ഡെങ്കിപ്പനി: ലോക്ക് ഡൗൺ ദിനങ്ങളിൽ കൊതുക് നശീകരണത്തിലും ശ്രദ്ധ വേണം

ഡെങ്കിപ്പനി: ലോക്ക് ഡൗൺ ദിനങ്ങളിൽ കൊതുക് നശീകരണത്തിലും ശ്രദ്ധ വേണം

വേനൽ മഴ പെയ്തതിന് പിന്നാലെ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ഡെങ്കിപ്പനി പ്രതിരോധിക്കുന്നതിനായി ഈഡിസ് കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങൾ നിർബന്ധമായും നടത്തേണ്ടതാണ്. വീടോ, ഫ്ളാറ്റോ, ലോഡ്ജോ, എവിടെയും ആകട്ടെ, അതിന്റെ പരിസരങ്ങളിൽ കൊതുക് വളരുന്നത് തടയുവാനുള്ള പ്രവർത്തനങ്ങൾ ലോക്ക് ഡൗൺ കാലത്ത് സ്വീകരിക്കണം. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നതും രോഗം പകർത്തുന്നതും. ഡെങ്കിപ്പനി ബാധിതനായ ഒരാളെ കടിച്ച കൊതുക് പിന്നീട് മറ്റൊരാളെ കടിക്കുമ്പോൾ രോഗം പകരാൻ ഇടയാകുന്നു. വീടുകളിൽ തന്നെ സദാ സമയവും കഴിയുന്നതിനാൽ ഈഡിസ് കൊതുകുകളുടെ കടിയേൽക്കാനുള്ള സാധ്യതയും, രോഗം പടരുവാനുള്ള സാധ്യതയും വർധിച്ചിരിക്കുകയാണ്. ആയതിനാൽ നാം ഇപ്പോൾ താമസിക്കുന്ന സ്ഥലത്തിന്റെ (വീട്/ഫ്ലാറ്റ്/ ലോഡ്ജ്) പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നില്ല എന്നുറപ്പ് വരുത്തണം.

ആഴ്ചയിലൊരിക്കൽ കൊതുക് മുട്ടയിട്ട് പെരുകാനിടയുള്ള സാഹചര്യങ്ങൾ കണ്ടെത്തി ഇല്ലാതാക്കാൻ സാധിച്ചാൽ ഡെങ്കിപനി പടരുന്നത് പൂർണമായും തടയാൻ സാധിക്കും. ലോക്ക് ഡൗൺ കാലത്ത് ഇത് എല്ലാ ദിവസവും ചെയ്യാവുന്നതാണ്. വീടിനകത്തും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നില്ല എന്നുറപ്പാക്കണം.

വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങൾ, ഫ്രിഡ്ജ്ന്റെയും എ.സി യുടെയും ട്രെ, ചെടിച്ചട്ടികൾ, ടെറസ്സ്, സൺഷെയ്ഡ്, ഷെഡും മറ്റും മേയാനുപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റിന്റെ ചുളിവുകൾ, ടയറുകൾ, കുപ്പികൾ, ഭക്ഷണവസ്തുക്കൾ പാർസൽ ആയി കൊണ്ട് വരുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, അലക്ഷ്യമായി വലിച്ചെറിയുന്ന മറ്റ് പാഴ്വസ്തുക്കൾ തുടങ്ങി വെള്ളം കെട്ടികിടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലാണ് ഡെങ്കിപരത്തുന്ന കൊതുകുകൾ പ്രധാനമായും മുട്ടയിടുന്നത്. കൂടാതെ പൈനാപ്പിൾ , റബ്ബർ, കൊക്കോ തുടങ്ങിയവയുടെ തോട്ടങ്ങൾ ഉള്ള പ്രദേശങ്ങളിൽ വെള്ളം കെട്ടികിടക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി ഉറവിട നശീകരണം നടത്തേണ്ടതാണ്. ഇടവിട്ട് പെയ്യുന്ന മഴയിൽ കൊതുക് വളരുവാനിടയാകും വിധത്തിൽ വെള്ളംകെട്ടി നിൽക്കാനിടയുള്ള സാഹചര്യമുള്ളതിനാൽ ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം.

പനിയോടൊപ്പം തലവേദന, കണ്ണിന് പുറകിൽ വേദന, പേശി വേദന, സന്ധിവേദന തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. ഒരു പ്രാവശ്യം ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായാൽ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in