വൈറസ് മാത്രമല്ല ഏറ്റവും അപകടകാരി: യുവാല്‍ നോഹ ഹരാരിയുടെ അഭിമുഖത്തില്‍ നിന്ന് 

വൈറസ് മാത്രമല്ല ഏറ്റവും അപകടകാരി: യുവാല്‍ നോഹ ഹരാരിയുടെ അഭിമുഖത്തില്‍ നിന്ന് 
Summary

ഓരോ പ്രതിസന്ധിയും ഒരു സമൂഹത്തിനു വഴിത്തിരിവായേകാം. പക്ഷേ നമുക്ക് ഇപ്പോള്‍ ഏതു വഴിക്കാണ് തിരിയാന്‍ കഴിയുക? കോവിഡ്-19 -ന്റെ പശ്ചാത്തലത്തില്‍ ഇന്ന് നമ്മള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഈ ലോകത്തിന്റെ ഭാവികാലത്തെ എങ്ങനെയാണ് മാറ്റിമറിക്കാന്‍ പോകുന്നത് എന്ന് വിശദീകരിക്കുയാണ് ഇസ്രായേലി ചരിത്രകാരനായ പ്രൊഫസര്‍ യുവാല്‍ ഹരാരി. Deutsche Welle -ന് നല്‍കിയ അഭിമുഖം. മദ്രാസ് ഐ.ഐ.ടിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ ഗോകുല്‍ കെ.എസ് നടത്തിയ സ്വതന്ത്ര പരിഭാഷ

Q

പ്രൊഫസര്‍ ഹരാരി, നമ്മള്‍ ഇപ്പോള്‍ ഒരു ആഗോള മഹാമാരിയുടെ നടുവിലാണ്. ഈ ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങളില്‍ താങ്കളെ ഏറ്റവും കൂടുതല്‍ വ്യാകുലപ്പെടുത്തുന്നത് എന്താണ്?

A

ഞാന്‍ ചിന്തിക്കുന്നത് വൈറസ് മാത്രമല്ല ഏറ്റവും വലിയ അപകടകാരി എന്നാണ്. ഈ വൈറസിനെ മറികടക്കാന്‍ ആവശ്യമായിട്ടുള്ള എല്ലാ ശാസ്ട്രീയ ജ്ഞാനവും സാങ്കേതികവിദ്യയും മനുഷ്യരുടെ പക്കലുണ്ട്. യഥാര്‍ത്ഥത്തില്‍ ഏറ്റവും വലിയ പ്രതിസന്ധി നമ്മുടെ ഉള്ളില്‍ നമ്മള്‍ക്ക് മാത്രം സ്വന്തമായ വെറുപ്പും, അത്യാര്‍ത്തിയും, വിദ്വേഷവും, അവഗണനയും ഒക്കെയാണ്. ഈ പ്രതിസന്ധിയോട് ആളുകള്‍ പ്രതികരിക്കുന്നത് തന്നെ ആഗോള ഐക്യദാര്‍ഢ്യം (global oslidarity) പുലര്‍ത്തിയില്ല, മറിച്ച് വെറുപ്പും വിദ്വേഷത്തോടെയുമാണ്. മറ്റുള്ള രാജ്യങ്ങളുടെ മേല്‍ കുറ്റം ആരോപിച്ച്, അല്ലെങ്കില്‍ മത-വംശീയ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച്.

പക്ഷേ ഈ വിദ്വേഷത്തിന് ബദലായി ആഗോള ഐക്യദാര്‍ഢ്യത്തോട് ഒന്നുചേര്‍ന്ന് പരസ്പര സഹാനൂഭൂതി വളര്‍ത്തിയെടുക്കാന്‍ നമ്മള്‍ക്കു കഴിയും എന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. നമ്മളുടെ സഹായം ആവശ്യമായിട്ടുള്ള മനുഷ്യര്‍ക്ക് നമ്മളാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുവാനുള്ള മഹാമനസ്‌കത വളര്‍ത്തിയെടുക്കാന്‍ ഇതുവഴി നമുക്ക് സാധിക്കും. അതുമാത്രമല്ല ഈ പ്രതിസന്ധിയുടെ ഇടയില്‍ നിന്ന് സത്യത്തെ വേര്‍തിരിച്ചറിയാനും ഗൂഢാലോചന സിദ്ധാന്തങ്ങളെ (conspiracy theories) തള്ളിക്കളയാനും നമ്മള്‍ക്ക് കഴിയും. അത് ചെയ്യുകയാണെങ്കില്‍ നമ്മള്‍ ഈ പ്രതിസന്ധിയെ അതിജീവിക്കും എന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവും ഇല്ല.

താങ്കള്‍ പറഞ്ഞത് പോലെ, ഏകാധിപത്യ സാര്‍വത്രിക നിരീക്ഷണത്തിനും (totalitarian surveillance) പൗരത്വ അധികാരത്തിനും (citizenship empowerment) ഇടയില്‍ ഏതു തിരഞ്ഞെടുക്കും എന്ന പ്രതിസന്ധി നമ്മള്‍ നേരിടുന്നുണ്ട്. കരുതിയിരുന്നില്ലെങ്കില്‍ സാര്‍വത്രിക നിരീക്ഷണ സംവിധാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ വഴിത്തിരിവായി ഈ മഹാമാരി മാറിയേക്കാം. പക്ഷേ, എങ്ങനെയാണ് പൂര്‍ണമായും എന്റെ നിയന്ത്രണത്തിലല്ലാത്ത ഒരു കാര്യത്തിനെതിരെ മുന്‍കരുതല്‍ എടുക്കാന്‍ എനിക്ക് കഴിയുക?

കുറഞ്ഞ പക്ഷം ഒരു ജനാതിപത്യ വ്യവസ്ഥിതിക്കുള്ളില്‍ എങ്കിലും അത് പൂര്‍ണമായും നിങ്ങളുടെ നിയന്ത്രണത്തിലല്ല എന്ന് പറയാന്‍ കഴിയില്ല. രാഷ്ട്രീയ നേതാക്കളെയും, നയങ്ങള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും വോട്ടിട്ട് തിരഞ്ഞെടുക്കുന്നത് നിങ്ങളാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയ വ്യവസ്ഥിതിക്ക് മേല്‍ ചില അധികാരങ്ങള്‍ നിങ്ങള്‍ക്കുമുണ്ട്. ഇപ്പോള്‍ തിരഞ്ഞെടുപ്പുകള്‍ ഇല്ലെങ്കില്‍ പോലും രാഷ്ട്രീയക്കാര്‍ പൊതു സമ്മര്‍ദത്തിന് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്.

ഈ മഹാമാരിയെ ഭയന്ന് ഒരു ശക്തനായ നേതാവ് തങ്ങളെ നയിക്കാന്‍ അധികാരമേല്‍കണം എന്ന് ജനങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍, അവസരം മുതലാക്കി അധികാരം പിടിച്ചെടുക്കാന്‍ ഒരു ഏകാധിപതിക്ക് എളുപ്പം സാധിക്കും. എന്നാല്‍ അധികാരത്തിലുള്ള ഒരു രാഷ്ട്രീയ നേതാവ് അതിരുകടക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമെങ്കില്‍ അപകടകരമായ രീതിയില്‍ ഒരു ഭരണകൂടം പരിണമിക്കുന്നതിനെ തടയാന്‍ നിങ്ങള്‍ക്കാകും.

Q

പക്ഷേ ആരെ ആശ്രയിക്കണം എന്തിനെ വിശ്വസിക്കണം എന്നൊക്കെ എനിക്ക് എങ്ങനെ അറിയാന്‍ കഴിയും?

A

ആദ്യമായി, നിങ്ങള്‍ക്ക് ഭൂതകാല അനുഭവങ്ങളുണ്ട്. രണ്ട് വര്‍ഷത്തിലേറെയായി നിങ്ങളോട് നിരന്തരം അസത്യം മാത്രം പറയുന്ന ഒരു രാഷ്ട്രീയ നേതാവുണ്ടെങ്കില്‍ ഇതുപോലെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ അയാളെ വിശ്വസിക്കാന്‍ ഒരു കാരണവും നിങ്ങളുടെ പക്കല്‍ ഉണ്ടാകില്ലലോ. രണ്ടാമതായി, നിങ്ങളോട് പല ആളുകളും ആവര്‍ത്തിച്ച് പറയുന്ന പലതരം സിദ്ധാന്തങ്ങളെയും നിങ്ങള്‍ക്ക് ചോദ്യം ചെയ്യാമല്ലോ. ഇപ്പോള്‍ ആരെങ്കിലും നിങ്ങളുടെ അടുത്ത് കോറോണവൈറസിന്റെ ഉത്ഭവത്തെ കുറിച്ചും അത് എങ്ങനെയാണ് പടര്‍ന്ന് പിടിച്ചത് എന്നതിനെ കുറിച്ചുമൊക്കെയുള്ള ഗൂഢാലോചന സിദ്ധാന്തങ്ങളുമായി വന്നാല്‍, ഒരു വൈറസ് എന്നാല്‍ എന്താണെന്നും എങ്ങനെയാണ് രോഗവ്യാപനം നടക്കുന്നതെന്നും അയാളോട് ചോദിക്കണം. ആ വ്യക്തിക്ക് ഇതിനെ കുറിച്ച് ഒരു ധാരണയുമില്ല എങ്കില്‍, അതിന്റെ അര്‍ത്ഥം അടിസ്ഥാനമായി വേണ്ട ശാസ്ത്രീയ അറിവ് പോലും ഈ വിഷയത്തെ കുറിച്ച് അയാള്‍ക്കില്ല എന്നാണ്. അങ്ങനെ ഉള്ളയാള്‍ പിന്നീട് കോറോണവൈറസ് മഹാമാരിയെ കുറിച്ച് പറയുന്നത് വിശ്വസിക്കേണ്ട കാര്യം നിങ്ങള്‍ക്കില്ല. ഇതൊക്കെ മനസിലാക്കാന്‍ ജീവശാസ്ത്രത്തില്‍ ഗവേഷണബിരുദം ഒന്നും ആവശ്യമില്ല. പക്ഷേ തീര്‍ച്ചയായും ഈ കാര്യങ്ങളെ കുറിച്ചൊക്കെ ശാസ്ട്രീയമായിട്ടുള്ള അടിസ്ഥാന ബോധ്യങ്ങള്‍ ഉണ്ടാകണം.

ഭാവിയിലെ ചരിത്രകാരന്മാര്‍ ഈ പ്രതിസന്ധി ഘട്ടത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചരിത്രത്തിലെ വഴിത്തിരിവായിട്ടായിരിക്കും കാണുക. പക്ഷേ ഏതു വഴി തിരിയണം എന്നത് നമ്മുടെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മള്‍ കാണുന്ന ഒരു കാര്യം, ചില പോപ്പുലിസ്‌റ് രാഷ്ട്രീയക്കാര്‍ ശാസ്ത്രത്തിനെ ആക്രമിക്കുന്ന കാഴ്ചയാണ്. ശാസ്ത്രജ്ഞര്‍ എന്നാല്‍ ജനങ്ങളില്‍ നിന്നകന്ന് ഏതോ ലോകത്ത് കഴിയുന്ന പ്രമാണിവര്‍ഗ്ഗം ആണെന്നും, കാലാവസ്ഥ വ്യതിയാനം ഒക്കെ തട്ടിപ്പാണെന്നും അതൊന്നും വിശ്വസിക്കരുത് എന്നൊക്കെയുമാണ് ഇവര്‍ പറഞ്ഞു നടക്കുന്നത്. പക്ഷേ ലോകവ്യാപകമായി നമ്മളെല്ലാം ഒരു പ്രതിസന്ധി ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മറ്റെന്തിനേക്കാളും ശാസ്ത്രത്തെയാണ് ആളുകള്‍ ആശ്രയിക്കുന്നത്.

ഈ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ മാത്രമല്ല, അത് കഴിഞ്ഞും ഈ വസ്തുത നമ്മളുടെ ഓര്‍മ്മയില്‍ ഉണ്ടാകും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സ്‌കൂളില്‍ കുട്ടികള്‍ക്ക് വൈറസുകളെ കുറിച്ച് അടിസ്ഥാന ശാസ്ത്രീയ വിദ്യാഭ്യാസം നല്‍കുമെന്നും, പരിണാമ സിദ്ധാന്തം പഠിപ്പിക്കും എന്നും കരുതുന്നു. അതുപോലെ തന്നെ ഇപ്പോള്‍ കോറോണവൈറസ് മഹാമാരിയെ കുറിച്ച് ശാസ്ത്രജ്ഞര്‍ പറയുന്ന കാര്യങ്ങള്‍ നമ്മള്‍ എത്രത്തോളം ഗൗരവമായി എടുക്കുന്നുവോ, കാലാവസ്ഥ വ്യതിയാനം അടക്കമുള്ള മറ്റു വിഷയങ്ങളെ കുറിച്ച് അവര്‍ പറയുന്ന കാര്യങ്ങള്‍ അതേ ഗൗരവത്തില്‍ കേള്‍ക്കാനും അതിനനുസരിച്ചു പ്രവര്‍ത്തിക്കാനും നമ്മള്‍ക്ക് കഴിയണം.

Q

ഈ വൈറസിന്റെ വ്യാപനം തടയുന്നതിനായി ഒരുപാട് രാജ്യങ്ങള്‍ ഡിജിറ്റല്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സംവിധാനങ്ങളെ എങ്ങനെയാണ് എങ്ങനെയാണ് നിയന്ത്രിക്കാന്‍ കഴിയുക?

A

ഒരു രാജ്യത്തെ പൗരന്മാരുടെ മേലുള്ള സാര്‍വത്രിക നിരീക്ഷണം വര്‍ധിപ്പിക്കുകയാണെങ്കില്‍, അതെപ്പോഴും സര്‍ക്കാരിന്റെ നിരീക്ഷണ സംവിധാനത്തോട് കൈകോര്‍ത്ത് പോകുന്നതായിരിക്കണം. ഇപ്പോഴത്തെ പ്രതിസന്ധിയെ നേരിടാന്‍ വെള്ളം പോലെ പണമൊഴുക്കുകയാണ് സര്‍ക്കാരുകള്‍. അമേരിക്കയില്‍ രണ്ട് ത്രില്ലിയണ്‍ ഡോളര്‍, ജര്‍മനിയില്‍ കോടികണക്കിന് യൂറോ, അങ്ങനെ പോകുന്നു കണക്കുകള്‍. ഒരു പൗരന്‍ എന്ന നിലയ്ക്കു ഈ പണം എല്ലാം എങ്ങോട്ട് പോകുന്നു, ആരാണ് ഈ തീരുമാനങ്ങള്‍ എടുക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ എനിക്ക് അറിയണം. ഈ പ്രതിസന്ധിക്ക് മുന്‍പ് തന്നെ ഏമാന്മാരുടെ തെറ്റായ തീരുമാനങ്ങള്‍ കാരണം പ്രതിസന്ധിയിലായ വന്‍കിട കോര്‍പറേഷനുകളെ രക്ഷിക്കാന്‍ ആണോ ഈ പണം മുടക്കുന്നത്? അതോ ചെറുകിട കച്ചവടക്കാരെയും റെസ്റ്റോറന്റുകളെയും സഹായിക്കാന്‍ ആണോ?

സാര്‍വത്രിക നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരുകള്‍ ആവേശം കാണിക്കുമ്പോള്‍, മേല്‍നോട്ടം ഇരുവഴിക്കും പോകണം. ‘ഇല്ല അതൊക്കെ വലിയ ബുദ്ധിമുട്ടാകും, സാമ്പത്തിക ഇടപാടുകള്‍ ഒന്നും സുതാര്യമാക്കാന്‍ കഴിയില്ല’ എന്ന് സര്‍ക്കാരുകള്‍ പറയുകയാണെങ്കില്‍, തിരിച്ച് പറയേണ്ടത്: ‘ഒരു ബുദ്ധിമുട്ടുമില്ല. ഞാന്‍ ദിവസവും എവിടെ പോകുന്നു എന്ത് ചെയ്യുന്നു എന്നൊക്കെ അറിയാന്‍ കഴിയുന്ന നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് കഴിയുമെങ്കില്‍, ഞാന്‍ അടയ്ക്കുന്ന നികുതി പണം കൊണ്ട് എന്ത് ചെയ്യുന്നു എന്നറിയാനുള്ള സംവിധാനം കൊണ്ടുവരാന്‍ ഒരു പ്രയാസവുമില്ല.

Q

ഒരു വ്യക്തിയിലേക്കോ ഒരു കേന്ദ്രത്തിലേക്കോ അധികാരം സംഭരിക്കപ്പെടുന്നത് അധികാര വികേന്ദ്രീകരണത്തിലൂടെ തടഞ്ഞാല്‍ മാത്രമല്ലേ ഇതിനൊക്കെ സാധിക്കൂ?

A

തീര്‍ച്ചയായും. ഇപ്പോള്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടക്കുന്നത് കോറോണവൈറസ് രോഗിയായ ഒരാള്‍ നിങ്ങളുടെ അടുത്തൂടെ കടന്നു പോകുകയാണെങ്കില്‍ നിങ്ങള്‍ക്ക് എങ്ങനെ ജാഗ്രത നിര്‍ദേശം നല്‍കാം എന്നതിലാണ്. ഇതിനു രണ്ട് വഴികളാണുള്ളത്. ഒന്നാമത്തേത്, എല്ലാ ആളുകളുടെയും വിവരങ്ങളുള്ള ഒരു കേന്ദ്ര അതോറിറ്റി ഈ ജാഗ്രത സന്ദേശം നേരിട്ട് അറിയിക്കുന്ന സംവിധാനമാണ്. രണ്ടാമത്തേത്, ഇത്തരത്തില്‍ ഒരു കേന്ദ്രികൃത സംവിധാനം നമ്മളുടെ വിവരങ്ങള്‍ ശേഖരിക്കാതെ തന്നെ, മൊബൈലുകള്‍ വഴി തത്സമയം പരസ്പര സന്ദേശങ്ങള്‍ കൈമാറുന്നതാണ്.

Q

ഈ പ്രതിസന്ധിയുടെ ഭാഗമായി ഉയര്‍ന്ന് വരാന്‍ സാധ്യതയുള്ള നിരീക്ഷണ സംവിധാനങ്ങളില്‍ ഒന്ന് അണ്ടര്‍-ദി-സ്‌കിന്‍ സര്‍വെയ്ലന്‍സ് (under-the-skin) ആണ്. നമ്മളുടെ ശരീരത്തിന്റെ ഉള്ളിലേക്ക് കടന്നിരിക്കുന്നു മേല്‍നോട്ടങ്ങള്‍. എങ്ങനെയാണ് ഇതിനെ നിയന്ത്രിക്കാന്‍ കഴിയുക?

A

ഇതേ കുറിച്ച് നമ്മള്‍ വളരെ കരുതലോടെ ഇരിക്കണം. ഓവര്‍-ദി-സ്‌കിന്‍ (over-the-skin) സര്‍വെയ്ലന്‍സ് എന്നാല്‍ പുറം ലോകത്ത് നമ്മള്‍ എന്ത് ചെയ്യുന്നു എന്നതിനെ നിരീക്ഷിക്കലാണ്: എവിടെ പോകുന്നു, ആരെ കാണുന്നു, ടി.വി -യില്‍ എന്ത് കാണുന്നു, ഓണ്‍ലൈനില്‍ ഏതൊക്കെ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നു എന്നൊക്കെ...ഇതൊന്നും ഒരിക്കലും നിങ്ങളുടെ ശരീരത്തിന്റെ ഉള്ളിലേക്കു പോകുന്നില്ല. പക്ഷേ നിങ്ങളുടെ ശരീരത്തിനുളില്‍ എന്ത് നടക്കുന്നു എന്ന കാര്യമാണ് അണ്ടര്‍-ദി-സ്‌കിന്‍ സര്‍വെയ്ലന്‍സ് സംവിധാനം അറിയാന്‍ ശ്രമിക്കുന്നത്. ശരീരോഷ്മാവില്‍ നിന്ന് തുടങ്ങി, പിന്നെ രക്ത സമ്മര്‍ദം വഴി തലച്ചോറ് വരെയെത്തും ഒടുക്കം ഈ നിരീക്ഷണങ്ങള്‍. ഒരു വ്യക്തിയെ മുന്‍പത്തേക്കാളേറെ അടുത്തറിയാന്‍ ഇതുവഴി സാധിക്കും.

ഇങ്ങനെ മുന്‍ മാതൃകകള്‍ ഇല്ലാത്ത ഒരു ഏകാധിപത്യ ഭരണ വ്യവസ്ഥയെ സൃഷ്ടിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഞാന്‍ എന്താണ് ടി.വി -യില്‍ കാണുന്നതെന്നും ഞാന്‍ ഏതു പുസ്തകമാണ് വായിക്കുന്നതെന്നും അറിയാന്‍ കഴിയുമെങ്കില്‍, എന്റെ വ്യക്തിത്വത്തെ കുറിച്ചും, എന്റെ കലാ-താല്‍പര്യങ്ങളെ കുറിച്ചും, രാഷ്ട്രീയ കാഴ്ചപ്പാടുകളെ കുറിച്ചും അറിയാന്‍ നിങ്ങള്‍ക്ക് കഴിയും. പക്ഷേ അപ്പോഴും അത് പരിമിതമാണ്. പക്ഷേ ഒന്നാലോചിച്ചു നോക്കൂ, ഞാന്‍ ഒരു ലേഖനം വായിക്കുമ്പോഴോ ഓണ്‍ലൈനില്‍ ഒരു പരിപാടി കാണുമ്പോഴെ എന്റെ ശരീരത്തിന്റെ ഉള്ളില്‍ നടക്കുന്ന മാറ്റങ്ങള്‍ അറിയാന്‍ കഴിയുമെങ്കിലോ? ഓരോ നിമിഷവും എനിക്ക് തോന്നുന്ന കാര്യങ്ങള്‍ അറിയാന്‍ കഴിയുമെങ്കിലോ? ഏകാധിപത്യ-അരാജകത്വ ലോകത്തിലേക്കു അനായാസം നമ്മള്‍ പോകേണ്ടി വരും.

ഇതൊന്നും നമ്മള്‍ക്കു അത്യന്താപേക്ഷികമായ കാര്യമല്ല. ഇതൊക്കെ സംഭവിക്കുന്നത് തടയാന്‍ നമ്മള്‍ക്കു സാധിക്കും. പക്ഷേ ഇത് സംഭവിക്കുന്നത് തടയണം എങ്കില്‍ ആദ്യം അതിന്റെ അപകടം മനസ്സിലാക്കണം. രണ്ടാമതായി, ഒരു അടിയന്തര സാഹചര്യത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ സംഭവിക്കാന്‍ അനുവദിക്കണം എന്ന കാര്യത്തില്‍ നമ്മള്‍ ഗൗരവമായ ശ്രദ്ധ ചെലുത്തണം.

വൈറസ് മാത്രമല്ല ഏറ്റവും അപകടകാരി: യുവാല്‍ നോഹ ഹരാരിയുടെ അഭിമുഖത്തില്‍ നിന്ന് 
ഇനി പഴയ ലോകമില്ല: കൊറോണ വൈറസ് ലോകത്തെ മാറ്റുന്നതെങ്ങനെ?
Q

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യരെ കുറിച്ച് താങ്കളുടെ മനസിലുള്ള ചിത്രത്തിനെ അല്ലെങ്കില്‍ കാഴ്ചപ്പാടിനെ പുനഃക്രമീകരിക്കാന്‍ ഈ പ്രതിസന്ധി കരണമായിട്ടുണ്ടോ?

A

നമ്മള്‍ക്ക് അറിയില്ലല്ലോ, ഈ ഘട്ടത്തില്‍ നമ്മള്‍ എടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും. ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, നിഷ്ഫല-വര്‍ഗ്ഗം (useless class) ക്രമാതീതമായി ഉയര്‍ന്ന് വരുന്നത് അപകടകരവുമാണ്. അതിയന്ത്രവല്‍ക്കരണം (automation) നമ്മള്‍ പലയിടത്തും കാണുനുണ്ട്. ജോലിക്ക് ആളുകളെ കിട്ടാതെ വരുമ്പോള്‍ യഥാസ്ഥാനത്ത് യന്ത്രങ്ങളും റോബോട്ടുകളും ആ ജോലികള്‍ ഏറ്റെടുക്കുന്നു. മനുഷ്യര്‍ രോഗം വരും എന്ന ഭീതിയില്‍ വീട്ടില്‍ അടച്ചിരിക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍, പകര്‍ച്ചവ്യാധി പിടിപെടാത്ത റോബോട്ടുകള്‍ പണിയെടുക്കുന്നു. ചില രാജ്യങ്ങള്‍ എങ്കിലും ഫാക്ടറികള്‍ പലയിടത്തായി പ്രവര്‍ത്തിപ്പിക്കാതെ ഉല്‍പാദനം തിരിച്ച് സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകുകയാണ്. ഈ രണ്ട് കാരണങ്ങള്‍ കൊണ്ടും, വികസ്വര രാജ്യങ്ങളില്‍ ജോലി ഇല്ലാത്ത വലിയ ഒരു നിഷ്ഫല-വര്‍ഗ്ഗം സൃഷ്ടിക്കപെടുന്നു.

ഇത് വികസിത രാജ്യങ്ങള്‍ക്കുള്ളിലും സംഭവിക്കാം. ജോലി അന്വേഷിക്കുന്ന ആളുകള്‍ക്കിടയില്‍ അവരുടെ ജോബ് മാര്‍ക്കറ്റില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്. ചില ആളുകള്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നു. ചില ആളുകള്‍ ഓണ്‍ലൈനില്‍ ജോലി ചെയ്യുന്നു. ചില മേഖലകളില്‍ എങ്കിലും സംഘടിത തൊഴിലാളികള്‍ (organized workers) ഇതോടെ അപ്രത്യക്ഷമാകും. ഇത് അനിവാര്യമായ ഒരു കാര്യമല്ല. ഇത് ഒരു രാഷ്ട്രീയ തീരുമാനമാകണം. നമ്മുടെ രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നമ്മള്‍ക്കു കഴിയണം, ഈ സാഹചര്യത്തില്‍ ആണെങ്കില്‍ ലോകത്തെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങള്‍ എന്ന് പറയാം. ചില വ്യവസായത്തെയും കോര്‍പറേഷനുകളെയും തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടാന്‍ ഭരണകൂടങ്ങള്‍ പണം കൊടുത്തു സഹായിക്കുന്നുണ്ട് (bail-out). അങ്ങനെ ആണെങ്കില്‍ അവിടങ്ങളിലെ തൊഴിലാളികളുടെ സംരക്ഷണം ഈ പണം നല്‍കുന്നതിനുള്ള നിബന്ധനയായി സര്‍ക്കാരുകള്‍ മുന്നോട്ട് വെക്കണം. ഇതെല്ലാം നമ്മള്‍ എടുക്കുന്ന തീരുമാനങ്ങള്‍ അനുസരിച്ചായിരിക്കും നടപ്പിലാവുക.

മുന്‍ മാതൃകകള്‍ ഇല്ലാത്ത ഒരു ഏകാധിപത്യ ഭരണ വ്യവസ്ഥയെ സൃഷ്ടിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഞാന്‍ എന്താണ് ടി.വി -യില്‍ കാണുന്നതെന്നും ഞാന്‍ ഏതു പുസ്തകമാണ് വായിക്കുന്നതെന്നും അറിയാന്‍ കഴിയുമെങ്കില്‍, എന്റെ വ്യക്തിത്വത്തെ കുറിച്ചും, എന്റെ കലാ-താല്‍പര്യങ്ങളെ കുറിച്ചും, രാഷ്ട്രീയ കാഴ്ചപ്പാടുകളെ കുറിച്ചും അറിയാന്‍ നിങ്ങള്‍ക്ക് കഴിയും

യുവാല്‍ നോഹ ഹരാരി

വൈറസ് മാത്രമല്ല ഏറ്റവും അപകടകാരി: യുവാല്‍ നോഹ ഹരാരിയുടെ അഭിമുഖത്തില്‍ നിന്ന് 
കൊറോണക്ക് ശേഷമുള്ള ലോകം, യുവാല്‍ നോഹ ഹരാരിയുടെ ലേഖനം സ്വതന്ത്ര പരിഭാഷ
Q

ഭാവിയിലെ ഒരു ചരിത്രകാരന്‍ ഈ നിമിഷത്തെ കുറിച്ച് എന്തായിരിക്കും പറയുക?

A

ഭാവിയിലെ ചരിത്രകാരന്മാര്‍ ഈ പ്രതിസന്ധി ഘട്ടത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചരിത്രത്തിലെ വഴിത്തിരിവായിട്ടായിരിക്കും കാണുക. പക്ഷേ ഏതു വഴി തിരിയണം എന്നത് നമ്മുടെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും.

Related Stories

The Cue
www.thecue.in