തുരങ്കപാത യാഥാര്‍ഥ്യമാകുമോ?

കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത. രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കപാതയാണിത്. സ്വര്‍ഗംകുന്നിലേക്ക് 7.82 കിലോമീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മ്മിക്കണം. പദ്ധതിയുടെ സര്‍വ്വേ, സാങ്കേതിക പഠനം എന്നിവയാണ് നടക്കുന്നത്. മൂന്ന് മാസം കൊണ്ട് സര്‍വേ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല.

കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി. 658 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. നിര്‍മ്മാണം ആരംഭിച്ച് മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

തുരങ്കപാത എന്തിന്

വയനാടിനേയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന പ്രധാനപാത താമരശ്ശേരി ചുരമാണ്. 9 ഹെയര്‍പിന് വളവുകളുള്ള 12 കിലോമീറ്റര്‍ പശ്ചിമഘട്ട മലമ്പാത. ഗതാഗതക്കുരുക്ക് പതിവായി മേഖല. മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കും. മഴക്കാലത്ത് മണ്ണിടിച്ചിലും യാത്രാ തടസ്സമുണ്ടാക്കും.വയനാട്ടില്‍ നിന്നുള്ള രോഗികളെ പോലും കോഴിക്കോട്ടേക്ക് എത്തിക്കാനാവാത്ത സ്ഥിതി. ഈ യാത്ര ദുരിതത്തിന് തുരങ്കപാതിയിലൂടെ പരിഹാരമുണ്ടാക്കാനാകും എന്നാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന പ്രധാനവാദം. വയനാട്ടിലേക്ക് 40 കിലോമീറ്റര്‍ ദൂരം കുറയുമെന്നതും തുരങ്കപാതയ്ക്ക് പിന്തുണ കൂട്ടുന്നു.

എതിര്‍പ്പ് ഉയര്‍ത്തുന്നവരുടെ വാദം

വനമേഖലയെ നശിപ്പിക്കും, ജൈവസമ്പത്തിന് കോട്ടം വരുത്തും, തുരങ്ക നിര്‍മ്മാണം പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കും എന്നതാണ് പ്രധാന വിമര്‍ശനം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് എന്തിനാണെന്നും എതിര്‍പ്പുയര്‍ത്തുന്നവര്‍ ചോദിക്കുന്നു.

തുരങ്കപാതയായതിനാല്‍ പരിസ്ഥിതിക്ക് കോട്ടം വരുത്തില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. വനമേഖല നശിപ്പിക്കില്ല. ജൈവവ്യവസ്ഥയെ ബാധിക്കില്ലെന്നും തിരുവമ്പാടി എംഎല്‍എ ജോര്‍ജ്ജ് എം തോമസ് വ്യക്തമാക്കി. 2014ല്‍ പൊതുമരാമത്ത് വകുപ്പ് നടത്തിയ സാധ്യതാപഠനത്തില്‍ തുരങ്കപാതയ്ക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in