എന്താണ് 'പച്ചക്കരു' ഉള്ള കോഴിമുട്ടയിലെ അത്ഭുതം? വാസ്തവം

എന്താണ് 'പച്ചക്കരു' ഉള്ള കോഴിമുട്ടയിലെ അത്ഭുതം?
വാസ്തവം
Summary

മലപ്പുറത്ത് പച്ചക്കരു ഉള്ള കോഴിമുട്ടക്ക് ഡിമാന്‍ഡ് ഏറുന്നതായും, അത്ഭുത കോഴിമുട്ടയെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്താണ് പച്ചക്കരുവുള്ള കോഴിമുട്ട. ആശിഷ് ജോസ് അമ്പാട്ട് എഴുതുന്നു.

" പച്ച കരുക്കളുള്ള അത്ഭുത കോഴിമുട്ടകൾ മലപ്പുറത്ത് ഒരു ഫാമിൽ ചില കോഴികൾ ഇട്ടുന്നുവെന്നു. അപൂർവമുട്ടയ്ക്ക് ആവശ്യക്കാർ കൂടിയതോടെ ആയിരം രൂപാ നിരക്കിലാണ് ഓരോ മുട്ടയും വിൽക്കുന്നത്."

" ഇതിലെന്താണ് ഇത്ര അത്ഭുതം ? ചായം കൊടുത്താൽ മുട്ടയുടെ ഉണ്ണിയുടെ നിറം മാറും "

" അങ്ങനെ അല്ല, മുട്ടയിൽ ചായം അടിക്കുന്നതല്ല. കോഴി ഇട്ടുന്ന മുട്ട പൊട്ടിക്കുമ്പോൾത്തന്നെ ഉണ്ണിക്ക് പച്ചനിറം കാണപ്പെടുന്നുണ്ടു. വാർത്ത ചാനലുകളിൽ വീഡിയോ സഹിതമുണ്ടായിരുന്നു. "

" അത് തന്നെയാണ് ഉദ്ദേശിച്ചത്. കോഴിയ്ക്കു കൊടുക്കുന്ന തീറ്റയാണ് മുട്ടയുടെ നിറം തീരുമാനിക്കുന്നത്. കൊഴുപ്പിൽ ലയിക്കുന്ന ഏത് തരം ചായങ്ങൾ തീറ്റയിൽ ഉണ്ടെന്നു അനുസരിച്ച് ഉണ്ണിയുടെ നിറം മാറാം. സാധാരണ കോഴി മുട്ടയുടെ ഉണ്ണിയ്ക്കു മഞ്ഞ-ഓറഞ്ച് ഷെഡിൽ ആയിരിക്കും നിറം. അതുകൊണ്ടു തന്നെ ഉണ്ണിയെന്ന egg yolkയിനെ മഞ്ഞ കരുവെന്നും പൊതുവേ വിളിക്കാറുണ്ട്"

" ശരി "

" കോഴിത്തീറ്റ ആയിട്ടു സാധാരണ ഫാമുകളിൽ നൽകുന്ന തീറ്റയിൽ ചോളവും ഗോതമ്പും സണ്‍ഫ്ലാവര്റും കൂടുതൽ വരാവുന്നതിനാൽ അവയിൽ നാച്ചുറൽ ആയി ഉള്ള സാന്തോഫിൽ എന്ന ചായം അഥവാ പിഗ്മെന്റു മുട്ടയുടെ ഉണ്ണിയ്ക്കു മഞ്ഞ നിറം കൂടുതലായി നൽകുന്നു.

"അപ്പോൾ ഓറഞ്ച് നിറമെങ്ങനെ കടന്നു വരുന്നു ? ഓറഞ്ച് നിറത്തിൽ ഉണ്ണിയുള്ള മുട്ടകൾക്ക് കൂടുതൽ പോഷകഗുണമുണ്ടെന്നു കേട്ടിട്ടുണ്ട് "

" നമ്മുടെ മാർക്കറ്റിൽ രണ്ടു രീതിയിൽ വളർത്തുന്ന കോഴികളിൽ നിന്നുള്ള മുട്ടകൾ പ്രധാനമായും വരുന്നുണ്ട്. ഒന്നാമത്തെ കൂട്ടിൽ അടച്ചു വളർത്തുന്ന കോഴികൾ. അവയ്ക്കു ഭക്ഷണം കോഴി വളർത്തുന്നവർ നൽകുന്നത് മാത്രേ ഉണ്ടാകൂ, ഇത് പലപ്പോഴും അവയ്ക്കു അനുയോജ്യമായ സമികൃതാഹാരം ആകാറില്ല.രണ്ടാമത്തെ രീതിയിൽ ഇങ്ങനെ അല്ലാതെ സ്വതന്ത്രമായി അലയാൻ വിട്ടു അവയ്ക്ക് ആവശ്യമായ ഭക്ഷണം സ്വയം കൊത്തിപ്പെറുക്കി തിന്നാൻ അനുവദിച്ചു കോഴികളെ വളർത്തുന്നു. ഇവയെ free range chicken എന്നാണ് പുറംനാടുകളിൽ വിളിക്കുന്നത്. നമ്മുടെ നാടൻ കോഴികൾ ഇങ്ങനെ വളരുന്ന കോഴികൾ ആണെന്ന് പറയാം. പൊതുവേ പോഷകസമൃദ്ധവുമായ ആഹാരം കഴിക്കുന്നതിനാൽ അവ ഇട്ടുന്ന മുട്ടയ്ക്കും സാധാരണ പോഷകഗുണം കൂടുതൽ ആയിരിക്കും. ഇവയുടെ ആഹാരക്രമത്തിൽ നാച്ചുറലായി കരോട്ടിനോയിഡ് പിഗ്മെന്റുള്ള ഭക്ഷണങ്ങൾ കടന്നു വരുന്നതിനാൽ മുട്ടയുടെ ഉണ്ണിയ്ക്കു ഓറഞ്ച് നിറമായിരിക്കും പൊതുവേ കൂടുതൽ. കൂട്ടിൽ ഇട്ടു വളർത്തുന്ന ഫാം കോഴികളുടെ മുട്ടകളും ഇങ്ങനെ കൂടുതൽ പോഷകഗുണമുണ്ടെന്നു തോന്നിക്കാൻ കരോട്ടിനോയിഡ് പിഗ്മെന്റ കൂടുതൽ ഉള്ള ക്യാരറ്റ്, ജമന്തി പൂവ്, ചുവന്ന ചീര എന്നിവ അധികമായി നൽകി മുട്ടയുണ്ണിയുടെ നിറത്തിൽ ഓറഞ്ച് ഷെഡ് കൂട്ടാറുണ്ട്. പിന്നെ ഇപ്പോൾ കൂട്ടിൽ അടച്ചു വളർത്തുന്ന മുട്ടകോഴികൾക്കും സമികൃതാഹാര ക്രമത്തിൽ ഉള്ള ഡയറ്റ്-ഫോർമുലക്ഷൻ ലഭ്യമാണ്"

" ഇത്രയും മനസ്സിലായി. പക്ഷെ ഇപ്പൊഴും മുട്ടയുടെ ഉണ്ണിയുടെ നിറമെങ്ങനെ പച്ച ആകുന്നുവെന്നു മനസ്സിൽ ആയില്ല"

" മുട്ടയുടെ ഉണ്ണിയുടെ നിറം മാറ്റാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം fat-soluble ആയ സിന്തറ്റിക് പിഗ്മെന്റുകൾ തീറ്റയിൽ നൽകുകയാണ്. ബയോളജി ലാബുകളിൽ സാധാരണ ഉപയോഗിക്കുന്ന ബേസിക് ബ്ലൂ9 എന്നു വിളിക്കുന്ന methylthioninium chloride ഇത്തരത്തിൽ നൽകാവുന്നതാണ്. വാട്ടർ കളർ ഉപയോഗിച്ച് പരിചയമുണ്ടെങ്കിൽ അറിയാം മഞ്ഞയും നീലയും ചായങ്ങൾ ചേർത്തു പച്ച നിറം സൃഷ്ടിക്കാമെന്നു. ഉണ്ണിയുടെ സ്വാഭാവിക മഞ്ഞ നിറത്തിന് ഒപ്പം നീല നിറമുള്ള പിഗ്മെന്റു കൂടി എത്തിയാൽ പച്ച നിറം സൃഷ്ടിക്കാം. ഇതല്ലാതെ പച്ച നിറമുള്ള പിഗ്മെന്റും ഭക്ഷണത്തിൽ കൂടുതലായി നൽകാം

"ഇതുകൊണ്ട് പാർശ്വഫലങ്ങൾ വല്ലതും ? "

"ബേസിക് ബ്ലൂ9 ഉയർന്ന അളവിൽ രക്തത്തെ ബാധിക്കുന്ന പല പാർശ്വഫലങ്ങൾ ആളുകളിൽ സൃഷ്ടിക്കാം ചിലരിൽ അലർജിയ്ക്കു റിയാക്ഷൻസ് ഉണ്ടാക്കും "

" ഇങ്ങനെ സിന്തറ്റിക് രീതിയിൽ അല്ലാതെ നാച്ചുറൽ ആയിട്ടു മുട്ടയുണ്ണിയുടെ നിറം പച്ച ആക്കാൻ പറ്റുമോ ? "

" നാച്ചുറൽ എന്നു പറഞ്ഞാലും കോഴികളുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുകയാണ്. കോഴികളെപ്പറ്റിയും കോഴി വളർത്തലിനെപ്പറ്റിയും ധാരാളം പുസ്തകങ്ങൾ എഴുതിയ ഗെയ്ൽ ഡാമെറോയുടെ ചിക്കൻ-എൻസൈക്ലോപീഡിയ എന്ന പുസ്തകത്തിൽ ഓക്ക് മരങ്ങളുടെ അണ്ടിയും,Capsella bursa-pastoris എന്ന ഒരുതരം ചെടികളും കോഴിത്തീറ്റ ആയി നൽകിയാൽ പച്ച ഉണ്ണിയുള്ള മുട്ടകൾ വരാമെന്നു പരാമർശിക്കുന്നുണ്ട് . ഇതിൽ പറയുന്ന ക്യാപ്സെല്ലാ ചെടി നമ്മുടെ നാട്ടിൽ ലഭ്യമല്ല.പച്ചപ്പുല്ല് വായു കടക്കാത്ത അറയിൽ സൂക്ഷിച്ച് പിന്നീട് കന്നുകാലികൾക്ക് തീറ്റവസ്തുവാക്കി നൽകുന്ന സൈലേജ് കോഴിതീറ്റയിൽ ധാരാളമായി കൂട്ടിയാലും ഒലീവ്-ഗ്രീൻ നിറം മുട്ടയിൽ വരാമെന്നു നിരീക്ഷണമുണ്ടു."

" വേറെ ഏതൊക്കെ രീതിയിൽ പച്ച നിറം ഉണ്ണിയിൽ വരുത്താം ? "

" വളരെ ഉയർന്ന അളവിൽ ഗ്രീൻ പീസ് കോഴിത്തീറ്റയിൽ നൽകിയാലും മുട്ടയുടെ ഉണ്ണിയുടെ നിറം പച്ച ആകാം. Cottonseed അതായത് പരുത്തിക്കുരു തീറ്റയിൽ സ്ഥിരമായി ഉൾപ്പെടുത്തിയാലും ഉണ്ണിയുടെ നിറം മാറാവുന്നതാണ്. പരുത്തിക്കുരുവിലുള്ള gossypol എന്ന വിഷാംശം മുട്ടയുടെ ഉണ്ണിക്ക് പച്ചനിറം നൽകാറുണ്ട്. സ്ഥിരമായി ഉയർന്ന gossypol ഉള്ള ആഹാരം കോഴിയ്ക്കു നൽകിയാൽ അവയുടെ ഹൃദയത്തിനും, കിഡ്നിയ്ക്കും ശ്വാസകോശത്തിനമെല്ലാം അപകടം വരാവുന്നതാണ്. ഇത് അല്ലാതെവടക്കേ അമേരിക്കൻ രാജ്യങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്ന അൽഫാൽഫ എന്ന ചെടിയും കോഴിയെ സ്ഥിരമായി കഴിപ്പിച്ചാൽ പച്ചനിറമുള്ള മുട്ട ഉണ്ണി വരാമെന്നു ചില റിപ്പോർട്ടുകളുണ്ട്. ഒരുപാട് പച്ചപ്പുള്ള സസ്യപദാർത്ഥങ്ങൾ തീറ്റയിൽ വലിയ അളവിൽ ചെന്നാലും ചിലപ്പോൾ ഉണ്ണിയുടെ നിറം പച്ച ആകാമെന്നു ലണ്ടൻ മിനിസ്ട്രി ഓഫ് അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് ഫുഡ് ഇറക്കിയ ഗൈഡിൽ പറയുന്നുണ്ട്. "

"കോഴിയ്ക്കു നൽകുന്ന തീറ്റയിൽ വ്യത്യാസം വരുത്താതെ മുട്ടയുടെ ഉള്ളിലെ നിറം മാറ്റാൻ പറ്റുമോ ? "

" നേരത്തെ പറഞ്ഞ fat-soluble ആയിട്ടുള്ള പിഗ്മെന്റുകൾ നേരിട്ടു മുട്ടയിൽ കുത്തി വയ്ക്കാം. മുട്ട ചീത്ത ആകുമ്പോൾ സ്യൂഡോമൊണാസ് എന്ന ബാക്ടീരിയുടെയോ ചില ഫാഗ്‌സിന്റെയോ സാന്നിധ്യം കാരണവും പച്ച നിറം വരാം, അത് കൂടുതലും മുട്ടയുടെ വെള്ളയിൽ ആയിരിക്കും. "

" പക്ഷെ ഇത് രണ്ടും കോഴി മുട്ട ഇട്ടുന്നത് നേരിട്ടു പൊട്ടിച്ചു നോക്കുമ്പോൾ പച്ച നിറം വരുന്നതിനു കാരണമല്ലല്ലോ. അങ്ങനെ വരാൻ വേറെ കാരണമുണ്ടോ "

" സ്പെസിഫിക് ആയിട്ടു ഉണ്ണിയുടെ രൂപീകരണത്തിൽ അതായത് യോക്ക് ഡെവലപ്‌മെമെന്റിൽ വരുന്ന ജീനുകളെ ഓൾട്ടർ ചെയ്തു പച്ച നിറം വരുത്താവുന്നതാണ്. ഉദാഹരണത്തിന് മുട്ടയുടെ തോട്ടിനു അപൂർവ്വമായി നീല നിറം ചില ബ്രീഡിൽ വരാറുണ്ട്. ഒന്നാം ക്രോമോസമിന്റെ short armയിൽ ഉള്ള oocyan ജീൻ ആണ് അതിനു കാരണം. കോഴിയുടെ ഗർഭാശയത്തിൽ മുട്ട വളരുമ്പോൾ ഒരുതരം ബൈൽ സോൾട്ട് ആയ biliverdinയിന്റെ uptake കൂടുന്നത് കൊണ്ടാണ് നീലം നിറം തരുന്നത്. ഇത് യോക് ഡെവലപ്പ്‌മെന്റിലോടു എത്തിക്കാൻ പറ്റിയാൽ മുട്ടയുടെ ഉണ്ണിയുടെ നിറം സാങ്കേതികമായി മാറ്റാം, വേറെയും ജീൻ ഓൾറ്ററേഷൻ രീതികളുണ്ട്. പക്ഷെ ഇവ സങ്കീർണമായ ജെനെറ്റിക് എഞ്ചിനീയറിംഗ് ആവശ്യമുള്ള കാര്യങ്ങളാണ്. ഇങ്ങനെ അല്ലാതെ യാദൃച്ഛികമായി ഒരു random mutation വഴി ഒരു ഫാമിലുള്ള ഇരുപത് കോഴികളിൽ ഏഴണ്ണത്തിൻ്റെ മുട്ടയുടെ കരുവും പെട്ടെന്നു പച്ചനിറത്തിലുള്ളത് ആകാനുള്ള സാധ്യത വളരെ വളരെ കുറവാണ്. അത് ഒരുപാട് extraordinary claim ആയതിനാൽ അതിനെ സാധൂകരിക്കാൻ അത്രയ്ക്കു ശക്തമായ തെളിവുകളും വേണം. ആവശ്യമെങ്കിൽ ജനിതക പരിശോധന നടത്തി നോക്കാം. "

" അതൊന്നും കേരളത്തിലെ ഒരു സാധാരണ ഫാമിൽ ഉള്ള കോഴി കർഷകൻ ചെയ്യാൻ വഴി ഇല്ലല്ലോ. പ്രത്യേകിച്ച് കോഴിയ്ക്കു കൊടുക്കുന്ന തീറ്റയിൽ മാറ്റം വരുത്തി ഉണ്ണിയുടെ നിറം അധിക ബുദ്ധിമുട്ട് ഇല്ലാതെ മാറ്റാമെന്നതിനാൽ"

"അതെ ശരിയാണ്. ഇനി സാധാരണ കോഴി മുട്ടകളിൽ തന്നെ ഒരുപാട് നേരം പുഴുങ്ങിയാൽ മുട്ടയുടെ ഉണ്ണിയും വെള്ളയും ചേരുന്ന ഭാഗത്ത് ചെറിയ പച്ചയും ചാരവും ചേർന്ന നിറം വരാം. ഉണ്ണിയിൽ ഉള്ള ഇരുമ്പും വെള്ളയിൽ ഉള്ള സൽഫറും പരസ്പരം റിയാക്ട് ചെയ്തു Ferrous sulfide (FeS2) ഉണ്ടാകുന്നത് കൊണ്ട് ആണ്. ചിലരെ സംബന്ധിച്ചു കാണാനുള്ള ഭംഗി കുറയാമെന്നത് ഒഴിച്ചു നിർത്തിയാൽ വേറെ പ്രശ്നം ഒന്നുമില്ല. "

" അപ്പോൾ അത്ഭുത മുട്ട എന്നെല്ലാം പറഞ്ഞു പച്ചനിറത്തിൽ ഉണ്ണിയുള്ള മുട്ട അമിത വില ആയ ആയിരം രൂപയ്ക്കു വിൽക്കുന്നത് തട്ടിപ്പ് ആണല്ലേ ?"

" വിൽപന ചെയ്യുന്നവർ സത്യസന്ധമായി എന്താണ് സംഭിച്ചതെന്നു പറഞ്ഞു ഒരു എക്‌ട്രീം ഫാൻസി മുട്ട ആയി വിൽക്കുക ആണെങ്കിലും അത് വാങ്ങുന്നവർ ഈ വില നൽകാൻ തയ്യാർ ആണെങ്കിലും അവരുടെ സൗകര്യം. പക്ഷെ തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പറഞ്ഞു ലോകത്തിൽ ഒരിടത്തും ഇല്ലാത്ത മുട്ട വില മേടിക്കുന്നതിനെ തട്ടിപ്പ് എന്നു തന്നെ വിളിക്കണം. ഇനി കോഴിയെ ഏതെങ്കിലും extreme dietയിൽ ഇട്ടിരിക്കാൻ സാധ്യത ഉള്ളത് കൊണ്ട് സാധാരണ മുട്ടയുടെ അത്രയും പോഷകഗുണം വരാൻ സാധ്യത കുറവാണ്. കൃത്യമായി പറയാൻ biochemical analysis നടത്തണം. ഈ മുട്ട ഭക്ഷിക്കാൻ സുരക്ഷിതമാണെന്നു ഉറപ്പ് ആക്കാൻ ഇങ്ങനെ ഒരു ടെസ്റ്റ് സഹായകരമാണ്. "

" മനസ്സിലായി "

" സന്തോഷം! :)

Related Stories

No stories found.
logo
The Cue
www.thecue.in