈരളിയില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തനം പഠിക്കുന്നത്. കണ്ടതും പഠിച്ചതുമായ മാധ്യമപ്രവര്‍ത്തനം അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതല്ല. എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നിലപാടുണ്ടാവാം. രാഷ്ട്രീയ ആഭിമുഖ്യമുണ്ടാകാം. പഠനകാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിട്ടുള്ളവരാണ് ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും. മാധ്യമപ്രവര്‍ത്തനത്തിലേക്ക് വരുമ്പോള്‍ നമ്മുടെ രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുകയോ അവതരിപ്പിക്കുകയോ അല്ല. മറിച്ച് സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം അതിന്റെ എല്ലാ മൂല്യങ്ങളോടും കൂടി യാഥാര്‍ത്ഥ്യങ്ങളെ കണ്ടെത്തുകയാണ് ചെയ്യുന്നത്. യാഥാര്‍ത്ഥ്യങ്ങളെ കണ്ടെത്താന്‍ പൊതുജനങ്ങളെ സഹായിക്കുകയാണ് ചെയ്യേണ്ടത്. ഇപ്പോളത്തെ മാധ്യമപ്രവര്‍ത്തനം എത്രത്തോളം ഇത് ഏറ്റെടുത്ത് ചെയ്യുന്നുണ്ടെന്ന് ഗൗരവമായി ആലോചിക്കണം. പ്രതിപക്ഷ ബഹുമാനത്തോടെ, ജനാധിപത്യപരമായി വിഷയം അവതരിപ്പിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും കഴിയും. അതില്‍ നിന്നും പിന്നോട്ട് പോയിട്ടുണ്ടോയെന്ന് മാധ്യമങ്ങള്‍ തന്നെ ഗൗരവമായി ചിന്തിക്കണം. മുമ്പ് പറഞ്ഞ സഥാപനം ഉള്‍പ്പെടെ ഒന്ന് രണ്ട് മാധ്യമങ്ങളുടെ ഇത്തരം നീക്കങ്ങള്‍ക്ക് നിരന്തരം ഇരയായ വ്യക്തി എന്ന നിലയില്‍ സൈബര്‍ ആക്രമണം പോലെ മാധ്യമങ്ങളിലൂടെയുള്ള വ്യക്തിവിരോധം തീര്‍ക്കലും അവസാനിപ്പിക്കണം. വൈരാഗ്യത്തോടെ നേരിടുന്നതും എതിര്‍ കക്ഷികളോടുള്ള രാഷ്ട്രീയ വിരോധം തീര്‍ക്കുന്നതിനുള്ള ഇടമായി മാധ്യമരംഗത്തെ മാറ്റുന്ന രീതിയും മാറേണ്ടതാണ്.

Q

ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കുമെന്നാണ് ഇപ്പോള്‍ ആക്രമണം നേരിട്ട് പരാതി നല്‍കിയ ഒരു അവതാരക പറയുന്നത്. മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തിയ ഒരാള്‍ എന്ന നിലയില്‍ ഇതിനെ എങ്ങനെ വിലയിരുത്തുന്നു

A

ആ മാധ്യമപ്രവര്‍ത്തക പറഞ്ഞത് അവരുടെ നിലപാടും അഭിപ്രായവുമാണ്. എല്ലാവര്‍ക്കും അവരുടെ നിലപാടും അഭിപ്രായവും പറയുന്നതിനും പരാതി കൊടുക്കുന്നതിനും സ്വാതന്ത്ര്യമുണ്ട്. അതിനപ്പുറത്തേക്ക് ഞാന്‍ അതിനെ കുറിച്ച് പ്രതികരിക്കുന്നില്ല.

Q

മാധ്യമപ്രവര്‍ത്തകര്‍ പ്രത്യേകിച്ചും ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്നുണ്ട്. സെന്‍സേഷണലിസവും, അതിവേഗ വിധിനിര്‍ണയവും ഉള്‍പ്പെടെ തിരിച്ചടിയാകുന്നുമുണ്ട്, മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ ഉയരുന്ന വിമര്‍ശനത്തെ എങ്ങനെ കാണുന്നു, കാമ്പുള്ളതാണോ

A

മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും വിമര്‍ശനത്തിന് അതീതരല്ല. ആ വിമര്‍ശനം ചില മാധ്യമങ്ങളെങ്കിലും ചെയ്യുന്നത് പോലെ വ്യക്തിഹത്യ നടത്തലല്ല. വിമര്‍ശനം ജനാധിപത്യത്തിന്റെ സംരക്ഷണത്തിനും ആരോഗ്യപരമായ സഹവര്‍ത്വത്തിനും ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണത്തിനുമായിരിക്കണം. ജനാധിപത്യത്തിന്റെ നാലാം തൂണാണ്. ജനാധിപത്യത്തിന്റെ ജിഹ്വകളാണ് മാധ്യമങ്ങള്‍. ഭരണഘടന അവകാശങ്ങളില്‍ മൗലികാവകാശം ഉറപ്പാക്കല്‍ പ്രധാനമാണ്. വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. മാധ്യമ സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പട്ടതും ഭരണഘടന ഉറപ്പ് നല്‍കുന്നതുമാണ് വ്യക്തി സ്വാതന്ത്ര്യം. പലപ്പോഴും നാം കാണുന്നത് തങ്ങള്‍ വിചാരിച്ചിടത്ത് ഒരു വാര്‍ത്തയെ തളയ്ക്കുക എന്നതാണ്. എത്ര ചാനല്‍ ചര്‍ച്ചകള്‍ ഓപ്പണാണ്? ചാനലിന്റെ ചര്‍ച്ച തുടങ്ങുമ്പോഴേ അജണ്ട നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ടാകും. അതില്‍ കൊടുക്കുന്ന ചോദ്യങ്ങള്‍, ഗ്രാഫിക്‌സുകള്‍ എന്നിവയെല്ലാം ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. അതിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കുക എന്നതാണ് അവതാരകരുടെ ധര്‍മ്മം. അല്ലെങ്കില്‍ അവര്‍ക്ക് ചെയ്യേണ്ടി വരുന്നത്. ഇതാണ് യഥാര്‍ത്ഥത്തില്‍ വിമര്‍ശിക്കപ്പെടുന്നത്. ചാനലുകളെ നിയന്ത്രിക്കുന്നതെന്താണ്. സ്വാതന്ത്ര്യ സമരകാലത്തും നവോത്ഥാനത്തിലും മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വലിയ റോളും ഇടപെടലും ഉണ്ടായിരുന്നു. അവര്‍ക്ക് ലക്ഷ്യമുണ്ടായിരുന്നു.ആ ആശയപ്രചരണത്തിന് എന്ത് ത്യാഗവും സഹിച്ചിരുന്നു. ഇന്ന് എന്താണ് മാധ്യമങ്ങളെ നയിക്കുന്ന ചാലകശക്തി? മാര്‍ക്കറ്റും മൂലധന താല്‍പര്യവുമാണ്. മൂലധന താല്‍പര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. നേരത്തെ ചാനലിന്റെ എഡിറ്റര്‍ പറഞ്ഞില്ലേ സ്ഥാപനത്തിന്റെ പോളിസിയാണ്, നിസഹായനാണെന്ന്. ഓരോ സ്ഥാപനത്തിന്റെയും പോളിസി നിശ്ചയിക്കുന്നത് മൂലധന താല്‍പര്യം സംരക്ഷിക്കാനാണ്. ഇന്ത്യാവിഷനില്‍ ജോലി ചെയ്ത നമുക്ക് എത്ര അനുഭവങ്ങള്‍ പങ്കുവെയ്്ക്കാനുണ്ട്. വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ പരസ്യം പിന്‍വലിച്ച എത്രയെണ്ണം എണ്ണിയെണ്ണി പറയാന്‍ കഴിയും. ആ വാര്‍ത്തകള്‍ കൊടുത്ത മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് പല ചാനലുകളില്‍ ജോലി ചെയ്യുന്നുണ്ട്. മാര്‍ക്കറ്റിന് വിരുദ്ധമായ വാര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തപ്പോളുള്ള തിക്താനുഭവങ്ങളാണ്. പരസ്യങ്ങള്‍ പിന്‍വലിക്കപ്പെട്ടതോടെ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. ശമ്പളം മുടങ്ങി. എത്ര മാധ്യമങ്ങള്‍ ഈ സാഹചര്യത്തിലൂടെ കടന്നു പോകും?. മൂലധന താല്‍പര്യം, മാര്‍ക്കറ്റിനെ സ്വാധീനിക്കാനുള്ള ശ്രമം എന്നിവയ്‌ക്കൊപ്പം ചില ജേര്‍ണലിസ്റ്റികളുടെ വ്യക്തിവിരോധവും രാഷ്ട്രീയ ആഭിമുഖ്യവും ഇടകലരുമ്പോളാണ് ചര്‍ച്ചാ വേദികള്‍ ജനാധിപത്യ വിരുദ്ധമാകുന്നത്. അത് പ്രതിപക്ഷ ബഹുമാനമില്ലാതാകുന്നത്. പ്രേക്ഷകര്‍ക്ക് അരോചകമായി തീരുന്നത്. ആക്രമണോത്സുക അവതരണം പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനും ചാനല്‍ റേറ്റിംഗ് കൂട്ടുന്നതിനുമൊക്കെയുള്ള സ്ട്രാറ്റജിയായി കരുതുന്നുണ്ടോയെന്ന് ചിന്തിക്കാറുണ്ട്. അവതാരകരുടെ മികവിനെ അളക്കുന്ന ഘടകമായി അത് പരിഗണിക്കപ്പെടുന്നുണ്ടോയെന്ന് ഞാന്‍ സംശയിക്കുന്നു. മത്സരമാണ് പ്രധാനം. എന്ത് ചെയ്തും എന്ത് പറഞ്ഞും ചാനല്‍ റേറ്റിംഗ് കൂട്ടുന്നത് ഒട്ടും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ഇത് പറയുമ്പോള്‍ നിങ്ങളും ഇങ്ങനെ ചെയ്തിട്ടില്ലേ എന്ന് മറുചോദ്യം ഉണ്ടാകാം. ഇങ്ങനെ ചെയ്യാതിരിക്കാനാണ് ഒരുപാട് ശ്രമിച്ചത്. ഉദാഹരണങ്ങള്‍ ഒരുപാടുണ്ട്. ഇന്ത്യാവിഷനില്‍ നമ്മുടെ ടീം എടുത്ത നയപരമായ തീരുമാനങ്ങള്‍ ഒരുപാടുണ്ട്. ഒരു നേതാവിനെതിരെ വളരെ ഗുരുതരമായ ആരോപണം ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നപ്പോള്‍ ഇന്ത്യാവിഷന്‍ ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ ആ ദൃശ്യങ്ങള്‍ ഇന്ത്യാവിഷന്‍ ചാനലിലൂടെ സംപ്രേഷണം ചെയ്തില്ല. അന്ന് വാര്‍ത്ത പുറത്ത് വിട്ടു സിഡി കാണിച്ച് കൊണ്ട് ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറയുകയായിരുന്നു. കാരണം ഒരു കുടുംബാന്തരീക്ഷത്തിലേക്ക് എത്തിക്കുന്നതിന് യോജിച്ച ദൃശ്യങ്ങളല്ലെന്ന് പറഞ്ഞ് സംപ്രേഷണം ചെയ്യാതിരിക്കുകയായിരുന്നു. ടിവി തുറന്ന് കാണുന്നത് കുട്ടികളാവാം അല്ലെങ്കില്‍ കുടുംബം ഒന്നിച്ചിരുന്നാവാം. ആ അന്തരീക്ഷത്തിലേക്ക് എന്തൊക്കെ നല്‍കാമെന്ന് ചിന്തിക്കണം. അവിടെയാണ് നാം പറഞ്ഞ മൂല്യങ്ങലുടെ സംരക്ഷണവും ഉണ്ടാകേണ്ടത്. ഇന്ത്യാവിഷന്റെ അന്നത്തെ നിലപാട് ഏറെ അഭിനന്ദിക്കപ്പെട്ടു. സോളാര്‍ കേസിന്റെ സമയത്ത് ടേപ്പ് കൊണ്ടുവരാന്‍ പോയ സംഘത്തിന് പിറകെ ഇന്ത്യാവിഷന്‍ പോയില്ല. അതിന്റെ പേരിലുണ്ടാകുന്ന ചാനല്‍ റേറ്റിംഗോ അതിലുള്ള മെച്ചമോ വേണ്ടെന്ന് വെച്ചു. അങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Q

തല്‍സമയ റിപ്പോര്‍ട്ടിംഗില്‍ ആദ്യം ദൃശ്യങ്ങള്‍ പ്രേക്ഷകരിലെത്തിക്കാനുള്ള മത്സരം, ഇവന്റുകളുമായി ബന്ധപ്പെട്ട റേറ്റിംഗ് എന്നിവയില്‍ ചാനലുകള്‍ അടിസ്ഥാന മര്യാദകള്‍ മറന്ന് ഇടപെടുന്നുവെന്ന വിമര്‍ശനം ദുരന്തമുഖത്ത് ഉള്‍പ്പെടെ ഉയരാറുണ്ട്. അതെക്കുറിച്ച് എന്ത് പറയുന്നു

A

വാര്‍ത്തകളെ സെന്‍സേഷണലൈസ് ചെയ്യുന്നത് കാഴ്ചക്കാരെ കൂട്ടാന്‍ വേണ്ടിയാണ്. വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ നിന്നും മാറി പ്രേക്ഷകന്റെയോ വായനക്കാരന്റെയോ ശ്രദ്ധയെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ വേണ്ടി വാര്‍ത്തയെ അവതരിപ്പിക്കുകയാണ്. ഇതൊക്കെ എല്ലാ കാലത്തും വിമര്‍ശിക്കപ്പെട്ടതാണ്. മാധ്യമങ്ങളെ കുറിച്ചുള്ള ഈ വിമര്‍ശനങ്ങള്‍ കുറെ കാലമായി ചര്‍ച്ച ചെയ്യപ്പെടുന്നതാണെങ്കിലും മാധ്യമ സെമിനാറ് പോലെയുള്ള സ്‌പേസില്‍ മാത്രം ഒതുക്കി നിര്‍ത്തപ്പെടുന്നു. പ്രായോഗികതലത്തിലേക്കോ തിരുത്തലിലേക്കോ വരുന്നില്ല. ജനാധിപത്യത്തില്‍ അതാണ് വേണ്ടത്.

Q

സൈബര്‍ ബുള്ളിയിംഗ് പ്രത്യേകിച്ചും സ്ത്രീകള്‍ക്കെതിരെ രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍പ്പെടെ പരസ്യമായി തള്ളിപ്പറയാത്ത സാഹചര്യമില്ലേ

A

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ സൈബര്‍ സ്‌പേസിലെ അക്രമണത്തെ അപലപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കൂടിയാണിത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ അത്തരം കുറെ നടപടികള്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. സൈബര്‍ സെല്ലിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്. പരാതി നല്‍കിയാല്‍ അതിന് മേലുള്ള നടപടികള്‍ ഉണ്ടാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. ആര്‍ക്കെതിരെയാണോ പരാതി നല്‍കിയത് അവരെ കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അതില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്.

Q

സിപിഎം മാധ്യമങ്ങള്‍ക്കെതിരെ സംഘടിതമായി ആക്രമണത്തിന് മുതിരുന്നുവെന്ന വിമര്‍ശനമുണ്ട്, ഏഷ്യാനെറ്റ് ബഹിഷ്‌കരിക്കുന്നു, മനോരമ ന്യൂസിലെ അവതാരകയെ സൈബര്‍ ആക്രമണത്തിന് ഇരയാക്കുന്നു?

A

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനോളം മാധ്യമങ്ങളാല്‍ വേട്ടയാടപ്പെട്ട മറ്റൊരു രാഷ്ട്രീയ നേതാവ് നമ്മുടെ സംസ്ഥാനത്തുണ്ടോ? പക്ഷേ ഒരു മാധ്യമത്തിന്റെയും പ്രീതി നോടാന്‍ അദ്ദേഹം പുറകെ പോയിട്ടില്ല. നുണകളുടെ ചീട്ടുകൊട്ടാരങ്ങള്‍ തീര്‍ത്തല്ലേ അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോഴും ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴും അധിക്ഷേപിക്കുന്നത്? അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയും ഭാര്യയ്ക്കും മകള്‍ക്കുമെതിരെയും എന്തൊക്കെ വ്യാജവാര്‍ത്തകളും നുണപ്രചരണങ്ങളുമാണ് നടത്തിയിട്ടുള്ളത്.

രാജ്യത്തിന്റെ മാധ്യമചരിത്രത്തിലെ കറുത്ത ദിനങ്ങളായ അടിയന്തരാവസ്ഥ കാലത്തെ ഓര്‍മ്മപ്പെടുത്തുന്ന ചില വര്‍ത്തമാന വിലക്കുകള്‍ കേന്ദ്ര മന്ത്രാലയത്തില്‍ നിന്നുണ്ടാകുന്നില്ലേ? സംപ്രേഷണം വിലക്കിയും അച്ചടിയും വിലക്കിയും ഒക്കെ? അതിനെതിരെ ശബ്ദിക്കുന്ന, മാധ്യമസ്വാതന്ത്രത്തിനായി നിലകൊള്ളുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ പച്ചത്തുരുത്താണ് കേരളം എന്നതില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകും എന്നെനിക്ക് തോന്നുന്നില്ല. കാരണം, വ്യാജവാര്‍ത്തകള്‍ക്കെതിരെയും ചില മാധ്യമങ്ങളുടെ സിപിഎം വിരുദ്ധതയ്‌ക്കെതിരെയും അവരുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിക്കൊണ്ടല്ല, വിമര്‍ശനം തുറന്നു പറഞ്ഞു കൊണ്ടാണ് പ്രതികരിച്ചിട്ടുള്ളത്.

Q

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം വലിയ ഭീഷണി നേരിടുന്ന സാഹചര്യം രാജ്യത്തുണ്ട്. കോര്‍പ്പറേറ്റുകള്‍ക്കൊപ്പം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ സാഹചര്യത്തെ അതോട് ബന്ധിപ്പിച്ച് വായിക്കാനാകുമോ

A

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് അനുവാര്യമായ ഘടകമാണെന്ന് നാം കൂടുതലായി തിരിച്ചറിയുന്നു. ദേശീയ മാധ്യമങ്ങളില്‍ ബഹുഭൂരിപക്ഷത്തെയും വമ്പന്‍ കോര്‍പ്പറേറ്റുകള്‍ വിലയ്ക്ക് വാങ്ങി കഴിഞ്ഞു. അതുകൊണ്ടാണ് രാജ്യത്തെ ദോഷകരമായി ബാധിക്കുന്ന പല വിഷയങ്ങളും അതിന്റെ ഗൗരവത്തോടെ ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുക്കാത്തതും ജനങ്ങളില്‍ എത്തിക്കാത്തതും. ഇപ്പോള്‍, ദേശീയ വിദ്യാഭ്യാസ നയം- ഫെഡറലിസത്തിന്റെ നിരാസമാണത്. ഭരണഘടന വിഭാവനം ചെയ്ത മതനിരപേക്ഷതയും സ്ഥിതിസമത്വവും ഒക്കെ പാടേ അവഗണിക്കപ്പെടുന്ന സാഹചര്യമാണ് ഇതിലൂടെ സംജാതമാകാന്‍ പോകുന്നത്. രാജ്യത്ത് ഇതു സംബന്ധിച്ച് ഗൗരവമായ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടു വരാനോ പൊതുബോധം സൃഷ്ടിക്കാനോ ഭൂരിപക്ഷം മാധ്യമങ്ങളും ശ്രമിക്കുന്നില്ല. കാരണം എന്താണ്? ഈ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കോര്‍പ്പറേറ്റുകളാണ്. ഈ കോര്‍പ്പറേറ്റുകള്‍ക്ക് തൃപ്തിപ്പെടുത്താനുള്ളത് രാജ്യത്തിന്റെ ഭരണകൂടത്തെയാണ്.

പുല്‍വാമാ ആക്രമണം എടുത്താല്‍ ഇന്ത്യയുടെ മാധ്യമചരിത്രത്തില്‍ തന്നെ ഏറ്റവും മോശമായ രീതിയില്‍ ദൃശ്യമാധ്യമങ്ങള്‍ ഇടപെടുകയും വാര്‍ത്തകളും ചര്‍ച്ചകളും സംപ്രേഷണം ചെയ്യുകയും ചെയ്ത ഘട്ടമല്ലേ അത്? എന്തിനായിരുന്നു അത്? പൊതുതെരഞ്ഞെടുപ്പിലേക്കുള്ള Immediate Lead ആയി വന്നു ആ സംഭവം.

ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവരെ ഈ കോര്‍പ്പറേറ്റ് മീഡിയ എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത്? രാജ്യദ്രോഹികള്‍ എന്നാണ്. രാജ്യത്തിന്റെ പൊതുവികാരം എതിരാക്കാന്‍ കഴിയുന്ന വാക്കാണത്- രാജ്യദ്രോഹി.

അടിക്കടി ഉയരുന്ന പെട്രോള്‍- ഡീസല്‍ വിലയില്‍ അതിലിടപെട്ട് മാറ്റാനുള്ള എന്തെങ്കിലും ക്യാമ്പയിന്‍ ഏതെങ്കിലും ദേശീയ മാധ്യമം നടത്തിയോ? കൊവിഡ് കാലത്ത് സ്വന്തം സംസ്ഥാനങ്ങളിലേക്ക് പാലായനം ചെയ്ത, ഭക്ഷണം ഇല്ലാതെ പട്ടിണിയിലായ തൊഴിലാളികളോട് ട്രെയിന്‍ കൂലി ഈടാക്കിയ ഭരണകൂടം, എന്നും നല്‍കിപ്പോന്ന സബ്‌സിഡി പുതുതായി നല്‍കിയ ആനുകൂല്യമായി ചിത്രീകരിച്ചില്ലേ?

തൊഴിലാളി വിരുദ്ധമായ, കര്‍ഷകവിരുദ്ധമായ, ദളിത് വിരുദ്ധമായ നടപടികള്‍ കേന്ദ്രം ആവിഷ്‌കരിക്കുമ്പോഴും ദേശീയ മാധ്യമങ്ങള്‍ നിശബ്ദമാണ്.

നുണപ്രചരണം നടത്തി പുകമറ സൃഷ്ടിക്കാനും, യഥാര്‍ത്ഥ കാഴ്ച ജനങ്ങളില്‍ നിന്നും മറയ്ക്കാനുമാണ് രാജ്യത്ത് ഭരണകൂടം ശ്രമിക്കുന്നത്. ഭരണകൂടത്തിന്റെ ആ ശ്രമത്തിന് എല്ലാ പിന്തുണയും നല്‍കുക എന്നതാണ് ദേശീയതലത്തില്‍ മുഖ്യധാര മാധ്യമങ്ങള്‍ ചെയ്യുന്നത്. ഇതിനെ എതിര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധപൂര്‍വ്വം ജോലി രാജിവെച്ച് പോകേണ്ടതായി വരുന്നു. സ്വതന്ത്ര മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കാതെ കോര്‍പ്പറേറ്റുകളും ഭരണകൂടവും ശ്വാസം മുട്ടിക്കുന്നു. സത്യസന്ധമായി വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ഇവരെ കോടതി കയറ്റുന്നു.

കേരളത്തിലെ സ്ഥിതിയെ ഈ ദേശീയ സാഹചര്യവുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. കാരണം ഇവിടെ സര്‍ക്കാരിനെതിരെ സംസാരിക്കുന്നതിനും വാര്‍ത്തകള്‍ നല്‍കുന്നതിനും വിലക്കില്ല. നൂറുപേര്‍ക്ക് പുതുതായി സര്‍ക്കാര്‍ പുതുതായി വീട് നിര്‍മ്മിച്ചു നല്‍കിയെങ്കില്‍ ആ നൂറു വീടുകളെക്കുറിച്ചല്ല ഇനിയും നിര്‍മ്മിക്കേണ്ട പത്ത് വീടുകളെക്കുറിച്ചാണ് കേരളത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുക. അല്ലേ? മാധ്യമങ്ങളുടെ സ്വാതന്ത്ര്യം പൂര്‍ണ്ണതോതില്‍ സംരക്ഷിക്കുന്ന സര്‍ക്കാര്‍, അതിനനുസരിച്ച് അങ്ങനെയുള്ള മാധ്യമഇടപെടലുകളില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സഹായം എത്തിച്ച് നല്‍കാനാണ് ശ്രമിക്കുന്നത്. ഇപ്പോഴത്തെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ചോദിക്കുന്നതെങ്കില്‍ വ്യാജവാര്‍ത്തകളെയും നുണ പ്രചരണങ്ങളെയും സംബന്ധിച്ചാണത്. എന്തൊക്കെ വ്യാജവാര്‍ത്തകളാണ് സര്‍ക്കാരിനെതിരെ ചിലര്‍ പ്രചരിപ്പിച്ചത്, പ്രചരിപ്പിക്കുന്നത്? സിപിഎമ്മിനെതിരെയും ഇടതുപക്ഷ സര്‍ക്കാറിനെതിരെയും വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതിന് ആസൂത്രിതമായ ശ്രമങ്ങള്‍ തന്നെ നടക്കുന്നുണ്ട്. വാര്‍ത്തകളെ സെന്‍സേഷണലൈസ് ചെയ്യുന്നത് സിപിഎമ്മിന്റെയും, സര്‍ക്കാരിന്റെയും പേരുകള്‍ ചേര്‍ത്തുവെച്ചാണ്. അതിന് സത്യവുമായി ഒരു ബന്ധവും ഉണ്ടാവില്ല.

Q

കൊവിഡ് കാലത്ത് കേരളത്തിലെ മാധ്യമങ്ങള്‍ വസ്തുനിഷ്ഠമായി ഇടപെട്ടെന്നാണോ വിലയിരുത്തുന്നത്

A

കേരളത്തെ ഇന്നത്തെ നിലയില്‍ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്കാണ് ഉള്ളത്. നവോത്ഥന മുന്നേറ്റത്തില്‍, സാമൂഹിക പുരോഗതി കൈവരിക്കുന്നതില്‍, അസമത്വവും അനീതിയും പുറത്തു കൊണ്ടുവരുന്നതില്‍ ഒക്കെ കാലാകാലങ്ങളില്‍ മാധ്യമങ്ങള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഭാഷാ സംരക്ഷണത്തില്‍, പ്രോഗ്രസീവ് സൊസൈറ്റിയുടെ തുടര്‍ച്ചയില്‍ ഒക്കെ കേരളത്തിലെ മാധ്യമങ്ങളെ ഒഴിച്ചു നിര്‍ത്താന്‍ പറ്റില്ല. വികസനത്തിന്റെ ദിശാസൂചികകളായി മാധ്യമവാര്‍ത്തകള്‍ മാറാറുണ്ട്.

കേരളത്തിലെ മാധ്യമങ്ങള്‍ പ്രതിസന്ധി കാലങ്ങളില്‍, പ്രത്യേകിച്ചും പൊതുബോധം സൃഷ്ടിക്കുന്നതിലും ബോധവത്കരണം നടത്തുന്നതിലും വിവരങ്ങള്‍ എത്തിക്കുന്നതിലും മികച്ച നിലപാട് സ്വീകരിക്കുന്നതില്‍ സംശയമില്ല. വ്യാജവാര്‍ത്തകള്‍ കൊണ്ടുവരുന്നത് നേരത്തെ പറഞ്ഞത് പോലെ ചില മാധ്യമങ്ങളാണ്. കൊവിഡ് കാലത്ത് പ്രത്യേകിച്ച് സുപ്രധാനമായ പങ്കാണ് മാധ്യമങ്ങള്‍ വഹിച്ചിട്ടുള്ളത്. പ്രളയസമയത്തും വിവരങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് വസ്തുനിഷ്ഠമല്ലാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടുണ്ട്. അതുവെച്ച് മുഴുവന്‍ മാധ്യമങ്ങലെയും ജനറലൈസ് ചെയ്യേണ്ടതില്ലെന്നാണ് തോന്നുന്നത്.

സിപിഎമ്മിനെതിരെ ആസൂത്രിതമായി വ്യാജവാര്‍ത്ത നിര്‍മ്മാണം: വീണാ ജോര്‍ജ്ജ് അഭിമുഖം
സദാചാരവും കുടുംബജീവിതവും കൊണ്ടല്ല വനിതാ അവതാരകരെ ഓഡിറ്റ് ചെയ്യേണ്ടത്: ശ്രീജ ശ്യാം
സിപിഎമ്മിനെതിരെ ആസൂത്രിതമായി വ്യാജവാര്‍ത്ത നിര്‍മ്മാണം: വീണാ ജോര്‍ജ്ജ് അഭിമുഖം
മാധ്യമങ്ങള്‍ മാറിയില്ല, സെന്‍സേഷണലിസം തുടരുന്നു, നേരിട്ട കഷ്ടനഷ്ടങ്ങള്‍ക്ക് വിലയിടാനാകില്ലെന്നും നമ്പി നാരായണന്‍
സിപിഎമ്മിനെതിരെ ആസൂത്രിതമായി വ്യാജവാര്‍ത്ത നിര്‍മ്മാണം: വീണാ ജോര്‍ജ്ജ് അഭിമുഖം
ബഹിഷ്‌കരണമല്ല, മാധ്യമത്തെ റദ്ദാക്കല്‍

Related Stories

The Cue
www.thecue.in