ശാരീരികാതിക്രമം വിദ്യാര്‍ത്ഥികളുടെ പഠനനിലവാരത്തെ ബാധിക്കുന്നു; പുതിയ പഠനം

ശാരീരികാതിക്രമം വിദ്യാര്‍ത്ഥികളുടെ പഠനനിലവാരത്തെ ബാധിക്കുന്നു; പുതിയ പഠനം

കുട്ടികള്‍ നേരിടുന്ന ശാരീരികാതിക്രമം അവരുടെ പഠനനിലവാരത്തെ ബാധിക്കുന്നുവെന്ന് പുതിയ പഠനം. ശിശുരോഗ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും അധ്യാപകനുമായ എ.പി വിജയന്റെ മേല്‍നോട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗം പ്രൊവിഷണല്‍ അധ്യാപികയായിരുന്ന ആര്‍.ഫാദിയ നടത്തിയ 'Epidemiological study of physical abuse in children and its aossciation with their scholastic performance ' എന്ന പഠനത്തിലാണ് ഈ ഫലം പുറത്ത് വന്നത്. അതിക്രമത്തിന്റെ തീവ്രത വര്‍ധിക്കുന്നതിനനുസരിച്ച് പഠനത്തില്‍ താല്‍പര്യം കുറയുന്നതായും ഫലങ്ങള്‍ തെളിയിക്കുന്നു.

'ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാവുന്ന കുട്ടികളില്‍ ദീര്‍ഘകാലം മാനസികമായും പെരുമാറ്റപരമായുമുള്ള ആഘാതങ്ങള്‍ ഉണ്ടാവും. ആ ട്രോമയുടെ മറ്റൊരു ഫലമാണ് പഠനവൈകല്യം. എന്നാല്‍ പഠനവൈകല്യം നേരിടുന്ന എല്ലാവരും ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാവുന്നു എന്നല്ല. അതിനു മറ്റു പലകാരണങ്ങളും കാണാം. എന്നാല്‍ ഒരുവിധത്തില്‍ ശാരീരികാതിക്രമവും പഠനവൈകല്യവും ബന്ധപെട്ടു കിടക്കുന്നുണ്ടെന്നാണ് ഈ റിസര്‍ച്ച് ചൂണ്ടിക്കാണിക്കുന്നത്,'ഡോക്ടര്‍ ആര്‍.ഹാദിയ ദ ക്യുവിനോട് പറഞ്ഞു.

കുട്ടികളുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നവര്‍ തന്നെയാണ് അതിക്രമങ്ങള്‍ക്ക് മുതിരുന്നതെന്നതാണ് പഠനഫലത്തില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ സ്ത്രീകളാണ് പുരുഷന്മാരെ അപേക്ഷിച്ച് അതിക്രമം നേരിടുന്നതില്‍ അധികവും എന്നത് ഫലങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ തെറ്റായ അനുമാനം ആണ്. ഇത്തരത്തില്‍ ഒരു ലിംഗഭേദം ശാരീരികാതിക്രമം നേരിടുന്നവരുടെ കാര്യത്തില്‍ എടുത്തു പറയാന്‍ ആവില്ല.

അതിക്രമത്തിന്റെ തോത് വ്യത്യസ്ത രീതിയിലായിരിക്കെ അത് കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നതും ഇത്തരത്തില്‍ വ്യത്യസ്തമായാണ്. തീവ്രമായി ഉപദ്രവം നേരിടുന്ന കുട്ടികളുടെ ഗ്രേഡുകള്‍ താഴോട്ട് പോകുന്നതായി കാണാന്‍ പഠനത്തിലൂടെ സാധിക്കുന്നുണ്ട്.

പഠനത്തില്‍ താല്‍പര്യം കുറയാന്‍ ദേഹോപദ്രവം കാരണമാവുന്നെന്ന് കുട്ടികള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം കുട്ടികളും അതിക്രമം നേരിടാന്‍ കാരണമായി പറയുന്നതും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നതാണ് എന്നതാണ് വൈരുധ്യം.

ഇന്ത്യയില്‍ ശാരീരികാതിക്രമവും പരിണിതഫലങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങള്‍ തീരെ കുറവാണെന്നും, ഇത്തരം പഠനങ്ങള്‍ നടത്തുകയും ആളുകളെ കൂടുതല്‍ ഈ വിഷയത്തെപറ്റി ബോധവാന്മാര്‍ ആക്കുകയും ചെയ്യണമെന്ന് ഡോക്ടര്‍ ഫാദിയ ദ ക്യുവിനോട് പറഞ്ഞു.

ഈ പഠനം നടത്തിയത് 8 മുതല്‍ 10 വരെ ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികളിലാണ്. എന്നാല്‍ പ്രൈമറി വിദ്യാര്‍ത്ഥികളില്‍ ഇത്തരത്തിലുള്ള പഠനം നടത്തുന്നത് അനിവാര്യമാണ്. കുട്ടികളാണ് ഭാവിയുടെ വാഗ്ദാനങ്ങള്‍. ഇത്തരം ട്രോമകളുടെ നേരത്തെയുള്ള കണ്ടത്തെലുണ്ടായാല്‍ സമയോചിതമായ ഇടപെടല്‍ നടത്തി പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നും ഡോക്ടര്‍ ഫാദിയ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ജില്ലയിലുള്ള സ്‌കൂളുകളിലെ 400 ഓളം വിദ്യാര്‍ഥികളിലാണ് പഠനം നടത്തിയത്. പഠനത്തിന് തിരഞ്ഞെടുത്ത കുട്ടികളോരോരുത്തര്‍ക്കും ചോദ്യാവലി നല്‍കിയിരുന്നു. ഓരോ ചോദ്യങ്ങള്‍ക്കും 0 മുതല്‍ 24 വരെ സ്‌കോര്‍ നല്‍കി, ഉത്തരങ്ങള്‍ വിശകലനം ചെയ്യുന്നതായിരുന്നു പഠനരീതി. സ്‌കോറുകളുടെ അടിസ്ഥാനത്തില്‍ ശാരീരിക ദുരുപയോഗത്തിന്റെ അളവ് 'ശാരീരികാതിക്രമം ഒട്ടുമില്ല ', 'മിതമായ ശാരീരികാതിക്രമം', 'കഠിനമായ ശാരീരികാതിക്രമം' എന്നിങ്ങനെ തരംതിരിച്ചു. പഠനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് അതാതു ക്ലാസ് ടീച്ചര്‍മാരുടെ കയ്യില്‍ നിന്ന് ശേഖരിച്ചു. എ+ മുതല്‍ ഡി വരെ ഗ്രേഡുകള്‍ ആക്കി മാറ്റി. ആണ്‍കുട്ടികളിലും (48.2%) പെണ്‍കുട്ടികളിലും (51.8 %) പഠനം നടത്തിയിരുന്നു.

ശാരീരികാതിക്രമം എന്താണെന്ന് കുട്ടികള്‍ക്ക് പറഞ്ഞ് മനസിലാക്കി കൊടുത്തതിന് ശേഷമാണ് ചോദ്യാവലി വിതരണം ചെയ്തത്. വിവിധ ശിശുരോഗ വിദഗ്ധരുടെയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെയും കൂടിയാലോചനക്കുശേഷം ഉണ്ടാക്കിയ പത്തു ചോദ്യങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉണ്ടായ ശാരീരിക പീഡനങ്ങള്‍, കുറ്റം ചെയ്യുന്ന ആള്‍ ഉപയോഗിക്കുന്ന രീതി, ഉപദ്രവത്തിന്റെ തീവ്രത, അക്കാഡമിക് താല്‍പര്യങ്ങള്‍ എന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഉപയോഗിച്ചിരുന്നത്. 'അമ്മമാര്‍ തന്നെയാണ് കൂടുതലും ശാരീരികാതിക്രമം നടത്തുന്നത്. അതിനു ശേഷം വരുന്നത് അധ്യാപകനും അച്ഛനുമാണ്. അച്ഛനാണ് മിക്ക സാഹചര്യങ്ങളിലും തീവ്രമായ ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുന്നതെന്നാണ് പഠന ഫലം.

കയ്യോ മുഷ്ടിയോ ആണ് മിക്കവാറും സാഹചര്യങ്ങളില്‍ ഉപദ്രവത്തിനുപയോഗിക്കുന്ന ആയുധം. അതല്ലാതെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് വടിയാണെന്നും കുട്ടികള്‍ പഠനത്തിനിടയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in