വിഷാദത്തിൻ്റെ ആഴക്കിണറുകളിൽ നിസ്സഹായമായി പാർപ്പു തുടരുന്ന കൂട്ടുകാരുണ്ടോ നിങ്ങൾക്ക്?

വിഷാദത്തിൻ്റെ ആഴക്കിണറുകളിൽ നിസ്സഹായമായി പാർപ്പു തുടരുന്ന കൂട്ടുകാരുണ്ടോ നിങ്ങൾക്ക്?

എത്ര തിരിച്ചറിവുകളുണ്ടായിട്ടും മനസ്സു കയ്യിൽ നിന്നു വഴുതിപ്പോവുന്നവരെക്കുറിച്ചാണ്. ക്ഷമയോടെ കേട്ടിരുന്നിട്ടും സ്നേഹഭരിതമായ ഉപദേശങ്ങളുടെ കയറുകൾ ആവോളമിട്ടു കൊടുത്തിട്ടും കയറി വരാൻ കൂട്ടാക്കാതെ വിഷാദത്തിൻ്റെ ആഴക്കിണറുകളിൽ നിസ്സഹായമായി പാർപ്പു തുടരുന്ന കൂട്ടുകാരുണ്ടോ നിങ്ങൾക്ക്? സൗഹൃദത്തിൻ്റെ ധാരാളിത്തങ്ങളുണ്ടായിട്ടും ആരോടുമൊന്നും പറയാനാവാതെ ഇടയിലുയർന്ന ചില്ലു വാതിലിൽ തട്ടി ആ നിലവിളിച്ചിന്തുകൾ ചിതറിപ്പോവുന്നത് തിരിച്ചറിയാനാവാറുണ്ടോ?"അവൾക്ക് / അവന് ഇവിടെ എന്തിൻ്റെ കുറവുണ്ടായിട്ടാ , ഇങ്ങനെ ? " എന്ന ചോദ്യവും "സൗകര്യം കൂടിയിട്ടും " " തിന്നത് എല്ലിനിടയിൽ കുത്തിയിട്ടും " എന്ന് അവരുടെ ഉറ്റവർ പഴിപറയുന്നത് കേട്ടിട്ടുണ്ടോ ?

മാനസികാരോഗ്യമില്ലായ്മയെ പെരുമാറ്റദൂഷ്യവും അഹങ്കാരവുമായെണ്ണുന്ന രീതിക്കാണ് ഇപ്പോഴും നാട്ടിലും വീട്ടിലും മേൽക്കയുള്ളത്. തല്ലിയും ഭയപ്പെടുത്തിയും ശരിയാക്കാൻ നോക്കുന്നവർ ഇന്നും കുറവല്ല. എങ്കിലും ഉപദേശങ്ങളും ഗുണപാഠകഥകളും കൊണ്ട് നേർവഴി നടത്താൻ ശ്രമിക്കുന്നവർ. എന്നാൽ മഹാദുരിതങ്ങളിൽ നിന്ന് അതിജീവിച്ചു വന്നവരുടെ ഉദാഹരണം ചൂണ്ടിക്കാട്ടി മോട്ടിവേറ്റ് ചെയ്യാൻ ശ്രമിക്കുന്നവരുമാണ് അഭ്യസ്തവിദ്യരും സാമൂഹ്യബോധമുള്ളവരുമായ നമ്മളിൽ ഭൂരിപക്ഷവും. ഈ ഗുണദോഷ ഭാഷണങ്ങൾ വൃഥാസാഹസങ്ങൾ മാത്രമല്ല , അതിനിരയാവുന്ന ആളെ സംബന്ധിച്ച് അസഹ്യവുമാവും. നേരിട്ടുള്ള ദണ്ഡനങ്ങളോളമില്ലെങ്കിലും ഹിംസാത്മകം തന്നെയാണതുമെന്ന് പറയേണ്ടിവരും.

ശാസ്ത്രീയ പഠനവും പരിശീലനവും കിട്ടിയ കൗൺസിലർമാരുടെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെയും സൈക്ക്യാട്രിസ്റ്റുകളുടെയും ലോകത്തേക്ക് അവരെ കൈ പിടിച്ചു നടത്തുകയാണ് പരമപ്രധാനം. അതിനുള്ള ആത്മവിശ്വാസം അവർക്ക് പകരുക എന്നതു പോലും ചിലപ്പോൾ ഏറെ ശ്രമകരമാവും.

ഓ ഇതൊക്കെ ആർക്കണറിയാത്തത് എന്നല്ലേ ! നിൽക്കൂ. അത്തരമൊരു ഡോക്ടറേത് എന്ന തെരെഞ്ഞെടുപ്പാണ് ഏറ്റവും ശ്രമകരമാവുന്നത്. മറ്റേത് ശാരീരികാസുഖത്തിൻ്റെയും ഗൗരവം നാം "മനസ്സിൽ " ആക്കുകയാണ്. ആ മനസ്സിനാണ് ഇവിടെ അസുഖം. പനിയാണ് , വയറിളക്കമാണ് , ശ്രദ്ധിക്ക് , മരുന്നു കുടിക്ക് എന്ന് ഉള്ളിൽ നിന്നുപദേശിക്കുന്ന ചങ്ങാതിക്കാണ് അസുഖം. അതുകൊണ്ട് തന്നെ മരുന്നുകൾ കൊണ്ടുള്ള ചികിത്സ പോലെ പ്രധാനമാണ് സാന്ത്വനവും സ്നേഹവും. (സ്നേഹമെന്നാൽ ഉപദേശങ്ങളുടെയും വായിച്ച വിവരങ്ങളുടെയും കെട്ടെടുത്ത് തലയിൽ ഏറ്റിക്കൊടുക്കലല്ല, മറിച്ച് കേട്ടിരിക്കാനുള്ള സന്നദ്ധതയും സന്മനസ്സുമാണ്. അതേസമയം അനാവശ്യ വാഗ്ദാനങ്ങൾ നൽകാതിരിക്കലുമാണ്. കാരണം , അതിനെ ചുറ്റിപ്പറ്റി വളർന്നേക്കാവുന്ന ആശ്രിതബോധത്തിൻ്റെ വള്ളിപ്പടർപ്പുകൾ പിന്നീടൊരിക്കൽ നിങ്ങൾ വെട്ടിമാറ്റുന്നത് എത്ര ക്രൂരമായ ഇരുട്ടിലാവുമവരെ തള്ളി വിടുക. ഈ വിവരക്കേടുകളൊക്കെ മുമ്പ് പലരോട് ,പലതവണ ചെയ്തിട്ടുണ്ട്. അതിലുള്ള കുറ്റബോധവും സങ്കടവും കൂടിയാണ് ഈ കുറിപ്പിൻ്റെ ഊർജ്ജം.

രോഗത്തിൻ്റെ പേരു പറഞ്ഞ് യാന്ത്രികമായി എഴുതിക്കൊടുക്കുന്ന മരുന്നുകൾക്കൊപ്പം ഓരോ രോഗിയിലുമുള്ള ഈ പ്രത്യേകതകളെ പരിഗണിക്കാൻ മറ്റേതു ഡോക്ടറേക്കാളും ബാദ്ധ്യതയുണ്ട് ഒരു സൈക്കാട്രിസ്റ്റിന്. ഒട്ടേറെ സുഹൃത്തുക്കളുടെ ക്ലിനിക്കൽ അനുഭവങ്ങളിൽ അങ്ങനെയൊരു ഡോക്ടറില്ലാത്തതിൻ്റെ നിരാശ അവർ പങ്കുവച്ചിട്ടുണ്ട്. അങ്ങനെ ഒറ്റ ഡോക്ടറുമില്ലെന്നല്ല, പലർക്കും അത്തരം ചികിത്സാനുഭവങ്ങളില്ലെന്നാണ്.

ഈ തിരിച്ചറിവിനു ശേഷം പരമാവധി വൈദ്യ സഹായത്തിന് ആളുകളെ സജ്ജമാക്കാനാണ് ശ്രമിക്കാറ്. അത് ഒരാളെ ബോദ്ധ്യപ്പെട്ടുത്തുക തന്നെ ഏറെ ശ്രമകരമാണ്. പക്ഷേ , ഡോക്ടർമാരുടെ അടുത്തെത്തുന്നവർ പോലും വളരെ നിരാശാജനകമായ ഫീഡ്ബാക്ക് തരുന്ന അനുഭവങ്ങളുമുണ്ട്. മരുന്നുകൾക്കൊപ്പം മുന്നിൽ വരുന്ന രോഗബാധിതരുടെ വ്യക്തിപരമായ സവിശേഷതകളും സാദ്ധ്യതകളും പരിഗണിച്ചുകൊണ്ടുള്ള ഒരു സമീപനം ഓരോ രോഗിയും ആഗ്രഹിക്കുന്നുണ്ട്. പ്രത്യേകിച്ച് നാഡിവ്യവസ്ഥയേയും ശാരീരിക പ്രവർത്തനങ്ങളെയും നന്നായി സ്വാധീനിക്കുന്ന മരുന്നുകൾ കഴിക്കുമ്പോൾ അതുവരെയുള്ള ശരീര സ്ഥിതി തന്നെ താറുമാറാവും. ഒരു രോഗിയും ഒരു കാലിപ്പാത്രമല്ല. വിഷാദരോഗം കടുത്ത അളവിൽ ബാധിച്ചിരിക്കുമ്പോഴും ഓഫീസ് കാര്യങ്ങളിൽ അത്രയും കണിശതയിൽ ഇടപെടുന്ന ഒരു സുഹൃത്തിനെ ഓർക്കുന്നു. നല്ല വായനയും സർഗ്ഗാത്മകതയും രാഷ്ട്രീയ ബോദ്ധ്യങ്ങളുമുള്ള പലരും പലവിധ മാനസികാസ്വാസ്ഥ്യങ്ങളുടെ പിടിയിലാവാറുണ്ട്. മറ്റുളളവർ ശ്രദ്ധിക്കുന്ന ഇടങ്ങളിലെല്ലാം ഏറ്റവും ശേഷിയോടെ ഇടപെട്ട് തൻ്റെ മാത്രമായ ഇടങ്ങളിൽ ഇരുട്ടു ഭക്ഷിച്ചു ജീവിക്കുന്നവരുണ്ട്. തൻ്റെ മുന്നിലെത്തുന്ന വ്യക്തിയിൽ താൻ ലക്ഷണശാസ്ത്രം വച്ച് നിർവ്വചിച്ച രോഗങ്ങൾ പേറുന്നൊരു രോഗി മാത്രമല്ല , അനന്യ സവിശേഷതകളുള്ള ഒരു മനുഷ്യനും അവ(യാ)ളെ സാദ്ധ്യമാക്കിയ ഒരു ജൈവ പരിസരവുമുണ്ട്. ഒരു രാഷ്ട്രീയ നിലപാടുണ്ട്. അവ(യാ)ൾ കൂടി അംഗമായ സമൂഹ ഘടനയോട് ഏർപ്പെടുന്ന സമരങ്ങളുണ്ട്. രോഗത്തിൻ്റെ പേരു പറഞ്ഞ് യാന്ത്രികമായി എഴുതിക്കൊടുക്കുന്ന മരുന്നുകൾക്കൊപ്പം ഓരോ രോഗിയിലുമുള്ള ഈ പ്രത്യേകതകളെ പരിഗണിക്കാൻ മറ്റേതു ഡോക്ടറേക്കാളും ബാദ്ധ്യതയുണ്ട് ഒരു സൈക്കാട്രിസ്റ്റിന്. ഒട്ടേറെ സുഹൃത്തുക്കളുടെ ക്ലിനിക്കൽ അനുഭവങ്ങളിൽ അങ്ങനെയൊരു ഡോക്ടറില്ലാത്തതിൻ്റെ നിരാശ അവർ പങ്കുവച്ചിട്ടുണ്ട്. അങ്ങനെ ഒറ്റ ഡോക്ടറുമില്ലെന്നല്ല, പലർക്കും അത്തരം ചികിത്സാനുഭവങ്ങളില്ലെന്നാണ്.

ജോലിഭാരം കൊണ്ട്, നിരന്തരം കൈകാര്യം ചെയ്യുന്ന രീതിശാസ്ത്രം കൊണ്ട് വിദഗ്ധ ഡോക്ടർമാർക്ക് ഇങ്ങനെയൊരു സേവനം പ്രദാനം ചെയ്യാൻ കഴിയണമെന്നില്ല. അവിടെയാണ് ഒരു സൈക്കോളജിസ്റ്റിൻ്റെയും കൗൺസിലറുടെയും പ്രസക്തി. ഭംഗിയായി ആ കർത്തവ്യം നിർവ്വഹിക്കുന്ന വിദഗ്ധരുണ്ടാവാം. പക്ഷേ ഔഷധ ചികിത്സ നടത്തുന്ന ഡോക്ടറും കൗൺസിലിംഗ് നടത്തുന്നവരും തമ്മിലുള്ള ഏകോപനവും ചികിത്സയും പലപ്പോഴും നടക്കാറില്ല.

ഇനി കൗൺസിലിംഗ് മേഖലയിൽ ഇടപെടുന്നവരാവട്ടെ , പലപ്പോഴും മുന്നിലിരിക്കുന്ന രോഗിയുടെ ബൗദ്ധികവും വൈകാരികവുമായ നിലകളെ അഭിമുഖീകരിക്കാൻ പ്രാപ്തരുമാവാറില്ല. മനഃശാസ്ത്രം എന്ന വിഷയം ശാസ്ത്രമെന്നു പറയുമ്പോഴും ശാസ്ത്രം മാത്രമല്ലല്ലോ. ചരിത്രം , സംസ്കാരം , മൂല്യബോധം , മത വിശ്വാസം , ധാർമ്മിക ചിന്ത തുടങ്ങി അനേകം ബലതന്ത്രങ്ങൾക്കകത്താണൊരു വ്യക്തി മനസ്സ് രൂപപ്പെടുന്നത്. മാനസികാപഗ്രഥന രീതികൾക്കും സിദ്ധാന്തങ്ങൾക്കുമൊപ്പം മേല്പറഞ്ഞ വിഷയങ്ങളിലും കൂടിയുള്ള സാമാന്യത്തിൽ കവിഞ്ഞ അവഗാഹം കൂടി വേണ്ടിവരും മുന്നിലിരിക്കുന്ന രോഗികളെ ശരിയായ അർത്ഥത്തിൽ വിലയിരുത്താൻ. "എത്ര മരുന്നു കുടിച്ചിട്ടെന്താ ജീവിക്കേണ്ടത് ആ വീട്ടിൽ, അവർക്കൊപ്പമല്ലേ !" നിരാശപ്പെടുന്നൊരാൾ മരുന്നുകൊണ്ടു മാത്രമല്ല , തൻ്റെ ജീവിത പരിസരങ്ങളുടെ മാറ്റവും കൂടിയുണ്ടെങ്കിലേ രക്ഷപ്പെടൂ.

വേറിട്ട ജീവിതങ്ങളെ കുറ്റകൃത്യങ്ങളായി കാണുകയും ബലം പ്രയോഗിച്ചോ ചികിത്സ എന്ന ആഭിചാരത്തിലൂടെയോ അതിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള അധികാര പദ്ധതിയായി നിന്ന അസിലിയങ്ങളുടെ ചരിത്രം കൂടിയുണ്ട് മനഃശാസ്ത്രത്തിന്. ( അതിപ്പോഴും നമ്മുടെ നാട്ടിൽ തുടരുന്നുവെന്ന് സ്വവർഗ്ഗാനുരാഗികളും ട്രാൻസ് വ്യക്തികളും വെളിപ്പെടുത്തുന്നുണ്ട്.)ന്യൂറോളജി , ജനിറ്റിക്സ്, ശരീരശാസ്ത്രം തുടങ്ങിയവയോട് മാത്രമല്ലതത്വചിന്ത, സംസ്കാരപഠനം തുടങ്ങിയ മാനവിക വിഷയങ്ങളോടു മുള്ള പല വിധ സംവാദങ്ങളിൽ കൂടിയാണ് മനഃശാസ്ത്രം ഇന്നു കാണും വിധം വികസിച്ചത്. ശാസ്ത്ര നിർണ്ണയവാദത്തിനപ്പുറം സാമൂഹ്യ ശാസ്ത്രങ്ങളോട് ചേർന്നുള്ള ഈ വികാസത്തെക്കൂടി പരിഗണിക്കേണ്ടതുണ്ട് പ്രയുക്ത മനഃശാസ്ത്രവും മനോരോഗ ചികിത്സയും.

No stories found.
The Cue
www.thecue.in