ഓപ്പറേഷന്‍ ക്വാക്കില്‍ കുടുങ്ങിയത് പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഡോക്ടര്‍മാരും 

ഓപ്പറേഷന്‍ ക്വാക്കില്‍ കുടുങ്ങിയത് പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഡോക്ടര്‍മാരും 

തൃശൂരില്‍ വ്യാജ ഡോക്ടര്‍മാരെ കണ്ടെത്താനുള്ള പരിശോധനയില്‍ കുടുങ്ങിയത് 20 പേര്‍. മാറാരോഗങ്ങള്‍ക്ക് വരെ ചികിത്സ നടത്തുന്നവരില്‍ പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള 'ഡോക്ടര്‍മാരും' ഉണ്ട്. കഴിഞ്ഞദിവസം രാവിലെ മുതലാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. ലൈസന്‍സില്ലാതെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും വ്യാജചികിത്സകരെയും പിടികൂടാനായിരുന്നു തിരച്ചില്‍.

ഓപ്പറേഷന്‍ ക്വാക്ക് എന്ന് പേരിട്ട പരിശോധനയില്‍ ആരോഗ്യവകുപ്പ് ജീവനക്കാരുള്‍പ്പെടുന്ന 21 സംഘങ്ങള്‍ പങ്കെടുത്തു. ഇവര്‍ ജില്ലയുടെ പവിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തി. രാവിലെ ഒമ്പതിന് ആരംഭിച്ച റെയ്ഡ് രാത്രി വരെ നീണ്ടു. 51 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പിടികൂടിയ വ്യാജ ചികിത്സകരെ പോലീസിന് കൈമാറിയിട്ടുണ്ട്. രണ്ട് മന്ത്രവാദ ചികിത്സാ കേന്ദ്രങ്ങളും റെയ്ഡില്‍ ഉള്‍പ്പെട്ടിരുന്നു.

യുനാനി, ഹോമിയോപ്പതി , നാച്യുറോപ്പതി, അക്യുപങ്ചര്‍, മൂലക്കുരു-പൈല്‍സ് ചികിത്സാ കേന്ദ്രങ്ങളിലും പരിശോധന നടന്നിരുന്നു. അനധികൃതമായി സൂക്ഷിച്ച മരുന്നുകളും പിടികൂടിയിട്ടുണ്ട്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വന്‍കിട മരുന്ന് നിര്‍മ്മാണ കേന്ദ്രവും കണ്ടെത്തി. ഇതര സംസ്ഥാന 'ഡോക്ടറും' പിടിയിലായിട്ടുണ്ട്. പുതുക്കാട് വ്യാജ ചികിത്സ കേന്ദ്രം നടത്തിയിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയാണ് അറസ്റ്റിലായത്.

പത്ത് വര്‍ഷമായി മൂലക്കുരുവിന് ചികിത്സ നടത്തുകയാണ് അമൃത് പട്ട്‌വാരി. സ്വന്തമായി ക്ലിനിക്കും നടത്തിയിരുന്നു. റെയ്ഡിനുള്ള ഓരോ സംഘത്തിലും അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോപ്പതി വകുപ്പുകളിലെ അംഗങ്ങളുണ്ടായിരുന്നു. പിടിച്ചെടുത്ത മരുന്നുകള്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്. തൃശൂരില്‍ വ്യാജ ചികിത്സാ കേന്ദ്രങ്ങള്‍ പെരുകുന്നതായി ആരോപണമുണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in