അമീബിക് മസ്തിഷ്‌കജ്വരം വീണ്ടും വില്ലനാകുന്നു; രോഗം വരാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം

അമീബിക് മസ്തിഷ്‌കജ്വരം വീണ്ടും വില്ലനാകുന്നു; രോഗം വരാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം

അമീബിക് മസ്തിഷ്‌ക ജ്വരം വീണ്ടും തലപൊക്കിയിരിക്കുന്നു. കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപം ഇരുമൂളിപ്പറമ്പ് സ്വദേശിയായ 12 കാരന്‍ സ്വകാര്യാശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ഫാറൂഖ് കോളേജിന് അടുത്തുള്ള അച്ചംകുളത്തില്‍ കുളിച്ച് ആറു ദിവസത്തിനു ശേഷമാണ് കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 12-ാം തിയതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയായ 13 കാരിക്കും ആമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചിരുന്നു. സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് ടൂര്‍ പോയപ്പോള്‍ കുട്ടി സ്വിമ്മിംഗ് പൂളില്‍ കുളിച്ചിരുന്നു. പൂളിലെ വെള്ളത്തില്‍ നിന്നാണ് രോഗബാധയുണ്ടായതെന്ന് കരുതുന്നു. ഒരു മാസം മുന്‍പ് മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ചു വയസുകാരി മരിച്ചതും അമീബിക് മസ്തിഷ്‌കജ്വരം മൂലമായിരുന്നു.കടലുണ്ടിപ്പുഴയില്‍ കുട്ടി കുളിച്ചിരുന്നു.

നെഗ്ലേറിയ ഫൗലേറി എന്ന അമീബയാണ് ഗുരുതരമായ അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസിന് കാരണമാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഒഴുക്ക് കുറവുള്ള ജലാശയങ്ങളിലും കാണപ്പെടുന്ന ഈ സൂക്ഷ്മജീവി അനിയന്ത്രിതമായി പെരുകുന്ന സാഹചര്യത്തിലാണ് മനുഷ്യരില്‍ രോഗബാധയുണ്ടാക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ വളരുന്ന ഇവ നല്ല സൂര്യപ്രകാശവും ചൂടുമുള്ള സാഹചര്യത്തില്‍ പെരുകാന്‍ തുടങ്ങും. ഈ സൂക്ഷ്മാണു അടങ്ങിയ വെള്ളം കുടിച്ചാല്‍ അപകടമില്ല. എന്നാല്‍ മൂക്കിനുള്ളില്‍ പ്രവേശിച്ചാല്‍ അമീബ പണി തുടങ്ങും. മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ തലച്ചോറിലെത്തുന്ന അമീബ തലച്ചോറിലെ കോശങ്ങള്‍ നശിപ്പിക്കാന്‍ തുടങ്ങും. ഇതോടെ പനിയിലാരംഭിക്കുന്ന ലക്ഷണങ്ങള്‍ തലവേദന, ഛര്‍ദ്ദി, കഴുത്തു വേദന, അപസ്മാരം, ഓര്‍മനാശം എന്നിങ്ങനെ വളരും.

രോഗം പലപ്പോഴും സ്ഥിരീകരിക്കപ്പെടുക ഏറെ വൈകിയായിരിക്കും. അതോടെ ചികിത്സിച്ചു രക്ഷപ്പെടുത്താന്‍ കഴിയാത്ത നിലയില്‍ രോഗി ഗുരുതരാവസ്ഥയിലെത്തിയിരിക്കും. നട്ടെല്ലില്‍ നിന്ന് സെറിബ്രോ സ്‌പൈനല്‍ സ്രവം എടുത്ത് പരിശോധിച്ചാലേ രോഗം കണ്ടെത്താന്‍ കഴിയൂ. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാറില്ല. അതുകൊണ്ടുതന്നെ ചില മുന്‍കരുതലുകള്‍ രോഗമുണ്ടാകാതിരിക്കാന്‍ സഹായിക്കും. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നത് ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മൂക്കില്‍ വെള്ളമൊഴിക്കുന്നതും ഒഴിവാക്കണം. 2019ലും 2020ലും മലപ്പുറം ജില്ലയില്‍ ഈ രോഗം പ്രത്യക്ഷപ്പെട്ടിരുന്നു. 2019ല്‍ മൂന്നു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in