ഗര്‍ഭകാല സംശയങ്ങള്‍ക്ക് കംഗാരു ഡോക്ടര്‍ മറുപടി തരും 

ഗര്‍ഭകാല സംശയങ്ങള്‍ക്ക് കംഗാരു ഡോക്ടര്‍ മറുപടി തരും 

മൊബൈല്‍ ആപ്പ് വഴി സംശയങ്ങള്‍ക്ക് മറുപടി ലഭിക്കും 
Published on

സംശയങ്ങളുടെ കാലമാണ് ഗര്‍ഭകാലം. എന്തൊക്കെ കഴിക്കാം..കഴിക്കരുത് എന്നു തുടങ്ങി എങ്ങനെ,എപ്പോള്‍ ഉറങ്ങണമെന്നതില്‍ വരെ സംശയങ്ങളുണ്ടാകും. മുന്‍പ് വീട്ടിലുള്ള പ്രായമായവരായിരുന്നു മറുപടി നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിനെയാണ് ആശ്രയിക്കുന്നത്. രണ്ടിലും അബദ്ധം പറ്റാം. അശാസ്ത്രീയമായ കാര്യങ്ങള്‍ കടന്നു വരാം.

മാറുന്ന കാലത്തിനനുസരിച്ച് നമ്മുടെ ആരോഗ്യ സംവിധാനങ്ങളിലും മാറ്റങ്ങളുണ്ടാവുകയാണ്. ഗര്‍ഭിണി ഇനി ഇത്തരം സംശയങ്ങള്‍ക്ക് മറുപടി തേടി ഡോക്ടറുടെ അടുത്തേക്ക് പോകേണ്ടതില്ല. വിരല്‍ തുമ്പിലുണ്ട് ഗര്‍ഭകാലത്തെ എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടി.

കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്ന് കാംഗാരു ഡോക്ടര്‍ എന്നൊരു മൊബൈര്‍ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഗര്‍ഭകാല പരിചരണം, നവജാതശിശുസംരക്ഷണം എന്നിവ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാണ്. ഗര്‍ഭകാലത്തെ അപകട സൂചനകള്‍, കഴിക്കേണ്ട മരുന്നുകള്‍, ഏതൊക്കെ ഭക്ഷണം, എത്ര അളവില്‍ കഴിക്കണം, വ്യായാമം, കുഞ്ഞുങ്ങളുടെ സംരക്ഷണം എന്നിങ്ങനെയുള്ള സംശയങ്ങള്‍ക്ക് വിദഗ്ധരുടെ അഭിപ്രായം ആപ്പില്‍ ലഭ്യമാണ്.

ഗൈനക്കോളജിസ്റ്റുകളും ശിശുരോഗ വിദഗ്ധരും അടങ്ങിയ സംഘമാണ് നിര്‍ദ്ദേശങ്ങളും ചോദ്യങ്ങള്‍ക്കുള്ള മറുപടിയും തയ്യാറാക്കുന്നത്. പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാണ്. Qkopy എന്ന ആപ്പാണ് ഇന്‍സ്‌ററാള്‍ ചെയ്യേണ്ടത്. 9072214888 എന്ന നമ്പര്‍ സേവ് ചെയ്യണം. കംഗാരു ഡോക്ടറിലെ ആരോഗ്യ സന്ദേശങ്ങള്‍ ഇതോടെ മൊബൈലില്‍ ലഭ്യമാകും. സംശയങ്ങള്‍ വാട്‌സ്ആപ്പ് വഴി അയക്കാം.

logo
The Cue
www.thecue.in