ആര്‍ത്തവ കപ്പുകള്‍ സുരക്ഷിതം, ബോധവത്കരണം വേണമെന്ന് പഠനം 

ആര്‍ത്തവ കപ്പുകള്‍ സുരക്ഷിതം, ബോധവത്കരണം വേണമെന്ന് പഠനം 

ആര്‍ത്തവ സമയത്ത് സാനിറ്ററി നാപ്കിന്‍, ടാംപൂണുകള്‍ എന്നിവയെക്കാള്‍ സുരക്ഷിതം മെന്‍സ്ട്രല്‍ കപ്പുകളാണെന്ന് പഠനം. ഇതുസംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. ആഗോളതലത്തില്‍ 3319 പേരില്‍ നടത്തിയ 43 പഠനങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ശരീരത്തിന്റെയും യോനിയുടെയും പരിരക്ഷയ്ക്ക് കപ്പുകളാണ് നല്ലത്. കപ്പുകളെക്കുറിച്ച് സ്ത്രീകള്‍ക്കിടയില്‍ അവബോധം കുറവാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

സ്ത്രീക്ക് വര്‍ഷത്തില്‍ 65 ദിവസമെങ്കിലും ആര്‍ത്തവ ദിനങ്ങളായി ഉണ്ടാകാം. സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കും ജോലിക്കാരായ സ്ത്രീകള്‍ക്കും ഈ സമയം ബുദ്ധിമുട്ടേറിയതാണ്. ഗുണനിലവാരമില്ലാത്ത സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ ആര്‍ത്തവസമയത്ത് ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകാറുണ്ട്. സാനിറ്ററി പാഡുകളും തുണികളുമാണ് മിക്കവരും ഉപയോഗിക്കുന്നത്. മെന്‍സ്ട്രല്‍ കപ്പുകള്‍ പാഡുകള്‍, ടാംപൂണുകള്‍ എന്നിവയേക്കാള്‍ സുരക്ഷിതമാണെന്നാണ് പുതിയ പഠനം. ഇവയിലേതിനേക്കാള്‍ കൂടുതല്‍ രക്തം കപ്പുകളില്‍ ശേഖരിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

99 രാജ്യങ്ങളിലായി 199 ബ്രാന്‍ഡുകളിലുള്ള ആര്‍ത്തവ കപ്പുകള്‍ ലഭ്യമാണ്. 27 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ആര്‍ത്തവത്തെക്കുറിച്ചുള്ള ബോധവത്കരണ വെബ്‌സൈറ്റുകളില്‍ 21 എണ്ണത്തില്‍ മാത്രമാണ് കപ്പുകളെക്കുറിച്ച് പരാമര്‍ശിക്കുന്നത്. 12 മണിക്കൂര്‍ വരെ ഇവ ഉപയോഗിക്കാന്‍ കഴിയും. പരിസ്ഥിതി സൗഹാര്‍ദ്ദമാണ് എന്നതും പ്രത്യേകതയാണ്. നാപ്കിനുകള്‍ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് മാലിന്യം കൂടുന്നതിന് ഇടയാക്കും. കപ്പുകളാവട്ടെ പത്ത് വര്‍ഷം വരെ ഉപയോഗിക്കാന്‍ കഴിയുന്നവയാണ്. സിലിക്കണ്‍,റബ്ബര്‍, ലാറ്റക്‌സ് എന്നിവ കൊണ്ടാണ് കപ്പ് നിര്‍മ്മിക്കുന്നത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ തുണി, കോട്ടണ്‍, ടിഷ്യു പേപ്പര്‍, പാഡുകള്‍ എന്നിവയാണ് ഉപയോഗിക്കുന്നതെന്ന് പഠനത്തില്‍ കണ്ടെത്തി. പത്ത് വര്‍ഷം വരെ ഉപയോഗിക്കാമെന്നത് മാലിന്യം കുറയ്ക്കുമെന്നതിനൊപ്പം സാമ്പത്തികമായി ലാഭകരമാണ്. യുഎസ്, യുകെ, ഇന്ത്യ, സ്‌പെയിന്‍, ചൈന, കാനഡ എന്നീ രാജ്യങ്ങളില്‍ സാനിറ്ററി പാഡുകളുടെയും ടാബൂണുകളുടെയും വില നിശ്ചയിക്കുന്നതിനെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്.

ആര്‍ത്തവ കപ്പുകള്‍ യോനിയില്‍ വെക്കാനുള്ള ബുദ്ധിമുട്ടും വേദനയുണ്ടാകുമോയെന്നതും ചോര്‍ച്ചയുണ്ടാകുമോയെന്ന സംശയങ്ങളാണ് പൊതുവായി നിലനില്‍ക്കുന്നത്. അത്തരം ആശങ്ക ആവശ്യമില്ലെന്നാണ് പഠനം പറയുന്നത്.

കപ്പ് ഉപയോഗിച്ച് തുടങ്ങിയ സ്ത്രീകളില്‍ 70 ശതമാനം പേരും തുടരാനാഗ്രഹിക്കുന്നതായി 13 പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. വജൈനല്‍ കപ്പുകളും സെര്‍വിക്കല്‍ കപ്പുകളുമാണ് നിലവിലുള്ളത്. ഓരോരുത്തര്‍ക്കും യോജിച്ച അളവിലുള്ള കപ്പ് തിരഞ്ഞെടുക്കണം. കപ്പിന്റെ സൈസും ആര്‍ത്തവ രക്തത്തിന്റെ അളവും തമ്മില്‍ ബന്ധമില്ല. ഉപയോഗിക്കുന്നതിന് മുമ്പ് കപ്പ് വൃത്തിയാക്കാനും ഉണക്കാനും ശ്രദ്ധിക്കണം. ആര്‍ത്തവം തുടങ്ങുന്നതിന് മുമ്പായി തന്നെ കപ്പ് അണുമുക്തമാക്കി വെക്കാം

Related Stories

No stories found.
logo
The Cue
www.thecue.in