സ്‌കൂള്‍ തുറക്കാനൊരുങ്ങുമ്പോള്‍ സ്വീകരിക്കേണ്ട ശാസ്ത്രീയ നടപടികള്‍ എന്തൊക്കെ?

സ്‌കൂള്‍ തുറക്കാനൊരുങ്ങുമ്പോള്‍ സ്വീകരിക്കേണ്ട ശാസ്ത്രീയ നടപടികള്‍ എന്തൊക്കെ?
Summary

കൊവിഡ് പ്രതിസന്ധിക്കിടയില്‍ സ്‌കൂള്‍ തുറക്കാനൊരുങ്ങുമ്പോള്‍ സ്വീകരിക്കേണ്ട ശാസ്ത്രീയമായ രീതികളെക്കുറിച്ച് ഇന്‍ഫോ ക്ലിനിക്ക് പ്രതിനിധികളായ ഡോക്ടര്‍ പുരുഷോത്തമന്‍ കെ.കെ., ഡോ. സുനില്‍ പി.കെ., ഡോ. ജിനേഷ് പി.എസ്. എന്നിവര്‍ എഴുതിയത്‌

കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒരുവശത്ത് ഒന്നര വര്‍ഷത്തോളമായി സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്നു. മറുവശത്ത് പ്രതിദിനം ഏകദേശം 30,000 കേസുകള്‍ വീതം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. എന്തായിരിക്കണം ഇതിന് അവലംബിക്കേണ്ട ശാസ്ത്രീയമായ രീതി?

കഴിഞ്ഞവര്‍ഷം മധ്യവേനലവധിയോട് അടുത്ത കാലത്തായിരുന്നു സ്‌കൂളുകള്‍ അടച്ചു പൂട്ടിയത്. പക്ഷേ ഇപ്പോള്‍ അവസ്ഥ അങ്ങനെയല്ല. ഒന്നര വര്‍ഷത്തോളമായി ഓണ്‍ലൈനിലൂടെ മാത്രമാണ് വിദ്യാഭ്യാസം.പുതിയൊരു അസുഖമായ കൊവിഡിന്റെ പ്രാരംഭകാലത്ത് പകര്‍ച്ച തടയാന്‍ സ്‌കൂളുകള്‍ അടച്ചിടുക എന്ന തീരുമാനം അത്യാവശ്യമായിരുന്നു. അസുഖത്തെക്കുറിച്ച് കാര്യമായ അറിവ് ഇല്ലാത്ത കാലത്ത് കുട്ടികളുടെ സുരക്ഷിതത്വം അതീവ പ്രാധാന്യമുള്ളതാണ് എന്ന കാരണത്താലും കുട്ടികളിലൂടെ വയോധികരിലേക്കും മറ്റ് അസുഖങ്ങള്‍ (comorbidities) ഉള്ളവരിലേക്കും കൊവിഡ് പകര്‍ന്നാല്‍ അവരുടെ ജീവനും ആരോഗ്യത്തിനും അപകടം കൂടുതലാണ് എന്ന് അറിയാമായിരുന്നതിനാലും ഈ അടച്ചിടല്‍ അത്യന്താപേക്ഷിതമായിരുന്നു.

ഒന്നര വര്‍ഷത്തോളമായി സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്നത് വിദ്യാഭ്യാസത്തെ മാത്രമല്ല, വിദ്യാര്‍ഥികളുടെ സ്വാഭാവികമായ ഇടപെടലുകളെയും മാനസിക ഉല്ലാസത്തെയും മോശമായി ബാധിക്കുന്നുണ്ട്. ആഹ്ലാദിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള വിദ്യാര്‍ഥികളുടെ ഇടങ്ങളെയും സന്ദര്‍ഭങ്ങളെയും അത് ഇല്ലാതാക്കിയിട്ടുണ്ട്. ഇത് കുട്ടികളെ ഏതൊക്കെ രീതിയില്‍ ദോഷകരമായി ബാധിക്കുമെന്ന് ഇപ്പോള്‍ നമുക്ക് തീര്‍ത്തു പറയാനാവില്ല. വളരെ ചെറിയ പ്രായത്തിലാണ് കുട്ടികളുടെ തലച്ചോറ് വികാസം പ്രാപിക്കുന്നത് എങ്കിലും സ്വഭാവരൂപീകരണവും വ്യക്തിത്വ വികാസവും സംഭവിക്കുന്നത് കൗമാരപ്രായത്തിലും വിദ്യാഭ്യാസ കാലഘട്ടത്തിലും ആണ്. ഇതിന് സാമൂഹ്യമായ ഇടപെടലുകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ആ അവസരം ഇപ്പോള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. ലോകത്തെല്ലായിടത്തുമുള്ള കുട്ടികളുടെ അവസ്ഥ ഇങ്ങനെതന്നെയാണ്.

പക്ഷേ പ്രതിദിനം ശരാശരി 30,000 കേസുകളും 15 ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റീവ് നിരക്കും ഉള്ള ഒരു കാലത്ത് സ്‌കൂളുകള്‍ തുറക്കുക എന്നു കേള്‍ക്കുന്നതു തന്നെ മാതാപിതാക്കള്‍ക്ക് ബുദ്ധിമുട്ട് ആവാന്‍ സാധ്യതയുണ്ട്. മാത്രമല്ല കുട്ടികളില്‍ MIS-C (മിസ്‌ക്) സംബന്ധമായ ആശങ്കകളും രക്ഷിതാക്കള്‍ക്ക് ഉണ്ടാവും. ലോകമാകെ പരിശോധിച്ചാല്‍ കൊവിഡ് മൂലമുള്ള സങ്കീര്‍ണതകളും മരണവും ഏറ്റവും കൂടുതല്‍ ബാധിച്ചത് പ്രായമായവരെയും മറ്റ് അസുഖങ്ങള്‍ ഉള്ളവരെയും ആയിരുന്നു എന്ന് നമുക്കറിയാം. ഈ കാരണം കൊണ്ടു തന്നെ കുട്ടികളില്‍ നിന്ന് മുതിര്‍ന്നവരിലേക്ക് പകരാതിരിക്കാന്‍ റിവേഴ്സ് ക്വാറന്റൈന്‍ നടപ്പാക്കി. എന്നാല്‍ ഇന്നിപ്പോള്‍ നമ്മള്‍ വളരെ ഊര്‍ജ്ജിതമായി വാക്‌സിനേഷന്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണ്.

വയോധികരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും രണ്ടു ഡോസ് ലഭിച്ചു കഴിഞ്ഞു. കേരളത്തില്‍ ആകെയുള്ള മൂന്നരക്കോടിയോളം ജനസംഖ്യയില്‍ 79 ലക്ഷത്തോളം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞു. ഒരു ഡോസ് മാത്രം ലഭിച്ചവരുടെ എണ്ണം ഒരുകോടി മുപ്പത്തഞ്ച് ലക്ഷം കഴിഞ്ഞു. ഇതെല്ലാം 18 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. കേരള ജനസംഖ്യയുടെ ഏതാണ്ട് 75 ശതമാനം പേര്‍ 18 വയസ്സിന് മുകളിലുള്ളവരാണ്. അതായത് 18 വയസ്സിന് മുകളിലുള്ള ഏതാണ്ട് 2.6 കോടിയില്‍ 2.14 കോടി പേര്‍ക്ക് ഒരു ഡോസ് എങ്കിലും ലഭിച്ചുകഴിഞ്ഞു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ലക്ഷം കഴിഞ്ഞു.

രോഗമുക്തി നേടിയവര്‍ക്കും വാക്‌സിന്‍ ലഭിച്ചവര്‍ക്കും പ്രതിരോധശേഷി ലഭിക്കുമെന്ന് നമുക്കറിയാം. അസുഖം വരുന്നത് പൂര്‍ണമായി തടയാന്‍ ആവില്ലെങ്കിലും രോഗതീവ്രത ഗണ്യമായി കുറയ്ക്കാന്‍ വാക്‌സിന്‍ സഹായിക്കും. രോഗം വന്ന് മാറിയവരില്‍ രണ്ടാമത് വന്നാല്‍ രോഗതീവ്രത കുറവ് ആവാനാണ് സാധ്യത. ഒന്നര വര്‍ഷം മുമ്പുള്ള അവസ്ഥയല്ല ഇന്ന് എന്ന് ചുരുക്കം. വയോധികരിലും മറ്റ് അസുഖങ്ങള്‍ ഉള്ളവരിലും കൊവിഡ് പകര്‍ന്ന് ഗുരുതരാവസ്ഥ ഉണ്ടാവുന്നത് ഒരുപരിധിവരെയെങ്കിലും തടയാന്‍ നമുക്ക് സാധിക്കും.

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ കൂടുതല്‍ ഫലപ്രദമായി കൊവിഡിനെ പ്രതിരോധിച്ചതിനാല്‍ ആശുപത്രി സംവിധാനങ്ങള്‍ക്ക് താങ്ങാന്‍ സാധിക്കുന്നതില്‍ കൂടുതല്‍ രോഗികള്‍ കേരളത്തിലുണ്ടായില്ല, അതുകൊണ്ടുതന്നെ മരണനിരക്ക് കുറച്ചു നിര്‍ത്താനും നമുക്ക് സാധിച്ചു. താരതമ്യേന മെച്ചപ്പെട്ട റിപ്പോര്‍ട്ടിങ്ങും കേരളത്തില്‍ ഉണ്ട്. താരതമ്യേന ഫലപ്രദമായി പ്രതിരോധിച്ചതുകൊണ്ടുതന്നെ രോഗം വരാത്ത ആള്‍ക്കാരുടെ ശതമാനം കേരളത്തില്‍ താരതമ്യേന ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ രോഗ പകര്‍ച്ചയുടെ സാധ്യതയും ഇവിടെ കൂടുതലാണ്. എന്നാലും ഏതാനും ആഴ്ചകള്‍ കൊണ്ട് അത് കുറഞ്ഞുതുടങ്ങും എന്ന് പ്രതീക്ഷിക്കാം.

എന്നാല്‍ 18 വയസ്സില്‍ താഴെയുള്ളവരില്‍ വാക്‌സിനേഷന്‍ ആരംഭിച്ചിട്ടില്ല എന്നതിനാല്‍ കുട്ടികളില്‍ അടുത്തൊരു തരംഗം ഉണ്ടാകും, അത് ഗുരുതരമാകും എന്നൊരു ആശങ്ക പലര്‍ക്കുമുണ്ട്. ഇതുവരെയുള്ള വിവരങ്ങള്‍ അപഗ്രഥിക്കുമ്പോള്‍ ഇങ്ങനെയൊരു ആശങ്ക വേണ്ട എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കുട്ടികളില്‍ രോഗം പകരാന്‍ സാധ്യത ഉണ്ടെങ്കില്‍ പോലും ഗുരുതരാവസ്ഥയില്‍ എത്താനുള്ള സാധ്യത താരതമ്യേന വളരെ കുറവാണ്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റാ പരിശോധിച്ചാല്‍ അത് വ്യക്തമായി മനസിലാക്കാന്‍ സാധിക്കും. വളരെ ന്യൂനപക്ഷം കുട്ടികളില്‍ മാത്രം വരാന്‍ സാധ്യതയുള്ള MIS-C പോലെയുള്ള സാഹചര്യങ്ങളെ നേരിടാന്‍ നമ്മുടെ ആരോഗ്യരംഗം സുസജ്ജവും ആണ്.

വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ചുകൊണ്ടോ, അവരില്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടോ ആവരുത് കൊവിഡ് പെരുമാറ്റരീതികള്‍ പരിശീലിപ്പിക്കേണ്ടത്. പകരം അവരെ കൂടി വിശ്വാസത്തിലെടുത്ത് ചര്‍ച്ചചെയ്തു തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കണം.

വയോധികരിലും മറ്റു ഗുരുതര രോഗമുള്ളവരിലും വരുന്നത് പോലെയല്ല കുട്ടികളിലെ അവസ്ഥ. ശ്വാസകോശസംബന്ധമായതോ മറ്റ് ഗുരുതരമായ എന്തെങ്കിലമോ സാഹചര്യം നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായി ചികിത്സിച്ചു ഭേദപ്പെടുത്താന്‍ സാധിക്കും.

ഇങ്ങനെയൊരു സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നത് അനിശ്ചിതകാലം നീട്ടാന്‍ സാധിക്കില്ല. നാളെ തന്നെ സ്‌കൂള്‍ തുറക്കാന്‍ സാധിക്കും എന്നല്ല പറയുന്നത്. എന്നാല്‍ കുറച്ചു മാസങ്ങള്‍ കൊണ്ട് ഭാഗികമായെങ്കിലും സ്‌കൂള്‍ തുറക്കാന്‍ സാധിക്കുന്ന സാഹചര്യം സംജാതമാക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണം എന്നാണ് പറയുന്നത്. അതിനുള്ള സമയമാണ് ഇത്. കുട്ടികളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിനു ശേഷമേ സ്‌കൂള്‍ തുറക്കൂ എന്ന് തീരുമാനിക്കാന്‍ പാടില്ല. അതിനുവേണ്ടി കാത്തിരിക്കേണ്ട കാര്യമില്ല. നമുക്ക് വേണ്ടത് കൊവിഡ് പകര്‍ച്ച തടയുന്ന പെരുമാറ്റ രീതികള്‍ കൂടുതല്‍ ജാഗ്രതയോടെ പരിശീലിക്കുക എന്നതാണ്. ചെറിയ ക്ലാസിലെ കുട്ടികള്‍ മുതല്‍ ഉയര്‍ന്ന ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് വരെ ഈ ശീലം ഉണ്ടാവേണ്ടതുണ്ട്. ശരിയായ രീതിയില്‍ മാസ്‌ക്ക് ധരിക്കാനും, സാനിറ്റൈസര്‍ ഉപയോഗിക്കാനും ഏവര്‍ക്കും സാധിക്കേണ്ടതുണ്ട്.

വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ചുകൊണ്ടോ, അവരില്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടോ ആവരുത് കൊവിഡ് പെരുമാറ്റരീതികള്‍ പരിശീലിപ്പിക്കേണ്ടത്. പകരം അവരെ കൂടി വിശ്വാസത്തിലെടുത്ത് ചര്‍ച്ചചെയ്തു തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കണം.

കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ജാഗ്രത വേണ്ടതുണ്ട്. എല്ലാ അധ്യാപകരും 2 ഡോസ് സ്വീകരിച്ചിരിക്കണം. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുവന്നാക്കുമ്പോള്‍ ആള്‍ക്കൂട്ടവും തിരക്കും ഉണ്ടാവാന്‍ പാടില്ല. വിവിധ ക്ലാസിലെ കുട്ടികള്‍ക്ക് വ്യത്യസ്തമായ സമയങ്ങളില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കാം. ചെറിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പോലും കുട്ടികള്‍ സ്‌കൂളില്‍ വരാന്‍ പാടില്ല. ലക്ഷണങ്ങള്‍ മനസ്സിലാക്കാനും പരിശോധനകള്‍ നടത്താനും രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

കുട്ടികളില്‍ ഗുരുതരാവസ്ഥയും മരണനിരക്കും പലരാജ്യങ്ങളിലും തീരെ കുറവായിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ. പല രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം പരിശോധിച്ചാല്‍ മരണം സംഭവിച്ചിരിക്കുന്നത് മറ്റു ഗുരുതരമായ രോഗങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് കൊവിഡ് ബാധിച്ചപ്പോള്‍ ആയിരുന്നു എന്ന് കാണാം. അതുകൊണ്ട് അങ്ങനെയുള്ള കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. കുട്ടികളിലെ വാക്‌സിന്‍ ട്രയല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. കുട്ടികളില്‍ സുരക്ഷിതവും ഫലപ്രദവുമാണ് എന്ന് ട്രയലുകളില്‍ അപഗ്രഥിക്കപ്പെടുമ്പോള്‍ ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കണം. പക്ഷേ അതിന് ഇപ്പോള്‍ തിടുക്കം വേണ്ട. ട്രയല്‍ വിവരങ്ങള്‍ കൃത്യമായി പുറത്തുവരട്ടെ.

ഒരു കാര്യം കൂടി അടിവരയിട്ടു പറയേണ്ടതുണ്ട്. കുട്ടികളില്‍ കൊവിഡ് ബാധിച്ചാല്‍ സങ്കീര്‍ണതകള്‍ താരതമ്യേന വളരെ കുറവാണെങ്കിലും ഇവരില്‍നിന്ന് വാക്‌സിന്‍ സ്വീകരിക്കാത്ത മുതിര്‍ന്നവര്‍ക്ക് രോഗം ലഭിച്ചാല്‍ അവര്‍ക്ക് രോഗം സങ്കീര്‍ണമാവാം

ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും സമൂഹത്തില്‍ ഓരോ കുടുംബങ്ങളിലും എത്തുകയും വേണം. അതിന് ആരോഗ്യ വകുപ്പും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, മാധ്യമങ്ങളും ഉത്തരവാദിത്തത്തോടെ ശ്രമിക്കേണ്ടതുണ്ട്.

രോഗവ്യാപനം ഇത്രയും കൂടി നില്‍ക്കുന്ന ഈ സമയത്ത് സ്‌കൂള്‍ തുറക്കണം എന്നല്ല ഉദ്ദേശിക്കുന്നത്. അത് പാടില്ല. ഏതാനും ആഴ്ചകള്‍ കൊണ്ട് അല്ലെങ്കില്‍ ഒന്നോ രണ്ടോ മാസങ്ങള്‍ കൊണ്ട് നിലവിലെ ഉയര്‍ന്ന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ആ കാലത്തേക്ക് സ്‌കൂള്‍ തുറക്കാന്‍ സജ്ജമാവണം, അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണം.

Related Stories

No stories found.
logo
The Cue
www.thecue.in