പ്രമേഹരോഗികള്‍ക്ക് ഗര്‍ഭിണിയാകാം ആശങ്കയില്ലാതെ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രമേഹരോഗികള്‍ക്ക് ഗര്‍ഭിണിയാകാം ആശങ്കയില്ലാതെ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗര്‍ഭിണിയായ യുവതി ചികിത്സയ്‌ക്കെത്തിയപ്പോള്‍ ഗൈനക്കോളജിസ്റ്റ് ദേഷ്യപ്പെട്ട് ഇറക്കിവിട്ടു. പ്രമേഹ രോഗി ഗര്‍ഭിണിയായതായിരുന്നു മുതിര്‍ന്ന ഡോക്ടറെ ചൊടിപ്പിച്ചത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് യുവതി ഗര്‍ഭിണിയായത്. മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ചു. ഭക്ഷണം, വ്യായാമം എന്നിവയില്‍ ശ്രദ്ധിച്ച് പ്രമേഹം നിയന്ത്രിച്ചാണ് ഗര്‍ഭകാലത്തെ ആശങ്കയെ മറികടന്നത്.

ഡോക്ടര്‍മാര്‍ക്കിടയില്‍ തന്നെ തെറ്റിദ്ധാരണയുള്ള വിഷയമാണ് പ്രമേഹരോഗികള്‍ക്ക് ഗര്‍ഭിണിയാകാമോയെന്നത്. ഇത് രോഗികളിലും ആശങ്കയുണ്ടാക്കും. ഗര്‍ഭിണിയാകുകയെന്ന ആഗ്രഹത്തില്‍ നിന്നും പിന്നോട്ടടിപ്പിക്കുന്നതിനും കാരണമാകും. എന്നാല്‍ പ്രമേഹരോഗികള്‍ക്കും ഗര്‍ഭിണിയാകുന്നതില്‍ മറ്റ് ആശങ്കകള്‍ വേണ്ട. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഗര്‍ഭിണിയാകുന്നതിന് മുമ്പ് തന്നെ പ്രമേഹം നിയന്ത്രണവിധേയമാക്കണം. ഭക്ഷണം, മരുന്ന് എന്നിവയില്‍ ശ്രദ്ധിക്കണം. ഭക്ഷണത്തിന് മുമ്പ് ഷുഗര്‍ 95ലും ശേഷം 120-130ലും നില്‍ക്കണം. ഗുളികയ്ക്ക് പകരം ഗര്‍ഭകാലത്ത് ഇന്‍സുലിന്‍ കുത്തിവെയ്ക്കുകയാണ് ചെയ്യുക.

എന്നാല്‍ ഗര്‍ഭകാലത്ത് ഷുഗര്‍ നിയന്ത്രിക്കാന്‍ കഴിയാതിരുനാല്‍ കുഞ്ഞുങ്ങള്‍ക്ക് മരണം വരെ സംഭവിക്കാം. ഗര്‍ഭപാത്രത്തിലെ വെള്ളത്തിന്റെ അളവ് കൂടാം. ആദ്യത്തെ മൂന്ന് മാസം ഷുഗര്‍ കൂടിയാല്‍ അബോര്‍ഷനാകാം. ന്യൂറോ, മസ്തിഷ്‌കം, ഹൃദയം എന്നിവയ്ക്ക് തകരാര്‍ സംഭവിക്കാം.

ഗര്‍ഭിണിയാകുന്നതിന് മൂന്ന് മാസം മുമ്പ് മുതല്‍ ഫോളിക് ആസിഡ് കഴിക്കാം. വ്യായാമാണ് ഏറ്റവും പ്രധാനം. മിതമായ രീതിയില്‍ വ്യായാമം ചെയ്യുന്നത് ഷുഗര്‍ ലെവല്‍ കുറയ്ക്കാന്‍ സഹായിക്കും. ഇന്‍സുലിന്റെ ഡോസ് കുറയ്ക്കാന്‍ ഇത് സഹായിക്കും. നടത്തം, വീട്ടുജോലികള്‍ ഇവയൊക്കെ ഇതിന്റെ ഭാഗമായി ചെയ്യാം.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോക്ടര്‍ ശിവദാസ് കൊക്കൂരി, കോഴിക്കോട്‌

Related Stories

No stories found.
logo
The Cue
www.thecue.in