നുണയുടെ രാഷ്ട്രീയം ഇന്ത്യയില്‍ ഇനിയധികം മുന്നോട്ട് പോകില്ല: ഇ.പി ഉണ്ണി അഭിമുഖം


നുണയുടെ രാഷ്ട്രീയം ഇന്ത്യയില്‍ ഇനിയധികം മുന്നോട്ട് പോകില്ല: ഇ.പി ഉണ്ണി അഭിമുഖം
ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂണിലെ അതികായനായ ഇ.പി ഉണ്ണി 'വാഗ്‌വിചാരത്തിൽ'

എൻ.ഇ. സുധീർ: ഒരുപക്ഷേ സൂക്ഷ്‌മജീവിയായ ഒരു വൈറസ് നമ്മളെ എല്ലാവരെയും വീട്ടുതടങ്കലിൽ ആക്കുമ്പോൾ, സൂക്ഷ്മദൃക്കായ ഒരു കാർട്ടൂണിസ്റ്റ് എന്ന നിലയിൽ, വീടിനപ്പുറം പുറം ലോകത്തെ നോക്കി എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് വളരെ സൂക്ഷ്‌മമായി വിലയിരുത്തിയ ഒരു കാർട്ടൂണിസ്റ്റ് എന്ന നിലയിലാണ് ഉണ്ണി ഇന്ന് ഇന്ത്യയിൽ ആകെ അറിയപ്പെടുന്നത്. ഈ ലോക്‌ഡോൺ കാലത്ത് പുറത്തുവന്ന അദ്ദേഹത്തിന്റെ കാർട്ടൂണുകളിൽ എല്ലാം പറയാതെ പറയുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടാകും. അടഞ്ഞിരിക്കുന്ന വീടുകളിൽ നമ്മളൊക്കെ എത്രത്തോളം സുരക്ഷിതരല്ല എന്ന് നമ്മളെ ഓർമ്മപെടുത്തുകയും, പുറം ലോകത്ത് ഈ ദുരന്തത്തിന്റെ മറ പിടിച്ച് മറ്റെന്തെല്ലാം സംഭവിക്കുന്നു എന്നും ചെറിയ വാക്കുകളിലൂടെ, ഒരു വരയിലൂടെ പറയുകയും ചെയ്‌തു എന്നുള്ളതാണ് ഉണ്ണിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇന്ത്യയെ പോലെയൊരു രാജ്യം ഈ ദുരന്തം നേരിടുന്നതിലും, അതിലൂടെ ജനങ്ങൾക്ക് ഉണ്ടാക്കിയ മറ്റു ദുരന്തങ്ങളിലേക്കും, ഒരുപാട് കാര്യങ്ങൾ തുറന്ന് പറയാൻ ഒരുപക്ഷേ ഒരു രാഷ്ട്രീയ ലേഖകനെക്കാൾ കൂടുതൽ ഒരു കാർട്ടൂണിസ്റ്റിന് കഴിയുമെന്നാണ് വിശ്വാസം. നമ്മളൊന്നും കാണാത്ത ഈ അസാധാരണമായ കാലം, ഈ പുതിയ കാലം, എന്താണ് ഒരു കാർട്ടൂണിസ്റ്റിനോട് പറഞ്ഞത് എന്ന് പറഞ്ഞു കൊണ്ട് തുടങ്ങാം

ഇ.പി ഉണ്ണി: വലിയ വെല്ലുവിളിയാണ്. സാധാരണ ഒരു ദുരന്തത്തെ കുറിച്ച് കാർട്ടൂൺ വരയ്ക്കുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടുള്ളൊരു കാര്യമാണ്. കാർട്ടൂൺ എപ്പോഴും അധികാരത്തിൽ ഇരിക്കുന്ന നമ്മളെക്കാളും നമ്മുടെ വായനക്കാരെക്കാളും ശക്തരായ ഒരു അധികാരകേന്ദ്രത്തിനെ വിമർശിക്കുന്ന ഒരു പ്രക്രിയ ആണ്. അതിന്റെയകത്ത് ആക്ഷേപ ഹാസ്യവും നർമ്മവും ഒക്കെ അങ്ങനെയാണ് ഉണ്ടാകുന്നത്. മുകളിൽ ഇരിക്കുന്ന ഒരാളെ വലിച്ചു താഴെ ഇടുക, ഒരു പള്ളുപറയുന്ന ഒരാളുടെ പള്ള് തുറന്നു കാട്ടുക എന്നിങ്ങനെയുള്ള ഒരു തരം വിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്ന ഒരു മാധ്യമമാണ് കാർട്ടൂൺ. പക്ഷേ നമ്മൾ ഒരു മഹാദുരന്തത്തിന്റെ അകത്തു നിൽക്കുമ്പോൾ കാർട്ടൂൺ എന്തുചെയ്യും എന്ന് ചോദിച്ചാൽ അതിനു നേരിട്ടുള്ളൊരു ഉത്തരം പറയാൻ പറ്റില്ല. പക്ഷേ പലപ്പോഴും ചരിത്രത്തിലേക്ക് പോയാൽ, 1929 കാലത്ത് മഹാസാമ്പത്തികമാന്ദ്യം ഉണ്ടായ സമയത്തോ, രണ്ടാം ലോക മഹായുദ്ധം ഉണ്ടായ സമയത്തോ, നാസി മുന്നേറ്റം ഉണ്ടായ സമയത്തോ ഒക്കെ ലോകത്തിലെ ഏറ്റവും മികച്ച കാർട്ടൂണുകൾ ഉണ്ടായിട്ടുണ്ട്. അതെങ്ങനെ സംഭവിച്ചു എന്ന് പറയാൻ ചിലപ്പോൾ ബുദ്ധിമുട്ടാണ്. നമ്മൾ ഏതാണ്ട് അതുപോലെ ഒരു കാലത്തിലൂടെയാണ് കടന്ന് പോകുന്നത്.

എൻ.ഇ. സുധീർ: ഇപ്പോഴും ഉണ്ടായിട്ടുണ്ട്, അത്തരം നല്ല കാർട്ടൂണുകൾ.

ഇ.പി.ഉണ്ണി: കാർട്ടൂണിസ്റ്റുകൾ പൊതുവെ ഇന്ത്യയിലും പുറത്തും ഒക്കെ നല്ലോണം ഉണർന്ന ഒരു സമയമാണിത്. ഒരു പ്രധാന കാരണമായി എനിക്ക് തോന്നുന്നത്, വാക്കുകളിൽ കൂടി പറഞ്ഞു തീർക്കാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ ഇതിൽ ഉള്ളതുകൊണ്ട്, അവിടെ ബിംബങ്ങൾ കയറി വരുന്നതുകൊണ്ടായിരിക്കാം. ഒരുപാട് വാക്കുകൾ നമുക്ക് ചുറ്റുമുണ്ട്. ഇവിടെ ഞാൻ ചെറിയ ഒരു താക്കീതു കൂടി വായനക്കാർക്കും കാർട്ടൂണിസ്റ്റിനും കൊടുക്കും. കാരണം ദുരന്തത്തിന്റെ ദുരന്ത അംശത്തെ കുറിച്ച്, അതിനകത്ത് മനുഷ്യന് ദുഖമുണ്ടാക്കുന്ന ഒരു അംശമുണ്ട്. അതിനെ കുറിച്ച് തുടർച്ചയായി കാർട്ടൂൺ വരച്ചുകൊണ്ടിരിക്കുന്നത് ഒരു അഭികാമ്യമായ കാര്യമല്ല. ദുരന്തങ്ങളുടെ രാഷ്ട്രീയത്തിലേക്ക് കടക്കണം, അതിന്റെ ചരിത്രത്തിലേക്ക് കടക്കണം... ദുരന്തത്തെ മുന്നിൽ നിർത്തി പല കളികളും കളിക്കും, അതിലേക്കൊക്കെ കാർട്ടൂണിസ്റ്റിന്റെ ശ്രദ്ധ പോകണം. അങ്ങനെയൊക്കെയാണ് ഈ സമയത്ത് കാർട്ടൂണുകൾ ഉണ്ടാകുന്നത്.

എൻ.ഇ സുധീർ: തീർച്ചയായും, ഞാൻ കഴിഞ്ഞ കുറേ കാർട്ടൂണുകൾ നോക്കുമ്പോൾ ആ ഒരു ശ്രദ്ധയിലാണ് ഏറ്റവും ഊന്നൽ കൊടുത്തിട്ടുള്ളത്. പലതും പറയാതെ പറഞ്ഞു എന്ന് പറഞ്ഞത് അതാണ്. കാശ്മീരിലെ മെഹബൂബാ മുഫ്‌തിയുടെ ഒരു പെട്ടി വച്ചിട്ടുള്ള ഒരു കാർട്ടൂൺ താങ്കൾ വരച്ചിരുന്നു. പ്രകടമായ ലക്ഷണങ്ങളില്ലാത്ത നിയമത്തിന്റെ പോക്കിനെ (asymptomatic) കുറിച്ച് ഒരു സൂചന അവിടെ നൽകിയിട്ടുണ്ട്. അത് തരുന്ന സന്ദേശം എന്ന് പറയുന്നത്, ഈ ദുരന്തം അധികാരികൾ എങ്ങനെ ഉപയോഗിച്ച് എന്നതിന്റെ ശരിയായ ഒരു ചിത്രമാണ്. ആ ഒരു കാർട്ടൂണിനെ കുറിച്ച് ഒന്ന് പറയാമോ?

ഇ.പി.ഉണ്ണി: അതിപ്പോൾ താങ്കൾ തന്നെ പറഞ്ഞു കഴിഞ്ഞു. കാശ്മീരിലെ വിചിത്രമായ അവസ്ഥ നോക്കണം. കാശ്മീരിൽ മുൻപുണ്ടായിരുന്ന സാധാരണ നില വച്ച് നോക്കുമ്പോൾ സർക്കാർ ഒരുപാട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അത് കാശ്മീർ ജനതയെ നേർവഴിക്ക് കൊണ്ട് വരാനാണ് എന്നൊക്കെ പറഞ്ഞാണ് ഏർപ്പെടുത്തിയത്. അതൊക്കെ എത്ര അസംബന്ധമായി എന്ന് നമ്മൾക്കിപ്പോൾ മനസ്സിലാകും. ഈ ലോക്‌ഡോൺ സാഹചര്യത്തിൽ നമ്മൾ എല്ലാവരും വലിയ ഒരളവിൽ ഇന്റർനെറ്റിനെ ആണ് ആശ്രയിച്ചിരുന്നത്. നമ്മൾ സംസാരിക്കുന്നത് പോലും ഇന്റർനെറ്റ് വഴിയാണ്. വെള്ളവും വെളിച്ചവും പോലെ ഇന്റർനെറ്റ് ഒരു പൗരന്റെ അവകാശമായി മാറിക്കൊണ്ടിരിക്കുന്ന സമയത്ത്, ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട സംസ്ഥാനത്തെ ജനങ്ങൾക്ക് അത് കൊടുക്കാതിരിക്കുക എന്നുള്ളതാണ് പ്രശ്‌നം. അതുപോലെ അവിടുത്തെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്ന നേതാക്കന്മാരെ, മുഖ്യമന്ത്രിയായിരുന്ന നേതാക്കന്മാരെ എല്ലാം വീട്ടുതടങ്കലിൽ പാർപ്പിക്കുക, അത് ഈ ഒരു കാലത്തും തുടർന്ന് കൊണ്ട് പോവുക... മെഹബൂബാ മുഫ്ത്തി ഇപ്പോഴും ജയിലിലാണ്.

എൻ.ഇ സുധീർ: അസാധാരണമായ ഒരുപാട് നടപടികളിലേക്ക് നമ്മൾ പോയി. പക്ഷേ കാശ്മീരിന്റെ രാഷ്ട്രീയത്തിൽ അതിനുശേഷം അസാധാരണമായി ഒന്നും സംഭവിച്ചില്ല. ഈ കാര്യം പറഞ്ഞു അവിടെയുള്ള രാഷ്ട്രീയ പ്രവർത്തനം നമ്മൾ അനുവദിച്ചില്ല. അവിടുത്തെ പൊതു മണ്ഡലത്തെ തുറന്ന് കൊടുത്തില്ല. അതൊക്കെ താങ്കളുടെ ആ ഒരു വരയിലൂടെ മനസ്സിലാക്കാൻ കഴിയും. അവിടെ വരുന്ന ഒരു ചോദ്യം, ഇതുപോലെ ഒരു ദുരന്ത കാലത്ത് ഒരു രാജ്യത്ത്, ഒരു ഫാഷിസ്റ് ഭരണകൂടം, അല്ലെങ്കിൽ ഫാഷിസ്റ് രാഷ്ട്രീയ നേതൃത്വം ഉണ്ടാവുന്നത് എത്രത്തോളം വിനാശകരമാണ് എന്നതാണ്, ഇതിനെയെല്ലാം സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന ഒരു കാർട്ടൂണിസ്റ്റ് എന്ന നിലയിൽ എങ്ങനെയാണ് കാണുന്നത്?

ഇ.പി.ഉണ്ണി: ഇന്ത്യയിൽ കേന്ദ്രീകൃതമായ ലോക്‌ഡോൺ ആദ്യ രണ്ട് ആഴ്ച്ചകൾക്ക് ശേഷം അസാധ്യമാണ്‌ എന്നുള്ള നിലക്ക്, പല സംസ്ഥാനങ്ങളോട് അവരുടേതായ രീതിയിൽ ഇത് കൈകാര്യം ചെയ്യാൻ പറയേണ്ടതായിരുന്നു. അതിനു മുൻപ് തന്നെ കേരളം പോലെ ഒരു സംസ്ഥാനം, അതിന്റേതായ രീതിയിൽ ഈ സാഹചര്യത്തെ കൈകാര്യം ചെയ്‌തതാണ്‌. സാമാന്യം ഭേദപ്പെട്ട ഒരു സാമൂഹിക-ജനാധിപത്യ പാരമ്പര്യമുള്ള കേരളം പോലെയൊരു സ്ഥലത്ത് ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നിങ്ങൾക്കറിയാം. ആരോഗ്യപ്രശ്‌നങ്ങൾ പോലും പരിഹരിക്കുന്ന കാര്യത്തിൽ ഒരു ജനാധിപത്യ സംസ്‌കാരം ഉള്ള ഒരു പ്രദേശത്തിന് തീർച്ചയായും ഒരു ഭേദപ്പെട്ട ഫലം ഉണ്ടാക്കാൻ കഴിയുന്നു എന്ന് കാണാൻ പറ്റും. പലരും വിചാരിക്കുന്നത് പോലെ, കടുത്ത നിയന്ത്രണങ്ങൾ കൊണ്ട് വരികയും, ഒരു ഫാഷിസ്റ് സ്വഭാവത്തോടെ ഭരിക്കുകയും ചെയ്യുന്നതാണ് സദ്ഭരണം എന്ന് ആളുകൾ ധരിച്ചു വെച്ചിട്ടുണ്ട്. അത് എത്രത്തോളം പൊള്ളയാണ് എന്ന് കേരളത്തിന്റെ ഉദാഹരണം കാണിച്ചു കൊടുത്താൽ മനസ്സിലാകും. അതുപോലെ കഴിഞ്ഞ മൂന്ന് ആഴ്‌ചകൾ നോക്കിയാൽ പ്രാദേശികമായ ഒരുപാട് വ്യത്യാസങ്ങൾ നമ്മൾക്ക് കാണാൻ പറ്റും. ലോക്‌ഡൗണിന്റെ തുടക്കത്തിൽ കേന്ദ്രം തന്നെയാണ് ഈ വിലക്കുകൾ എല്ലാം നടപ്പിലാക്കി കൊണ്ടിരുന്നത്. ആരോഗ്യപരമായ പ്രവർത്തനങ്ങൾ, ആരോഗ്യപ്രവർത്തകരുടെ ജനങ്ങളുമായിട്ടുള്ള ബന്ധം എന്നിങ്ങനെ ഒരുപാട് ഘടകങ്ങൾ കൊണ്ടാണല്ലോ ഈ മഹാമാരി നിയന്ത്രണ വിധേയമാകുന്നത്. മഹാവിപത്താണെങ്കിൽ പോലും നമ്മുക്ക് കുറച്ച് കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ പറ്റുന്നത് ഒരു ജനാധിപത്യ സമൂഹത്തിലാണ്. മറ്റൊരു കാര്യം, പണ്ട് അമർത്യാ സെൻ ഒക്കെ പറഞ്ഞത് പോലെ, ക്ഷാമം ലോകത്ത് ഇല്ലാതാവുന്നതിന്റെ ഒരു പ്രധാന കാരണം പത്രപ്രവർത്തനമാണ്. കൃത്യമായി വാർത്തകൾ നൽകാൻ കഴിഞ്ഞത് കൊണ്ടാണ് ക്ഷാമം പോലും വരൾച്ചയായി ചുരുങ്ങിയത്. അതൊരു വലിയ മാറ്റമാണ്. അതുപോലെയൊരു സ്വഭാവം കൂടി ഇതിലുണ്ട്. ഏറ്റവും നന്നായി ഇത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കാലമാണ്. സത്യസന്ധമായി പത്രപ്രവർത്തകർ ഇതിനെ കുറിച്ച് എഴുതുന്ന പ്രദേശത്തൊക്കെ ഇത് കുറച്ചു കൂടി ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യപ്പെടുന്നുണ്ട്.

എൻ.ഇ സുധീർ: ഇപ്പോൾ നമ്മുടെ കുടിയേറ്റ തൊഴിലാളികളുടെ കാര്യം പറഞ്ഞാൽ അത് ലോകത്തിന്റെ മുന്നിൽ എത്തിച്ചത് പത്രപ്രവർത്തകരാണ്. ഒരുപക്ഷേ അതില്ലായിരുന്നു എങ്കിൽ ഇവർ ഇത് എങ്ങനെ കൈകാര്യം ചെയ്യും എന്ന് നമ്മൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. പല കാർട്ടൂണുകളിലും അവരുടെ പ്രശ്‌നങ്ങൾ വന്നിട്ടുണ്ട്. അവർ കാൽനടയായി നടന്നു പോകുന്നതും, തീവണ്ടിക്കായി കാത്തുനിൽക്കുന്നതും എല്ലാം... കുടിയേറ്റ പ്രശ്‌നത്തിനെ എങ്ങനെയാണ് കാണുന്നത്?

ഇ.പി.ഉണ്ണി: ഞാൻ ഡൽഹിയിൽ വളരെക്കാലം ജീവിച്ചിട്ടുള്ളത് കൊണ്ട് അതിനെ കുറിച്ച് എനിക്ക് പറയാൻ കഴിയും. ഡൽഹിയുടെ ഒരു വളരെ പ്രധാനപ്പെട്ട സാന്നിധ്യമാണ് കുടിയേറ്റ തൊഴിലാളികൾ. ഏതു വീടിന്റെ പുറത്തേക്ക് നോക്കിയാലും നമ്മൾക്കു കുടിയേറ്റക്കാരെ കാണാം. പ്രത്യേകിച്ച് നിർമ്മാണ തൊഴിലാളികൾ എല്ലാം തന്നെ കുടിയേറ്റക്കാരാണ്. അവർക്ക് ആദ്യം താമസിക്കാൻ പൊളിക്കുന്നതിന് മുൻപുള്ള കെട്ടിടം ഉണ്ടാകും, അവർ അത് പൊളിച്ചു വീടില്ലാതായി ഒരു പുതിയ കെട്ടിടം ഉണ്ടാക്കി അതിന്റെ ഇടക്ക് താമസിച്ച് വീണ്ടും വീടില്ലാതെ പുറത്തേക്ക്, ചേരികളിലേക്ക്, പോകുന്ന ഒരു അവസ്ഥയുണ്ട്. നമ്മൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. ഇതുണ്ടായപ്പോൾ എന്റെ മനസ്സിൽ ആദ്യം തോന്നിയത്, എന്തുകൊണ്ടാണ് ഈ ഭരണകർത്താക്കൾക്ക് ഇവരെ ഓർമ്മയില്ലാത്തത് എന്നാണ്. അതിശക്തമായ ശൈത്യം ഉണ്ടാകുന്ന സ്ഥലമാണ് ഡൽഹി. അങ്ങനെ അതിശൈത്യകാലത്ത് ഇവർക്ക് തണുപ്പകറ്റാനുളള പുതപ്പ് ഒക്കെ വിതരണം ചെയ്യാനും, ഇവരുടെ ക്യാമ്പുകൾ സജ്ജീകരിക്കാനുമൊക്കെ എല്ലാ വർഷവും നടക്കുന്ന നിരന്തര പ്രക്രിയയുണ്ട്, ഭരണസംബന്ധമായ പ്രക്രിയയുണ്ട്. ഇവർ എങ്ങനെയാണ് ഇത്ര പെട്ടെന്ന് ഭരിക്കുന്നവരുടെ സ്‌മൃതിമണ്ഡലത്തിൽ നിന്ന് പോയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. രണ്ടാഴ്‌ചയോളം തിരിഞ്ഞ് നോക്കിയില്ല. നാല് മണിക്കൂർ സമയം കൊടുത്താണ് ഈ ലോക്‌ഡോൺ പ്രഖ്യാപിച്ചത്. അത് മഹാപരാധമാണ്. മാത്രമല്ല വേറെയൊരു കാര്യം ഓർക്കേണ്ടത്, ഏറ്റവും വലിയ കുടിയേറ്റക്കാരനാണ് കാർട്ടൂണിസ്റ്റ്.

എൻ.ഇ സുധീർ: തൊഴിലാളികളുടെ കാര്യം സർക്കാർ ഏറ്റവും അവസാനത്തേക്ക് വച്ചു എന്നതാണ് ഇപ്പോഴും കാണുന്നത്. സാമ്പത്തികമായും മറ്റും അവർ എങ്ങനെയാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് എന്നതിൽ ഒക്കെ ഇപ്പോഴും ഒരു ശ്രദ്ധയും ഇല്ലാതെ കിടക്കുകയാണ്. അക്കാര്യത്തിലും ഒരുപക്ഷേ ജനാധിപത്യ ബോധമുള്ള സമൂഹം പ്രവർത്തിച്ചിട്ടുണ്ട് എന്ന് പറയാം; കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ. പക്ഷേ വടക്കേന്ത്യയും, കേന്ദ്ര സർക്കാരും അക്കാര്യത്തിൽ പരാജയപെട്ടു, ഇപ്പോഴും ആ ആലോചനയിൽ വന്നിട്ടില്ല. അതിന്റെ ഒരു ആഗോള സ്വഭാവം തന്നെ തങ്ങളുടെ ഒരു കാർട്ടൂണിൽ ഉണ്ട്. മാർക്സിന്റെ ചരമദിനത്തിൽ വന്ന ഒരു കാർട്ടൂൺ; 'വർക്കേഴ്‌സ് ഓഫ് ഓൾ ലാൻഡ്‌സ് സർവൈവ്' (Workers of All Land Survive) എന്ന് പറഞ്ഞിട്ടുള്ള ഒരു കാർട്ടൂൺ. അത്തരത്തിൽ ഒരു കാർട്ടൂൺ വന്നത് ഒരുപക്ഷേ ഇവരെക്കുറിച്ചുള്ള ആ ഒരു ബോധത്തിൽ നിന്നല്ലേ, ഇവർ അകപ്പെട്ടിരിക്കുന്ന ഒരു അവസ്ഥയിൽ നിന്നല്ലേ?

ഇ.പി.ഉണ്ണി: തീർച്ചയായിട്ടും അതുതന്നെയാണ്. മാർക്സിന്റെ ചരമദിനത്തിൽ ചെയ്‌തതാണ് ആ കാർട്ടൂൺ.

എൻ.ഇ സുധീർ: അതൊരു പക്ഷേ ഇന്ത്യയിൽ കൊറോണ വ്യാപനം മൂലം ഉണ്ടായതും ഉണ്ടായേക്കാവുന്നതുമായ ദുരന്തത്തേക്കാൾ വലിയൊരു ദുരന്തം, അല്ലെങ്കിൽ മറ്റൊരു ദുരന്തത്തെ സൃഷ്‌ടിക്കുന്ന അവസ്ഥയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്.

ഇ.പി.ഉണ്ണി: അതൊരു ആഗോള പ്രശ്‌നമാണ്. തൊഴിൽ ചെയ്യുന്ന ആളുകളെ ഒരു നഗരം ഒരു നിമിഷം കൊണ്ട് കൈവിടുകയാണ്. മടങ്ങി പോകാൻ പറയുകയാണ്. ഇങ്ങനെ ഒരു ബന്ധമാണ് ഒരു തൊഴിലാളിയും ഒരു നഗരവും തമ്മിലുണ്ടാവുന്നത്. അങ്ങനെയാണെങ്കിൽ എന്ത് തരം നഗരങ്ങളാണ് നമ്മളൊക്കെ ഉണ്ടാക്കിയിട്ടുള്ളത്? ഇങ്ങനെ അടിസ്ഥാനപരമായ പ്രശ്‌നങ്ങൾ ഉണ്ട്. എല്ലാവരും എന്തെങ്കിലും തൊഴിൽ ചെയ്‌താണല്ലോ ജീവിക്കുന്നത്. തൊഴിൽ ചെയ്‌തു നഗരത്തെ നിലനിർത്തുകയും, നഗരത്തെ നഗരമാക്കുകയും ചെയ്‌ത ആൾക്കാരെ ആണ് എന്ന് ഓർക്കണം... ഭേദപ്പെട്ട സൗകര്യങ്ങൾ കൊടുത്തിരുന്ന എങ്കിൽ അവരിൽ പലരെയും പിടിച്ചു നിർത്താൻ നമ്മുക്ക് സാധിക്കുമായിരുന്നു. അവർക്ക് മടങ്ങി പോകണമായിരുന്നു എങ്കിൽ തന്നെ ഇതിലും മാന്യമായി അവരെ യാത്രയയ്ക്കാമായിരുന്നു, ഒരു പരിധി വരെ കേരളം ഒക്കെ ചെയ്‌തത്‌ പോലെ. നമ്മളെക്കാളൊക്കെ എത്രയോ സൗകര്യങ്ങൾ ഉള്ള ഡൽഹി പോലെ ഒരു സ്ഥലത്തിനു അത് സാധിച്ചില്ല എന്ന് പറഞ്ഞാൽ അത് ഒരു വല്ലാത്ത മാനസികാവസ്ഥയാണ്.

എൻ.ഇ. സുധീർ: ഒരു രാഷ്ട്രീയ നിരീക്ഷകൻ എന്നുള്ള രീതിയിൽ ഈ ഒരു കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ പരാജയം എന്തായിട്ടാണ് താങ്കൾ കാണുന്നത്?

ഇ.പി.ഉണ്ണി: ഏറ്റവും വലിയ രാഷ്ട്രീയ പരാജയമായി ഞാൻ കാണുന്നത്, ജനാധിപത്യത്തെ കുറിച്ച് വേണ്ടത്ര ബോധ്യം പ്രതിപക്ഷത്തിന് പോലും ഇല്ലാത്ത അവസ്ഥയാണ്. എല്ലാവരുടെയും അകത്ത് കഠിനമായും ശക്തമായും ഭരിച്ചാൽ എന്തോ വലിയ ഫലങ്ങൾ ഉണ്ടാകും എന്നുള്ള ഒരു ധാരണയുണ്ട്. ജനാധിപത്യപരമായി ഭരിച്ചാൽ മാത്രമേ അതിനു കഴിയുകയുള്ളൂ എന്നൊരു ബോധ്യം പ്രതിപക്ഷത്തെ കക്ഷികൾക്ക് പോലും ഇല്ലാതായിട്ടുണ്ട്. പിന്നെ സാമൂഹ്യമായിട്ടുള്ള ബന്ധം ഈ കക്ഷിരാഷ്ട്രീയങ്ങൾക്കും അധികാര രാഷ്ട്രീയത്തിനും എവിടെയെല്ലാം അറ്റ്‌ പോയിട്ടുണ്ടോ, അവിടെയൊക്കെ ഈ പരാജയം നമ്മൾ കൂടുതലായിട്ട് കാണുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും, പലപ്പോഴും പ്രാദേശിക പാർട്ടികൾ, എന്തൊക്കെ പരിമിതികൾ ഉണ്ടെങ്കിലും, ജനങ്ങളുമായി പല രീതിയിൽ ബന്ധമുള്ളത് കൊണ്ടും, സി.പി.എം, ഡി.എം.കെ, എ.ഡി.എം.കെ.,ശിവസേന, തൃണമൂൽ കോൺഗ്രസ്; ഇത്തരം പാർട്ടികൾക്കാണ് ഇത് കുറച്ചുകൂടി നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്നത്. ദേശീയ പാർട്ടികൾ എന്ന് വീമ്പ് പറഞ്ഞു നടക്കുന്ന വലിയ വലിയ പാർട്ടികൾക്ക് അടിത്തട്ടുമായിട്ടുള്ള ബന്ധം കുറേ കാലമായിട്ട് കുറഞ്ഞിട്ടുണ്ട് എന്ന് അവർ ഓർക്കുന്നത് നന്നായിരിക്കും.

എൻ.ഇ സുധീർ: ആ രീതിയിൽ നോക്കുമ്പോൾ, കൊറോണാനന്തര രാഷ്ട്രീയത്തിൽ ഇന്ത്യയെ പോലെയൊരു രാജ്യത്ത് എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കുന്നുണ്ടോ? ഇന്ത്യയുടെ ഒരു രാഷ്ട്രീയ ഭാവി എന്തായിരിക്കും? നമ്മൾ എങ്ങോട്ടാണ് പോകുന്നത്?

ഇ.പി.ഉണ്ണി: അത് പ്രവചിക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ ഒരു കാര്യമുണ്ട്; കളവിന്റെ രാഷ്ട്രീയം അധികം മുന്നോട്ട് പോകും എന്ന് എനിക്ക് തോന്നുന്നില്ല.

എൻ.ഇ സുധീർ: വേറെയൊരു കാര്യം ഞാൻ ഒരു കാർട്ടൂണിൽ കണ്ടത്, ഈ പൊതു ആരോഗ്യ കേന്ദ്രങ്ങളേക്കാൾ (public health centre) കൂടുതൽ നമ്മൾ ഇപ്പോൾ പൊതു പ്രതിമകൾ (public statue) നമ്മൾ ഇപ്പോൾ കാണുന്നുണ്ട് എന്ന് ഒരു കാർട്ടൂൺ ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ അതൊരു വലിയ സത്യമാണ്. കേരളം പോലൊരു സ്ഥലത്ത് ഇതുപോലെയൊരു പകർച്ചവ്യാധിയെ നേരിടാൻ നമ്മൾ കാലങ്ങളായി ഉണ്ടാക്കി വച്ചിട്ടുള്ള പൊതു ആരോഗ്യ കേന്ദ്രങ്ങളാണ് നമ്മളെ സഹായിക്കുന്നത്. അതേസമയം ഗുജറാത്ത് പോലുള്ള സ്ഥലത്ത്, മൂവായിരം കോടിയുടെ പ്രതിമ ഉണ്ടാക്കിയിട്ട് ആ സംസ്ഥാനത്തിൽ ഇപ്പോൾ വന്നു ചേർന്നിരിക്കുന്ന ഒരു ദുരന്തം ഉണ്ട്. ഗുജറാത്തിൽ പട്ടേലിന്റെ പേരിൽ ഒരു പ്രതിമയുമുണ്ട്, പട്ടേലിന്റെ പേരിൽ ഒരു എഴുനൂറു കോടിയുടെയോ മറ്റോ ആശുപത്രിയും ഉണ്ടാക്കിയിട്ടുണ്ട്. ആരോഗ്യമുള്ള മനുഷ്യരാണോ വേണ്ടത് അല്ലെങ്കിൽ മരിച്ചു പോയവരുടെ പേരിൽ ഒരു പ്രതിമയാണോ വേണ്ടത് എന്നൊരു ചോദ്യമുണ്ട്. എങ്ങനെയാണ് ആ കാർട്ടൂണിലേക്ക് എത്തിയത്?

ഇ.പി.ഉണ്ണി: ഒ.വി വിജയന്റെ ഒരു പദം കടമെടുത്താൽ "അധികാരത്തിന്റെ അശ്ലീലം", ആ രീതിയിലാണ് സർദാർ പട്ടേലിന്റെ പ്രതിമ ഗുജറാത്തിൽ വെച്ചത്. സർദാർ പട്ടേലിന്റെ കുറിച്ച് ഒരു സ്‌കൂൾ വിദ്യാഭ്യാസം കിട്ടിയിട്ടുള്ള ആൾക്കെങ്കിലും അറിയാവുന്ന ഒരു കാര്യം, ആ തലമുറയിലെ ഏറ്റവും 'നോ-നോൺസെൻസ് ലീഡർ' (no-nonsensical leader) ആയിരുന്നു അദ്ദേഹം എന്നതാണ്. നല്ല നർമ്മബോധം ഉള്ളയാളും, ഗാന്ധിജിയെ പോലും ചെറുതായിട്ട് പരിഹസിക്കുകയും ഒക്കെ ചെയ്യുന്ന നല്ല സാമാന്യ ബുദ്ധിയും ബോധവും സമർപ്പണബോധവും ഒക്കെയുള്ള 'നോ-നോൺസെൻസ്' നേതാവായിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോ എടുത്തു വെക്കുന്നത് പോലും പട്ടേലിന് ഇഷ്ടമാകും എന്ന് എനിക്ക് തോന്നുന്നില്ല. ആ മനുഷ്യനോട്, ആ വ്യക്തിത്വത്തോട് കാണിച്ച ഏറ്റവും വലിയ അനാദരവാണ് ആ പ്രതിമ. ഒരു പ്രതിമ ഉണ്ടാക്കുന്നതിനൊക്കെ എത്ര പണം ആണ് ചിലവാക്കുന്നത്? ഇത് മായാവതി ചെയ്‌തിട്ടുണ്ട്. കേരളവും മോശമല്ല, സാംസ്‌കാരിക നായകന്മാർക്ക് പ്രതിമ ഉണ്ടാക്കണം എന്ന് പറഞ്ഞ് നടക്കുന്നുണ്ട്. പ്രതിമ ഒരു 'പബ്ലിക് ആര്‍ട്ട്' എന്ന നിലയ്ക്ക് നല്ലതൊക്കെ തന്നെ, എന്നാൽ അതിനു ചില അടിസ്ഥാന ധാരണകൾ ഉണ്ടാകണം. എവിടെ ഉണ്ടാകണം, എന്തിന് ഉണ്ടാകണം എന്നൊക്കെ നമ്മൾ തീരുമാനിക്കണം. പിന്നെ എല്ലാവർക്കും ഒരു പ്രതിമ ഉണ്ടാക്കി വെക്കുന്നത് കാണാം. ഇപ്പറയുന്ന ഒ.വി. വിജയന് പാലക്കാട് ഒരു പ്രതിമ ഉണ്ടാക്കി വെച്ചു. ആ പ്രതിമ പലായനം ചെയ്‌തു കൊണ്ടിരിക്കുകയാണ് ഈ കുടിയേറ്റക്കാരെ പോലെ. എവിടെയൊക്കെയോ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഒ.വി. വിജയനെ പോലെയൊരു മനുഷ്യനെ, അതിശക്തമായ ഒരു സമ്പ്രദായ വിരുദ്ധത (anti-establishment) ഉള്ള ഒരു കാർട്ടൂണിസ്റ്റിനെ ഒരു പ്രതിമയുടെ രൂപത്തിലാക്കി നിശ്ചലമാക്കുക എന്ന് പറയുമ്പോൾ, മലയാളിക്കും എന്തോ കുഴപ്പമുണ്ട്. അങ്ങനെയുള്ള വീരാരാധനയുള്ള രാഷ്ട്രീയമൊന്നും മുന്നോട്ട് പോകില്ല. അങ്ങനെയല്ല നമ്മൾ രാഷ്ട്രീയത്തെ കാണേണ്ടത്. അതിനു പകരം ഭേദപ്പെട്ട രീതിയിൽ ഒരു ആശുപത്രി ഉണ്ടാക്കുകയോ, നല്ല ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കുകയോ, അല്ലെങ്കിൽ നഴ്‌സുമാർക്ക് നല്ല ശമ്പളം എങ്കിലും കൊടുത്തൂടെ? നൂറ് പ്രതിമയുണ്ടാക്കുന്ന പൈസ ഉണ്ടെങ്കിൽ നല്ല ശമ്പളം നൽകി നഴ്‌സുമാരെ നിർത്താൻ പറ്റും. അതൊന്നും ചെയ്യില്ല ആരും.

എൻ.ഇ. സുധീർ: ആ രീതിയിൽ ആലോചിച്ചു കഴിഞ്ഞാൽ ഇതിന്റെ ഭാവിയെ കുറിച്ച് പറയുമ്പോൾ സാമൂഹിക പരിഗണനകൾ (social priorities) മാറും എന്ന് തോന്നുന്നുണ്ടോ? നമ്മൾ ഇപ്പോൾ പ്രതിമയുടെ കാര്യം പറഞ്ഞത് പോലെ, ഒരുപാട് കാര്യങ്ങൾ മാറേണ്ടതാണ് എന്നുള്ള ഒരു സന്ദേശം നമ്മൾക്ക് കിട്ടുന്നുണ്ട്. അത് ഏറ്റെടുക്കാൻ ഇവിടെയൊരു രാഷ്ട്രീയം ഉണ്ടാകുമോ എന്നുള്ളത് ഒരു വലിയ ചോദ്യമാണ്.

ഇ.പി.ഉണ്ണി: രാഷ്ട്രീയം ഏറ്റെടുക്കും. അല്ലാതെ രാഷ്ട്രീയമായി അത് നിലനിൽനിക്കില്ല. ഇപ്പോൾ തന്നെ നമ്മൾക്കറിയാമല്ലോ ഈ പ്രതിസന്ധി ഉണ്ടാകുന്നതിന് മുൻപ് തന്നെ, എന്തൊക്കെ പറഞ്ഞാലും, നരസിംഹ റാവുനേയും, മൻമോഹൻ സിങ്ങിനെയും എത്രയൊക്കെ ചീത്ത പറഞ്ഞാലും, ആഗോളവൽക്കരണത്തിന്റെ വെല്ലുവിളി നമ്മൾ ഏറ്റെടുത്തിട്ടുണ്ട്, ഇഷ്ടപെടുകയോ ഇഷ്ടപെടാതിരിക്കുകയോ ചെയ്യാം. ഒരു എം.എൽ.എ -യോ, എം.പി -യോ ഒരു പത്തോ ഇരുപതോ കൊല്ലം കഴിഞ്ഞാൽ അയാൾ വികസനവിരോധി ആണെങ്കിൽ അത്രയും കാലം ജയിക്കില്ല. അതിന്റെ ഒരു ചെറിയ ശതമാനം എങ്കിലും പരിസ്ഥിതിയെ കുറിച്ചൊരു ബോധം ഉണ്ടായിട്ടുണ്ട്. തികച്ചും പരിസ്ഥിതി വിരുദ്ധരാണ് എങ്കിൽ തിരഞ്ഞെടുപ്പിൽ ജയിക്കാൻ ബുദ്ധിമുട്ടായിട്ടുണ്ട്. ഇങ്ങനെ ഒക്കെ സംഭവിക്കുന്നുണ്ട്. ഇത്തരം പ്രക്രിയകൾ ഇപ്പോൾ കുറച്ചു കൂടി വേഗതയോട് കൂടി നടക്കുന്നുണ്ട്. സാമൂഹികമായി ഭേദപ്പെട്ട തിരഞ്ഞെടുപ്പുകൾ നമ്മൾ നടത്തും എന്നാണ് എനിക്ക് തോന്നുന്നത്.

എൻ.ഇ സുധീർ: കഴിഞ്ഞ ഒരു മുപ്പതു കൊല്ലത്തിനിടയിൽ ഇന്ത്യൻ രാഷ്ട്രീയത്തെ അടുത്ത് കാണുന്ന ഒരാൾ എന്ന രീതിയിൽ, ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇങ്ങനെ ഒരു സാഹചര്യത്തിൽ നിന്ന് രാജ്യത്തെ ശക്തമായി പിടിച്ചുയർത്താൻ കഴിവുള്ളവരാണ്, അല്ലെങ്കിൽ അങ്ങനത്തെ ആൾക്കാർ ഇല്ല എന്നോ, അങ്ങനെ എന്തെങ്കിലും പറയാനുണ്ടോ, കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയം?

ഇ.പി.ഉണ്ണി: ഇല്ല അങ്ങനെയൊന്നും തോന്നിയിട്ടില്ല. അടിയന്തരാവസ്ഥ ഒരിക്കലും അവസാനിക്കില്ല എന്നൊക്കെ വിശ്വസിച്ച ഒരു വിദ്യാർത്ഥി ജീവിതമാണ് എനിക്കൊക്കെ ഉണ്ടായിട്ടുള്ളത്. അത് എങ്ങനെ അവസാനിക്കും എന്ന് പ്രായോഗികമായി ആലോചിക്കാൻ പോലും പറ്റില്ലായിരുന്നു. അന്ന് അത് ഉറപ്പായിട്ടും അവസാനിക്കും എന്ന് എന്നോട് പറഞ്ഞത് സി.പി രാമചന്ദ്രൻ മാത്രമായിരുന്നു. അദ്ദേഹം അന്ന് അവധിക്ക് പാലക്കാട്ട് വന്നപ്പോൾ, ഞാൻ ചെന്ന് കണ്ടിരുന്നു. അദ്ദേഹം മാത്രമാണ് പറഞ്ഞത്, എങ്ങനെ എങ്കിലും ഇവിടെ തിരഞ്ഞെടുപ്പ് ഉണ്ടാകും, ഇവിടെ ഇത് അവസാനിക്കും എന്ന്. രണ്ടാമതൊരാൾ ഇത് അവസാനിക്കും എന്ന് എന്നോട് പറഞ്ഞിട്ടില്ല.

എൻ.ഇ സുധീർ: ലോകത്ത്, ഈ കാലയളവിൽ കണ്ട കാർട്ടൂണുകളിൽ വളരെയധികം ആകർഷിച്ച, അല്ലെങ്കിൽ വളരെയധികം സ്‌നേഹം തോന്നിയ കാർട്ടൂണുകൾ, അങ്ങനെ ഏതെങ്കിലും പറയാനുണ്ടോ? മറ്റുള്ള കാർട്ടൂണുകൾ കണ്ടിട്ടുണ്ടാകും എന്നുള്ളതാണ് എന്റെ വിശ്വാസം.

ഇ.പി.ഉണ്ണി: എല്ലാവരുടെയും കാർട്ടൂണുകൾ ഉണ്ട്. ഇന്ത്യയിൽ തന്നെ ഒരുപാട് കാർട്ടൂണുകൾ ഉണ്ടായിട്ടുണ്ട്. സജിത്ത് കുമാർ, പ്രസാദ്, സതീഷ് ആചാര്യ അങ്ങനെ നമ്മുടെ ചെറുപ്പക്കാരായിട്ടുള്ള മിക്കവാറും എല്ലാ കാർട്ടൂണിസ്റ്റുകളും വളരെ ഉണർന്ന് പ്രവർത്തിക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. മാത്രമല്ല അവരുടെ എഡിറ്റർസ് എല്ലാം അവർക്ക് കുറച്ചുകൂടി വരയ്ക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും കൊടുക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു.

എൻ.ഇ. സുധീർ: നമ്മൾ സത്യാനന്തരം (post-truth) എന്നൊക്കെ പറയുന്ന ഈ കാലത്ത് സൂക്ഷ്‌മമായി സത്യത്തിലേക്ക് വിരൽ ചൂണ്ടാൻ കാർട്ടൂണിസ്റ്റിനു കഴിയുന്നത് പോലെ മറ്റാർക്കും കഴിയില്ല എന്ന് തോന്നുന്നുണ്ടോ?

ഇ.പി.ഉണ്ണി: അതൊക്കെ ഒരു അതിശയോക്തികലര്‍ന്ന അവകാശവാദം ആയിരിക്കും. പല പിഴവുകളും കാർട്ടൂണിലും പറ്റാം. നേരത്തെ ഞാൻ പറഞ്ഞത് പോലെ ദുരന്തത്തെ കുറിച്ച് തുടർച്ചയായി വരച്ചു കൊണ്ടിരിക്കാനുള്ള ഒരു പ്രവണത ഉണ്ടാകാം. കാരണം അത്തരം കാർട്ടൂണുകൾക്ക് കൂടുതൽ സ്വാധീനം ഉണ്ടാകും. ചില അനുപാതങ്ങളെ കുറിച്ച് വ്യക്തമായ ബോധമില്ലാതെ ഈ സമയങ്ങളിൽ കാർട്ടൂണുകൾ വരയ്ക്കുന്നത് വളരെ മോശമായിരിക്കും. അത് നമ്മൾ വിചാരിക്കുന്നതിന് എതിർ ദിശയിലേക്കാണ് കാര്യങ്ങൾ കൊണ്ട് പോവുക. സൂക്ഷിച്ച് വരയ്ക്കണം. പിന്നെ ബിംബങ്ങൾ ഉപയോഗിക്കുകയും കൂടുതൽ വാക്കുകൾ ഉപയോഗിക്കാതെ ഇരിക്കുകയും ചെയ്യുമ്പോൾ ഇത് പല രീതിയിൽ വായിക്കപ്പെടാം. അതൊക്കെ ഓർക്കേണ്ടി വരും. താങ്കൾ ഉദ്ദേശിച്ച പോലെയൊരു ശക്തിയോ അധികാരമോ ഒന്നും കാർട്ടൂണിസ്റ്റിനു ഇല്ല. നല്ല ഒരു മാധ്യമ സംസ്‌കാരത്തിന്റെ ഭാഗമായിട്ട് നിൽക്കാനേ കഴിയുള്ളൂ.

എൻ.ഇ. സുധീർ: അത് തീർച്ചയാണ്. പക്ഷേ ഇടക്കിവെച്ച് കാർട്ടൂണിനു ഒരു പ്രാധാന്യം കുറഞ്ഞു വരുന്നുണ്ടോ എന്ന് എനിക്ക് തോന്നിയിരുന്നു. അതിൽ നിന്ന് ഒരു പുനര്‍ജ്ജീവനം ഉണ്ടായിട്ടുണ്ടോ എന്ന്, അതായത് കാർട്ടൂണിന്റെ സാധ്യത വളരെ വലുതാണെന്നും, പല തരം കാര്യങ്ങൾ നിറഞ്ഞു കളിക്കുന്ന ഒരു മാധ്യമ അവസ്ഥയിൽ കാർട്ടൂണിസ്റ്റിനു ഇതിൽ ഒരു സൂക്ഷ്‌മ സത്യം കണ്ടെത്താൻ കഴിയും എന്നൊരു തിരിച്ചറിവ് സമൂഹത്തിന് വരുന്നുണ്ടോ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.

ഇ.പി.ഉണ്ണി: ഉണ്ട്, അത് ശരിയാണ്. കാർട്ടൂണിന് തിരിച്ചു വരാൻ പറ്റും. കാർട്ടൂൺ എല്ലായ്‌പോഴും സൂക്ഷ്‌മ സത്യം കണ്ടെത്തി കൊണ്ട് മാത്രമല്ല, ഒരുപാട് കാരണങ്ങൾ ഉള്ളത് കൊണ്ടും, വളരെ ലഘുവായിട്ട് കാര്യങ്ങൾ പറയാൻ ഉള്ള കഴിവ് ഉള്ളതുകൊണ്ടും ഒക്കെയാണ്. പിന്നെ തുടർവായനക്ക് പ്രേരിപ്പിക്കുന്ന ഒരു മാധ്യമം കൂടിയാണ് കാർട്ടൂൺ. അത് പലർക്കും അറിയില്ല. ഒരു കാർട്ടൂൺ അല്ല വായിക്കുന്നത്. ആ വായനാശീലത്തിന് ഒരു തുടർച്ചയുണ്ട്. അതൊക്കെ നല്ലതാണ്. ഒരു വായനക്കാരനും കാർട്ടൂണിസ്റ്റും തമ്മിൽ നടക്കുന്ന സംഭാഷണത്തിന്റെ സ്വഭാവമുണ്ടല്ലോ, അത് ഒരു കാർട്ടൂണിൽ തീരുകയല്ല. ഓർമ്മകൾ നിലനിർത്താനും എല്ലാം ചെറിയ ചെറിയ പണികൾ ഈ കാർട്ടൂണിസ്റ്റുകൾ ചെയ്യും. എഴുത്തുകാരന് പോലും അങ്ങനെ ഒരു ഇടം കിട്ടില്ല. മികച്ച റിപ്പോർട്ടർ പോലും എല്ലാ ദിവസവും എഴുതില്ല. കാർട്ടൂണിസ്റ്റ് എന്നും വരയ്ക്കും, ഒരേ സ്ഥലത്ത്. ഇങ്ങനെയുള്ള ഒരുപാട് ചെറിയ ചെറിയ സങ്കീർണ കാരണങ്ങൾ കൊണ്ടും പിന്നെ പൊതുവെ താങ്കൾ പറഞ്ഞ പോലെ കാർട്ടൂണിന് ഏറ്റവും ശക്‌തമായി തിരിച്ച് വരാൻ പറ്റുന്ന കാലമാണ്. ഏതാണ്ട് വന്ന് കഴിഞ്ഞിട്ടുണ്ട്. ഇവിടെ മാത്രമല്ല വിദേശത്തും അതെ.

എൻ.ഇ.സുധീർ: എന്നും വരയ്ക്കുന്ന ഒരാൾ എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഒരുപക്ഷേ താങ്കളെ പോലെ ഒരു കാർട്ടൂണിസ്റ്റ് തന്നെ എല്ലാ ദിവസവും ഒരു കാർട്ടൂണിന് വേണ്ടി ഒരു വിഷയം കണ്ടെത്തുക. സൂക്ഷ്‌മായിട്ട് അതിനെ ഒരു കാർട്ടൂൺ ആക്കി മാറ്റുക. ഒരു ഭാരിച്ച ഉത്തരവാദിത്തമാണ് അത്. ഇത് ദിനവും ഒരു ശീലം ആകുമ്പോൾ ഉള്ള പ്രശ്‍നങ്ങൾ ഉണ്ടോ, അതോ ഇതിനെ ഒരു വികാരമായിട്ടാണോ കാണുന്നത്? ഇപ്പോഴും ഒരു വെല്ലുവിളിയായി തോന്നുന്നുണ്ടോ?

ഇ.പി.ഉണ്ണി: എല്ലാ നല്ല പ്രൊഫഷനെയും പോലെയാണ് അതിനെ കാണുന്നത്. ഒരു തൊഴിൽ അല്ലേ, അത് ഭംഗിയായിട്ട് ചെയ്യണ്ടേ..

എൻ.ഇ.സുധീർ: അത് തീർച്ചയായിട്ടും. പക്ഷേ തൊഴിൽ എന്നതിന് ഉപരിയായിട്ട് ഓരോ ദിവസവും ഓരോ വിഷയങ്ങൾ നിങ്ങളുടെ മുന്നിലേക്ക് വരുകയാണ്. അത് നിങ്ങൾക്ക് ഒരു പ്രചോദനം നൽകുന്ന കാര്യമല്ലേ എന്നാണ് ഞാൻ ഉദേശിച്ചത്.

ഇ.പി.ഉണ്ണി: ആയിരിക്കും. വാർത്തയോട് ഒരു പ്രത്യേകതരം അഭികാമ്യം ഉള്ള ആളായിരിക്കുമല്ലോ കാർട്ടൂണിസ്റ്റ്. ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും വാർത്തകൾ നമ്മളെ പ്രചോദിപ്പിക്കും. ഇപ്പോൾ ഒരു ആരോഗ്യപ്രവർത്തകനോ പ്രവർത്തകക്കോ അവർ ചെയ്‌തിരുന്ന ജോലിയിൽ നിന്ന് ഈ സാഹചര്യത്തിൽ തോന്നുന്ന ആനുപാതികമായ വ്യത്യാസം ഒരു കാർട്ടൂണിസ്റ്റിനും തോന്നുന്നുണ്ട്.

എൻ.ഇ സുധീർ: ഈ ദുരന്തം ഉൾപ്പടെയുള്ള കാര്യങ്ങൾ മാധ്യമ രംഗത്ത് ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നേക്കാം. സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനങ്ങൾ മാധ്യമ രംഗത്തും വരാം, മറ്റു പല മാറ്റങ്ങൾ വന്നേക്കാം. വരാൻ പോകുന്ന പുതിയ കാലത്തെ മാധ്യമലോകത്തെ എങ്ങനെയാണ് കാണുന്നത്?

ഇ.പി.ഉണ്ണി: അതിജീവനം ബുദ്ധിമുട്ടായിരിക്കും. കാരണം പത്രങ്ങളുടെ സാമ്പത്തിക സ്ഥിതി ഒക്കെ വളരെ മോശമാണ്. ഇത് നീണ്ട് നിന്നാൽ പല വാർത്ത ഏജൻസികളും പൂട്ടിപോകാൻ ഉള്ള സാധ്യതകൾ ഉണ്ട്. ചില പത്രങ്ങൾ ഒക്കെ ലാഭത്തിനു വേണ്ടി മാത്രം പത്രപ്രവർത്തനം നടത്തുകയും, അതില്ലാതെ വരുമ്പോൾ തിരിച്ചു പോകുകയും ചെയ്യുന്നുണ്ട്. അതിലെ വിരോധാഭാസം എന്തെന്നാൽ ധനികരായ പത്രസ്ഥാപനങ്ങളാണ് അതിൽ മിക്കതും എന്നതാണ്.. പക്ഷേ ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, അങ്ങനെ തിരിച്ചു പോയാൽ പിന്നീട് പോയ വായനക്കാരെ തിരിച്ച പിടിക്കുക എന്നത് വളരെ പ്രയാസമുള്ള ഒരു കാര്യമായിരിക്കും. പണ്ടുള്ള ആളുകൾക്ക് ഉള്ളത് പോലെ ഒരു പത്രത്തിനോടുള്ള പ്രത്യേക അടുപ്പം ഒക്കെ ഇപ്പോൾ പലർക്കും കുറഞ്ഞു വരുകയാണ്. ഈ പ്രതിസന്ധി ഒക്കെ മാറുമ്പോൾ ഞങ്ങൾ തിരിച്ച് വന്ന് എല്ലാവരയെയും ജോലിക്കെടുത്ത് നിർത്തിയ എഡിഷനുകൾ പുനരാരംഭിക്കും എന്നൊക്കെ വിചാരിക്കുന്നുണ്ട് എങ്കിൽ അത് ചിലപ്പോൾ നടക്കണം എന്നില്ല. അവർക്കു അപ്പോൾ വായിക്കാൻ ആളിനെ കിട്ടില്ല. കാരണം വായനക്കാർ തീരുമാനം എടുക്കും, അവരുടെ തിരഞ്ഞെടുപ്പ് നടത്തും. വായനക്കാരും വോട്ടു ചെയ്യുന്നവരും ഒക്കെ കുറച്ചുകൂടെ ബോധപൂർവമായ തിരഞ്ഞെടുപ്പുകൾ നടത്തും എന്നാണ് എനിക്ക് തോന്നുന്നത്.

എൻ.ഇ.സുധീർ: അതുപോലെ ഈ ഒരു സാഹചര്യത്തിൽ പലരും, അച്ചടി മാധ്യമത്തിൽ നിന്ന് ഓൺലൈനിലേക്ക് മാറാൻ ഉള്ള സാധ്യത ശക്തമായിട്ടുണ്ട്. ഓൺലൈൻ മാധ്യമം ഈ സമയത്ത് വലിയ രീതിയിൽ സജീവമായിട്ടുണ്ട്. അതിനു ഒരു തുടർച്ച ഉണ്ടാകാനുള്ള ഒരു സാധ്യത ഉണ്ടോ, എല്ലാം അതിലേക്ക് മാറാൻ സാധ്യത ഉണ്ടോ? ക്ലാസ്സ്മുറികൾ പോലും ഡിജിറ്റൽ ആകുന്ന ഒരു കാലം ആണല്ലോ.

ഇ.പി.ഉണ്ണി: ഇന്ത്യ പോലെയൊരു രാജ്യത്ത് അച്ചടി പൂർണമായും ഇല്ലാതാകും എന്ന് എനിക്ക് തോന്നുന്നില്ല. ഇത് രണ്ടും ചേർന്ന് പോകും എന്നാണ് കരുതുന്നത്. കാരണം ആധികാരികത അച്ചടിക്കാണ്. വെബ് തീർച്ചയായും വേണം. ക്ലാസ്സ്‌റൂം വിദ്യാഭ്യസത്തിൽ നമ്മൾ ഇപ്പോൾ ശ്രമിക്കുന്നത് പോലെ ഇത് രണ്ടും ചേർന്ന് പോകും എന്നാണ് കരുതുന്നത്.

Related Stories

The Cue
www.thecue.in