'ദസ്ബി' ആയാലും 'ജപമാല' ആയാലും ആശയത്തെ കളയാൻ തോന്നിയില്ല; ബി കെ ഹരിനാരായണൻ അഭിമുഖം

'ദസ്ബി' ആയാലും 'ജപമാല' ആയാലും ആശയത്തെ കളയാൻ തോന്നിയില്ല; ബി കെ ഹരിനാരായണൻ അഭിമുഖം

അടുത്തകാലത്ത് സം​ഗീതാസ്വാദകരെ അതിശയിപ്പിച്ച രണ്ട് പാട്ടുകൾ. പകരം വെയ്ക്കാനില്ലാത്ത വരികൾ. മലയാളത്തിലെ ആദ്യ ഒടിടി റിലീസായ 'സൂഫിയും സുജാതയും' ആദ്യ കേൾവിയിൽ തന്നെ എങ്ങനെ നമ്മുടെ ഹൃദയങ്ങളിൽ കയറിപ്പറ്റി? ദിക്കറ് മൂളണ തത്തകളും ചരടൂർന്നുവീണ ജപമാലയും എങ്ങനെ ഉണ്ടായി? വാക്കുകളും സം​ഗീതവും തമ്മിലുളള ഇഴചേരലിനെ കുറിച്ച് ഹരിനാരായണൻ '​ദ ക്യു'വിനോട് സംസാരിക്കുന്നു.

Q

കാലങ്ങളോളം ആഘോഷിക്കപ്പെടുന്ന പാട്ടുകളുടെ പിറവി പലപ്പോഴും രസകരമായ, കൗതുകമുളള ചില മുഹൂർത്തങ്ങളിലൂടെ ആവും. എങ്ങനെയാണ് ഈ രണ്ടു പാട്ടുകളും ഉണ്ടാകുന്നത്?

A

ഈ പ്രൊജക്ടിലേയ്ക്ക് ഞാൻ എത്തുന്നത് 2019 സെപ്റ്റംബർ നാലിനാണെന്നാണ് ഓർമ, എം ജെ സാറ് വിളിച്ചിട്ട് പറഞ്ഞു, 'ഹരീ, നമുക്കൊരു പാട്ട് ചെയ്യണം. പ്രണയ​ഗാനമാണ്. സിനിമയുടെ പേര് 'സൂഫിയും സുജാതയും'. ഷാനവാസ് ആണ് സംവിധാനം. വിജയ് ബാബു നിർമ്മിക്കുന്നതാണ്. ഒരുപാട് സന്തോഷത്തോടുകൂടി ചെയ്യാൻ പറ്റുന്ന പാട്ടാവണം. എനിക്കും ഹരിക്കും നാളെ നമ്മൾ ചെയ്തതാണെന്ന് അഭിമാനത്തോടെ, ആനന്ദത്തോടെ ഓർക്കാൻ കഴിയുന്നതാവണം. അങ്ങനൊരു പാട്ട് ചെയ്യാനാണ് ഞാൻ വിളിക്കുന്നത്. ഇത് ഹിറ്റാകുമോ ഇല്ലയോ എന്നുളളതൊക്കെ വേറെ വിഷയം. നാളെ തിരിഞ്ഞ് നോക്കുമ്പോൾ നമ്മളിങ്ങനെ ഒരു പാട്ട് ചെയ്തിരുന്നു എന്നത് വളരെ സന്തോഷത്തോടെ ഓർക്കാൻ കഴിയണം.' ഉടനെ ഷാനവാസ് എനിക്ക് സിനിമയുടെ സ്ക്രിപ്റ്റ് അയച്ചു തന്നു. ഞാൻ സ്ക്രിപ്റ്റ് മുഴുവനായും വായിച്ചു. പത്താം ക്ലാസ് പരീക്ഷയ്ക്കൊക്കെ പഠിക്കുന്ന പോലെയാണ് ഞാനാ തിരക്കഥ വായിച്ചത്. അത്രയും ഇൻവോൾമെന്റ് ഞാനതിന് കൊടുത്തിരുന്നു എന്ന അർത്ഥത്തിലാണ്. കാരണം വളരെ അപൂർവ്വമായാണ് നമുക്ക് തിരക്കഥയൊക്കെ അയച്ചുതരുന്നത്. ചില ആളുകൾ സാഹചര്യം പറയും. ചിലർ സ്റ്റോറി ഒന്ന് നരേറ്റ് ചെയ്തു തരും. അങ്ങനെയാണ് പതിവ്.

എം ജെ സാറിന്റെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം പല്ലവിയുടെ ഒരു ബേസിക് ഫ്രെയിം ചെയ്തു വെച്ചിരുന്നു. ട്യൂൺ മൊത്തമായി തരുന്ന രീതി ആയിരുന്നില്ല. 'വെള്ളരിപ്രാവും' 'വാക്കുകൊണ്ട് മുട്ടലും' തിരക്കഥയിൽ ഉണ്ടായിരുന്ന വാക്കുകൾ തന്നെയാണ്. റൂമിയിൻ നിന്നാണ് 'തുളളിയാമെന്നുളളില് വന്ന് നീയാം കടല്' എന്ന് എഴുതിയത്. 'പ്രിയനേ' എന്നത് ട്യൂണിൽ തന്നെ എം ജെ സാറ് ചേർത്തിരുന്നു. അങ്ങനെ ആദ്യം ഞാനാ പല്ലവി ചെയ്തു. അതിനിടയിൽ വീണ്ടും രണ്ടുവരി എന്നോട് എഴുതാൻ പറഞ്ഞു. അപ്പോൾ എഴുതിയതാണ്,

'ഞാവൽപഴക്കണ്ണിമയ്ക്കുന്നേ മൈലാഞ്ചിക്കാട്,

അത്തറിന്റെ കുപ്പി തുറന്നേ മുല്ല ബസാറ്'

ഞാനത് എഴുതിക്കൊടുത്തതിന് ശേഷം അദ്ദേഹമതിനെ ഒരു ട്യൂണാക്കി. ഈ ട്യൂൺ വെച്ചുകൊണ്ട് വരികൾക്ക് മുകളിലും താഴെയുമായി അദ്ദേഹം ഓരോ ഫ്രെയ്സ് ഉണ്ടാക്കി. ഞാൻ ഇതിത്ര ഡീറ്റെയ്ൽ ആയിട്ട് പറയാൻ കാരണം അതിൽ കൊടുക്കൽ വാങ്ങലുകൾ കൃത്യമായി നടന്നിരുന്നു എന്നുളളതു കൊണ്ടാണ്. ഒരു ട്യൂണിന് എഴുതുക, അല്ലെങ്കിൽ എഴുതി ട്യൂൺ ചെയ്യുക എന്നതിലുപരി ഇത് രണ്ടും സംഭവിച്ചിരുന്നു. 2019 സെപ്റ്റംബർ എട്ടിനാണ് ആദ്യ പാട്ട് എഴുതിക്കഴിഞ്ഞത്. ഞങ്ങൾ വളരെ സന്തോഷത്തോടെയാണ് പിരിഞ്ഞത്.

ഇതിന് ശേഷം രണ്ടാമത്തെ 'അൽഹംദുലില്ലായില്ലാഹ്' എന്ന പാട്ടിനായി സുധീപ് വിളിച്ചു. മുമ്പ് ഒരു പാട്ടിനായിട്ട് കൂടിയിട്ടില്ലെങ്കിലും കുറേ കാലമായുളള എന്റെ സുഹ‍ൃത്താണ് സുധീപ്. സുധീപിന്റെ വീട്ടിലായിരുന്നു കമ്പോസിങ്ങും കാര്യങ്ങളും നടന്നിരുന്നത്. അതും ഇതുപോലെ വളരെ നന്നായിത്തന്നെ ചെയ്യാൻ പറ്റി. സ്ക്രിപ്റ്റ് വായിച്ചിരുന്നതുകൊണ്ട് സാഹചര്യം നന്നായി അറിയാമായിരുന്നു. അങ്ങനെ സുധീപിന്റെ ട്യൂണിൽ അന്ന് ഞാൻ എഴുതിയതാണ്,

'പടിവാതിലോളം അഴൽ പടരുന്ന നേരം,

ചരടൂർന്നുപോയിടും ജപമാലയായ് ഞാൻ.

ഇരുളിന്റെ തീയിൽ മൊഴിമോഹമാളുമ്പോൾ

ഇനി എങ്ങനെ നൂറേ ഒരു നന്ദിയോതാൻ.'

Q

എഴുതിവെച്ചതിന് ശേഷം പിന്നീടുണ്ടായ തിരുത്തലുകൾ? മാറ്റിയെഴുതപ്പെട്ട വരികളോ, പകരം ചേർത്ത വാക്കുകളോ അങ്ങനെ എന്തെങ്കിലും?

A

'ദസ്ബി' എന്നായിരുന്നു 'ജപമാല'യ്ക്കു പകരം ആദ്യം ഞാൻ എഴുതിയിരുന്നത്. ഈ ആശയം തന്നെ മറ്റൊരു രീതിയിൽ പറയുകയായിരുന്നു. അപ്പോൾ ഷാനവാസ് എന്നെ വിളിച്ചു പറഞ്ഞു, 'ഹരിയേട്ടാ, നമുക്ക് ദസ്ബി എന്ന വാക്ക് വേണ്ട. കാരണം ഇത് സുജാതയുടെ ആങ്കിളിൽ നിന്നുകൊണ്ടുകൂടിയാണല്ലോ പറയുന്നത്'. ചരടൂർന്നു പോകുന്ന 'ദസ്ബി' ആണെങ്കിലും 'ജപമാല' ആണെങ്കിലും ആ ഒരു ആശയത്തെ കളയാൻ എനിക്ക് തോന്നിയില്ല. അങ്ങനെയാണ് പിന്നീടാ വരികൾ ഉണ്ടായത്.

ആ സമയത്ത് വേറെയും മാറ്റങ്ങൾ ഉണ്ടായിരുന്നിരിക്കാം. അധികം സമയം എടുത്തല്ല രണ്ട് പാട്ടുകളും എഴുതിയത്. അതെന്റെ മിടുക്കായിട്ട് പറയുന്നതല്ല. വരിയും ഈണവും ഒന്നിക്കുമ്പോൾ ചില സമയത്ത് മാത്രം സംഭവിക്കുന്നതാണത്. തുടക്കം മുതലേ സം​ഗീതവുമായി വരികൾക്ക് ഇഴചേരാൻ പറ്റിയിരുന്നു എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.

Q

രണ്ടു പാട്ടുകളും ഇപ്പോൾ ട്രെന്റിം​ഗിൽ നിൽക്കുകയാണ്. ആളുകൾ വീണ്ടും വീണ്ടും കേൾക്കുകയാണ്. ഈ വരികൾ എഴുതിയ താങ്കൾ ഈ ​പാട്ടുകൾ എത്ര തവണ കേട്ടിട്ടുണ്ടാകും?

A

തുടക്ക സമയത്ത് രണ്ടുമൂന്ന് തവണ മാത്രമേ ഞാൻ എന്റെ പാട്ടുകൾ കേൾക്കാറുള്ളു. എഴുതിക്കഴിഞ്ഞാൽ പിന്നെ പാട്ടിൽ നിന്നൊന്ന് മാറി നിൽക്കാനാണ് ഇഷ്ടം. ആ സന്തോഷത്തിൽ നിന്ന് മാറി നിൽക്കുന്നു എന്നതല്ല. നമ്മൾ എഴുതിക്കഴിയുന്നിടത്ത് നമ്മുടെ ഡ്യൂട്ടി കഴിയുന്നു എന്നാണ് ഞാൻ കരുതുന്നത്. ഇനി പ്രേക്ഷകരിലേയ്ക്ക് കൊടുക്കുക എന്നതാണ്. പാട്ട് വന്നു കഴിഞ്ഞപ്പോൾ ആ പാട്ടിൽ ഞങ്ങളെത്ര സന്തോഷിച്ചോ അത്രതന്നെ കേൾക്കുന്നവർക്കും സന്തോഷിക്കാൻ കഴിഞ്ഞു എന്നറിയുമ്പോൾ ഇരട്ടി സന്തോഷം.

Q

സംവിധായകനായ ഷാനവാസും സം​ഗീതം ചെയ്ത എം ജയചന്ദ്രനും വരികളെഴുതിയ താങ്കളും, നിങ്ങൾ മൂന്നു പേരുടേയും കൂട്ടുകെട്ട് ആദ്യ​ഗാനത്തിന് എത്രത്തോളം പ്രയോജനപ്പെട്ടിട്ടുണ്ട്? മൂന്നുപേരും ഈ പാട്ടിനെ എങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ട്?

A

ഷാനവാസിന്റെ തിരക്കഥയിലുളള കുറച്ച് വാക്കുകൾ എടുത്ത്, എം ജെ സാറിന്റെ സുന്ദരമായ സം​ഗീതവുമായി ലയിപ്പിക്കുക എന്ന ഒരു ചെറിയ പണി മാത്രമാണ് ഞാനതിൽ ചെയ്തിട്ടുള്ളു. സം​ഗീതം എം ജെ സാറിനെ സംബന്ധിച്ചിടത്തോളം വളരെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. എന്റെ മുന്നിൽ വെച്ചായിരുന്നു അദ്ദേഹം ഓരോന്നും ചെയ്തെടുത്തത്. ഞങ്ങൾ വളരെ ആസ്വദിച്ച് ചെയ്തതാണ്. കമ്പോസ് ചെയ്ത് വരികളെഴുതി ഷാനവാസിനെ പാടിക്കേൾപ്പിച്ചു. അന്ന് ഇഷ്ടപ്പെട്ട് അദ്ദേഹം കൈ തന്നു. എം ജെ സാറിനോടും എന്നോടും പാട്ട് തുടങ്ങുന്നതിന് മുമ്പേ ഷാനവാസ് ഒരുപാട് സംസാരിച്ചിട്ടുണ്ട്. നമുക്ക് വേണ്ട സ്വാതന്ത്യം തന്നിട്ടുമുണ്ട്. എഴുത്ത് അല്ലെങ്കിൽ ക്രിയേഷൻ നടക്കുമ്പോൾ ഞാനും എം ജെ സാറും അദ്ദേഹത്തിന്റെ ക്രൂ മെമ്പേഴ്സും മാത്രമേ അവിടെ ഉണ്ടായിരുന്നുളളു. ഒരു രൂപമായിക്കഴിഞ്ഞപ്പോഴാണ് സംവിധായകനേയും നിർമ്മാതാവിനേയും കേൾപ്പിക്കുന്നത്. ഇതിലെ വാക്കുകളുടെ പുതുമ എന്ന് പറയുന്നത് എനിക്ക് അവകാശപ്പെടാൻ കഴിയുന്നവയാണോ എന്ന് എനിക്കറിയില്ല. കാരണം ഞാനതിൽ ചില വാക്കുകളെ പെറുക്കി വെച്ചു എന്ന് മാത്രമേ ഉള്ളു. പാട്ട് ഒരു സിനിമയുടെ ഭാ​ഗമായതുകൊണ്ടുതന്നെ വരികൾ ആ സിനിമയുടേതായിത്തന്നെ നിൽക്കണം എന്നൊരു ആ​ഗ്രഹം എനിക്കുണ്ടായിരുന്നു. സ്ക്രിപ്റ്റ് വായിച്ചതിലൂടെയാണ് അത് സാധിച്ചത്. പാട്ടു മാത്രമായി കേൾക്കുമ്പോൾ ഒരാൾക്ക് ജിന്നുപളളിയും മുല്ലബസാറുമൊക്കെ പുതുതായി തോന്നുമെങ്കിലും ഇതെല്ലാം ആ സ്ക്രിപ്റ്റിൽ തന്നെ ഉള്ളതാണ്.

കടപ്പുറത്തുനിന്ന് ഒരു കുട്ടി കക്ക പെറുക്കുന്നതുപോലെയാണ്. പക്ഷെ കക്ക കുട്ടിയുടേതല്ല, കടലിന്റെ തന്നെയാണ്.

Q

ചിത്രത്തിന്റെ റിലീസിന് മുമ്പ് പാട്ടുകൾ ഇറങ്ങുന്നതിനാൽ കഥയെ ഒരു വലിയ അളവിൽ പാട്ടിൽ ഉൾപ്പെടുത്താതെ നോക്കും. ചിത്രം കണ്ടതിന് ശേഷമേ പല കാര്യങ്ങളും പ്രേക്ഷകർ ശ്രദ്ധിക്കൂ എങ്കിൽകൂടി, ഇവിടെ രണ്ടു പാട്ടിലേയും വരികൾ കഥാപശ്ചാത്തലം പൂർണമായും വരച്ചുകാട്ടുന്നവയാണ്. അതിനുള്ള പൂർണ സ്വാതന്ത്യം സംവിധായകനിൽ നിന്ന് കിട്ടിയിരുന്നോ?

A

തീർച്ചയായും. ഒരു അതിതീവ്ര പ്രണയം പറയുന്ന ഭാ​ഗം കഴിഞ്ഞാൽ ചില കഥകളിൽ അവർ മരിച്ചു പോവുകയോ, തമ്മിൽ പിരിയുകയോ ചെയ്യുന്ന രം​ഗമായിരിക്കും. പാട്ടെഴുതുന്ന ആളോട് അത് പറഞ്ഞുകൊടുക്കാൻ പലരും തയ്യാറാവില്ല. കഥാ​ഗദിയെ സംബന്ധിച്ചിടത്തോളം എല്ലാം മറന്ന ഒരു പ്രണയം അവിടെ വേണം. അന്നാലേ വരാനിരിക്കുന്ന വേർപിരിയലിനോ മരിച്ചുപോകലിനോ ഒരു ആഴമുണ്ടാകൂ. ഇവർ ഒരിക്കലും പിരിയില്ലെന്ന് തോന്നും വിധത്തിൽ ഒരു പ്രണയം അനിവാര്യമായതുകൊണ്ട് അവിടെയൊരു തീവ്ര പ്രണയമുണ്ടെന്ന് മാത്രമേ ചിലർ നമ്മളോട് പറയൂ. അങ്ങേയറ്റം ഭം​ഗിയിൽ ആ പ്രണയം കിട്ടാൻ വേണ്ടിയാണ്. ചില കാര്യങ്ങൾ ഒരു രീതിയിലും നമ്മൾ അറിയാൻ പാടില്ലെന്നുള്ളതിനാൽ മറച്ചുവെയ്ക്കാറുണ്ട്. അത് അറിയുന്നത് ചിലപ്പോൾ പാട്ടിന്റെ വരികളെ ബാധിച്ചേക്കാം. പക്ഷെ ഷാനവാസ് എനിക്ക് തിരക്കഥ മൊത്തമായാണ് തന്നത്. അതാണല്ലോ അയാൾ എനിക്കു തന്ന സ്വാതന്ത്യം.

Q

'അൽഹംദുലില്ലാഹ്' എന്ന പാട്ടിൽ അറബിക് പ്രയോഗങ്ങളും നന്നായി വന്നിട്ടുണ്ട്. സൂഫിയെന്ന കഥാപാത്രത്തിന്റെ അല്ലെങ്കിൽ ആ കഥയുടെ തന്നെ രൂപമായി മാറിയിട്ടുമുണ്ട് ആ ഗാനം. അതിന്റെ രചനയെക്കുറിച്ച്?

A

മാപ്പിളപ്പാട്ട് സംസ്കാരത്തെ പിന്തുടരാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. എങ്കിലും ഏതൊരു പാട്ടിന് മുമ്പും ചെറിയൊരു റിസർച്ച് നടത്താറുണ്ട്. പിന്നെ 'ദിക്കറ്' എന്ന വാക്കൊക്കെ തിരക്കഥയിൽ കിടപ്പുണ്ട്. പലരും എന്താണ് അർത്ഥം എന്നൊക്കെ ചോദിച്ചിരുന്നു, മനസിലാകുന്നില്ല എന്നൊക്കെ പറഞ്ഞിരുന്നു. 'മഹത് വചനം' എന്ന് അർത്ഥം വരുന്ന ഒരു വാക്കാണത്. പിന്നെ 'ദിക്കറും' 'റൂഹു'മെല്ലാം എനിക്ക് മുൻപരിചയം ഉള്ള വാക്കുകളാണ്. സിനിമയുടേത് അങ്ങനെ ഒരു പശ്ചാത്തലം കൂടിയാണല്ലോ. അബൂബിന്റെ വീട്ടിലൊരു തത്തയുണ്ട്. അവിടെ ഖുറാൻ ഓതാൻ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. സ്വാഭാവികമായും നമ്മളൊക്കെ അനുഭവത്തിൽ നിന്നും കാണുന്നത് തത്തകൾ പറയുന്നത് ഏറ്റു പറയുമെന്നാണല്ലോ, ആ പശ്ചാത്തലത്തിൽ നിന്ന് തന്നെയാണ് 'ദിക്കറ് മൂളണ തത്ത' എന്ന വരിയൊക്കെ ഉണ്ടാകുന്നത്.

Q

സൂഫിസത്തെ കുറിച്ച് തിരക്കഥയിൽ നിന്നല്ലാതെ കൂടുതൽ അറിയാൻ ശ്രമിച്ചിരുന്നോ?

A

തീർച്ചയായും. ഷാനവാസിന് നല്ല അറിവാണ് ഈ കാര്യത്തിൽ. അദ്ദേഹം എനിക്ക് കുറേയൊക്കെ പറഞ്ഞുതന്നിരുന്നു. റൂമിയെ മുമ്പും വായിച്ചിരുന്ന ഒരാളാണ് ഞാൻ. എങ്കിലും കൂടുതൽ അറിയാവുന്ന കുറച്ചു സുഹൃത്തുക്കളിൽ നിന്നൊക്കെ പുസ്തങ്ങൾ വാങ്ങി വായിച്ചിരുന്നു.

Q

സ്വന്തമായി എഴുതിയ വരികൾ എം ജയചന്ദ്രന്റെ സം​ഗീത്തിനൊത്ത് അദ്ദേഹം ആദ്യം പാടിക്കേൾപ്പിച്ചപ്പോൾ ഒരു എഴുത്തുകാരനിലുണ്ടായ വികാരമെന്താണ്?

A

നമ്മളെഴുതിയ ഏതൊരു വരിയും മറ്റൊരാളിൽ നിന്ന് നല്ലൊരു സം​ഗീതത്തിന്റെ ചുവടുപറ്റി പാടിക്കേൾക്കുമ്പോൾ ഒരു വല്ലാത്ത സന്തോഷം അനുഭവിക്കാറുണ്ട്. അതിന്റെയൊരു പ്രധാന കാരണം, ചെറുപ്പത്തിൽ പാടണമെന്ന വലിയൊരു ആ​ഗ്രഹം ഉണ്ടായിരുന്നു എന്നതാണ്. അത് ഇതുവരെ സംഭവിച്ചിട്ടില്ല. എനിക്ക് പാടാനറിയില്ല. രണ്ടാം ക്ലാസിലോ മൂന്നാം ക്ലാസിലോ പഠിക്കുമ്പോൾ പാടാനുള്ള ശ്രമം നടത്തുകയും പിന്നീടത് ശരിയാവില്ലെന്നുകണ്ട് പാടാതിരിക്കുകയുമാണ് ചെയ്തത്. പാടാൻ കഴിയില്ലെന്ന ബോധമാണോ പിന്നീടെന്നെ പാട്ട് എഴുതിയ്ക്കുന്നത് എന്നറിയില്ല. അതുകൊണ്ടുതന്നെ പാടാൻ അറിയാത്ത നമ്മുടെ വരികൾ മറ്റൊരാൾ പാടിക്കേൾക്കുമ്പാൾ വല്ലാത്ത സന്തോഷം ആ നിമിഷം അനുഭവിക്കാറുണ്ട്. ചിലപ്പോഴൊക്കെ സം​ഗീത സംവിധായകൻ നമുക്ക് തരുന്ന മ്യൂസിക്കിനൊത്ത് നമ്മൾ വരി എഴുതിക്കൊടുത്തു കഴിഞ്ഞാൽ പിന്നെ ആ ​പാട്ട് ഞാൻ കേൾക്കുന്നത് അതിന്റെ റിലീസിന്റെ അന്നായിരിക്കും. അതൊക്കെക്കൊണ്ട് ഉടൻതന്നെ നമ്മുടെ വരികൾ മറ്റൊരാളിൽ നിന്ന് പാടിക്കേൾക്കുക എന്നത് ഒരുപാട് സന്തോഷമുണ്ടാക്കും. ഇവിടെ ഓരോ വരികളും ആവർത്തിച്ചാവർത്തിച്ച് പാടി ശരിയാവുന്നില്ലേയെന്ന് ചെക്ക് ചെയ്തൊക്കെ കഴിഞ്ഞാണ് ഡയറക്ടറും പ്രൊഡ്യൂസറും വരുമ്പോൾ വീണ്ടും പാടുന്നത്. അവർക്ക് മുന്നിൽ പാടുന്ന വീഡിയോ യൂ ട്യൂബിലുണ്ട്. ഞാൻ എങ്ങനെ ആ പാട്ടിനെ ആസ്വദിക്കുന്നു എന്നത് ആ വീഡിയോയിൽ പ്രകടമാണ്.

Q

മികച്ച രചനയാകുമ്പോഴും ഗാനമെന്ന നിലയ്ക്ക് വലിയ സ്വീകാര്യത നേടുമ്പോഴാണ് ചർച്ചയാകുന്നത്. സൂഫിയിലെ പാട്ടുകൾക്ക് കിട്ടുന്ന നല്ല വാക്കുകളെ എങ്ങനെ കാണുന്നു?

A

ഒരു പാട്ട് എന്നത് ഒരു സംഘ കലയാണല്ലൊ. വരി, ഈണം, പാടുന്നവർ, ദൃശ്യങ്ങൾ, കഥാപശ്ചാത്തലം അങ്ങനെ എല്ലാം ചേർന്നപ്പോൾ ആളുകൾ സ്വീകരിച്ചു എന്നതിൽ വലിയ സന്തോഷം.

Related Stories

No stories found.
logo
The Cue
www.thecue.in