പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതല്‍, നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം; ഡോ. എ.എസ്.അനൂപ് കുമാര്‍.

പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതല്‍, നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം; ഡോ. എ.എസ്.അനൂപ് കുമാര്‍.

Published on
Summary

കേരളത്തില്‍ ആദ്യമായി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ പ്രധാന പങ്ക് വഹിച്ച ഡോ.അനൂപ് കോവിഡിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചും അതുണ്ടാക്കാവുന്ന ആഘാതങ്ങളെക്കുറിച്ചും ദ ക്യുവിനോട് സംസാരിക്കുന്നു.

ലോകത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇന്ത്യയിലും കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. പുതിയ വകഭേദവും അതിന്റെ വ്യാപനവും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഒമിക്രോണ്‍ എന്ന വകഭേദത്തിന്റെ ഉപവകഭേദമാണ് ഇപ്പോള്‍ വ്യാപിക്കുന്നത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവരില്‍ കോവിഡ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ.എ.എസ്.അനൂപ്കുമാര്‍ പറഞ്ഞു. ആരോഗ്യവകുപ്പും വിദഗ്ദ്ധരും നല്‍കുന്ന മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പാലിച്ചാല്‍ മാത്രമേ രോഗവ്യാപനം തടയാനാകൂ. കേരളത്തില്‍ ആദ്യമായി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ പ്രധാന പങ്ക് വഹിച്ച ഡോ.അനൂപ് കോവിഡിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചും അതുണ്ടാക്കാവുന്ന ആഘാതങ്ങളെക്കുറിച്ചും ദ ക്യുവിനോട് സംസാരിക്കുന്നു.

Q

വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നതിനുള്ള കാരണം എന്താണ്?

A

ഏഷ്യന്‍ രാജ്യങ്ങളില്‍ എല്ലാം കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിന് പല കാരണങ്ങളുണ്ട്. പുതിയ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. അത് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമായി. മാത്രമല്ല വാക്‌സിനെ മറികടന്ന് രോഗം വരുന്നതും വ്യാപനത്തിന് കാരണമാകുന്നുണ്ട്.

Q

പുതിയതായി വ്യാപിക്കുന്ന കോവിഡ് വകഭേദത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്?

A

ഒമിക്രോണ്‍ ജെഎന്‍.1 എന്ന് പറയുന്ന വകഭേദത്തിന്റെ ഉപവകഭേദമായ എല്‍എഫ് 7 ആണ് കേരളത്തില്‍ വ്യാപിക്കുന്നത്. ഇന്ത്യയില്‍ എല്‍ എഫ് 7,എന്‍ ബി 1.8.1 എന്നീ വകഭേദങ്ങളാണ് കണ്ടുവരുന്നത്. ഇവ മാരക അസുഖങ്ങള്‍ ഉണ്ടാക്കുന്നവയല്ല. എന്നാല്‍ ഇതിന് വ്യാപനശേഷി കൂടുതലാണ്.

വാത രോഗങ്ങള്‍ക്ക് മരുന്നുകള്‍ എടുക്കുന്നവരും അവയവങ്ങള്‍ സ്വീകരിച്ചവരും കീമോതെറാപ്പി എടുക്കുന്നവരും സൂക്ഷിക്കണം. ഇവരില്‍ കോവിഡ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും
Q

നിലവിലുള്ള കോവിഡ് വ്യാപനം കൂടുതല്‍ മരണങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടോ?

A

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരില്‍ കോവിഡ് മരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളെല്ലാം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരിലാണ്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവരില്‍ കോവിഡ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കും. വാത രോഗങ്ങള്‍ക്ക് മരുന്നുകള്‍ എടുക്കുന്നവരും അവയവങ്ങള്‍ സ്വീകരിച്ചവരും കീമോതെറാപ്പി എടുക്കുന്നവരും സൂക്ഷിക്കണം. ഇവരില്‍ കോവിഡ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

Q

കോവിഡ് വ്യാപനത്തെ മുന്‍കൂട്ടി കാണാനും ചെറുക്കാനും എന്ത് കൊണ്ടാണ് നമ്മുടെ ആരോഗ്യ മേഖലക്ക് സാധിക്കാതിരുന്നത്. ആരോഗ്യ മേഖലയിലെ ഏതെങ്കിലും തരത്തിലുള്ള പോരായ്മകള്‍ കോവിഡ് വ്യാപനത്തിന് കാരണമായിട്ടുണ്ടോ?

A

സര്‍ക്കാറിന്റെയോ ആരോഗ്യമേഖലയുടെയോ പരാജയമായി ഇതിനെ വിലയിരുത്താന്‍ സാധിക്കില്ല. മറിച്ച് വ്യാപനത്തിലും വകഭേദത്തിലും വരുന്ന മാറ്റമാണ് വര്‍ദ്ധനവിന് കാരണം. എല്ലാ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ട്. പുതിയ വകഭേദങ്ങള്‍ ഉണ്ടായാല്‍ മാത്രമേ അതിനെ തിരിച്ചറിയാന്‍ സാധിക്കൂ. അത് മുന്‍കൂട്ടി മനസ്സിലാക്കല്‍ സാധ്യമല്ല. വികസിത രാജ്യങ്ങള്‍ പോലും കോവിഡ് വ്യാപനത്തെ തടയുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍ മികച്ച രീതിയില്‍ കോവിഡിനെ ചെറുക്കാന്‍ ഇന്ത്യക്ക് പ്രത്യേകിച്ച് കേരളത്തിന് സാധ്യമായിട്ടുണ്ട്.

Q

കോവിഡ് വാക്സിനേഷന്‍ എടുത്തവര്‍ എത്രത്തോളം സുരക്ഷിതരാണ്? അവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത എത്രത്തോളമാണ്?

A

വാക്‌സിന്‍ എടുത്തത് കൊണ്ട് രോഗം വരാതിരിക്കില്ല. വാക്‌സിന്‍ രോഗത്തിന്റെ തീവ്രത കുറയ്ക്കും, ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയും. പുതിയ വകഭേദത്തെ വാക്‌സിന് എത്രത്തോളം ചെറുക്കാന്‍ സാധിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധ്യമല്ല. നിലവിലെ വകഭേദത്തെ ചെറുക്കാന്‍ പുതിയ വാക്‌സിന്റെ ആവശ്യകത ഇല്ല. പുതിയ വാക്‌സിനേഷന്‍ ഇപ്പോള്‍ ലഭ്യമാണ്. പക്ഷേ അത് ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല.

തൊണ്ടവേദന, പനി, ജലദോഷം, ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കൂടാതെ കണ്ണില്‍ ചുവപ്പുനിറം, വയറിളക്കം എന്നിവയും കണ്ടുവരുന്നു.
Q

പുതിയ കോവിഡ് വകഭേദത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? പഴയതുമായി അതിന് എന്തെങ്കിലും വ്യത്യാസങ്ങളുണ്ടോ?

A

രോഗലക്ഷണങ്ങള്‍ ഏകദേശം ഒരു പോലെയാണ്. ചെറിയ വ്യത്യാസങ്ങള്‍ മാത്രമേ കണ്ടുവരുന്നുള്ളൂ. തൊണ്ടവേദന, പനി, ജലദോഷം, ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കൂടാതെ കണ്ണില്‍ ചുവപ്പുനിറം, വയറിളക്കം എന്നിവയും കണ്ടുവരുന്നു. ചില വകഭേദങ്ങളില്‍ രുചി വ്യത്യാസം, വാസന നഷ്ടപ്പെടല്‍ എന്നിവയും കാണാറുണ്ട്.

Q

ഇതിനെ പ്രതിരോധിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണ്?

A

രോഗലക്ഷണം ഉള്ളവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുക, പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കുക, ഗര്‍ഭിണികള്‍ കുട്ടികള്‍ പ്രായമായവര്‍ സൂക്ഷിക്കുക. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ പൊതു ഇടങ്ങളില്‍ പോകാതിരിക്കുക. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക.

Q

മഴക്കാലമായതിനാല്‍ മഴക്കാല രോഗങ്ങള്‍ വര്‍ധിക്കാനും സാധ്യത ഉണ്ട്. എന്തെല്ലാം മുന്‍കരുതലുകളാണ് എടുക്കേണ്ടത്?

A

എലിപ്പനി, ഡെങ്കിപ്പനി എന്നിവയ്ക്ക് സാധ്യത കൂടുതലാണ്. കോവിഡിനും മറ്റ് രോഗങ്ങള്‍ക്കും ലക്ഷണങ്ങള്‍ എല്ലാം ഒന്നുതന്നെയാണ്. ശ്രദ്ധിക്കുന്നതിലൂടെ മാത്രമേ രോഗം നേരത്തെ തിരിച്ചറിയാനാകു. മഴക്കാലങ്ങളില്‍ ജലദോഷപ്പനി സാധാരണമാണ്. അതിനാല്‍ കോവിഡ് ലക്ഷണമാണോ മഴക്കാല രോഗമാണോ എന്നത് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. രോഗതീവ്രത കൂടുതലാണെങ്കില്‍ ടെസ്റ്റ് ചെയ്യുക. മാത്രമല്ല സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുമാണ്.

logo
The Cue
www.thecue.in