വിഷാദം തകര്‍ത്തേനേ, ചികിത്സയിലൂടെ ഇവിടെത്തി; വക്കീല്‍ ഗൗണിലേക്ക് ജാസ്മിന്റെ ദൂരം

വിഷാദം തകര്‍ത്തേനേ, 
ചികിത്സയിലൂടെ ഇവിടെത്തി; വക്കീല്‍ ഗൗണിലേക്ക് ജാസ്മിന്റെ ദൂരം

ഞാനിപ്പോള്‍ അഡ്വ ജാസ്മിന്‍ പി.കെയായിരിക്കുന്നു. ഈ ദിവസം ഒരിക്കലും ഉണ്ടാവുമെന്ന് കരുതിയതല്ല. ഇതിന് വേണ്ടി ഒരുപാട് പൊരുതേണ്ടി വന്നിട്ടുണ്ട്, പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്, ഇന്നും കേള്‍ക്കുന്നുണ്ട്. മെന്റല്‍ ഹെല്‍ത്ത് എന്നെ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ പോലും അനുവദിക്കുമെന്ന് കരുതിയതല്ല. എന്നോട് തന്നെ പോരടിച്ച് നേടിയതാണ് പേരിനൊപ്പമുള്ള ഈ അഡ്വക്കേറ്റ്.

വളരെ ചെറുപ്പം മുതലെ അധികമാരോടും സംസാരിക്കാത്ത ഒതുങ്ങിക്കൂടിയ ഒരു കുട്ടിയായിരുന്നു ഞാന്‍. ഒരഞ്ചു വര്‍ഷത്തോളം മാതാപിതാക്കളുടെ കൂടെയായിരുന്നില്ല നിന്ന് പഠിച്ചിരുന്നത്.ആ സമയം തൊട്ടാണ് ഒറ്റയ്ക്കാണ് എന്ന തോന്നല്‍ ആദ്യം ഉണ്ടാവുന്നത്.

സ്‌കൂളില്‍ മറ്റു കുട്ടികള്‍ അച്ഛനമ്മമാരെപ്പറ്റി പറയുമ്പോള്‍ എനിക്ക് അവരുണ്ടായിട്ടും കൂടെയില്ലല്ലോ എന്ന വേദനയും കയ്‌പ്പേറിയ അനുഭവങ്ങളുമൊക്കെ ആ പ്രായത്തില്‍ത്തന്നെ ഉണ്ടായി.

ഒരിക്കലും കുട്ടികളെ ഒരു പ്രായം വരെ മറ്റെവിടെയും മാറ്റി നിര്‍ത്തരുത്. അവരുടെ കുഞ്ഞു പ്രായത്തില്‍ മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ ഒന്നും അത്ര പെട്ടെന്ന് മാഞ്ഞു പോകില്ല. ജീവിതത്തില്‍ ഏറ്റവും മോശം അനുഭവങ്ങളുണ്ടാകുന്നത് ഇതിനൊക്കെ ശേഷമാണ്.

ഒരു പെണ്‍കുട്ടി അവളുടെ ചെറിയ പ്രായത്തില്‍ പോലും അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നുണ്ട് എന്നത് വലിയ സത്യമാണ്.കുഞ്ഞുങ്ങളോട് പോലും ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഒരുപാട് പേര്‍ ഇന്നുണ്ട്. പീഡോഫീലിയ എന്ന വൈകല്യമുള്ളവര്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വലിയ ട്രോമയിലേക്കാണ് തള്ളി വിടുന്നത്.

ഞാനും അത്തരം അനുഭവങ്ങളിലൂടെയാണ് കടന്നു പൊയ്‌ക്കൊണ്ടിരുന്നത്.ആദ്യം മുതലേ കറുത്ത കുട്ടി എന്ന അപകര്‍ഷതാബോധം ചുറ്റുമുള്ളവര്‍ എന്നില്‍ അടിച്ചേല്‍പ്പിച്ചിരുന്നത് കൊണ്ട് എനിക്കെന്റെ ശരീരത്തെ വെറുപ്പായിരുന്നു കൂടെ അതും കൂടെയായപ്പോള്‍ തെറ്റെല്ലാം എന്റെയാണ്, എന്റെ ശരീരത്തിന്റെയാണ് എന്ന ചിന്തയായിരുന്നു എനിക്ക്.

പത്താംക്ലാസ് ഒക്കെ ആയപ്പോഴേക്കും മാനസികമായി വല്ലാതെ തളര്‍ന്നു തുടങ്ങിയിരുന്നു. ആ ഇടയ്ക്കാണ് ഉപ്പ എന്നെ എന്തോ നിസ്സാര കാരണത്തിന് വഴക്ക് പറയുന്നത്. അതിന് ബ്‌ളേഡ് എടുത്ത് കൈ മുറിക്കുകയാണ് ഞാന്‍ ചെയ്തത്. അത് ഉപ്പാക്ക് ഒരുപാട് മാനസിക സംഘര്‍ഷം കൊടുത്തു.അത് കഴിഞ്ഞു ഒരു മൂന്ന് മാസത്തിനകം ഉപ്പ മരിച്ചു. അതിന് ഞാനാണോ കാരണം എന്നു പോലും എനിക്ക് തോന്നാന്‍ തുടങ്ങിയിരുന്നു.

പിന്നീടങ്ങോട്ടുള്ള ജീവിതം സാമ്പത്തികമായ ബുദ്ധിമുട്ടുകളിലൂടെയായിരുന്നു. ഒരുപാട് പേരെ ആശ്രയിക്കേണ്ടി വന്നു. ഇതിനിടയ്ക്ക് എന്റെ മാനസികാരോഗ്യം കൂടുതല്‍ വഷളായിക്കൊണ്ടിരുന്നു.എന്തിനും ദേഷ്യവും സങ്കടവും സ്വയം മുറിവേല്‍പ്പിക്കലും കൂടി വന്നു.

ഡിഗ്രി ചെയ്യുന്നതിനിടയ്ക്ക് ഒരു സെമസ്റ്റര്‍ എഴുതാന്‍ കഴിയാതെ വന്നു.ആരെയും ഇമോഷണലി ആശ്രയിക്കാതെ എങ്ങനെയൊക്കെയോ കഴിഞ്ഞു പോയി, കാരണം ആളുകളോട് അടുക്കാന്‍ പേടിയായിരുന്നു.

ഡിഗ്രി ഇല്ലാത്തത് കൊണ്ട് ഒരു വര്‍ഷം വല്ലാതെ ബുദ്ധിമുട്ടി. ആ സമയത്താണ് ആത്മഹത്യ ചെയ്യണം എന്നുള്ള ചിന്തകള്‍ ഏറ്റവുമധികം ഉണ്ടായത്. ആദ്യമായി എനിക്കെന്തോ കുഴപ്പമുണ്ട് എന്ന് തിരിച്ചറിഞ്ഞതും അപ്പോഴാണ്. പക്ഷേ ചുറ്റുമുള്ളവര്‍ക്ക് അത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.

സര്‍വൈവ് ചെയ്യാന്‍ ഒരുപാട് കഷ്ടപ്പെട്ടു.അതിനിടയ്ക്ക് ആകെ കിട്ടിയ കച്ചിത്തുരുമ്പാണ് എല്‍ എല്‍.ബി. നാട്ടില്‍ നിന്നും എങ്ങോട്ടെങ്കിലും പോകണം എന്നുള്ളത് കൊണ്ട് എറണാകുളം തന്നെ തിരഞ്ഞെടുത്തു. ജീവിതത്തില്‍ എടുത്തതില്‍ വെച്ച് ഏറ്റവും നല്ല തീരുമാനമായിരുന്നു അത്. ഉമ്മയ്ക്ക് എന്നെ പഠിപ്പിക്കാന്‍ കടം വാങ്ങേണ്ടി വന്നു.

ആദ്യത്തെ ഒന്നര വര്‍ഷം ഏറ്റവും മനോഹരമായ കലാലയജീവിതമായിരുന്നു. ആളുകള്‍ എന്നെ ഏറ്റവുമധികം ചിരിച്ചു കണ്ടിട്ടുള്ളത് ആ സമയങ്ങളിലായിരിക്കും. പക്ഷേ പിന്നീടാണ് പിന്നെയും പിടിവിട്ടു പോകാന്‍ തുടങ്ങിയത്.

ഇന്നിപ്പോള്‍ ഡിഗ്രി എടുത്ത് എന്റോള്‍ ചെയ്തു നില്‍ക്കുമ്പോള്‍ എനിക്ക് നിങ്ങളോട് പറയാനുള്ളത് ചൈല്‍ഡ് അബ്യൂസ് ഒരിക്കലും നിസ്സാരമായി കാണേണ്ട ഒന്നല്ലെന്നും അത് കാരണം ഒരുപാട് പേര്‍ ട്രോമ അനുഭവിക്കുന്നുണ്ടെന്നുമാണ്.

ഇമോഷണലി വളരെയധികം വീക്കാവാന്‍ തുടങ്ങി. പിന്നെ ഒരു പെണ്‍കുട്ടി ഇത്രയൊക്കെ പഠിച്ചാല്‍ മതിയെന്നും,ആണ്‍സുഹൃത്തുക്കളോടൊത്തുള്ള ഫോട്ടോ ഇടരുതെന്നും, മുസ്ലിം ആയ നീ തട്ടം ഇടാതിരിക്കരുതെന്നും പൊട്ടു കുത്തരുതെന്നുമൊക്കെയുള്ള വിലക്കുകള്‍ എന്നെ ബാധിക്കാന്‍ തുടങ്ങി.

പരീക്ഷ എഴുതാന്‍ വയ്യാ എന്നും കോഴ്‌സ് നിര്‍ത്തിപ്പോകുവാണെന്നും തീരുമാനിച്ച സമയത്താണ് ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ താങ്ങായി നിന്നത്. എന്റെ ഏറ്റവും വലിയ സമ്പാദ്യം സുഹൃദ് വലയം തന്നെയാണ്. സ്‌നേഹിക്കുകയും സഹായിക്കുകയും കുറേ പേരുണ്ട്. അവരൊക്കെ തന്നെയാണ് മെന്റലി സ്റ്റേബിള്‍ അല്ലെന്നും ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യണമെന്നും പറയുന്നത്. ആദ്യമൊക്കെ ധൈര്യക്കുറവുണ്ടായിരുന്നു.

ആളുകള്‍ എന്ത് വിചാരിക്കും എന്നുള്ളത് വലിയ വിഷയമായിരുന്നു. അങ്ങനെ കൂട്ടുകാര്‍ തന്ന ധൈര്യത്തില്‍ മെഡിസിന്‍ എടുക്കാന്‍ തുടങ്ങി. മരുന്ന് കഴിക്കുമ്പോള്‍ അതിന്റേതായ ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ ഉണ്ടായിരുന്നു.അതിനെയൊക്കെ അതിജീവിച്ചു കൊണ്ടാണ് പരീക്ഷകള്‍ പലതും എഴുതിത്തീര്‍ത്തത്. പാസ്സാകുമെന്ന് ഒരുറപ്പുമില്ലായിരുന്നു. പിന്നേയും മോശമായപ്പോഴാണ് മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായി കാണിക്കുന്നതും ബൈ പൊളാറിനും ഡിപ്രഷനുമെല്ലാം മരുന്ന് കഴിക്കാന്‍ തുടങ്ങിയത്.

ഇന്നിപ്പോള്‍ ഡിഗ്രി എടുത്ത് എന്റോള്‍ ചെയ്തു നില്‍ക്കുമ്പോള്‍ എനിക്ക് നിങ്ങളോട് പറയാനുള്ളത് ചൈല്‍ഡ് അബ്യൂസ് ഒരിക്കലും നിസ്സാരമായി കാണേണ്ട ഒന്നല്ലെന്നും അത് കാരണം ഒരുപാട് പേര്‍ ട്രോമ അനുഭവിക്കുന്നുണ്ടെന്നുമാണ്. ഇതിനെപ്പറ്റി കൃത്യമായ ബോധവത്കരണം ഉണ്ടാവേണ്ടതുണ്ട്.

കുട്ടികളെ സുരക്ഷിതരാക്കേണ്ടതുണ്ട്.രണ്ടാമത്തെ കാര്യം എന്തെന്നാല്‍ വിഷാദം എന്നത് ശരീരത്തിന് വരുന്ന രോഗം പോലെ തന്നെയാണെന്നും അതിന് കൃത്യമായ ചികിത്സ ആവശ്യമാണെന്നുമാണ്. വിഷാദമുള്ളവരെ ഭ്രാന്ത് എന്ന പേരില്‍ മാറ്റി നിര്‍ത്തുകയും കളിയാക്കുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്. ഈ സ്റ്റിഗ്മ മാറിയേ തീരൂ. മെന്റല്‍ ഹെല്‍ത്തിനെ നോര്‍മലൈസ് ചെയ്‌തേ കഴിയൂ. അതിന് ഏറ്റവുമാദ്യം അതിനെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടാക്കുകയാണ് വേണ്ടത്. അതിനിനിയും തുറന്നെഴുത്തുകള്‍ ഉണ്ടാവേണ്ടതുണ്ട്. ഇനിയുമിനിയും കാര്യമായ ചര്‍ച്ചകള്‍ ഉണ്ടാവേണ്ടതുണ്ട്.

ഒരിക്കലും മെന്റല്‍ ഹെല്‍തത്തിന് വേണ്ടി മരുന്ന് കഴിക്കുന്നതോ അഡ്മിറ്റ് ആകുന്നതോ മോശം കാര്യമല്ല. ഒരു പനി വന്നാല്‍ കാണിക്കുന്നത് പോലെ അതിനെ നോര്‍മലൈസ് ചെയ്യാന്‍ നമുക്ക് കഴിയണം.

കേള്‍ക്കാന്‍ മനസ്സുള്ള ,ഒരാളെയെങ്കിലും ചേര്‍ത്ത് പിടിക്കാന്‍ മനസ്സുള്ളൊരാളാവുക. എനിക്കിപ്പോള്‍ ഉള്ളത് പോലെയുള്ള കുടുംബവും സുഹൃത്തുക്കളും എല്ലാവര്‍ക്കുമുണ്ടായെങ്കില്‍ എന്നാഗ്രഹിക്കുന്നുണ്ട്. എന്റെ സന്തോഷങ്ങളുടെ വലിയ പങ്കും അവര്‍ക്ക് അവകാശപ്പെട്ടതാണ് ഒരിക്കലും പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് അതിരുകളില്ലാ എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ. കുഞ്ഞായിരുന്നപ്പോള്‍ ഉണ്ടായ വേദനകളൊന്നും എന്നെ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. മാനസികമായി ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന കാലമാണിത്, പക്ഷേ ജീവിക്കണം, പൊരുതി ജയിക്കണം എന്ന ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്.

Related Stories

No stories found.
The Cue
www.thecue.in