ടി എം കൃഷ്ണ അഭിമുഖം: സംഘപരിവാറിനെ വിമര്‍ശിക്കുന്നവരെ ഹിന്ദുവിരുദ്ധരാക്കുന്നു, മതധ്രുവീകരണത്തിനായുള്ള ആഖ്യാനങ്ങളുണ്ടാക്കുന്നു

ടി എം കൃഷ്ണ അഭിമുഖം: സംഘപരിവാറിനെ വിമര്‍ശിക്കുന്നവരെ ഹിന്ദുവിരുദ്ധരാക്കുന്നു, മതധ്രുവീകരണത്തിനായുള്ള ആഖ്യാനങ്ങളുണ്ടാക്കുന്നു
Vibi Job/ THE Week
Summary

കര്‍ണാടിക് സംഗീതജ്ഞനും എഴുത്തുകാരനും സാംസ്‌കാരിക ചരിത്രകാരനുമായ ടി.എം.കൃഷ്ണയുമായി (T.M Krishna) കെടിപി രാധിക നമ്പര്‍ 13 -നു (Number 13) വേണ്ടി നടത്തിയ അഭിമുഖത്തിന്റെ മലയാളം പരിഭാഷ.

Q

പാശ്ചാത്യ രാജ്യങ്ങളിലും, മറ്റു ഭൂപ്രദേശങ്ങളിലും ആക്റ്റിവിസ്റ്റുകളായ സംഗീതജ്ഞര്‍ ഒരുപാട് പേരുണ്ടായിട്ടുണ്ട്. ബോബ് ഡിലന്‍, ബോബ് മാര്‍ലി, പീറ്റ് സീഗര്‍ എന്നിങ്ങനെ തുടങ്ങി എമിനെം, ഡേവിഡ് റോവിക്സ് വരെയുള്ള എത്രയോ പേര്‍. എന്നാല്‍ ഇന്ത്യയില്‍ ഇത് തികച്ചും അപൂര്‍വ്വമായ ഒരു കാര്യമാണ്. അത് മാത്രമല്ല, ഇന്ത്യന്‍ സംഗീതത്തിലെ ഏറ്റവും യാഥാസ്ഥിതികമായ കര്‍ണാടിക് സംഗീത ശാഖയെയാണ് താങ്കള്‍ പ്രതിനിധീകരിക്കുന്നത്. എന്താണ് 'പാടുന്നതിനിടയില്‍' താങ്കളെ 'സംസാരിക്കാന്‍' പ്രേരിപ്പിച്ചത്?

A

ടി.എം.കൃഷ്ണ: ഈ ചോദ്യം നേരെ തിരിച്ചൊന്ന് ചിന്തിച്ചു നോക്കാം. ഉന്നതമായ സാംസ്‌കാരിക പദവിയോടെ സംഗീതം അഭ്യസിക്കുന്ന സംഗീതജ്ഞര്‍ എന്തുകൊണ്ടാണ് ഒരിക്കലും തുറന്ന് സംസാരിക്കാത്തത്? ഈ ചോദ്യത്തിനുള്ള ഉത്തരം തിരയുമ്പോള്‍ സമൂഹത്തിലെ മേല്‍പറഞ്ഞ ഉന്നത ഇടങ്ങളില്‍ ഇരിക്കുന്ന ആളുകള്‍ കലയെ എങ്ങനെയാണ് പരിശീലിക്കുന്നതും പരിപോഷിപ്പിക്കുന്നതും എന്നതിനെ കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നമ്മള്‍ക്ക് നല്‍കും. നമ്മള്‍ ഉള്‍കൊള്ളുന്ന കലയുടെ ഇടുങ്ങിയ, ചോദ്യം ചെയ്യപ്പെടാത്ത, അര്‍ത്ഥശൂന്യമായ സ്വഭാവത്തെ കുറിച്ച് നിരന്തരം ഉണ്ടായ തിരിച്ചറിവുകളില്‍ നിന്നാണ് എന്റെ എഴുത്തുകളും പ്രസംഗങ്ങളും ഒക്കെ വരുന്നത്. ഇത് സത്യത്തില്‍ കലയുടെ കാമ്പിന് തന്നെ വിരുദ്ധമായി മാറുന്നു.

നിരന്തരം ആവര്‍ത്തിക്കുന്ന ഒരു പ്രവര്‍ത്തിയായി, പതിവായുള്ള ആനന്ദത്തിന് വേണ്ടി, നമ്മുടെ തന്നെ സ്വയം-പ്രഖ്യാപിത സാംസ്‌കാരിക/ആത്മീയ മേധാവിത്വത്തെ പുനഃസ്ഥാപിക്കുന്നതിനു വേണ്ടി 'നമ്മുടെ കലയെ' നമ്മള്‍ ഈ രീതിയില്‍ ചായം പൂശി വെച്ചിരിക്കുകയാണ്. അങ്ങനെ വിരൂപമായ ഒരു കുമിളയില്‍ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇതിന്റെ അര്‍ത്ഥം എല്ലാത്തിനുമുള്ള ഉത്തരം ഞാന്‍ കണ്ടെത്തി എന്നല്ല, യഥാര്‍ത്ഥത്തില്‍, ഞാന്‍ ചോദ്യങ്ങളെ തിരയുകയാണ്.

Q

കലക്ക് സാമൂഹിക പ്രതിബദ്ധത ആവശ്യമുണ്ടോ? അതോ കലയെ സ്വതന്ത്രമായി വിട്ടുകൊണ്ട്, കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും മാത്രമാണോ സാമൂഹിക പ്രതിബദ്ധത ഉണ്ടാകേണ്ടത്?

A

ടി.എം.കൃഷ്ണ: കലയുടെ അന്തസത്ത തന്നെ അതിന്റെ അടിസ്ഥാന സ്വഭാവത്തില്‍ സമൂഹത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുകയാണ്. സമൂഹ മധ്യത്തിലാണ് എല്ലാ കലാരൂപങ്ങളുടെയും സ്ഥാനവും, വ്യാഖ്യാനങ്ങളും, പരിധികളും നിശ്ചയിക്കപ്പെടുന്നത്. ആര്‍ട്ടിസ്റ്റുകള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും, കല അഭ്യസിക്കുന്നത് വഴി ഓരോ കലാകാരനും കലാകാരിയും സമൂഹത്തെയും രാഷ്ട്രീയത്തെയുമാണ് കലയിലൂടെ ഉള്‍ക്കൊള്ളുന്നത്. ഈ ബോധ്യമുണ്ടാകണം എന്നാണ് ഞാന്‍ പറയുന്നത്.

മൈലാപൂരിലെ ഒരു സദസ്സില്‍ ഞാന്‍ ത്യാഗരാജ കീര്‍ത്തനം പാടുന്നുണ്ട് എങ്കില്‍, അതില്‍ പ്രകടമാകുന്നത് സാമൂഹിക-രാഷ്ട്രീയ തലങ്ങള്‍ കൂടിയാണ്. അതിനെ പ്രതിനിധീകരിക്കുന്ന എല്ലാത്തിലും ഞാന്‍ സജീവമായി പങ്കുചേരുന്നുണ്ട്; ഓഡിറ്റോറിയത്തിന്റെ ഉള്ളിലുള്ള ആളുകളുമായും, അതിന്റെ മതില്‍കെട്ടിന്റെ വെളിയിലുള്ള മനുഷ്യരുമായും ഞാന്‍ സംവദിക്കുന്നുണ്ട്. ഈ ബോധ്യങ്ങള്‍ തന്നെ ആര്‍ട്ടിസ്റ്റുകളുടെ സമീപനത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും.

Q

കീഴാള കലാരൂപങ്ങളുടെ കുറിച്ച് എല്ലാമറിയുന്ന ആളായി ഒരു 'രക്ഷാധികാരി' (patronising subaltern art forms)ചമയുകയാണ് താങ്കള്‍ എന്നാണ് വിമര്‍ശകര്‍ പറയുന്നത്. താങ്കളുടെ സവിശേഷാവകാശങ്ങളെ കുറിച്ചും, അതില്‍ നിന്ന് ഉടലെടുക്കുന്ന വൈരുദ്ധ്യങ്ങളെ കുറിച്ചുമുള്ള അവബോധം താങ്കള്‍ക്ക് ഉണ്ട് എന്ന് ഞങ്ങള്‍ മനസിലാക്കുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെ എങ്ങനെയാണ് താങ്കള്‍ നോക്കി കാണുന്നത്?

A

ടി.എം.കൃഷ്ണ: ഞാന്‍ എന്തായാലും ആ വാക്ക് ഉപയോഗിക്കുന്നില്ല. നമ്മുടെ ദേശത്തുള്ള വൈവിധ്യങ്ങളായ സംസ്‌കാരങ്ങളെ പഠിക്കാനും മനസിലാക്കാനുമാണ് ഞാന്‍ ശ്രമിക്കുന്നത്. ഇത്തരം ഇടപെടലുകളിലൂടെ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് നമ്മള്‍ സൃഷ്ടിച്ചിട്ടുള്ള എല്ലാ ദൃശ്യമായ/അദൃശ്യമായ, സംസാരിക്കപ്പെടുന്ന/സംസാരിക്കപ്പെടാത്ത സാംസ്‌ക്കാരിക അതിര്‍വരമ്പുകള്‍ ഇല്ലാതാകണം എന്ന് തന്നെയാണ്. ഇത്രയും പറയുമ്പോഴും എനിക്ക് അറിയാം, എന്റെ ജാതിയും, ജന്‍ഡറും, സംസ്‌കാരികമായ സവിശേഷാവകാശങ്ങളുമാണ് ഒരു ഭയവും കൂടാതെ അഹങ്കാരത്തോടെ ഇതെല്ലാം തുറന്നു പറയാനുള്ള അധികാരം എനിക്ക് തരുന്നതെന്ന്. ഈ ആത്മധൈര്യത്തിന് എന്റെ ബൗദ്ധികശേഷിയുമായി വളരെ കുറച്ചു ബന്ധമേയുള്ളൂ. എന്നില്‍ അന്തര്‍ലീനമായിരിക്കുന്ന ആ 'ധാര്‍ഷ്ട്യത്തെ' കുറിച്ച്, അതെ ആ വാക്ക് തന്നെ ഞാന്‍ പറയും, എനിക്ക് തന്നെയുള്ള ബോധ്യം പ്രധാനമാണ്.

ഇതിന്റെ അര്‍ത്ഥം ഒരു ഘട്ടത്തില്‍ പോലും എന്റെ സംഗീതമോ, വാക്കുകളോ, സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനമോ അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ ശബ്ദത്തെ മൂടികെട്ടില്ല എന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ എപ്പോള്‍ സംസാരിക്കണം, എപ്പോള്‍ നിശബ്ദനായി കേള്‍ക്കണം എന്നെല്ലാം ഞാന്‍ പഠിക്കേണ്ടതുണ്ട്. എനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട് എന്ന് ആദ്യം സമ്മതിക്കുന്നത് ഞാന്‍ തന്നെയാവും, സാമൂഹികമായി കിട്ടുന്ന സവിശേഷാവകാശങ്ങളാണ് അങ്ങനെ ഒരു അന്ധതക്ക് കാരണമാകുന്നത്. പക്ഷേ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു, ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു. ഞാന്‍ ഇപ്പോഴും ശക്തമായി വിശ്വസിക്കുന്നത്, സവിശേഷാധികാരമുള്ള വിഭാഗത്തിലെ മനുഷ്യരുടെ പരിവര്‍ത്തനം അടിയന്തരമായി സംഭവിക്കേണ്ടതാണ് എന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ഈ സങ്കീര്‍ണതകളുമായി നമ്മള്‍ നിരന്തരം പോരാടുകയും ഇടപെടുകയും വേണം. ഞാന്‍ സവിശേഷാവകാശം എന്ന വാക്കുപയോഗിക്കുമ്പോള്‍ സാമൂഹിക-സാംസ്‌ക്കാരിക സവിശേഷാവകാശത്തെ കുറിച്ചാണ് പറയുന്നത് എന്ന് ഇവിടെ വ്യക്തമാക്കട്ടെ. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉന്നതജാതിയില്‍ പെട്ട മനുഷ്യരാണെങ്കിലും ഈ സവിശേഷാവകാശം ബാധകമാണ്.

Q

കര്‍ണാടിക് സംഗീതത്തിന്റെ അടിത്തറ തന്നെ സ്വാഭാവികമായി യഥാസ്ഥിതികമാണ് എന്നാണ് പൊതുവേ പറയപ്പെടുന്നത്. അതിനെ മാറ്റാന്‍ ശ്രമിക്കുന്നത് സംഗീതത്തെ തന്നെ മാറ്റുന്നതിന് സമാനമാണ് എന്നാണ് പറയുന്നത്. താങ്കള്‍ അതിനോട് യോജിക്കുന്നുണ്ടോ? യോജിക്കുന്നില്ല എങ്കില്‍, താങ്കള്‍ ശരിക്കും 'വിപ്ലവാത്മകമായ' വഴികളിലൂടെ എന്താണ് നേടാന്‍ ശ്രമിക്കുന്നത്?

A

ടി.എം.കൃഷ്ണ: അത് നിങ്ങള്‍ എങ്ങനെ കര്‍ണാടിക് സംഗീതത്തെ നിര്‍വചിക്കുന്നു എന്നതിനനുസരിച്ചിരിക്കും. എന്നെ സംബന്ധിച്ചു കര്‍ണാടിക് സംഗീതം മൂന്ന് കാര്യങ്ങളുടെ ആകെത്തുകയാണ്; രാഗം. താളം/ലയം, സ്വരം. ഈ മൂന്ന് ഘടകങ്ങള്‍ ചേര്‍ന്നുള്ള പരസ്പര ഇടപെടലുകളുടെ ഫലമാണ് കര്‍ണാടിക് സംഗീതത്തിലെ ഓരോ ഭാവത്തിന്റെയും ആന്തരിക സൗന്ദര്യാത്മകത എന്നാണ് ഞാന്‍ മനസിലാക്കുന്നത്. മറ്റുള്ളതെല്ലാം ബാഹ്യമാണ്. ഇങ്ങനെയൊരു വീക്ഷണകോണിലൂടെ നോക്കി കാണുകയാണെങ്കില്‍ ഈ കലാരൂപത്തില്‍ എന്ത് മാറ്റവും സാധ്യമാണ്. ഓരോ തട്ടിലും ജാതി, ലിംഗം, മതപരമായ വിവേചനാചാരങ്ങള്‍ എന്നിവയുമായി ബന്ധപെട്ടു കിടക്കുകയാണ് സംഗീതം എന്ന് കരുതുകയാണ് എങ്കില്‍, പിന്നെ ഒരു മാറ്റവുമില്ലാതെ സംഗീതം തുടരും. ഓരോ സംഗീതജ്ഞരും സ്വയം എടുക്കേണ്ടതാണ് സംഗീതത്തെ തിരിച്ചറിയണം സ്വന്തന്ത്രമാക്കണം എന്നൊക്കെയുള്ള തീരുമാനങ്ങള്‍.

ഒരു വലിയ വിഭാഗം ഹിന്ദുക്കളോട് അവര്‍ക്ക് മുസ്ലീങ്ങളുടെയും മതേതരത്വം സംസാരിക്കുന്ന ആളുകളുടെയും ഭാഗത്ത് നിന്ന് അക്രമം ഉണ്ടായേക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. സംഘപരിവാര്‍ അവരുടെ നിലനില്‍പ്പിനു വേണ്ടി ഇത്തരത്തില്‍ ഒരു കപട ഭയം സൃഷ്ടിക്കുകയും അതിന്‍മേല്‍ കൂടുതല്‍ നുണപ്രചാരണങ്ങള്‍ നടത്തുകയുമാണ് ചെയ്യുന്നത്.
Q

താങ്കള്‍ ഇടതുപക്ഷ പ്രത്യേശാസ്ത്രങ്ങളുമായി ആഭിമുഖ്യം പുലര്‍ത്തുന്ന വ്യക്തിയാണ്. ഇന്നത്തെ കാലത്തെ ഒരുപാട് ചെറുപ്പക്കാര്‍, താങ്കളുടെ പ്രവര്‍ത്തികളെ അഭിനന്ദിക്കുന്നവര്‍ തന്നെ, ഇടതുപക്ഷ പ്രസ്ഥാനങ്ങളെ കുറിച്ചും ഇടതുപക്ഷ പ്രത്യേശാസ്ത്രങ്ങലെ കുറിച്ചുമൊക്കെ കൃത്യമായി അവബോധം ഉള്ളവരല്ല. പ്രത്യേശാസ്ത്രങ്ങളില്‍ ഇടതുപക്ഷത്ത് നില്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് യുവതലമുറയോട് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?

A

ടി.എം.കൃഷ്ണ: ഇടതുപക്ഷം എന്ന വാക്കുപയോഗിക്കുമ്പോള്‍ തന്നെ മിക്ക ആളുകളും ആദ്യം ചിന്തിക്കുന്നത് സ്റ്റാലിന്‍, മാവോ, തുടങ്ങിയ കമ്മ്യൂണിസ്റ്റ് ഏകാധിപതികളെ കുറിച്ചാണ്. ഇടതുപക്ഷത്തെ കുറിച്ചും, സോഷ്യലിസത്തെ കുറിച്ചും, കമ്മ്യൂണിസത്തെ കുറിച്ചുമെല്ലാം നവമാധ്യമങ്ങളില്‍ എഴുത്തുകള്‍ എഴുതുന്ന പലരും,മാര്‍ക്സിന്റെ കാര്യം വിടാം, ഒരു പുസ്തകവും വായിച്ചിട്ടുണ്ടാവില്ല എന്ന് എനിക്ക് തീര്‍ച്ചയാണ്. ഓരോ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യവും ദാര്‍ശനികമായി ഇടതുപക്ഷ വിരുദ്ധവും മനുഷ്യരാശിക്ക് എതിരായിരുന്നുവെന്നും ഞാന്‍ ഉറപ്പിച്ചു പറയും. നമ്മുടെയുള്ളില്‍ ഇടതുപക്ഷ ആശയങ്ങളെ ഉള്‍ക്കൊള്ളുവാനും, അതേ ദര്‍ശനത്തിന്റെ അടിസ്ഥാന തത്വം എന്ന് പറയുന്നത് അവരവരില്‍ നിന്ന് സമൂഹത്തിലേക്ക് എങ്ങനെ അതിനെ പ്രതിഫലിപ്പിക്കാന്‍ സാധിക്കും എന്നതാണെന്നും ചുരുങ്ങിയ വാക്കുകളില്‍ പറയാം.

പ്രത്യേകിച്ചും സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ, സാമ്പത്തിക മൂലധനമുള്ള എല്ലാവരിലും ഈ മാറ്റം അനിവാര്യമാണ്. ഇതിന് പുറമേ വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം, നമ്മളുടെ ചിന്തകളും പ്രവര്‍ത്തികളും യുക്തിസഹമായ ചിന്തയില്‍ നിന്നും വിമര്‍ശനാത്മകമായ ചോദ്യം ചെയ്യലുകളില്‍ നിന്നുമാണ് ഉരുത്തിരിയേണ്ടത് എന്നതാണ്. അയാഥാര്‍ത്ഥമായ കഥകളും, യുക്തിരഹിതമായ വാദങ്ങളും ഉപയോഗിച്ച് ഇതിന്റെ മേല്‍ സമൂഹത്തിനു ചെലുത്താന്‍ കഴിയുന്ന ശക്തമായ സ്വാധീനമാണ് അതിന്റെ പ്രാധാന്യം കൂട്ടുന്നത്. കമ്മ്യൂണിസത്തിന്റെ കാതലായ ഉള്ളടക്കം എന്ന് പറയുന്നത് അധികാരത്തെയും ഉല്‍പാദനത്തെയും ചോദ്യം ചെയ്യുക എന്നതാണ്. വിശാലമായ അര്‍ത്ഥത്തില്‍ ഉല്‍പ്പാദനം എന്നത് കൊണ്ടുദ്ദേശിക്കുന്നത് 'വില അല്ലെങ്കില്‍ മൂല്യം സൃഷ്ടിക്കുക' എന്ന ആശയത്തെയാണ്; അങ്ങനെ മനുഷ്യരുടെ എല്ലാ പ്രവര്‍ത്തനത്തെയും അതിനെ ബാധിക്കുന്ന എല്ലാ അസമത്വത്തെയും അത് ഉള്‍കൊള്ളുന്നു.

ഒരു ജനാധിപത്യ സമൂഹത്തില്‍ ദാര്‍ശനിക, രാഷ്ട്രീയ, സാമൂഹിക തലങ്ങളില്‍ വഹിക്കുന്ന പങ്കുകൊണ്ട് ഇന്ത്യയിലെ 'ഇടതുപക്ഷം' (അതിന്റെ വ്യത്യസ്തങ്ങളായ പല രൂപങ്ങളും ഉള്‍പ്പെടെ) ഒരു മികച്ച ഉദാഹരണം തന്നെയാണ്. മറ്റെല്ലാ പ്രത്യേയശാസ്ത്രങ്ങളെ പോലെയും ഇന്ത്യയിലെ എല്ലാ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളും മികച്ചതായിരുന്നില്ല. പക്ഷേ അരികുവല്‍ക്കരിക്കപ്പെട്ട ജനങ്ങളെ ശാക്തീകരിക്കുന്നതിലുള്ള ഇടതുപക്ഷത്തിന്റെ സംഭാവന മായ്ച്ചു കളയാവുന്നതല്ല. എല്ലാവരും തുല്യതയില്‍ നിന്ന് സംസാരിക്കുന്നതിനെ കുറിച്ചാണ് നമ്മള്‍ പറയുന്നത്, അതുകൊണ്ട് തന്നെയാണ് 'പ്രതിഷേധങ്ങള്‍' ഇടതുപക്ഷത്തിന്റെ ശക്തമായ രാഷ്ട്രീയായുധമായി മാറുന്നത്. അധികാരമില്ലാത്ത മനുഷ്യര്‍ തെരുവുകളില്‍ ഒരുമിച്ചു ഒത്തുകൂടി ശക്തമായ സ്വരത്തില്‍ പ്രതിഷേധിക്കാന്‍ ഇടതുപക്ഷം വഴിയൊരുക്കി.

ഞാന്‍ കരുതുന്നത് മധ്യവര്‍ഗ്ഗ/അധീശവര്‍ഗ്ഗത്തിലെ മിക്ക ആളുകളും ഇടതുപക്ഷത്തെ എതിര്‍ക്കുന്നത് രാഷ്ട്രീയമായും, സമൂഹികമായും, സാമ്പത്തികമായും മാറ്റമില്ലാതെ തുടരുന്ന അവസ്ഥയെ ബാധിക്കും എന്നതുകൊണ്ട് തന്നെയാണ്. ഇത് അവരുടെ സാംസ്‌കാരിക ആവാസവ്യവസ്ഥയില്‍ മാറ്റം വരുത്തുകയും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വ്യവസ്ഥിതിയെ വെല്ലുവിളിക്കാനുള്ള ശക്തി നല്‍കുകയും ചെയ്യും. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചാലും ഇല്ലെങ്കിലും, കരുതലുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കണം എന്നാഗ്രഹിക്കുന്ന ഏതൊരു രാജ്യത്തിനും ഇടതുപക്ഷം എന്ന ആദര്‍ശം ആവശ്യമാണ്.

ഞാന്‍ കരുതുന്നത് മധ്യവര്‍ഗ്ഗ/അധീശവര്‍ഗ്ഗത്തിലെ മിക്ക ആളുകളും ഇടതുപക്ഷത്തെ എതിര്‍ക്കുന്നത് രാഷ്ട്രീയമായും, സമൂഹികമായും, സാമ്പത്തികമായും മാറ്റമില്ലാതെ തുടരുന്ന അവസ്ഥയെ ബാധിക്കും
Q

ഓണ്‍ലൈനില്‍ താങ്കള്‍ നിരന്തരം ട്രോള്‍ ചെയ്യപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നുണ്ട്. സംഗീതമല്ലാത്ത എന്താണ് താങ്കളെ പ്രചോദിപ്പിക്കുന്നതും ഉത്സാഹത്തോടെ നിലനിര്‍ത്തുന്നതും?

A

ടി.എം.കൃഷ്ണ: ട്രോളും അധിക്ഷേപങ്ങളും ഒന്നും എന്നെ ബാധിക്കാറില്ല. അതെഴുതുന്ന ആളുകളെ തന്നെയാണ് ആ വാക്കുകള്‍ പ്രതിഫലിപ്പിക്കുന്നത്. പ്രചോദനം കിട്ടാന്‍ ഞാന്‍ മാന്ത്രികമായ സംഗീതത്തില്‍ മുഴുകും, അത് എനിക്ക് എല്ലാത്തിനും വ്യക്തത നല്‍കും.

Q

രാഷ്ട്രീയ വിഷയങ്ങളില്‍ താങ്കള്‍ നിരന്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. വര്‍ത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയ വഴികളെ കുറിച്ച് രണ്ട് കാഴ്ചപ്പാടുകളുണ്ട്. ഒന്ന്, ഇന്ത്യ ഭൂരിപക്ഷ ശക്തി നിയന്ത്രിക്കുന്ന ജനാധിപത്യത്തിലേക്ക് വഴുതി വീഴുന്നു എന്നാണ്. മറ്റൊന്ന് , മതേതര ലിബറലിസമാണ് ചരിത്രപരമായി ഇന്ത്യയുടെ വളര്‍ച്ചയെ തടഞ്ഞതെന്നും, അതുകൊണ്ട് തന്നെ ഭൂത കാലത്തെ തെറ്റുകള്‍ തിരുത്താനുള്ള സമയമാണ് ഇപ്പോള്‍ വന്നിരിക്കുന്നത് എന്നാണ്. ഈ അവകാശ വാദങ്ങളെ താങ്കള്‍ എങ്ങനെയാണ് നോക്കികാണുന്നത്?

A

ടി.എം.കൃഷ്ണ: രണ്ടാമത്തെ കാര്യത്തെ കുറിച്ച് ആദ്യം പറയാം. മതേതരത്വവും ലിബറലിസവുമാണ് നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയെ പിറകോട്ടടിച്ചത് എന്ന വാദത്തില്‍ ഒരു യുക്തിയും ഇല്ല. 1990 -കളില്‍ നടപ്പിലാക്കിയ നിയോലിബറല്‍ സാമ്പത്തിക നയങ്ങളെ കുറിച്ചോ, അതിനു ശേഷം അധികാരത്തില്‍ ഏത് രാഷ്ട്രീയ പാര്‍ട്ടി വന്നാലും മാറാതെ തുടര്‍ന്ന അതേ നയത്തെ കുറിച്ചോ ആണ് ഇവര്‍ സംസാരിക്കുന്നത് എന്ന് ഞാന്‍ കരുതുന്നില്ല. സങ്കുചിതവും ഇടുങ്ങിയതുമായ ഹിന്ദു ഭൂരിപക്ഷ ആശയങ്ങളെ തടഞ്ഞു നിര്‍ത്തിയത് സെക്കുലര്‍ ലിബറലിസമാണ് എന്നാണ് ഇക്കൂട്ടര്‍ പരാതിപ്പെടുന്നത്.

കഴിഞ്ഞ എഴുപത് വര്‍ഷങ്ങള്‍ സമ്പൂര്‍ണ പരാജയമായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനാണ് ബി.ജെ.പി. സര്‍ക്കാരും, സംഘപരിവാറും ശ്രമിക്കുന്നത്. ലളിതമായി പറഞ്ഞാല്‍ ഇത് ശുദ്ധ അസംബന്ധമാണ്. മതപരമായ ധ്രുവീകരണം ലക്ഷ്യം വച്ചുള്ള ആഖ്യാനങ്ങളാണ് മെനഞ്ഞെടുക്കുന്നത്. ഒരു വലിയ വിഭാഗം ഹിന്ദുക്കളോട് അവര്‍ക്ക് മുസ്ലീങ്ങളുടെയും മതേതരത്വം സംസാരിക്കുന്ന ആളുകളുടെയും ഭാഗത്ത് നിന്ന് അക്രമം ഉണ്ടായേക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. അവരെ വിമര്‍ശിക്കുന്ന എല്ലാവരെയും ഹിന്ദു-വിരുദ്ധരായി ചിത്രീകരിക്കുന്നു. ഇതിനൊന്നും ഒരു അടിസ്ഥാനവുമില്ല. സ്വതന്ത്ര ഇന്ത്യയുടെ ഭൂതകാലം തീര്‍ച്ചയായും സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്. എന്നാല്‍ ഈ ഭൂതകാലത്തിന്റെ സമഗ്രവും സംയോജിതവുമായ വീക്ഷണമാണ് ലിബറല്‍ കാഴ്ചപാട് എന്ന് പറയുന്നത്. നിലവിലുള്ള ഭരണകൂടം ഉറപ്പാക്കുന്നത് ഇതൊരിക്കലും നിങ്ങള്‍ക്ക് കിട്ടരുത് എന്ന് തന്നെയാണ്. ഇന്ത്യ ഇന്ന് ചെങ്കുത്തായ മലഞ്ചരുവിന്റെ അറ്റത്താണ് നില്‍ക്കുന്നത്. ഇത് ഭയപെടുത്തുകയാണ്, കാരണം, എത്ര ആഴത്തിലായിരിക്കാം വീഴുക എന്ന് പോലും അറിയാന്‍ കഴിയാത്ത അവസ്ഥയില്‍ ജനാധിപത്യത്തിന്റെ മൂടുപടം നമ്മുടെ കണ്ണുകളെ മറച്ചിരിക്കുന്നു.

Q

താങ്കള്‍ എഴുതിയ 'സെബാസ്റ്റ്യന്‍ ആന്‍ഡ് സണ്‍സ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് മൃദംഗം മേക്കേഴ്സ്' പ്രതിപാദിക്കുന്നത് മൃദംഗം ഉപയോഗിക്കുന്നവരും ഉണ്ടാക്കുന്നവരും തമ്മിലുള്ള അധികാര ബന്ധങ്ങളെ കുറിച്ചാണ്. ഭൂരിപക്ഷ ജനാധിപത്യം, ജാതി വിവേചനങ്ങള്‍, അധികാര ബന്ധങ്ങള്‍, മീറ്റു അടക്കമുള്ള ലിംഗസമത്വ മുന്നേറ്റങ്ങള്‍ എന്നീ വിഷയങ്ങളെ കുറിച്ചൊക്കെ പൊതുസമൂഹത്തില്‍ വലിയ തോതില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഈ പുസ്തകം പുറത്തിറങ്ങുന്നത്. ആ സമയത്ത് തന്നെ പുസ്തകം പുറത്തിരിക്കണം എന്ന് കരുതിയിയിരുന്നോ?

A

ടി.എം.കൃഷ്ണ: അത് ആകസ്മികമായി സംഭവിച്ചതാണ്. ഞാന്‍ നാല് വര്‍ഷത്തോളം സമയമെടുത്താണ് ആ പുസ്തകം എഴുതിയത്. ഇപ്പറഞ്ഞ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ സജീവമായിരിക്കുന്ന സമയത്താണ് പുസ്തകം പുറത്തിറങ്ങിയത്. കൂടുതല്‍ ശക്തവും പ്രതിഫലനപരവുമായ അത്തരത്തിലെ ചര്‍ച്ചകളുടെ തുടര്‍ച്ചക്ക് ആ പുസ്തകം അതിന്റെതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

Q

ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകളോടും എഴുത്തുകാരോടും ചോദിക്കുന്ന ഒരു ചോദ്യമാണ്. താങ്കളുടെ കാഴ്ച്ചപ്പാടില്‍ ഇന്ത്യ എന്നാല്‍ എന്താണ് ?

A

ടി.എം.കൃഷ്ണ: എന്റെ കാഴ്ച്ചപ്പാടിലെ ഇന്ത്യ എന്ന് പറയുന്നത് നൂറ്റിമുപ്പത് കോടി ഇന്ത്യാക്കാരിൽ ഓരോരുത്തരിലും ഇന്ത്യ എന്നൊരാശയമുണ്ട്. അതിലൊന്ന് എന്റേതും

Cover image Courtesy:- Vibi Job / The Week

number13.in പ്രസിദ്ധീകരിച്ച അഭിമുഖം പൂര്‍ണരൂപം ഇവിടെ വായിക്കാം

മലയാള പരിഭാഷ: ഗോകുല്‍ കെ.എസ്

Related Stories

No stories found.
logo
The Cue
www.thecue.in